Sunday, May 27, 2018 Last Updated 8 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.16 AM

ലിംഗായത്‌ കാര്‍ഡ്‌ ബൂമറാങ്ങായി; സിദ്ധരാമയ്യ സര്‍ക്കാര്‍ 'സിദ്ധി കൂടി'!

Karnataka Election Result, Siddaramaiah

കര്‍ണാടക തെരഞ്ഞെടുപ്പിനു മുമ്പ്‌ ലിംഗായത്‌ ജാതിക്കാര്‍ഡ്‌ ഇറക്കി കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയേയും ഞെട്ടിച്ച കോണ്‍ഗ്രസ്‌ തന്ത്രം പാളി. ബി.ജെ.പിയുടെ വോട്ട്‌ ബാങ്കും മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ബി.എസ്‌. യെദിയൂരപ്പയുടെ സമുദായവുമായ ലിംഗായത്തുകള്‍ക്ക്‌ ന്യൂനപക്ഷപദവി നല്‍കാനായിരുന്നു സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം. ശിപാര്‍ശ കേന്ദ്രസര്‍ക്കാരിനു മുന്നിലെത്തിയതോടെ അപ്രതീക്ഷിതനീക്കത്തില്‍ ബി.ജെ.പി. പതറി.
എന്നാല്‍, സംസ്‌ഥാനസര്‍ക്കാരിന്റെ ശിപാര്‍ശയില്‍ തീരുമാനമെടുക്കാതെയും, ലിംഗായത്ത്‌-വീരശൈവ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമാണിതെന്നു സമര്‍ത്ഥിച്ചും ബി.ജെ.പി. പ്രചാരണം നയിച്ചു.
ബി.ജെ.പിയേയും യെദിയൂരപ്പയേയും വെട്ടിലാക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഇറക്കിയ ലിംഗായത്ത്‌ കാര്‍ഡ്‌ കോണ്‍ഗ്രസിനു ബൂമറാങ്ങായെന്നു തെരഞ്ഞെടുപ്പുഫലം തെളിയിച്ചു. കര്‍ണാടകത്തിലെ 224 നിയമസഭാ മണ്ഡലങ്ങളില്‍ 100 എണ്ണത്തിലെങ്കിലും നിര്‍ണായകശക്‌തിയായ ലിംഗായത്തുകള്‍ സംസ്‌ഥാനജനസംഖ്യയുടെ 17% വരും. അവര്‍ക്കു മതന്യൂനപക്ഷ പദവി നല്‍കുന്നതിലൂടെ ബി.ജെ.പിയുടെയും ബി.എസ്‌. യെദിയൂരപ്പയുടെയും വോട്ട്‌ ബാങ്കില്‍ പിളര്‍പ്പുണ്ടാക്കാമെന്നാണു കോണ്‍ഗ്രസ്‌ കണക്കുകൂട്ടിയത്‌. എന്നാല്‍, തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെന്നു മാത്രമല്ല, ഉത്തര-മധ്യകര്‍ണാടക മേഖലയിലെ ലിംഗായത്ത്‌ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ഏറെയും വെന്നിക്കൊടി പാറിക്കുകയും ചെയ്‌തു. പരമ്പരാഗതമായി ബി.ജെ.പിയെ പിന്തുണച്ചിരുന്ന ലിംഗായത്തുകള്‍ 2013-ല്‍ അവരെ കൈവിട്ടതോടെയാണു സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരത്തിലേറിയത്‌. അന്നു ബി.ജെ.പിക്കു പുറത്തായിരുന്ന, യെദിയൂരപ്പ കെ.ജെ.പി. രൂപീകരിച്ച്‌ മത്സരരംഗത്തുണ്ടായിരുന്നതും കോണ്‍ഗ്രസിനു നേട്ടമായി. യെദിയൂരപ്പയില്ലാത്ത ബി.ജെ.പി, ലിംഗായത്ത്‌ ഭൂരിപക്ഷ മേഖലകളില്‍ അഞ്ചു സീറ്റില്‍ ഒതുങ്ങിയപ്പോള്‍ 47 സീറ്റാണു കോണ്‍ഗ്രസ്‌ നേടിയത്‌. 2008-ലെ തെരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ലിംഗായത്ത്‌ മേഖലയില്‍ കോണ്‍ഗ്രസിനു 2013-ല്‍ ലഭിച്ചു. ലിംഗായത്ത്‌ വോട്ടുകള്‍ ഭിന്നിച്ചതു ബി.ജെ.പിക്കും യെദിയൂരപ്പയുടെ കെ.ജെ.പിക്കും ഒരുപോലെ വിനയായി. ലിംഗായത്ത്‌ മേഖലകളില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്‌ കര്‍ണാടക ഭരിക്കുകയും ചെയ്‌തു.
എന്നാല്‍, 2018-ലെ തെരഞ്ഞെടുപ്പായതോടെ, യെദിയൂരപ്പ ബി.ജെ.പിയില്‍ തിരിച്ചെത്തി; ഒപ്പം ലിംഗായത്ത്‌ വോട്ട്‌ ബാങ്കും. ഇതു തിരിച്ചറിഞ്ഞ്‌ ലിംഗായത്തുകള്‍ക്കു ന്യൂനപക്ഷ പദവി വച്ചുനീട്ടിയ കോണ്‍ഗ്രസിന്‌, "കൈ"യിലുണ്ടായിരുന്ന ഒരു സംസ്‌ഥാനംകൂടി നഷ്‌ടമായതു മിച്ചം.

എസ്‌.ശ്രീകുമാര്‍

Ads by Google
Ads by Google
Loading...
TRENDING NOW