Sunday, October 21, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 16 May 2018 01.02 AM

രാജസ്‌ഥാന്‍ തകര്‍ന്നു; കൊല്‍ക്കത്തയ്‌ക്കു ജയം

uploads/news/2018/05/217303/1.jpg

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ സീസണ്‍ 11-ല്‍ ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ജയം. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ ആറു വിക്കറ്റിനാണു കൊല്‍ക്കത്ത തകര്‍ത്തത്‌. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്‌ഥാന്‌ 19 ഓവറില്‍ 142 റണ്‍സ്‌ എടുക്കാനേ കഴിഞ്ഞുള്ളു. നാലോവറില്‍ വെറും 20 റണ്‍സ്‌ മാത്രം വഴങ്ങി നാലു വിക്കറ്റ്‌ വീഴ്‌ത്തിയ സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവാണ്‌ രാജസ്‌ഥാനെ തകര്‍ത്തത്‌. കുല്‍ദീപാണു കളിയിലെ കേമനും.
മറുപടി പറഞ്ഞ കൊല്‍ക്കത്ത രണ്ടോവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. ഏഴുപന്തില്‍ രണ്ടുവീതം ഫോറും സിക്‌സും പറത്തിയ സുനില്‍ നരെയ്‌നും 42 പന്തില്‍ 45 റണ്‍(അഞ്ചുഫോര്‍, ഒരു സിക്‌സ്)എടുത്ത ക്രിസ്‌ ലിന്നും ചേര്‍ന്ന്‌ നൈറ്റ്‌ റൈഡേഴ്‌സിനു തകര്‍പ്പന്‍ തുടക്കമാണു നല്‍കിയത്‌. മൂന്നാമനായിറങ്ങിയ റോബിന്‍ ഉത്തപ്പ (നാല്‌) കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയെങ്കിലും നിതീഷ്‌ റാണ 17 പന്തില്‍ 21 റണ്ണെടുത്ത്‌ ലിന്നുമായി ചേര്‍ന്ന്‌ ടീമിനെ അപകടനിലയില്‍നിന്നു കരകയറ്റി. റാണയെ ഇഷ്‌ സോധിയും ലിന്നിനെ സ്‌റ്റോക്‌സും മടക്കിയെങ്കിലും ക്യാപ്‌റ്റന്‍ ദിനേഷ്‌ കാര്‍ത്തിക്‌ (31 പന്തില്‍ അഞ്ചുഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 41 റണ്‍), ആന്ദ്രെ റസല്‍ (അഞ്ചു പന്തില്‍ 11 റണ്‍) എന്നിവര്‍ അപരാജിതരായി കൊല്‍ക്കത്തയെ വിജയതീരത്തെത്തിച്ചു. രാജസ്‌ഥാനുവേണ്ടി ബെന്‍ സ്‌റ്റോക്‌സ് നാലോവറില്‍ 15 റണ്‍ മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തു.
രാജസ്‌ഥാന്‍ നിരയില്‍ 22 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 39 റണ്‍സ്‌ നേടിയ ഓപ്പണര്‍ ജോസ്‌ ബട്‌ലറാണ്‌ ടോപ്‌ സ്‌കോര്‍. ബട്‌ലറിനു പുറമേ 15 പന്തില്‍ നിന്ന്‌ നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 27 റണ്‍സ്‌ നേടിയ ഓപ്പണര്‍ രാഹുല്‍ ത്രിപാഠി, 18 പന്തില്‍ നിന്ന്‌ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 26 റണ്‍സ്‌ നേടിയ ജയ്‌ദേവ്‌ ഉനദ്‌കട്‌ എന്നിവരാണ്‌ മികച്ച സംഭാവനകള്‍ നല്‍കിയ മറ്റു ബാറ്റ്‌സ്മാന്മാര്‍. നായകന്‍ അജിന്‍ക്യ രഹാനെ(11),മലയാളി താരം സഞ്‌ജു സാംസണ്‍(12), ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്‌റ്റോക്‌സ്(11), സ്‌റ്റ്യുവര്‍ട്ട്‌ ബിന്നി(1), കൃഷ്‌ണപ്പ ഗൗതം(3) എന്നിവര്‍ നിരാശപ്പെടുത്തി.
കൊല്‍ക്കത്തയ്‌ക്കായി കുല്‍ദീപിനു പുറമേ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ പേസര്‍മാരായ പ്രസിദ്ധ്‌ കൃഷ്‌ണ, ആന്ദ്രെ റസല്‍ എന്നിവരും ഒരു വിക്കറ്റ്‌ വീഴ്‌ത്തിയ സുനില്‍ നരെയ്‌നും മികച്ച ബൗളിങ്‌ കാഴ്‌ചവച്ചു. ടോസ്‌ നേടിയ കൊല്‍ക്കത്ത നായകന്‍ ദിനേഷ്‌ കാര്‍ത്തിക്‌ രാജസ്‌ഥാനെ ബാറ്റിങ്ങിന്‌ അയയ്‌ക്കുകയായിരുന്നു. എന്നാല്‍ ആതിഥേയരെ ഞെട്ടിച്ച്‌ സ്വപ്‌നതുല്യമായ തുടക്കമാണ്‌ രാജസ്‌ഥാന്‍ നേടിയത്‌. ശിവം മാവി എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ടു സിക്‌സറുകളും നാലു ബൗണ്ടറികളും സഹിതം 28 റണ്‍സാണ്‌ ബട്‌ലര്‍ അടിച്ചുകൂട്ടിയത്‌. എന്നാല്‍ അഞ്ചാം ഓവറിന്റെ അഞ്ചാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ ആന്ദ്രെ റസല്‍ മടക്കിയതോടെ രാജസ്‌ഥാന്റെ തകര്‍ച്ച ആരംഭിച്ചു.

Ads by Google
Wednesday 16 May 2018 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW