Monday, November 12, 2018 Last Updated 20 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 04 May 2018 04.41 PM

നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കണ്ട

''ആവശ്യത്തില്‍ക്കൂടുതല്‍ ഭക്ഷണം കൊടുക്കേണ്ട കാര്യമില്ല. കുട്ടികള്‍ വിശപ്പറിയട്ടെ. എങ്കിലേ കുട്ടിക്ക് സ്വാദോടെ കഴിക്കാന്‍ കഴിയൂ. കുഞ്ഞിന്റെ ശരീരപ്രകൃതിക്കും പ്രായത്തിനും ആവശ്യത്തിനും അനുസരിച്ചേ ഭക്ഷണം വേണ്ടൂ. ''
uploads/news/2018/05/214074/GOODPARENTING040518a.jpg

അടുത്ത വീട്ടിലെ കുട്ടിയെപ്പോലെ തന്റെ മകനും തടിച്ചുരുണ്ടിരിക്കണമെന്നാണ് പല അമ്മമാരുടേയും ആഗ്രഹം.

ഓരോ കുഞ്ഞിനും ഓരോ ജനിതക ഘടനയുണ്ട്. ശരീരപ്രകൃതി, ബുദ്ധി, ഉത്സാഹശീലം/ മടി ഇവയെല്ലാം പാരമ്പര്യമാണ്. ഭക്ഷണത്തോടുള്ള താല്പര്യവും താല്പര്യക്കുറവും ശരീരത്തിന്റെ ജീവശാസ്ത്ര ഘടകങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്.

ചില കുട്ടികള്‍ കുറച്ച് ഭക്ഷണമേ കഴിക്കൂ. ചിലരാകട്ടെ ഭക്ഷണപ്രിയരും. ഒരു കുട്ടിയെ മറ്റൊരു കുട്ടിയോട് താരതമ്യം ചെയ്യുന്നത് വലിയ തെറ്റാണ്. ഒരു കുട്ടിക്ക് മറ്റൊരാളെപ്പോലെയാകാന്‍ പറ്റില്ലല്ലോ. മാത്രമല്ല കൂടുതല്‍ ഭക്ഷണം കഴിച്ച് അമിതവണ്ണമുണ്ടാക്കാതിരിക്കുന്നതല്ലേ നന്ന്?

ഭക്ഷണത്തോടുള്ള താല്പര്യക്കുറവ്


പാരമ്പര്യമെന്നപോലെ കുടുംബ സാഹചര്യങ്ങളും അമ്മയുടെ മനോഭാവവും സമീപനവുമെല്ലാം ഭക്ഷണരീതിയെ സ്വാധീനിക്കും. ആസ്വദിച്ച് കഴിപ്പിക്കാനും ആഹാരത്തോട് വെറുപ്പുണ്ടാക്കാനും അമ്മയ്ക്ക് കഴിയും. ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിച്ചാലേ പല അമ്മമാര്‍ക്കും തൃപ്തിയാകൂ.

ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും വിശക്കുമ്പോഴും വിശക്കാത്തപ്പോഴും ഭക്ഷണം നിര്‍ബന്ധിച്ച് കൊടുത്താല്‍ ഭക്ഷണം കഴിക്കേണ്ടത് അമ്മയുടെ ആവശ്യമാണെന്ന് കുട്ടി മനസ്സിലാക്കും. ബലം പ്രയോഗിച്ച് കഴിപ്പിക്കുന്നതും ഈ മനോഭാവത്തിലേക്ക് നയിക്കും.

വിശക്കുമ്പോള്‍ വേണം കുട്ടിക്ക് ആഹാരം കൊടുക്കാന്‍. എന്നും എപ്പോഴും നിര്‍ബന്ധിച്ച് കഴിപ്പിച്ചാല്‍ ഭക്ഷണത്തിനോട് വിരക്തി തോന്നുക സ്വാഭാവികം.കുട്ടിക്ക് വിശക്കാന്‍ അമ്മമാര്‍ സമ്മതിക്കാറില്ല. ഭക്ഷണത്തിനോട് വിരക്തി തോന്നിക്കഴിഞ്ഞാല്‍ ബലമായി കൊടുക്കാനുള്ള വഴികള്‍ അമ്മമാര്‍ ആരായും, നടപ്പാക്കും.

ഭക്ഷണം എങ്ങനെയെങ്കിലും ഉള്ളില്‍ എത്തിക്കാനുള്ള ഭഗീരഥാ പ്രയത്‌നം പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നു. മാറാപ്പുകാരന്‍ വന്നുപിടിച്ചുകൊണ്ട് പോകും, കോക്കാച്ചിവരും, മോനെ അകത്താക്കും. എന്നു തുടങ്ങിയുള്ള വാക്കുകളും, ഭയമുളവാക്കുന്ന ചേഷ്ടകളും അമ്മ കാണിക്കാതിരിക്കില്ല. ഇതൊക്കെ കേട്ട് ഭയന്ന് കുട്ടി കുറച്ചൊക്കെ കഴിച്ചെന്ന് വരുത്തും.

നല്ല മൂഡിലാണെങ്കില്‍, വിശക്കുന്നുണ്ടെങ്കില്‍ കുട്ടി ആഹാരം ആസ്വദിച്ച് കഴിക്കും. കുഞ്ഞിന് വിശക്കുന്നതെപ്പോഴാണെന്ന് ശ്രദ്ധിച്ചാല്‍ ഏതൊരമ്മയ്ക്കും മനസ്സിലാകും. കളിച്ച് ക്ഷീണിച്ച് വരുമ്പോള്‍ കുട്ടി ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് കണ്ടിട്ടില്ലേ? കുട്ടിക്ക് വിശക്കാനുള്ള അവസരം കൊടുക്കാതെ ഭക്ഷണം കൊടുത്തുകൊണ്ടിരുന്നാല്‍ അവന്/അവള്‍ക്ക് വിശപ്പുണ്ടാകില്ലെന്ന് മാത്രമല്ല, വെറുപ്പ് തോന്നുകയും ചെയ്യും.

അമ്മയ്ക്ക് തോന്നുമ്പോഴെല്ലാം ഭക്ഷണം കൊടുക്കുന്നത് ശരിയല്ല. ചോറ് കൈയിലെടുത്ത് അമ്മമാര്‍ വലിയ കുട്ടികളുടെ പുറകേ പോകുന്നത് അരോചകമാണ്. ഒരു വയസ്സാകുമ്പോഴേക്കും കുഞ്ഞിന് സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കഴിയും. അതിന് മുമ്പേ തനിയെ കഴിക്കാന്‍ അവസരമുണ്ടാക്കണം.

കുറച്ചൊക്കെ കുട്ടി തട്ടിയും തുപ്പിയും കളയുമായിരിക്കും. കുറച്ചൊക്കെ ശരീരത്ത് വച്ച് തേച്ചെന്നും വരും. കുറെയൊക്കെ അകത്ത് പോകും. കൊടുക്കുന്നത് നല്ല ഭക്ഷണമായിരിക്കാന്‍ ശ്രദ്ധിക്കണം. ക്രമേണ ഭക്ഷണം കഴിക്കാന്‍ കുഞ്ഞ് പഠിക്കും.

എപ്പോഴും വാരിക്കൊടുക്കണ്ട


ചോറും കറികളും തൈരുമെല്ലാം കൂട്ടിക്കുഴച്ച് ഉരുളയാക്കി വായില്‍വച്ച് കൊടുത്താലേ ചില അമ്മമാര്‍ക്ക് സമാധാനമാകൂ. കുട്ടി അതങ്ങ് ഒന്നും ചെയ്യാതെ വിഴുങ്ങിയാല്‍ മതി. ഭക്ഷണം സ്വന്തമായി കഴിക്കുവാനുള്ള കഴിവുപോലും കുട്ടിക്ക് സ്വരൂപിച്ചെടുക്കാന്‍ കഴിയാതെ വരുന്നു.

ഇങ്ങനെ ഉരുളയുണ്ടാക്കി വായിലേക്ക് എറിഞ്ഞുകൊടുക്കുന്ന ഒരമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്. അഞ്ചെട്ട് വയസ്സുവരെ ഇതായിരുന്നു രീതി. ഒരുവര്‍ഷംകൊണ്ട് സ്വായത്തമാക്കേണ്ട ഒരു നിസ്സാര കാര്യത്തിന് എട്ടുവര്‍ഷമെടുത്തു കുട്ടിക്കത് ശീലിക്കാന്‍!

കൂടുതല്‍ ഭക്ഷണം


ആവശ്യത്തില്‍ക്കൂടുതല്‍ ഭക്ഷണം കൊടുക്കേണ്ട കാര്യമില്ല. കുട്ടികള്‍ വിശപ്പറിയട്ടെ. എങ്കിലേ കുട്ടിക്ക് സ്വാദോടെ കഴിക്കാന്‍ കഴിയൂ. കുഞ്ഞിന്റെ ശരീരപ്രകൃതിക്കും പ്രായത്തിനും ആവശ്യത്തിനും അനുസരിച്ചേ ഭക്ഷണം വേണ്ടൂ. എല്ലാ നേരവും ആവശ്യത്തിലേറെ നിര്‍ബന്ധിച്ച് കഴിപ്പിച്ചാല്‍ കുഞ്ഞ് വിശപ്പെന്തെന്നറിയില്ല. ഭക്ഷണത്തിന്റെ രുചിയും.

ആഹാരം കൂടുതലായാലും കുറഞ്ഞാലും ദോഷം ചെയ്യും. ഭക്ഷണം ശരിയായ അളവിലായാലേ തൂക്കം പ്രായത്തിനും പൊക്കത്തിനും അനുസരിച്ചാകൂ. ഒരു വെയിംഗ് ബാലന്‍സ് വീട്ടിലുണ്ടെങ്കില്‍ ഭാരം നിങ്ങള്‍ക്ക് നോക്കി നിജപ്പെടുത്താം.

സ്വന്തമായി ഭക്ഷണം കഴിക്കാന്‍ കുട്ടി ശീലിക്കട്ടെ. നിര്‍ബന്ധിച്ച് കഴിപ്പിക്കാതിരിക്കുക. നന്നേ ചെറുപ്പത്തിലേ സ്വയം ഭക്ഷണം കഴിക്കാന്‍ ശീലിക്കുന്നത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

പ്രൊഫ. പി.എ.വര്‍ഗീസ്
മോട്ടിവേഷന്‍ ട്രെയിനര്‍ ഫാമിലി കൗണ്‍സിലര്‍
കൊച്ചി , 0484 4064568

Ads by Google
Ads by Google
Loading...
TRENDING NOW