Tuesday, July 17, 2018 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 01.23 AM

ഞങ്ങള്‍ ഇടത്തും വലത്തും...

uploads/news/2018/04/209151/re5.jpg

മര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായത്തില്‍ നിന്നും ചില വാക്യങ്ങള്‍ കുറിക്കാം. സെബദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കല്‍ വന്ന്‌ അവനോട്‌: 'ഗുരോ, ഞങ്ങള്‍ നിന്നോടു യാചിപ്പാന്‍ പോകുന്നത്‌ ഞങ്ങള്‍ക്കു ചെയ്‌തു തരുവാന്‍ അപേക്ഷിക്കുന്നു' എന്നു പറഞ്ഞു.
അവന്‍ അവരോട്‌: 'ഞാന്‍ നിങ്ങള്‍ക്ക്‌ എന്തു ചെയ്‌തു തരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു 'എന്നു ചോദിച്ചു. നിന്റെ മഹത്വത്തില്‍ ഞങ്ങളില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിക്കാന്‍ വരം നല്‍കേണം എന്നു പറഞ്ഞു.
യേശു അവരോട്‌ : 'നിങ്ങള്‍ യാചിക്കുന്നത്‌ ഇന്നത്‌ എന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാന്‍ ഏല്‌ക്കുന്ന സ്‌നാനം ഏല്‌പ്പാനും നിങ്ങള്‍ക്കു കഴിയുമോ എന്നു ചോദിച്ചതിന്‌ കഴിയും 'എന്നവര്‍ പറഞ്ഞു.
യേശു അവരോട്‌ ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കുകയും ഞാന്‍ ഏല്‍ക്കുന്ന സ്‌നാനം ഏല്‍ക്കുകയും ചെയ്യും നിശ്‌ചയം. എന്റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നല്‍കുന്നതോ എന്റേതല്ല; ആര്‍ക്ക്‌ ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കു കിട്ടും എന്നു പറഞ്ഞു.
യേശു ക്രിസ്‌തുവിന്റെ ചുറ്റും കൂടിയിരിക്കുകയാണ്‌ ശിഷ്യന്മാരെല്ലാം. അപ്പോള്‍ ഈ സഹോദരന്മാര്‍ രണ്ടുപേരും വന്ന്‌ യേശുവിനോട്‌ അവരുടെ ആഗ്രഹം അറിയിക്കുന്നു.
ഇത്‌ ഇവരുടെ മാത്രമല്ല, അവരുടെ അമ്മയുടെ ആഗ്രഹം കൂടിയാണ്‌. ഒരു കണക്കിന്‌ ഒരു ആഗ്രഹമല്ലേ, തെറ്റൊന്നും പറയാനില്ലല്ലോ. ഇവരാണെങ്കില്‍ ഇവരുടെ തൊഴില്‍ വിട്ട്‌ കര്‍ത്താവിനെ പൂര്‍ണമായി അനുഗമിച്ച ആളുകളുമാണ്‌. എന്നാല്‍ ഇതൊക്കെയാണെങ്കിലും സ്വയത്താല്‍ നിറഞ്ഞ ഒരപേക്ഷ കൂടിയാണിത്‌. മറ്റേ പത്തു ശിഷ്യന്മാര്‍ കൂടെയുണ്ട്‌, അവരുടെ കാര്യത്തെപ്പറ്റി ചിന്തയേയില്ല. ഞങ്ങള്‍ക്ക്‌ ഇതാണ്‌ ആവശ്യം.
അന്നത്തെപ്പോലെ ഇന്നും ഇതല്ലേ മനുഷ്യന്റെ ചിന്താഗതി. എവിടെ ആയാലും ഒന്നാം സ്‌ഥാനം നമുക്കു ലഭിക്കണം. ഉള്ളതില്‍ മുഴുത്തത്‌ നമ്മുടെ കൈയിലിരിക്കണം. എങ്ങോട്ട്‌ തിരിഞ്ഞാലും ആളുകള്‍ നമ്മെ കാണണം. സഭയില്‍ ചെന്നാല്‍ ഒന്നാം സ്‌ഥാനം; ഇടവകയിലെ കമ്മറ്റിയില്‍ ഞാന്‍ വേണം. എന്റെ ശബ്‌ദം ഉയര്‍ന്നു കേള്‍ക്കണം. എല്ലാവരും എന്നോടു വന്നു ചോദിച്ചിട്ടേ ചെയ്യാവൂ. ഇതെല്ലാം സ്വയത്തെയാണ്‌ പ്രകടമാക്കുന്നത്‌. എത്രയോ പിശുക്കന്മാര്‍, അറുത്ത കൈക്ക്‌ ഉപ്പ്‌ തേക്കാത്തവര്‍ കാണിക്കുന്ന മഹാമനസ്‌കത വളരെ വിചിത്രമാണ്‌. ഒരുത്തന്‍ ഒരു ആശുപത്രി പണിയുവാന്‍ തുടങ്ങുന്നു. അതിന്റെ പിരിവിനായി വന്ന്‌ സോപ്പിട്ടു പറകയാണ്‌. അച്ചായാ, ഞാന്‍ ആശുപത്രി പണിയുകയാണ്‌. അതിന്‌ അച്ചായന്റെ പേരായിരിക്കണം ലിസ്‌റ്റില്‍ ആദ്യത്തേത്‌. ആദ്യത്തെ പേര്‌ എന്ന്‌ കേള്‍ക്കുമ്പോഴേക്കും പത്രത്തില്‍ പടവും പേരും വരുമെന്ന്‌ കേള്‍ക്കുമ്പോഴേക്കും പേര്‌ ഭിത്തിയില്‍ എഴുതിവെക്കുമെന്ന്‌ അറിയുമ്പോഴും ലക്ഷങ്ങള്‍ കൊടുക്കാന്‍ തയാറാകുന്നു.
എന്നാല്‍ ചുറ്റുപാടും പട്ടിണിപ്പാവങ്ങള്‍ ആയിരക്കണക്കിന്‌ അര്‍ധനഗ്നരായിട്ട്‌, രോഗികളായി നശിക്കുകയാണ്‌. അനാഥര്‍, വിധവകള്‍ എന്നുവേണ്ട ഇഷ്‌ടംപോലെ സഹായത്തിന്‌ അര്‍ഹരുണ്ട്‌. ഇവരെ കാണാന്‍ കണ്ണില്ല.
എന്നാല്‍ കാപ്പി കുടിക്കുവാന്‍ പത്തു പൈസ കൊടുക്കാത്ത ഈ മനുഷ്യന്‍, ഭിക്ഷക്കാര്‍ വന്നാല്‍ ഉടനെ പട്ടിയെ അഴിച്ചു വിടുന്ന ഇയാള്‍ പേര്‌ വെണ്ടയ്‌ക്ക അക്ഷരത്തില്‍ മുകളില്‍ എഴുതിവെയ്‌ക്കും എന്നു കേള്‍ക്കുമ്പോള്‍ അങ്ങനെയുള്ളതിനു കൊടുക്കും. കാരണം, താന്‍ ചത്തു പോയാലും പേര്‌ അതിന്റെ പുറത്തിരിക്കുമല്ലോ. സ്വാര്‍ത്ഥതയാല്‍ നിറഞ്ഞു ഞാന്‍, എന്റേത്‌ എന്നു ചിന്തിക്കുന്ന മനുഷ്യന്റെ പ്രവൃത്തിയാണിത്‌. മറ്റേ, പത്തു ശിഷ്യന്മാരുടെ ഇടയിലും ഇതെച്ചൊല്ലി കുശുകുശുപ്പും വഴക്കുമായി; കാരണം അവരുടെയും മനസിലിരിപ്പും ഇതു തന്നെയാണ്‌. ചിലര്‍ക്ക്‌ പ്രാര്‍ഥനാ കൂട്ടത്തില്‍ ഒന്നു പ്രാര്‍ഥിക്കുവാനോ, പ്രസംഗിക്കുവാനോ, സാക്ഷിക്കുവാനോ സമയം കൊടുക്കത്തില്ല എങ്കില്‍ വലിയ പിണക്കമാണ്‌. ഒരിക്കല്‍ ഞാന്‍ എന്നെ ക്ഷണിച്ച ഒരു സ്‌ഥലത്തു മീറ്റിങിനു പോയി. എവിടെ സാധാരണ വരാറുള്ള ഒരാളിനു സമയക്കുറവു മൂലം അന്നു പ്രസംഗിക്കുവാന്‍ അവസരം കൊടുത്തില്ല. മീറ്റിങ്‌ കഴിഞ്ഞപ്പോള്‍ അവിടെ പ്രശ്‌നവുമായി. ഇയാള്‍ പറഞ്ഞു, എന്നെ അപമാനിച്ചില്ലേ. എന്നെക്കാള്‍ കഴിവില്ലാത്തവനു വരെ പ്രസംഗിക്കുവാന്‍ സമയം കൊടുത്തു. എനിക്ക്‌ എന്തുകൊണ്ടു തന്നില്ല. നോക്കണേ ഇതൊരു വലിയ പ്രശ്‌നമായി. ഒടുവില്‍ നടത്തിപ്പുകാര്‍ ഇയാളുടെ കാലും കയ്യും പിടിച്ച്‌ ക്ഷമ ചോദിച്ചു പറഞ്ഞയച്ചു. എന്നാല്‍ ശിഷ്യന്മാരുടെ ഇടയിലെ പ്രശ്‌നം മനസിലാക്കിയ യേശുക്രിസ്‌തു ഒരു മാതാവ്‌ കുഞ്ഞുങ്ങളെ ഒന്നിച്ചു വിളിച്ചുകൂട്ടി സ്‌നേഹത്തോടെ സംസാരിക്കുന്നതു പോലെ കരുണയോടെ അവരോട്‌ സംസാരിക്കുന്നു. എന്റെ കുഞ്ഞുങ്ങളേ, നിങ്ങളുടെ ഇടയില്‍ ഇങ്ങനെ ഒരിക്കലും സംഭവിക്കുവാന്‍ പാടില്ല. ദൈവത്തെ അറിയാത്തവര്‍ ഇങ്ങനെയൊക്കെ ചിന്തിക്കും. അവരുടെ ആളുകളിന്മേല്‍ അവര്‍ കര്‍ത്തൃത്വം നടത്തുന്നു; ആളുകളുടെ മേല്‍ ഇരുന്ന്‌ അവരെ ചവിട്ടി താഴ്‌ത്തുന്നു. എന്നാല്‍ നിങ്ങള്‍ അങ്ങനെയായിത്തീരരുത്‌. നിങ്ങളോ നിങ്ങളില്‍ വലിയവനാകുവാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസന്‍ ആകണം. മറ്റുള്ളവരെ സ്‌നേഹിക്കുന്നവരും ശുശ്രൂഷിക്കുന്നവരും ആയിത്തീരണം നിങ്ങള്‍. എന്റെയും നിങ്ങളുടെയും മനോഭാവം മറ്റുള്ളവരെ കരുതുന്നതായിരിക്കണം.

Ads by Google
Sunday 15 Apr 2018 01.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW