കണ്ണൂര്‍: ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഫലമായി പോലീസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ചില പോലീസുകാര്‍ സേനയ്ക്കു നാണക്കേടുണ്ടാക്കുന്നുവെന്നും പോലീസുകാര്‍ പൗരാവകാശത്തിനു മേല്‍ കുതിരകയറരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന് പരിധിയില്‍ പുതുതായി സ്ഥാപിച്ച സി സി ടിവി ക്യാമറാ സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരന്മാരുടെ സ്വാതന്ത്ര്യവും സംരക്ഷണവും ഉറപ്പുവരുത്തുകയാണു പോലീസിന്റെ ധര്‍മം. പോലീസിനെ നവീകരിക്കാനും മര്യാദയില്ലാത്തവരെ മര്യാദ പഠിപ്പിക്കാനും കൂടിയാണു ക്യാമറകള്‍ സ്ഥാപിക്കുന്നത്.
പോലീസിലെ മഹാഭൂരിപക്ഷവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ചുരുക്കം ചിലരുടെ തെറ്റായ ചെയ്തികളാണു സേനയുടെ മുഖത്തു കരിവാരിത്തേക്കുന്ന അവസ്ഥയുണ്ടാക്കുന്നത്. കേസനേ്വഷണങ്ങളിലും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും ആശ്ചര്യകരമായ മികവാണു കേരള പോലീസ് പ്രകടിപ്പിക്കുന്നത്.
പോലീസില്‍ മഹാഭൂരിപക്ഷവും ജനങ്ങളുമായി നല്ല രീതിയില്‍ ഇടപെടുന്നവരാണ്. ക്രമസമാധാനപാലനത്തിനൊപ്പം ജീവകാരുണ്യപ്രവര്ത്തനങ്ങളില്കൂടി പോലീസുകാര്‍ പങ്കാളികളാവുന്ന നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.ബോഡി ക്യാമറയില്‍ പോലീസിന്റെ സംസാരവും ഇടപെടലുകളും റെക്കോര്‍ഡ് ചെയ്യപ്പെടും. മര്യാദശീലമില്ലാത്തവരെ മര്യാദ ശീലിപ്പിക്കാനും അവ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പോലിസ് മേധാവി ജി. ശിവവിക്രം അധ്യക്ഷനായിരുന്നു. ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്, കണ്ണൂര്‍ റേഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ തുടങ്ങിയവര്‍ പ്രസംഗിച്ചു.