കത്തുവ( ജമ്മു കശ്മീര്‍): കത്തുവയിലെ റസാനയില്‍ എട്ടു വയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പതിനഞ്ചുകാരന് ഇരുട്ടിനെ ഭയം. പണ്ടേ ശല്യക്കാരനായ കൗമാരക്കാരന് മുമ്പും പെണ്‍കുട്ടിയെ ശല്യം ചെയ്തിട്ടുണ്ടെന്നു പോലീസ്.
കൊലപാതകത്തിനു മൂന്നു മാസം മുമ്പ് അടിപിടിക്കേസില്‍ പ്രതിക്കെതിരേ പോലീസില്‍ പരാതി ലഭിച്ചിരുന്നു. ഗുജ്ജാര്‍ വിഭാഗക്കാരായ ഏതാനും പേര് ചേര്‍ന്നു തന്റെ മകനുള്‍പ്പെടെയുള്ളവരെ മര്‍ദിച്ചെന്നും കേസ് കൊടുത്തെന്നുമാണ് ഇതേക്കുറിച്ചു പതിനഞ്ചുകാരന്റെ അമ്മയുടെ വാക്കുകള്‍. തുടര്‍ന്നു മകനെ മാതൃകാപരമായി താന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയെന്നും അമ്മ പറയുന്നു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ വാക്കുകള്‍ നേരേമറിച്ചാണ്.
ആടുകളെ മേയ്ക്കാന്‍ നടക്കുന്ന ഗുജ്ജാര്‍ മുസ്ലിം വിഭാഗത്തോടു ബാലനു കടുത്ത വര്‍ഗീയ വിദ്വേഷമായിരുന്നെന്ന് പോലീസ് പറയുന്നു. പോലീസ് സ്റ്റേഷനില്‍ കൊണ്ടുചെന്നതിന്റെ പേരില്‍ അമ്മയെ മകന് മര്‍ദിച്ചെന്നും പോലീസ് വ്യക്തമാക്കി.
മദ്യപിക്കുകയും പുകവലിക്കുകയുമൊക്കെ ചെയ്യുമെങ്കിലും അവന് കൊലയും മാനഭംഗവുമൊന്നും നടത്തില്ലെന്നാണ് പിതൃസഹോദര പുത്രന്റെ വാക്കുകള്‍. അവന് ഇരുട്ടിനെപ്പോലും ഭയമായിരുന്നു. രാത്രി വീടിന്റെ ഗേറ്റ് അടയ്ക്കാന്‍ പുറത്തിറങ്ങാനുള്ള ധൈര്യം കൂടി അവനില്ലായിരുന്നെന്നും പിതൃസഹോദര പുത്രന് പറയുന്നു.
എന്നാല്‍, ദീപാവലിക്കു രണ്ടുനാള്‍ കഴിഞ്ഞു ബാലന് സ്കൂളില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്നു. പെണ്‍കുട്ടികളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലാണിതെന്നു പോലീസ് പറയുന്നു.
മാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ പ്രതി മുമ്പും പലതവണ ശല്യപ്പെടുത്തിയിട്ടുണ്ടെന്നാണു കുറ്റപത്രത്തില്‍. ജനുവരി 10 നു തട്ടിക്കൊണ്ടുപോയശേഷം പതിനഞ്ചുകാരനും സുഹൃത്തുക്കളും ചേര്‍ന്നു നിരവധി തവണ പീഡനത്തിനിരയാക്കി. തുടര്‍ന്നു മീററ്റില്‍നിന്നു ബന്ധുവിനെ വിളിച്ചുവരുത്തി അയാള്‍ക്കും പെണ്‍കുട്ടിയെ ഇരയായി കൊടുത്തെന്നും കുറ്റപത്രത്തില്‍ പറയുന്നു.