Tuesday, March 26, 2019 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 15 Apr 2018 12.51 AM

മഞ്ഞള്‍-സജില്‍ ശ്രീധറിന്റെ നോവല്‍ അവസാനിക്കുന്നു

uploads/news/2018/04/209078/sun3.jpg

പുരോഗമനവീക്ഷണമുളള രാഷ്‌ട്രീയകക്ഷിയുടെ സ്‌ഥാനാരോഹണം ഹേമയില്‍ വലിയ പ്രതീക്ഷകള്‍ വളര്‍ത്തി. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം പാലിച്ചുകൊണ്ട്‌ അവര്‍ അധികാരമേറ്റ്‌ ഒരു മാസത്തിനുളളില്‍ തന്നെ ഹേമയെ പഴയ സ്‌ഥാനത്ത്‌ തിരിച്ച്‌ നിയമിച്ചു. പുതിയ ഭരണകൂടത്തിന്റെ ധാര്‍മ്മികതയെക്കുറിച്ച്‌ ഹേമ കിഷോറിന്‌ മുന്നില്‍ വാചാലയായി. അയാള്‍ ഒന്നേ പറഞ്ഞുള്ളു.
''അണ്ടിയോടടുക്കുമ്പോള്‍ മാങ്ങയുടെ പുളിയറിയാം..''
ഹേമ അത്‌ കാര്യമാക്കിയില്ല. ഏതിലും നെഗറ്റീവ്‌ ചിന്താഗതി വച്ചു പുലര്‍ത്തുന്നയാളാണ്‌ കിഷോറെന്ന്‌ അവള്‍ക്ക്‌ പണ്ടേ പരാതിയുളളതാണ്‌.
പഴയ നടപടികളുമായി മുന്നോട്ട്‌ പോകാന്‍ തന്നെ ഹേമ തീരുമാനിച്ചു. അവള്‍ മുഖ്യമന്ത്രി സി.എം.സദാശിവനെ കണ്ട്‌ അനുമതി തേടി. ശരിയെന്ന്‌ തോന്നുന്നത്‌ ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
ഹേമ വീണ്ടും മഞ്ഞള്‍പൊടിയുടെ സാമ്പിളുകള്‍ മാര്‍ക്കറ്റില്‍ നിന്നും ശേഖരിച്ച്‌ ഒരേസമയം മൂന്ന്‌ ലാബുകളിലേക്ക്‌ അയച്ചു. എല്ലായിടത്തു നിന്നും ഒരേ റിസള്‍ട്ട്‌ തന്നെ വന്നു. എന്‍ഡോസള്‍ഫാനേക്കാള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വിഷവസ്‌തുക്കള്‍ കൊണ്ടാണ്‌ ഈ മഞ്ഞള്‍പൊടി നിര്‍മ്മിക്കുന്നത്‌. അവള്‍ കൂടുതലൊന്നും ചിന്തിച്ചില്ല. രണ്ട്‌ കമ്പനികളുടെയും ലൈസന്‍സ്‌ റദ്ദാക്കിക്കൊണ്ട്‌ ഉത്തരവിട്ടു. ഒപ്പം ചെയര്‍മാന്‍മാരെ അറസ്‌റ്റ്്‌ ചെയ്യാനുളള നടപടികളും ആരംഭിച്ചു. അതിന്റെ പിറ്റേന്ന്‌ സി.എം.സദാശിവന്‍ അവളെ മുഖ്യമന്ത്രിയുടെ ചേമ്പറിലേക്ക്‌ വിളിപ്പിച്ചു. നടപടി പിന്‍വലിക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. അവള്‍ അമ്പരപ്പോടെ കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം തന്റെ നിസഹായത അറിയിച്ചു.
''പാര്‍ട്ടി സെക്രട്ടറി വിളിപ്പിച്ചിരുന്നു. ഇലക്ഷന്‍ ഫണ്ടിലേക്ക്‌ ലക്ഷങ്ങള്‍ സംഭാവന തന്നവരാണ്‌ മാമച്ചനും സുഗതനും. അവരെ പിണക്കിക്കൊണ്ട്‌ പാര്‍ട്ടിക്ക്‌ മുന്നോട്ട്‌ പോകാനാവില്ല. നാളെയും കാണണ്ടവരാണ്‌..''
''സര്‍ അപ്പോള്‍ ജനങ്ങള്‍...?''
''തത്‌കാലം അവര്‍ ഈ മഞ്ഞള്‍പൊടി ഉപയോഗിക്കാതിരുന്നാല്‍ പോരേ?''
ഹേമ വാക്കുകള്‍ ന്‌ഷടപ്പെട്ടവളെ പോലെ ഇരുന്നു. സദാശിവന്‍ തുടര്‍ന്നു.
''വയസാംകാലത്ത്‌ എനിക്ക്‌ ലഭിച്ച ഈ സ്‌ഥാനം പാര്‍ട്ടി നല്‍കിയ ഭിക്ഷയാണ്‌. പാര്‍ട്ടി തീരുമാനം മറികടന്നാല്‍ ഇത്‌ പുഷ്‌പം പോലെ എടുത്തു കളയാനും പാര്‍ട്ടിക്ക്‌ കഴിയും.''
''പക്ഷെ സര്‍ പാര്‍ട്ടിയേക്കാള്‍ വലുതല്ലേ ജനങ്ങള്‍...''
''അത്‌ ഇലക്ഷന്‍ സമയത്ത്‌ മാത്രം. മാമച്ചനെ പോലുള്ളവര്‍ അല്ലാത്തപ്പോഴും വലിയവരാണ്‌. നമ്മുടെ നാട്‌ അങ്ങനെയായി പോയി കുട്ടി. എനിക്ക്‌ ദുഖമുണ്ട്‌. പക്ഷെ ദുഖിക്കാനേ കഴിയൂ...''
''അപ്പോള്‍ സര്‍ പ്രകടനപത്രികയില്‍ അങ്ങ്‌ പാര്‍ട്ടി നല്‍കിയ വാഗ്‌ദാനങ്ങള്‍...അഴിമതിക്ക്‌ കൂട്ടു നില്‍ക്കില്ലെന്ന പ്രഖ്യാപനം...''
''ഞങ്ങളുടെ പാര്‍ട്ടിയില്‍ വ്യക്‌തിപരമായ അഴിമതിയില്ല കുഞ്ഞേ...പാര്‍ട്ടി ഫണ്ടിനെ അഴിമതി എന്ന്‌ പറയാന്‍ പറ്റുമോ.? ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്ക്‌ നിലനില്‍ക്കാന്‍ ഫണ്ട്‌ വേണ്ടേ? അത്‌ ഈ പാവങ്ങളില്‍ നിന്ന്‌ പിരിക്കുന്നതിന്‌ പരിധിയില്ലേ?''
''പക്ഷെ സര്‍ ജനവിരുദ്ധമായ കാര്യങ്ങളില്‍....''
''പ്ലീസ്‌..നമ്മള്‍ തമ്മില്‍ വാദപ്രതിവാദം നടത്തിയതുകൊണ്ട്‌ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. ചില കാര്യങ്ങളില്‍ നമ്മള്‍ എല്ലാം നിസഹായരാണ്‌ കുട്ടീ...''
എണ്‍പത്തിയഞ്ചാം വയസിലെ മുഖ്യമന്ത്രിക്കസേര എന്ന വലിയ പ്രലോഭനത്തിന്‌ മുന്നില്‍ ആദര്‍ശങ്ങള്‍ വിക്‌സ് ഗുളിക പോലെ വിഴുങ്ങി തന്റെ മുന്നില്‍ തൊണ്ടയിടറി ചുളൂന്ന ആ വന്ദ്യവയോധികനോട്‌ അവള്‍ക്ക്‌ സഹതാപം തോന്നി. ഒരര്‍ത്ഥത്തില്‍ തന്നേക്കാള്‍ പരിതാപകരമാണ്‌ അദ്ദേഹത്തിന്റെ അവസ്‌ഥ. ഒരു ദീര്‍ഘകാലസ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ കൊച്ചുമകളുടെ പ്രായമുളള ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ അദ്ദേഹത്തിന്‌ തലതാഴ്‌ത്തേണ്ടി വരുന്നു.
ഹേമ ഒന്നും മിണ്ടാതെ ആ പടിയിറങ്ങി.
രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവള്‍ കിഷോറിനോട്‌ മാത്രമായി പറഞ്ഞു.
''നാളെ ഞാന്‍ റിസൈന്‍ ചെയ്യുന്നു. മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട്‌ ഈ ജോലിയില്‍ തുടരാന്‍ എനിക്ക്‌ താത്‌പര്യമില്ല. കൊളളയ്‌ക്കും പിടിച്ചു പറിക്കും തട്ടിപ്പിനും കുട്ടുനില്‍ക്കാനായിരുന്നെങ്കില്‍ ഐ.എ.എസ്‌ എടുക്കേണ്ട കാര്യമില്ലായിരുന്നല്ലോ?''
''ഒന്നു കൂടി ആലോചിച്ചിട്ട്‌ പോരേ?''
എന്നൊക്കെ കിഷോര്‍ പറയുമെന്നാണ്‌ അവള്‍ കരുതിയത്‌. പക്ഷെ മറ്റാരേക്കാള്‍ അവളെ മനസിലാക്കാന്‍ എക്കാലത്തും കിഷോറിന്‌ കഴിഞ്ഞിട്ടുണ്ട്‌. അവളുടെ ഇഷ്‌ടങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായിരുന്നു അയാളുടെ മനസ്‌.
''നിന്റെ ഇഷ്‌ടം. ജീവിതച്ചെലവുകള്‍ക്ക്‌ ഞാന്‍ അദ്ധ്വാനിക്കുന്നുണ്ട്‌. അതുമതി''
അവള്‍ സ്‌നേഹത്തോടെ അയാളുടെ ശിരസില്‍ തലോടി. ഇങ്ങനെയൊരു ഭര്‍ത്താവിനെ കിട്ടാന്‍ തനിക്ക്‌ ഭാഗ്യമുണ്ടായല്ലോ?
തീരുമാനം അറിഞ്ഞ്‌ സദാശിവന്‍ ഞെട്ടി. കൂടുതലൊന്നും തനിക്ക്‌ പറയാനില്ലെന്നായിരുന്നു ഹേമയുടെ പ്രതികരണം. അവസാനമായി ഒരു ഫേവര്‍ തനിക്ക്‌ വേണ്ടി ചെയ്‌ത് തരണമെന്ന്‌ അവള്‍ അദ്ദേഹത്തോട്‌ അഭ്യര്‍ത്ഥിച്ചു.
''കിഷോറിനെ പാലക്കാട്ടേക്ക്‌ സ്‌ഥലം മാറ്റി തരണം''
അദ്ദേഹം അത്‌ സമ്മതിക്കുക മാത്രമല്ല ഉടനടി ഉത്തരവില്‍ ഒപ്പ്‌ വയ്‌ക്കുകയും ചെയ്‌തു.
ഒറ്റമകളായതുകൊണ്ട്‌ വീട്ടില്‍ അമ്മയും അച്‌ഛനും തനിച്ചായിരുന്നു. ഹേമ ഒപ്പം താമസിക്കാന്‍ ചെല്ലുന്നു എന്നറിഞ്ഞപ്പോള്‍ അതില്‍പരം സന്തോഷം അവര്‍ക്കില്ലായിരുന്നു. ജോലി കളഞ്ഞതിലെ ഇച്‌ഛാഭംഗം പോലും അവര്‍ മറന്നു. കുഞ്ഞിന്റെ കാര്യങ്ങളില്‍ ഒരേസമയം അച്‌ഛന്റെയും അമ്മയുടെയും ശ്രദ്ധ കിട്ടിയപ്പോള്‍ ഹേമ സ്വയം മറന്നു. തിരക്കുകളില്ലാത്തതു കൊണ്ട്‌ കിഷോറിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഒപ്പം നിന്ന്‌ പരിചരിക്കാനും അവള്‍ക്ക്‌ കഴിഞ്ഞു.
എസ്‌.പി.യുടെ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ മാറുന്നതിനെക്കുറിച്ച്‌ കിഷോര്‍ സൂചിപ്പിച്ചെങ്കിലും അവള്‍ യോജിച്ചില്ല. ഹേമയുടെ ഇഷ്‌ടത്തിന്‌ അയാള്‍ എതിര്‌ നിന്നതുമില്ല.
വീടിനോട്‌ ചേര്‍ന്നുളള അഞ്ച്‌ ഏക്കര്‍ സ്‌ഥലത്തിന്‌ പുറമെ കുറച്ച്‌ മാറി നാല്‍പ്പത്‌ ഏക്കര്‍ തെങ്ങിന്‍പുരയിടം ഹേമയുടെ അ്‌ചഛനുണ്ട്‌. മണ്ഡരി ബാധിച്ചതില്‍ പിന്നെ പഴയതു പോലെ കായ്‌ഫലമില്ല. അവിടെയെല്ലാം മഞ്ഞള്‍ നടാമെന്ന്‌ ഹേമ പറഞ്ഞപ്പോള്‍ അച്‌ഛന്‍ ഒന്നേ പറഞ്ഞുളളു.
''എനിക്ക്‌ വയസായി. എല്ലാം നീ നോക്കി നടത്തിക്കൊളളണം''
അവള്‍ പുഞ്ചിരിയോടെ തലയാട്ടി
മാസങ്ങള്‍ക്കുള്ളില്‍ മഞ്ഞള്‍ചെടികള്‍ തഴച്ച്‌ വളര്‍ന്നു. എന്നും രാവിലെ കിഷോറിനെ യാത്രയാക്കി അവള്‍ മഞ്ഞള്‍ തോട്ടത്തിലേക്കിറങ്ങും. വളമിടും. മറ്റ്‌ കാര്യങ്ങള്‍ ചെയ്യും.
കൃഷിക്കും മഞ്ഞള്‍ പറിക്കാനും ഉണക്കിപൊടിച്ച്‌ പായ്‌ക്കറ്റിലാക്കാനും അവള്‍ തന്നെ മുന്നിട്ടിറങ്ങി. സഹായത്തിന്‌ അയലത്തുളള കുറച്ച്‌ സ്‌ത്രീകളെയും കൂട്ടി. എന്താണിതെന്ന്‌ ആരും ചോദിച്ചില്ല. അവള്‍ പറഞ്ഞതുമില്ല. ഹേമയെ അടുത്തറിയുന്ന ആള്‍ എന്ന നിലയില്‍ കിഷോര്‍ എന്തൊക്കെയോ ഊഹിച്ചെടുത്തു. അടുത്തുളള കടകളിലും അകലെയുള്ള കടകളിലും ഒരു വാനില്‍ അവള്‍ ശുദ്ധമായ നാടന്‍ മഞ്ഞള്‍പൊടി എത്തിച്ചു കൊടുത്തു. സാമാന്യം നല്ല വില്‍പ്പനയുണ്ടായി. അതിന്റെ ലാഭം കൊണ്ട്‌ അവള്‍ കിഷോറിനെ ആശ്രയിക്കാതെ സ്വന്തം ആവശ്യങ്ങള്‍ നടത്തി. ഒരു ദിവസം ഇതുകണ്ട്‌ വിഷമത്തോടെ അമ്മ ചോദിച്ചു.
''എന്നാലും മോളെ നീ ഇത്രയും പഠിച്ചിട്ട്‌...''
''അതുകൊണ്ടെന്താ അമ്മേ കാര്യം? ജനങ്ങളെ മുഴുവന്‍ രോഗികളാക്കി അകാലമരണത്തിലേക്ക്‌ തളളിവിട്ട്‌ ഞാന്‍ ശമ്പളം വാങ്ങണോ? ഇതിപ്പോ അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പുണ്യപ്രവര്‍ത്തിയല്ലേ? ന്യായമായ വിലയ്‌ക്ക് ഞാന്‍ മഞ്ഞള്‍ വില്‍ക്കുന്നു. വാങ്ങുന്നവര്‍ക്ക്‌ സാമ്പത്തികലാഭം മാത്രമല്ല രോഗവും ഉണ്ടാവുന്നില്ല. ഏത്‌ വസ്‌തുവും നല്ല രീതിയിലും മോശമായും ഉപയോഗിക്കാം. നമ്മള്‍ നല്ലത്‌ സ്വീകരിക്കുന്നു. അതിന്റെ പുണ്യം അമ്മയ്‌ക്ക് കൂടിയാ..''
അതും പറഞ്ഞ്‌ നിസാരമട്ടില്‍ ചിരിച്ച്‌ ഹേമ മഞ്ഞള്‍പായ്‌ക്കറ്റ്‌ പൊതിയാന്‍ പോയി.
പിറ്റേന്ന്‌ മുതല്‍ അവള്‍ക്കും കുഞ്ഞിനും കിഷോറിനും ഒപ്പം അച്‌ഛനും അമ്മയ്‌ക്കും ചൂടുവെളളത്തില്‍ അവള്‍ മഞ്ഞള്‍പൊടി ചേര്‍ത്ത്‌ കൊടുക്കാന്‍ തുടങ്ങി. അമ്പരന്നു നിന്ന അവരെ നോക്കി അവള്‍ പറഞ്ഞു.
''കുടിച്ചാല്‍ മാത്രം പോര. കുളിക്കാനും മഞ്ഞളിട്ട്‌ തിളപ്പിച്ച വെള്ളം ഉപയോഗിക്കണം''
അച്‌ഛനും അമ്മയും തമ്മില്‍ തമ്മില്‍ നോക്കി, പിന്നെ അവളെ നോക്കി കണ്ണുമിഴിച്ചു.
'' പഴമക്കാര്‌ തൊട്ടേ പറേന്നതാ. മഞ്ഞള്‍വെളളത്തില്‍ കുളിച്ചാല്‍ ശരീരം അണുവിമുക്‌തമാവും.ഉളളില്‍ ചെന്നാല്‍ രോഗപ്രതിരോധശേഷിയുണ്ടാവും, ക്യാന്‍സര്‍ വരില്ല, കൊളസ്‌ട്രോള്‍ വരില്ല, പ്രമേഹം ശമിക്കും...അങ്ങനെ മഞ്ഞളിനില്ലാത്ത ഗുണങ്ങളില്ല. മോനെ ഞാന്‍ എന്നും മഞ്ഞള്‍ തേച്ച്‌ കുളിപ്പിക്കുന്നുണ്ട്‌..''
അവള്‍ ധൃതിയില്‍ കുളിമുറിയിലേക്ക്‌ പോയി. അമ്മ ആ പോക്ക്‌ വേദനയോടെ നോക്കി നിന്നു. പുറമെ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും മോഹിച്ചും രാത്രി പകലാക്കി പഠിച്ചും സ്വന്തമാക്കിയ പ്ര?ഫഷന്‍ എന്നേക്കുമായി നഷ്‌ടമായതിന്റെ നീറ്റല്‍ അവളുടെ ഉളളിലുണ്ടെന്ന്‌ അവര്‍ക്കറിയാം. മഞ്ഞള്‍ അത്‌ മറച്ചുപിടിക്കാനുളള ഒരു കവചം മാത്രമാണെന്നും അവര്‍ക്ക്‌ തോന്നി.
രാത്രി കുഞ്ഞിനെ കിടത്തിയുറക്കിയ ശേഷം ഹേമ പതിവു പോലെ മേലാകെ അരച്ച മഞ്ഞള്‍ തേച്ചുപിടിപ്പിച്ച ശേഷം കുളിക്കാന്‍ കയറി. ഈയിടെയായി രാവിലെയും വൈകിട്ടും ഈ മഞ്ഞള്‍കുളി പതിവാണ്‌. എന്നത്തെയും പോലെ അന്നും വൈകിയാണ്‌ കിഷോര്‍ വന്നു കയറിയത്‌. ഒരു പോലീസ്‌ സൂപ്രണ്ടിന്റെ തിരക്കുകള്‍ അറിയാവുന്നതു കൊണ്ട്‌ അവള്‍ക്ക്‌ അതില്‍ പരിഭവമില്ല. അത്താഴം കഴിഞ്ഞ്‌ കിടപ്പറയിലെത്തിയപ്പോള്‍ കുഞ്ഞ്‌ നല്ല ഉറക്കമാണ്‌.
കിഷോറിന്‌ പ്രിയപ്പെട്ട നീലഗൗണിലായിരുന്നു ഹേമ അന്ന്‌.
''ഇന്ന്‌ നല്ല മൂഡുളള ദിവസമാണ്‌. അതിന്‌ ബലം പകരാന്‍ നിന്റെ നീലഗൗണും''
ഹേമ ചിരിയൊതുക്കി. മൂഡുളള ദിവസങ്ങളില്‍ കിഷോറിന്റെ മുഖത്ത്‌ ഒരു പ്രത്യേക ഉന്മേഷം പതിവാണ്‌.
ലൈറ്റണച്ച്‌ സീറോവാള്‍ട്ട്‌ ഓണ്‍ ചെയ്‌ത് അവള്‍ കിടക്കയിലെത്തിയ താമസം അയാള്‍ അവളെ നേഞ്ചിലേക്ക്‌ വലിച്ചിട്ട്‌ കവിളില്‍ അമര്‍ത്തി ചുംബിച്ചു. പിന്നെ പെട്ടെന്ന്‌ അടര്‍ത്തി മാറ്റി അടക്കിയ ശബ്‌ദത്തില്‍ കാതില്‍ ഒരു രഹസ്യം പറഞ്ഞു.
''നിനക്കിപ്പോള്‍ ആകെയൊരു മഞ്ഞള്‍ മണമാണ്‌..ശരീരത്തില്‍ മാത്രമല്ല, മനസിലും''
ഹേമ ചിരിച്ചു. ആ ചിരിയില്‍ അയാള്‍ കാണുന്ന സന്തോഷങ്ങളും കാണാത്ത സങ്കടങ്ങളുമുണ്ടായിരുന്നു. രാത്രിയുടെ ഇരുട്ടിലും പ്രണയത്തിന്റെ ചൂടിലും താത്‌കാലികമായി മാത്രം അലിഞ്ഞിറങ്ങുന്ന സങ്കടങ്ങള്‍. കിഷോര്‍ അത്‌ കാണാതിരിക്കാനായി അവള്‍ മുഖഭാവം പരമാവധി മറച്ചു പിടിച്ചു.

(അവസാനിച്ചു)

Ads by Google
Sunday 15 Apr 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW