Monday, September 24, 2018 Last Updated 22 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 04.45 PM

ഭക്ഷണം കഴിക്കാന്‍ കഴിയാതെ അസ്ഥികൂടമായ തിമിംഗലം ഒടുവില്‍ ചത്തു കരയ്ക്കടുത്തു, വയറ്റില്‍ നിന്നു കണ്ടെത്തിയത്....

uploads/news/2018/04/208985/9.gif

സ്‌പെയ്ന്‍ തീരത്ത് ചത്തടിഞ്ഞ ഒരു തിമിംഗലമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലായിരുന്നു തിമിംഗലത്തിന്റെ രൂപം. സ്‌പെയ്‌നിന്റെ തെക്കുകിഴക്കന്‍ തീരമായ കാബോ ഡെ പലോസിലാണ് ഫെബ്രുവരിയില്‍ 33 അടിയോളം നീളമുള്ള തിമിംഗലത്തിന്റെ മൃതദേഹം തീരത്തടിഞ്ഞത്. ഈ തിമിംഗലത്തിന്റെ വയറിനുള്ളില്‍ നിന്ന് കണ്ടെത്തിയത് 64 പൗണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. കുടലിലെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദഹിക്കാത്തതും ഇവ പുറന്തള്ളാന്‍ പറ്റാത്തതു മൂലം ആന്തരികാവയവങ്ങള്‍ക്കുണ്ടായ വീക്കവുമാണ് തിമിംഗലത്തിന്റെ മരണകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന തിമിംഗലങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ സമുദ്രോപരിതലത്തിലേക്ക് എത്താറുള്ളൂ. കണവയും സ്രാവും ക്രില്ലുകളും മറ്റു മത്സ്യങ്ങളുമാണ് ഇവയുടെ പ്രധാന ആഹാരം. മത്സ്യങ്ങളെ ഭക്ഷിക്കാനായി വായതുറന്നപ്പോള്‍ ഇതോടൊപ്പം ഇവയുടെ വയറിനനുള്ളിലേക്കെത്തിയതാകാം പ്ലാസ്റ്റിക് മാലിന്യങ്ങളെന്നാണ് നിഗമനം. പോസ്റ്റുമോര്‍ട്ടത്തിലാണ് തിമിംഗലത്തിന്റെ വയറിനുള്ളില്‍ നിന്നും 64 പൗണ്ട് അതായത് 30 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയത്. നിരവധി പോളിത്തീന്‍ കവറുകളും കയറുകളും മത്സ്യബന്ധന വലകളും ഡ്രം ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് വസ്തുക്കളും തിമിംഗലത്തിന്റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തി.

ഭക്ഷണത്തോടൊപ്പം ഉള്ളിലെത്തുന്ന മൈക്രോ പ്ലാസ്റ്റികുകള്‍ തിമിംഗലങ്ങളുടെയും മറ്റു ജീവികളുടെയും വിശപ്പ് ഇല്ലാതാക്കും. ദഹിക്കാതെ ആമാശയത്തില്‍ ഇവ കെട്ടിക്കിടക്കുന്നതോടെ വ്രണം രൂപപ്പെടുകയും പിന്നീടിത് അള്‍സറിനും ക്യാന്‍സറിനും വരെ കാരണമാവുകയും ചെയ്യും. എന്നാല്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ധാരാളമായി ഉള്ളില്‍ ചെന്ന തിമിംഗലങ്ങളും സ്രാവുകളുമെല്ലാം വിശപ്പില്ലായ്മ മൂലം ഭക്ഷണം കഴിക്കാതെ പട്ടിണി കിടന്നു മരിക്കുന്നതും പതിവാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ആഹാരം കഴിക്കാത്തതിനാല്‍ തീരെ ശോഷിച്ച നിലയിലായിരുന്നു തിമിംഗലം. വെറും 6486 കിലോ മാത്രമായിരുന്നു ഈ തിമിംഗലത്തിന്റെ ഭാരം. സാധാരണ ഒരു ആണ്‍ തിമിംഗലത്തിന് 40000 കിലോയിലധികം ഭാരം ഉണ്ടാകും. ഏറ്റവും ചെറിയ തിമിംഗലത്തിനു വരെ 13000 കിലോയിലധികം ഭാരം ഉണ്ടാകാറുണ്ട്.

uploads/news/2018/04/208985/7.gif
പ്രതീകാത്മകചിത്രം

തിമിംഗലങ്ങളുടെയും മറ്റും പ്രത്യുത്പാദനത്തെയും മൈക്രോപ്ലാസ്റ്റിക്കുകള്‍ സാരമായി ബാധിക്കുന്നുണ്ട്. ഇതുവഴി തിമിംഗലങ്ങളുടെ എണ്ണത്തില്‍ ഭാവിയില്‍ വന്‍കുറവുണ്ടാകുമെന്നും ഗവേഷകര്‍ ഭയപ്പെടുന്നു. തിമിംഗലങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുന്നതിനും ഹോര്‍മോണില്‍ മാറ്റം വരുത്തുന്നുതിനും മൈക്രോപ്ലാസ്റ്റിക്കുകള്‍ കാരണമാകുന്നുണ്ടെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. അഞ്ച് മില്ലീമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള പ്ലാസ്റ്റിക്കുകളാണ് മൈക്രോ പ്ലാസ്റ്റിക്കുകള്‍ എന്നറിയപ്പെടുന്നത്. മെക്‌സിക്കോ ഉള്‍ക്കടല്‍, മെഡിറ്ററേനിയന്‍ കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, പസഫികിലെ പവിഴപ്പുറ്റുകളുടെ പ്രദേശം എന്നിവിടങ്ങളിലാണ് സമുദ്രത്തില്‍ ഏറ്റവുമധികം മൈക്രോ പ്ലാസ്റ്റിക്കുകള്‍ കാണപ്പെടുന്നത്. അതേസമയം ഇവിടങ്ങളില്‍ മാത്രമല്ല അന്റാര്‍ട്ടിക് മേഖലയിലുള്‍പ്പടെയുള്ള തിമിംഗലങ്ങളില്‍ മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. മൈക്രോപ്ലാസ്റ്റിക് ആര്‍ട്ടിക് അന്റാര്‍ട്ടിക് മേഖലയില്‍ പോലും വ്യാപകമായിരിക്കുന്നു എന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.
uploads/news/2018/04/208985/8.gif

മൈക്രോ പ്ലാസ്റ്റിക്കുകള്‍ സമുദ്രത്തിലെ വലിയ ജീവികളായ സ്രാവുകളുടെയും തിമിഗലങ്ങളുടെയും കൂട്ടമരണത്തിനിടയാക്കുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. പ്രത്യേകിച്ചും ഭക്ഷണം അരിച്ചു കഴിക്കുന്ന തിമിംഗലങ്ങളെയും തിരണ്ടി വര്‍ഗത്തില്‍ പെട്ട ജീവികളെയുമാണ് മൈക്രോ പ്ലാസ്റ്റിക്കുകള്‍ സാരമായി ബാധിക്കുന്നത്. പ്രധാന ഭക്ഷണമായ ക്രില്ലുകളെ കൂട്ടത്തോടെ വിഴുങ്ങുന്നതിനൊപ്പമാണ് മൈക്രോ പ്ലാസ്റ്റിക്കുകളും ഇവയുടെ ശരീരത്തിലേക്കെത്തുന്നത്. യുകെയില്‍ ഇതുവരെ 30 തിമിംഗലങ്ങള്‍ ചത്തു തീരത്തടിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിന്റെ തീരത്ത് അടുത്തിടെ ചത്തടിഞ്ഞ തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് 800 കിലോ പ്ലാസ്റ്റിക്കാണ്. കൂടാതെ ഓസ്‌ട്രേലിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറില്‍ നിന്ന് 36 വലിയ പ്ലാസ്റ്റിക് കൂടുകളും കണ്ടെത്തിയിരുന്നു. സ്‌പെയ്‌നില്‍ ഈ സംഭവത്തെ തുടര്‍ന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ജലാശയങ്ങളിലും മറ്റും വലിച്ചെറിയാതിരിക്കാന്‍ ബോധവല്‍ക്കരണ പരിവാടികളും മറ്റും ആരംഭിച്ചിട്ടുണ്ട്.

Ads by Google
Saturday 14 Apr 2018 04.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW