Friday, April 20, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 14 Apr 2018 04.19 PM

നെഞ്ചുവേദന വില്ലനാകുമ്പോള്‍

''പുകവലി, മദ്യപാനം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന പ്രമേഹം തുടങ്ങിയവയോടൊപ്പം മാറിയ ജീവിതശൈലിയുമാണ് ഹൃദയാഘാതത്തിനുളള മുഖ്യകാരണങ്ങള്‍. ഉറക്കത്തില്‍ പോലും മരണം സംഭവിക്കാവുന്ന ഒന്നാണ് വേദനയില്ലാത്ത അറ്റാക്ക്. ''
uploads/news/2018/04/208979/Heartattck140418a.jpg

ഓഫീസിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് സുമേഷിന് പെട്ടെന്നൊരു നെഞ്ചുവേദന അനുഭവപ്പെട്ടത്. ഒരാഴ്ചമുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഹൃത്ത് മരിച്ചസംഭവം അയാള്‍ മനസിലോര്‍ത്തു. ഭീതിയോടെയാണ് അയാള്‍ ഡോക്ടറെ കാണാന്‍ വന്നത്. പരിശോധനയില്‍ ഗ്യാസ് ആണെന്ന് തിരിച്ചറിഞ്ഞതോടെ അയാള്‍ക്ക് സമാധാനമായി.

കേരളത്തില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രായഭേദമന്യേ പെട്ടെന്ന് ജീവന്‍ അപഹരിക്കുന്ന അപകടകാരിയായ രോഗമായി ഹൃദയാഘാതം മാറിക്കഴിഞ്ഞിരിക്കുന്നു.

പുകവലി, മദ്യപാനം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന പ്രമേഹം തുടങ്ങിയവയോടൊപ്പം മാറിയ ജീവിതശൈലിയുമാണ് ഹൃദയാഘാതത്തിനുളള മുഖ്യകാരണങ്ങള്‍. വ്യായാമമില്ലാതെ കൂടുതല്‍ സമയം ഇരുന്നുജോലി ചെയ്യുന്നവരിലും അറ്റാക്ക് ഉണ്ടാകാനുളള സാധ്യത കൂടുതലാണ്.

പലപ്പോഴും രോഗം തിരിച്ചറിയാതെ പോകുന്നതാണ് മരണം സംഭവിക്കുന്നത്.

ഹൃദയാഘാതം


ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുന്നത്.

കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതുമൂലം രക്തയോട്ടം തടസ്സപ്പെടുകയും ഹൃദയപേശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ചെയ്യുമ്പോള്‍ ഹൃദയാഘാതത്തിന്റെ ആദ്യലക്ഷണം അനുഭവപ്പെട്ടുതുടങ്ങും.

കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണ്ണമായടഞ്ഞു രക്തയോട്ടം സ്തംഭിക്കാം. തന്മൂലം രക്തം കട്ടപിടിക്കുന്നു. അങ്ങനെ ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

ഹൃദയാഘാതവും ഹൃദയസ്തംഭനവും


ഹൃദയരക്തധമനികളില്‍ ബ്ലോക്ക് ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചുപോകുന്നതിനെയാണ് ഹൃദയസ്തംഭനം എന്നുപറയുന്നത്.

ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം നല്‍കിയാല്‍ ഹൃദയസ്തംഭനത്തില്‍ നിന്നുരക്ഷപ്പെടാം. ഹൃദയാഘാതമുണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭനംവരാനുളള സാധ്യതയുണ്ട്. ഇങ്ങനെയുളളവര്‍ക്ക് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരണം സംഭവിക്കാം.

എങ്ങനെ തിരിച്ചറിയാം


അറ്റാക്കിന്റെ ലക്ഷണങ്ങള്‍ എല്ലാവരിലും ഒരേപോലെയല്ല ഉണ്ടാകുന്നത്. എങ്കിലും നെഞ്ചുവേദനതന്നെയാണ് ഹൃദയാഘാതത്തിന്റെ മുഖ്യലക്ഷണം. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന വേദന തോളിലേക്കും ഇരുകൈകളിലേക്കും പുറംഭാഗത്തേക്കും പിന്നീടത് കഴുത്തിലേക്കും താടിയിലേക്കും പടരാന്‍ ഇടയുണ്ട്.

1. ഷോള്‍ഡര്‍, കഴുത്ത്, സന്ധികള്‍ എന്നിവിടങ്ങളില്‍ പെട്ടെന്ന് അനുഭവപ്പെടുന്ന വേദനയും കഴപ്പും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. പ്രത്യേകിച്ച് നെഞ്ചില്‍ നിന്നു തുടങ്ങി കൈകളിലേക്കു വ്യാപിക്കുന്ന വേദന.
2. ഇടയ്ക്കിടെ വന്നുപോകുന്ന നെഞ്ചുവേദനയോടൊപ്പം തളര്‍ച്ച, ക്ഷീണം, നെഞ്ചെരിച്ചില്‍, ഗ്യാസ് പോലെയുളള തോന്നലുകളും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്.
3. നെഞ്ചിനുമേല്‍ ഭാരം കയറ്റിവച്ചതുപോലെയോ വരിഞ്ഞുമുറുകുന്നതുപോലെയോ വേദന അനുഭവപ്പെടുന്നു. ഒപ്പം ശ്വാസതടസവും ഹൃദയാഘാതലക്ഷണമായി എടുക്കാം.
4. കോണിപ്പടികള്‍ കയറുമ്പോഴോ നടക്കുമ്പോഴോ മസിലുകള്‍ കോച്ചിപ്പിടിക്കുക, പുകച്ചില്‍, ശ്വസിക്കാനുളള പ്രയാസം എന്നിവയെല്ലാം ഹാര്‍ട്ട് അറ്റാക്കിന്റെ സൂചനയാണ്. ഇതോടൊപ്പം തന്നെ ശരീരം വിയര്‍ക്കാനുമിടയുണ്ട്.

സൈലന്റ് അറ്റാക്ക്


ഏറ്റവും ഭയപ്പെടേണ്ട ഒന്നാണ് വേദനയില്ലാത്ത അറ്റാക്ക്. പ്രമേഹരോഗികളിലും ഹൈപ്പര്‍ ടെന്‍ഷനുളളവരിലും പ്രായമായ സ്ത്രീകളിലുമാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. ഇതൊരു അനുഗ്രഹമല്ല, മറിച്ച് രോഗിക്ക് ഉടന്‍ വൈദ്യസഹായം നേടാന്‍ തടസമാവുകയാണ് ചെയ്യുന്നത്.

ഉറക്കത്തില്‍ പോലും മരണം സംഭവിക്കാവുന്ന ഒന്നാണിത്. വേദനയില്ലാത്ത അറ്റാക്കിനെ എങ്ങനെ തിരിച്ചറിയാം എന്നത് പലര്‍ക്കും ഉണ്ടാകാവുന്ന സംശയമാണ്. പ്രമേഹരോഗത്തിന് പിടിയില്‍ അകപ്പെട്ടവരിലാണ് വേദനയില്ലാത്ത അറ്റാക്ക് കൂടുതലായി കണ്ടുവരുന്നത്.

ദീര്‍ഘനാളായി പ്രമേഹരോഗമുളളവരുടെ ഞരമ്പുകള്‍ക്ക് കോട്ടം സംഭവിക്കാം. അതുകൊണ്ട് ഹൃദയാഘാതം മൂലമുണ്ടാകുന്ന വേദനയറിയുവാന്‍ കഴിയാതെ പോവുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.

സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണോ


സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നത്. ആര്‍ത്തവമുളള കാലംവരെ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കുറവാണ്. കാരണം ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. ഈസ്ട്രജന്‍ രക്തത്തിലെ നല്ലകൊളസ്‌ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവുകൂട്ടുന്നു.

ഇതു രക്തധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസമാകുന്നതില്‍ നിന്ന് രക്തക്കുഴലുകളെ സംരക്ഷിക്കുന്നു. എന്നാല്‍ ആര്‍ത്തവവിരാമത്തിനുശേഷം ഈ ഹോര്‍മോണ്‍ സുരക്ഷ നഷ്ടപ്പെടുന്നതുമൂലം സ്ത്രീകള്‍ക്കും പുരുഷന്മാരെ പോലെ തന്നെ ഹൃദ്രോഗ സാധ്യതകൂടുന്നു.

നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, പൊണ്ണത്തടി, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങളുള്ള ചെറുപ്പക്കാരായ സ്ത്രീകളിലും അറ്റാക്കിനുളള സാധ്യതയുണ്ട്.

ഡോ:സിദ്ധാര്‍ഥ്
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
നിര്‍മല ഹോസ്പിറ്റല്‍ , മൂവാറ്റുപുഴ

Ads by Google
TRENDING NOW