Friday, March 15, 2019 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Apr 2018 04.20 PM

പറന്നു പറന്നു പറന്ന്

''സ്ത്രീകള്‍ക്കായി ഒരു യാത്രാഗ്രൂപ്പ്, അപ്പൂപ്പന്‍താടി. ഇനി ഇഷ്ടവഴികളിലൂടെ ഒരു അപ്പൂപ്പന്‍താടി പോല്‍ പാറിനടക്കാം.''
uploads/news/2018/04/207821/WomensTravel100418b.jpg

ആഷിഖ് അബുവിന്റെ റാണി പത്മിനിയിലെ നായികമാരെപ്പോലെയായിരുന്നു അവളും. ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ കൂടി ഒരു അപ്പൂപ്പന്‍താടി പോലെ പാറിനടക്കാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി, സജ്ന അലി.

കുട്ടിയായിരിക്കുമ്പോള്‍ സജ്നയുടെ മനസിലേക്ക് സഞ്ചാരസാഹിത്യത്തിന്റെ വിത്തുകള്‍ പാകിയത് ലോറി ഡ്രൈവറായ ബാപ്പയാണ്. ഓരോ ട്രിപ്പും കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ മകളെ മടിയിലിരുത്തി ആ ബാപ്പ പറഞ്ഞ യാത്രാവിവരണങ്ങള്‍ സജ്‌നയെ യാത്രാ സ്‌നേഹിയാക്കി.

പഠനശേഷം ടെക്നോപാര്‍ക്കിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ തിരക്കുകള്‍ക്കിടയിലും സജ്‌ന യാത്രകള്‍ക്കായി സമയം കണ്ടെത്തി. എട്ടംഗ സംഘത്തോടൊപ്പം നടത്തിയ തെന്മല സന്ദര്‍ശനമാണ് അപ്പൂപ്പന്‍താടി എന്ന സ്ത്രീ യാത്രാ ഗ്രൂപ്പിന് തുടക്കം കുറിക്കാന്‍ സജ്നയ്ക്ക് പ്രചോദനമായത്.

അപ്പൂപ്പന്‍താടി പോല്‍ പാറി നടക്കാന്‍ ആഗ്രഹിച്ച ഒരു കൂട്ടം സ്ത്രീകള്‍ പ്രായഭേദമന്യേ സജ്നയ്ക്കൊപ്പം കൂടിയതോടെ അപ്പൂപ്പന്‍താടി അതിരുകള്‍ക്കപ്പുറത്തേക്ക് പറന്നു. അപ്പൂപ്പന്‍താടി നടത്തിയ യാത്രകളിലൂടെ സജ്ന അലി.

യാത്രകളുടെ തോഴി


ഒരു ഇടത്തരം മുസ്ലീം കുടുംബത്തിലെ അംഗമാണ് ഞാന്‍. കോഴിക്കോടാണ് നാട്. കുട്ടിക്കാലം മുതല്‍ യാത്രകളോട് പ്രണയമാണ്. ലോറിഡ്രൈവറായ ബാപ്പ പറയുന്ന യാത്രാവിവരണങ്ങളും ഫോട്ടോകളും കൂടിയായപ്പോള്‍ പുതിയ സ്ഥലങ്ങള്‍ കാണാനുള്ള കൗതുകം കൂടിക്കൂടി വന്നു. ടെക്നോപാര്‍ക്കില്‍ ജോലി കിട്ടി തിരുവനന്തപുരത്തെത്തിയ ശേഷം യാത്ര ചെയ്യുന്നതിന് പല തടസങ്ങളുണ്ടായി.

ഒരിക്കല്‍ കൂട്ടുകാരെല്ലാം കൂടി രാമക്കല്‍മേട് പോകാന്‍ തീരുമാനിച്ചു. 20 പേരുള്ള ഗ്രൂപ്പായി പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പോകാനുള്ള ദിവസമടുത്തപ്പോള്‍ എല്ലാവരും ഓരോ കാരണങ്ങള്‍ പറഞ്ഞ് പിന്മാറി.

എന്നാല്‍ രാമക്കല്‍മേടെന്ന സ്വപ്നം ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. തനിയെ പോയി. അതൊരു തുടക്കമായിരുന്നു. പിന്നീട് ഒറ്റയ്ക്ക് ദൂരെ സ്ഥലങ്ങളിലേക്ക് പോകാന്‍ ധൈര്യമായി.

കേരളത്തിനു പുറത്ത് ആദ്യ യാത്ര ഒഡീഷയിലേക്കായിരുന്നു. വളരെ തയാറെടുപ്പുകളോടെയാണ് പോയത്. പിന്നീടുള്ള യാത്രകളൊക്കെ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതൊന്നുമല്ലായിരുന്നു. ബീഹാര്‍, അരുണാചല്‍ പ്രദേശിലെ തവാങ്ങ്, ഉത്തരാഖണ്ഡ് എന്നിങ്ങനെ ഒട്ടേറെ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു.

uploads/news/2018/04/207821/WomensTravel100418a.jpg

അപ്പൂപ്പന്‍താടി


ഫേസ്ബുക്കില്‍ എന്റെ യാത്രകളുടെ ഫോട്ടോകള്‍ കണ്ട് പലരും അവരേയും കൂടെക്കൂട്ടാമോ എന്ന് ചോദിച്ചപ്പോഴാണ് യാത്രകള്‍ക്കുവേണ്ടി ഒരു ഗ്രൂപ്പ് എന്ന ആശയത്തിലെത്തിയത്. പക്ഷേ അത് പ്രായോഗികമാക്കാന്‍ പിന്നെയും ആറുമാസം കാത്തിരിക്കേണ്ടി വന്നു. അങ്ങനെ യാത്രകളെ പ്രണയിക്കുന്ന കുറച്ചുപേര്‍ എനിക്കൊപ്പം ചേര്‍ന്നു.

എട്ടുപേരടങ്ങുന്ന ഗ്രൂപ്പിനൊപ്പം ആദ്യ യാത്ര തെന്മലയിലേക്കായിരുന്നു. ആ യാത്ര കഴിഞ്ഞ് എത്തിയപ്പോള്‍ അടുത്ത യാത്ര ഇനി എങ്ങോട്ട് എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ ചോദിച്ചു. തുടര്‍ന്ന് അപ്പൂപ്പന്‍താടി എന്നൊരു ഫേസ്ബുക്ക് പേജ് തുടങ്ങി.

ഒപ്പം ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പും. ഇപ്പോള്‍ അപ്പൂപ്പന്‍താടി പറന്നുതുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നു. അറുപത്തഞ്ചോളം യാത്രകള്‍ അപ്പൂപ്പന്‍താടി നടത്തി. 600 പേര്‍ ഗ്രൂപ്പിലുണ്ട്. സ്ഥിരയാത്രക്കാര്‍ 25 പേര്‍.

ഒറ്റ ദിവസത്തെ യാത്ര തൊട്ട് എട്ട്- ഒന്‍പത് ദിവസം വരെ നീണ്ട യാത്രകള്‍ അപ്പൂപ്പന്‍ താടി നടത്തുന്നു. നിലമ്പൂര്‍, കൊളുക്കുമല, മീശപ്പുലിമല, നെല്ലിയാമ്പതി, ചിതറാല്‍ ജൈനക്ഷേത്രം, അരുണാചല്‍ പ്രദേശിലെ തവാങ്ങ്, ഉത്തരാഖണ്ഡ്, കര്‍ണ്ണാടകയിലെ ഹംപി, വാരണാസി, ധനുഷ്‌ക്കോടി, മഹാബലിപുരം എന്നീ സ്ഥലങ്ങളിലേക്കും അപ്പൂപ്പന്‍താടി പറന്നെത്തി.

നാഗാലാന്‍ഡിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങള്‍. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയ്ക്ക് വെളിയിലേക്ക് പോകാനും ആലോചിക്കുന്നുണ്ട്. പത്തനാപുരം സ്വദേശിയായ അറുപത്തഞ്ചുകാരി ലീല ടീച്ചറാണ് കൂട്ടത്തില്‍ ഏറ്റവും സീനിയര്‍. മൂന്ന് വയസുകാരി പാത്തുവാണ് ജൂനിയര്‍.

എതിര്‍പ്പുകളേറെ


തുടക്കത്തില്‍ വീട്ടില്‍ നിന്നുപോലും എതിര്‍പ്പായിരുന്നു. പലപ്പോഴും വീട്ടുകാരറിയാതെയാണ് എന്റെ യാത്രകള്‍. പക്ഷേ എത്രയൊക്കെ കള്ളം പറഞ്ഞാലും അതൊക്കെ പിടിക്കപ്പെടും. പിന്നെ സത്യം പറഞ്ഞു തുടങ്ങി. ഒറ്റയ്ക്കാണ് യാത്ര എന്ന് പറയുമ്പോഴേ ഉമ്മ പിണങ്ങും. തിരച്ചെത്തിയാലും മിണ്ടില്ല.

യാത്ര സുരക്ഷിതമാണെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കും പ്രശ്‌നമില്ല. ഒരു കണ്ടീഷനേ ഉമ്മയ്ക്കുള്ളൂ, ഫോണ്‍ വിളിച്ചാല്‍ കോള്‍ അറ്റന്‍ഡ് ചെയ്യണമെന്ന്. ഇപ്പോള്‍ വിളിക്കുമ്പോള്‍ ഉമ്മ ആദ്യം ചേദിക്കുന്നത് തന്നെ എന്താ പുതിയ ട്രിപ്പൊന്നും ആയില്ലേല്ല എന്നാണ്.

uploads/news/2018/04/207821/WomensTravel100418d.jpg

പ്രണയമാണ് യാത്രകളോട്


മധ്യപ്രദേശിലെ ഓര്‍ച്ച എന്ന സ്ഥലത്തെക്കുറിച്ച് ഞാന്‍ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റുന്ന സ്ഥലമല്ലത് എന്നാണ് പറഞ്ഞത്.

പക്ഷേ ഞാന്‍ രണ്ടും കല്‍പ്പിച്ച് ഒറ്റയ്ക്ക് പോകാന്‍ തീരുമാനിച്ചു. ആ യാത്ര എനിക്ക് വലിയൊരു അനുഭവമായിരുന്നു. ഭയപ്പെട്ടതുപോലെ മോശമായ അനുഭവങ്ങളൊന്നും ഉണ്ടായില്ല. സുരക്ഷിതമായി തിരിച്ചു വന്നു.

യാത്രയ്ക്കിടയില്‍ പേടിച്ചുപോയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒഡിഷയിലെ പുരി ക്ഷേത്ര സന്ദര്‍ശനത്തിനിടെ വലംവച്ച് വന്നപ്പോള്‍ ഗൈഡിനെ കാണാനില്ല. എന്റെ ബാഗടക്കമുള്ള സാധനങ്ങള്‍ സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ അയാളുടെ കൈയ്യിലാണ്. ഒന്നുകൂടെ അമ്പലം വലംവച്ച് വന്നപ്പോള്‍ അയാളെ കണ്ടു. അപ്പോഴാണ് ശ്വാസം നേരെ വീണത്.

തിരിച്ച് നാട്ടിലേക്കുള്ള യാത്രയും ബുദ്ധിമുട്ടായിരുന്നു. ട്രെയിനില്‍ സ്ലീപ്പര്‍ ക്ലാസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും കമ്പാര്‍ട്ടുമെന്റില്‍ കാല്‍ കുത്താന്‍ പറ്റാത്തത്ര തിരക്കായിരുന്നു. ഒടുവില്‍ തിരക്കിനിടയില്‍ നിലത്ത് ഒതുങ്ങിയിരുന്ന എനിക്ക് തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റിലെ യാത്രക്കാരായ ആര്‍മിക്കാരാണ് ഇരിക്കാനുള്ള സ്ഥലം തന്നത്.

ഒരിക്കല്‍ കര്‍ണ്ണാടകയില്‍ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ കുറേ കുരങ്ങുകള്‍ മുമ്പിലേക്ക് ചാടിവീണു. എന്റെ ക്യാമറാബാഗിലേക്കാണ് അവരുടെ നോട്ടം. ഒന്നുകില്‍ ക്യാമറ നഷ്ടപ്പെടും. അല്ലെങ്കില്‍ കുരങ്ങുകള്‍ ഉപദ്രവിക്കും.

ഞാന്‍ ശരിക്കും പേടിച്ചു. ചുറ്റുവട്ടത്തൊന്നും ആരുമില്ല. പെട്ടെന്ന് ഞാന്‍ കണ്ണടച്ച് ഉറക്കെ നിലവിളിച്ചു. കണ്ണു തുറന്നപ്പോള്‍ കുരങ്ങുകളുടെ പൊടി പോലുമില്ല. യാത്രകളില്‍ എന്നെ ഏറ്റവും കൂടുതല്‍ ശല്യം ചെയ്തിട്ടുള്ളത് പട്ടികളും കുരങ്ങുകളുമാണ്.

അപ്പൂപ്പന്‍താടിക്കൊപ്പം ഇരുപത്തഞ്ചോളം യാത്രകള്‍ നടത്തിയവരുണ്ട്. ഒരിക്കലും എത്തിച്ചേരാന്‍ പറ്റില്ല എന്ന് കരുതിയിരുന്ന സ്ഥലത്ത് എത്തിച്ചേരുമ്പോള്‍ പലരും അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല.

അരുണാചല്‍പ്രദേശിലെ തവാങ്ങിലെ ചെക്പോസ്റ്റില്‍ എത്തി വാഹനത്തില്‍ ഇരിക്കുമ്പോള്‍ പുറത്ത് എന്തോ പെയ്യുന്നതുപോലെ തോന്നി. പുറത്തിറങ്ങിയപ്പോഴാണ് മഞ്ഞ് പെയ്യുന്നതാണെന്ന് മനസിലായത്. ആ യാത്ര എല്ലാവര്‍ക്കും മറക്കാനാവാത്ത അനുഭവമായിരുന്നു. ആന്ധ്രാപ്രദേശിലെ ഘണ്ടിക്കോട്ടയിലെ സൂര്യോദയവും മറക്കാനാവില്ല.

ആ യാത്രയ്ക്ക് ശേഷം കൊച്ചിയില്‍ നിന്നുള്ള മായച്ചേച്ചി എന്നെ കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു, 'ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങളായിരുന്നു' എന്നാണ് ചേച്ചി പറഞ്ഞത്.

uploads/news/2018/04/207821/WomensTravel100418c.jpg

ബഡ്ഡീസ്


എല്ലാ യാത്രയിലും എനിക്ക് പങ്കെടുക്കാന്‍ പറ്റിയെന്ന് വരില്ല. അങ്ങനെ വരുമ്പോള്‍ അപ്പൂപ്പന്‍താടിയുടെ യാത്രകള്‍ തടസപ്പെടാതിരിക്കാന്‍ വേണ്ടി യാത്രകളുടെ നടത്തിപ്പിനായി എട്ടുപേരടങ്ങുന്ന ബഡ്ഡീസ് എന്നൊരു ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

ഞാന്‍ മുന്‍പ് പോയ സ്ഥലങ്ങളിലേക്കാണ് ടീമംഗങ്ങളെ കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ അവിടെ ഏത് സമയത്ത്, എങ്ങനെ എത്തിച്ചേരുമെന്ന് സംശയമുണ്ടാവാറില്ല. കൂടാതെ ടീമംഗങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളിലേക്കും യാത്ര പോകാറുണ്ട്.

ലളിതമാണെങ്കിലും മികച്ച മുന്നൊരുക്കത്തോടെയുമായാണ് യാത്രകള്‍. ഫേസ്ബുക്ക് പേജില്‍ അടുത്തതായി വരുന്ന യാത്രകളെ കുറിച്ച് ആദ്യം അറിയിക്കും. താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ വാട്ട്സ് ആപ്പ് നമ്പറും നല്‍കും. പിന്നീട് ഗ്രൂപ്പിലൂടെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

പല സ്ഥലങ്ങളില്‍ നിന്നുള്ളവരുണ്ട് ഗ്രൂപ്പില്‍. ആദ്യമൊക്കെ എല്ലാവരേയും വീടുകളില്‍ ചെന്ന് പിക് ചെയ്യുമായിരുന്നു. ഇപ്പോള്‍ എല്ലാവരോടും ഒരു സ്ഥലത്ത് എത്താന്‍ ആവശ്യപ്പെടും. അവിടെ നിന്ന് എല്ലാവരുമൊരുമിച്ച് പോകാനുദ്ദേശിച്ച സ്ഥലത്തേക്ക് യാത്ര തുടരും.

സ്വപ്‌നങ്ങളേറെ


ഇനിയും കണ്ടുതീര്‍ക്കാന്‍ ഒരുപാട് സ്ഥലങ്ങളുണ്ട്. ഇന്ത്യയില്‍ എന്നെ ഏറെ മോഹിപ്പിച്ചത് പഞ്ചാബ്, ചണ്ഡീഗഡ് എന്നീ സ്ഥലങ്ങളാണ്. വായിച്ചറിഞ്ഞതില്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിനും എന്നെ മാടിവിളിക്കുന്നതായി തോന്നാറുണ്ട്.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW