Tuesday, March 26, 2019 Last Updated 17 Min 42 Sec ago English Edition
Todays E paper
Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 02 Apr 2018 09.58 AM

ദൈവനീതിയോ രാഷ്ട്രനീതിയോ?

uploads/news/2018/04/205463/opinionRsuresh020418.jpg

'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന' മാര്‍ക്‌സിയന്‍ വചനത്തിന് പ്രസക്തിയേറുന്ന കാലമാണിത്. മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ ആധുനികനാകുന്നുവെന്ന് പറയുമ്പോഴും പഴയമയുടെ ജീര്‍ണ്ണതകളിലേക്ക് മടങ്ങിപ്പോകാനാണ് നമ്മുടെ സമൂഹം ആഗ്രഹിക്കുന്നത്. ശ്രീ നാരായണഗുരുവും മറ്റ് സാമൂഹികപരിഷ്‌ക്കര്‍ത്താക്കളും ഉഴുതുമറിച്ച കേരളത്തിന്റെ നവോത്ഥാനമണ്ണില്‍ നിന്നാണ് ഇന്ന് ജാതിയതയുടെയും മതത്തിന്റെയും ജീര്‍ണ്ണതകള്‍ തലപൊക്കുന്നുവെന്നതാണ് ഏറ്റവും വിചിത്രം.

രാജ്യത്തിന്റെ നിയമസംഹിതകളാണോ, ദൈവീകമെന്ന് വിശേഷിപ്പിക്കുന്ന പൗരോഹിത്യത്തിന്റെ നിയമങ്ങളാണോ നാം പാലിക്കേണ്ടതെന്ന ചര്‍ച്ചയാണ് ഇന്ന് നടക്കുകൊണ്ടിരിക്കുന്നത്. എറണാകുളം-അങ്കമാലി രൂപതയിലെ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഈ ചര്‍ച്ചയ്ക്ക് പ്രസക്തിയേറുന്നത്. ആ ഭൂമിയിടപാടില്‍ തിരിമറികള്‍ നടന്നുവെന്ന് ആരോപിച്ചുകൊണ്ട് ഇന്ത്യയുടെ അനുശാസിതമായ നിയമത്തെ അതില്‍ ഇടപെടുത്താനുള്ള ശ്രമത്തെയാണ് വൈകാരികമായ മതനിയമം എന്ന ആശയവാദം ഉയര്‍ത്തി മറുപക്ഷം നേരിടുന്നത്. അതാണ് മാര്‍ക്‌സിയന്‍ നിരീക്ഷണത്തിന് ഇന്ന് പ്രസക്തിയേറുന്നതും. ക്രിസ്തീയ സഭയില്‍ മാത്രമല്ല, മുസ്ലീങ്ങള്‍ക്കിടയിലും ഹിന്ദുക്കള്‍ക്കിടയിലും ഇത്തരം ചില വാദങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഉയര്‍ന്നുവരുന്നുണ്ട് എന്നത് ഏറെ ഗൗരവത്തോടെ നോക്കി കാണേണ്ടതാണ്.

ഒരു രാജ്യത്ത് വസിക്കുന്ന ഏതൊരു പൗരനും അനുസരിക്കേണ്ടത് ആ രാജ്യത്തിന്റെ ഭരണഘടനയും നീതിന്യായ സംവിധാനങ്ങളുമാണ്. ദൈവീകനിയമം എന്ന് പറഞ്ഞ് മതനേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത് പൗരോഹിത്യം സ്വന്തം താല്‍പര്യങ്ങള്‍ക്കായി രൂപം നല്‍കിയ തത്വസംഹിതകളാണെന്നതില്‍ ഒരു തര്‍ക്കവും ആര്‍ക്കുമുണ്ടാവില്ല. പതിനാറാം നൂറ്റാണ്ടില്‍ യുറോപ്പില്‍ അരങ്ങേറിയ പരിവര്‍ത്തന പ്രസ്ഥാനം(റിഫര്‍മേഷന്‍ മൂവ്‌മെന്റ്) തന്നെ പൗരോഹിത്യത്തിനെതിരായ പോരാട്ടമായിരുന്നു. കേത്താലിക്കാ സഭയ്ക്കുള്ളില്‍ ഉടലെടുത്ത ഒരു പരിഷ്‌ക്കരണവാദമായിരുന്നു അത്. വത്തിക്കാന്റെ പരമാധികാരത്തിന്മേലുള്ള വെല്ലുവിളിയായിരുന്നു അവിടെ നടന്നത്. മാര്‍ട്ടി ലൂഥറിന്റെ നേതൃത്വത്തില്‍ നടന്ന ആ പരിവര്‍ത്തന പ്രസ്ഥാനം തന്നെ ഒരു മതമായി പിന്നീട് മാറിയെങ്കിലും അത്തരത്തിലുള്ള പരിഷ്‌ക്കരണങ്ങളും പരിവര്‍ത്തനങ്ങളും ചരിത്രത്തില്‍ അവഗണിക്കാന്‍ കഴിയാത്തതാണ്.

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളെ നിശിതമായി വിമര്‍ശിക്കുകയും എന്നും അവര്‍ക്ക് മുകളില്‍ പരമാധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രീതി നമ്മുടെ സാമുദായികസംഘടനകള്‍ക്ക്, പൊതുവെ ക്രൈസ്തവ സഭകള്‍ക്ക് പ്രത്യേകിച്ചുണ്ട്. ഇന്ന് കാണുന്ന തരത്തിലുള്ള ഒരു ആധുനിക സമൂഹത്തിലേക്ക് നാം എത്തുന്നത് നിരവധി പരിവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്. ആധുനിക രാഷ്ട്രസങ്കല്‍പ്പത്തിന്റെ ആണിക്കല്ലെന്ന് പറയുന്നത് ''നിയമവാഴ്ചയും'' '' ക്ഷേമരാഷ്ട്രവുമാണ്''. നിയമവാഴ്ച ഉറപ്പാക്കിയാല്‍ മാത്രമേ ക്ഷേമരാഷ്ട്രത്തില്‍ അല്ലെങ്കില്‍ രാമരാജ്യത്തില്‍, അതുമല്ലെങ്കില്‍ ദൈവരാജ്യത്തില്‍ നമുക്ക് എത്തിച്ചേരാനാകൂവെന്നതാണ് സത്യം. ഈ നിയമവാഴ്ച ഉറപ്പാക്കണമെങ്കില്‍ നിയമത്തിന് മുന്നില്‍ നാം എല്ലാവരും സമന്മമാരായിരിക്കണം. വിവേചനരഹിതമായ നിയമം നടപ്പാക്കലില്‍ കൂടി മാത്രമേ ഇതില്‍ എത്തിച്ചേരാനാകൂ.

എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമി ഇടപാട് രാജ്യത്തിന്റെ സിവില്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നോക്കി കാണരുതെന്ന സന്ദേശമാണ് ആര്‍ച്ച് ബിഷപ്പ് നല്‍കുന്നത്. അങ്ങനെ ആര്‍ച്ച് ബിഷപ്പ് പറഞ്ഞിട്ടില്ലെന്നും അത് മാധ്യമസൃഷ്ടിയാണെന്നും സഭാ വക്താക്കള്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹം പറഞ്ഞത് അത് തന്നെയാണെന്ന് ആ പ്രസംഗം പൂര്‍ണ്ണമായും ശ്രവിച്ചിട്ടുള്ളവര്‍ക്ക് വ്യക്തമായി മനസിലായിട്ടുണ്ട്. ആര്‍ച്ച ബിഷപ്പ് പറഞ്ഞത് ഇതാണ്.

''രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുക പൗരന്റെ കടമ തന്നെയാണ്. എന്നാല്‍ ദൈവത്തിന്റെ നിയമത്തിന് പ്രാമുഖ്യം കൊടുക്കുക. രാഷ്്രടത്തിന്റെ നീതികൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കാമെന്ന് ആരും കരുതരുത്. അത് തെറ്റാണ്. സഭയില്‍ പോലും പലപ്പോഴും അത്തരം പ്രവണതകള്‍ നടക്കുന്നുണ്ട്. കോടതിവിധികള്‍ കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് വിശ്വസിക്കുന്നവര്‍ സഭയില്‍ ഉണ്ട്. പൗലോസ് ശ്ലീഹാ ചോദിക്കുന്നു നിങ്ങളില്‍ വിവേകമതികള്‍ ആരുമില്ലേ? എന്തുകൊണ്ടാണ്് നിങ്ങള്‍ വിജാതീയരുടെ കോടതികളെ സമീപിക്കുന്നതെന്ന്. കര്‍ത്താവ് പറഞ്ഞു. നിങ്ങള്‍ ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അനേ്വഷിക്കുക. ബാക്കിയുള്ളതെല്ലാം നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കപ്പെടും'' .

''നമ്മുടെ കര്‍ത്താവിന്റെ സന്ദേശവും വചനവും സ്വീകരിക്കുന്ന ഒരു വിഭാഗം. അതിനെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റൊരു വിഭാഗം. ആ മറ്റൊരു വിഭാഗത്തിനൊപ്പമുണ്ടായിരുന്നത് ജനപ്രമാണിമാരും പുരോഹിതരും നിയമഞ്ജരും ഫരിസേയരും പ്രമാണിമാരും ആയിരുന്നു. ഇന്ന് സഭയില്‍ നടക്കുന്നതിനെ നിങ്ങള്‍ ഇതിനോട് തട്ടിച്ചുനോക്കുക. എന്താണ് നമ്മള്‍ ചെയ്യുന്നത്. ഏതെല്ലാം ഉത്തരവാദിത്തങ്ങള്‍ ആയിരിക്കുന്നു. പുരോഹിത കൂട്ടത്തില്‍ ആണെങ്കില്‍ ജനപ്രമാണിമാരുടെയും ഫരിസേയരെ പോലെ കര്‍ശനമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്താന്‍ വേണ്ടിയാണ് നിലനില്‍ക്കുന്നതെങ്കില്‍ കര്‍ത്താവ് നിങ്ങളോട് പറയും ആദ്യം അവിടുത്തെ നീതിയും രാജ്യവും അനേ്വഷിക്കുക എന്ന്. ''

''ദൈവത്തിന്റെ നീതിക്കു നില്‍ക്കുന്നതാണോ അതോ കോടതികള്‍ കയറിയിറങ്ങി ലോകത്തിന്റെ നീതിക്കു വേണ്ടി നിലനില്‍ക്കുന്നതാണോ ശരിയെന്ന് നിങ്ങള്‍ ചിന്തിക്കണം. നീതിമാനാണ് കുരിശില്‍ വധിക്കപ്പെട്ടത്. ശതാധിപന്‍ അവനെ നോക്കി പറഞ്ഞു. അവന്‍ ശരിക്കും ദൈവപുത്രനാണെന്ന്. ഇന്നെങ്കിലും നാം ദൈവപുത്രനെ അംഗീകരിക്കാന്‍ തയ്യാറാകണം. സഹനമില്ലാതെ ജീവിതത്തില്‍ വിജയമുണ്ടാകണം. എങ്ങനെയെങ്കിലും അപരനെ ഇല്ലാതാക്കി തനിക്ക് വലിയവനും സമ്പന്നനും ആകണമെന്ന് ആണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ ജനം അവരെ അംഗീകരിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം''.

ഇതാണ് ആര്‍ച്ച് ബിഷപ്പിന്റെ ദുഃഖവെള്ളി ദിവസത്തെ സന്ദേശത്തില്‍ പറയുന്നത്. അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ ഇതിന്റെ അര്‍ത്ഥവും മനസിലാകും. അല്ലെങ്കില്‍ ഒരു വിഷയത്തിന് താന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം മറ്റുള്ളവര്‍ മനസിലാക്കുകയും അതല്ല താനുദ്ദേശിച്ചതെന്ന് പിന്നീട് പ്രസ്താവനയിലൂടെ വെറുമൊരു എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുകയെന്നത് ഇന്നത്തെ ഫാഷനുമാണ്.

ഇത്തരത്തില്‍ തന്റെ കുഞ്ഞാടുകളോട് നാടിന്റെ നിയമത്തെ നിങ്ങള്‍ അവഗണിക്കൂവെന്ന പരസ്യസന്ദേശമാണ് നല്‍കിയിരിക്കുന്നതും. ഇതാണ് ശരിയത്തിന്റെ കാര്യത്തില്‍ മുസ്ലീങ്ങള്‍ ചെയ്യുന്നത്. മനുസൃതി ഉയര്‍ത്തിക്കൊണ്ട് ഹിന്ദുക്കളിലെ ചിലരെങ്കിലും നടത്തുന്നത്. എന്തിന് വന്‍ തട്ടിപ്പും കൊലപാതകങ്ങളും നടത്തിയ ദേരാസച്ചാ സൗദയുടെ നേതാവായി ഇപ്പോള്‍ ജയിലഴിക്കുള്ളില്‍ കഴിയുന്ന റാം റഹീം നടത്തിയത്. മറ്റുള്ള എല്ലാ ആള്‍ദൈവങ്ങളും നടത്തിയത്.

നിയമവാഴ്ചയിലൂടെ നാം എത്തിച്ചേരുന്ന ക്ഷേമരാഷ്ട്രത്തിന്റെ മുഖമുദ്ര അതിലെ എല്ലാ പൗരന്മാരും തുല്യരാണെന്നാണ്. പ്രധാനമന്ത്രി മുതല്‍ സാധാരണ വോട്ടര്‍മാര്‍വരെ നിയമത്തിന് മുന്നില്‍ തുല്യരാണ്. അത് പാലിക്കാതെ തങ്ങള്‍ക്കുവേണ്ട നിയമങ്ങള്‍ തങ്ങള്‍ സൗകര്യംപോലെ സൃഷ്ടിക്കുമെന്ന് ചിലരെങ്കിലും പറയുന്നത് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്നതിന്റെ സൂചനയാണ്. ഓരോരുത്തരും അവരവരുടെ സൗകര്യത്തിന് സവന്തം നിയമങ്ങള്‍ സൃഷ്ടിച്ചാല്‍ എന്താകും രാജ്യത്തിന്റെ സ്ഥിതിയെന്ന് നാം ചിന്തിക്കണം.

രാജ്യത്തിന് മതവും-ജാതിയുമില്ല, അങ്ങനെയുണ്ടാകുന്നതിനെ നാം എതിര്‍ക്കുന്നുമുണ്ട്. അവിടെ രാജ്യവാസികള്‍ മാത്രമാണുള്ളത്. അവര്‍ക്കായാണ് രാജ്യത്തിന്റെ ശില്‍പ്പികള്‍ വര്‍ഷങ്ങള്‍ പണിപ്പെട്ട് ഭരണഘടനയും മറ്റ് സിവില്‍ നിയമങ്ങളും ഉണ്ടാക്കിയത്. അത് അനുസരിക്കാന്‍ നാം എല്ലാവരും ബാദ്ധ്യസ്ഥരുമാണ്. മതനിയമങ്ങള്‍ എന്നത് പള്ളികള്‍ക്കും, മോസ്‌കിനും, അമ്പലങ്ങള്‍ക്കുമുള്ളില്‍ നടപ്പാക്കാനുള്ളതാണ്. ആരാധനയുടെയും ആചാരങ്ങളുടെയും പാലനക്രമവും പരിപാലനവുമാണ് അത്.

ഭൂമി തട്ടിപ്പ് കേസിലും ഓരോ ദിവസം ഓരോ സ്ത്രീകളെ വിവാഹം കഴിയ്ക്കുന്നതിനും സ്ത്രീയെന്നത് അടിമയാണെന്ന് സൂക്തങ്ങളുദ്ധരിച്ചുകൊണ്ട് നടപ്പാക്കാനുള്ളതല്ല ആ നിയമങ്ങള്‍. അത് ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നില്ല. ഇത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട പൗരോഹിത്യങ്ങളുടെ പ്രശ്‌നമാണ്. ഇവിടെ കലഹം മതങ്ങളോടോ, അതിന്റെ നിയമങ്ങളോടോ അല്ല. അവയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് നമ്മുടെ രാജ്യത്തെ ജനാധിപത്യസംവിധാനത്തെ പുറംകാലുകൊണ്ട് തൊഴിക്കാന്‍ ശ്രമിക്കുന്ന പൗരോഹിത്യത്തോടാണ്. ലോകചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുള്ള എല്ലാ എതിര്‍ശബ്ദങ്ങളും ഇത്തരത്തിലുള്ള പൗരോഹിത്യത്തിനെതിരായി തന്നെയുമായിരുന്നു. ഇന്ത്യ എന്ന രാജ്യത്ത് ജീവിക്കുന്നവര്‍ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയേയും അതിനനുസൃതമായി രൂപം നല്‍കിയിട്ടുള്ള നിയമസംവിധാനങ്ങളേയും നീതിന്യായ കോടതികളെയും അനുസരിച്ച് തന്നെ മുന്നോട്ടുപോകണം. ഭൂമിവില്‍പ്പനയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് ക്രിമിനല്‍ കേസ് തന്നെയാണ്. ഒരു സാധാരണപൗരന്‍ ചെയ്യുമ്പോള്‍ അത് ക്രിമിനല്‍ കുറ്റമാകുകയും അത്യുന്നതങ്ങളിലിരിക്കുന്ന മതപുരോഹിതന്‍ ചെയ്യുമ്പോള്‍ അത് ദൈവനീതിയായും മാറുന്നത് ശരിയല്ല, അങ്ങനെ മാറുകയുമില്ല. അനീതിയാണെങ്കില്‍ക്കൂടി ദൈവപുത്രനായ ക്രിസ്തുദേവന്‍ ആ രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയമവാഴ്ചയുടെ ഭാഗമായി കുരിശുമരണം ഏറ്റുവാങ്ങിയതിന്റെ ഓര്‍മ്മദിവസത്തില്‍ തന്നെ രാജ്യത്തെ നിയമസംഹിതകളെ തങ്ങളുടെ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ തള്ളിക്കളയാന്‍ നടത്തുന്ന ശ്രമം ദുഃഖകരമാണ്.

ഇത് ക്രിസ്തീയ സഭകളുടെ മാത്രം പ്രശ്‌നമല്ല. ശരിയത്തിന്റെ കാര്യത്തില്‍ മുസ്ലീംവിഭാഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നതും ഇതേ നയമാണ്. നാട്ടില്‍ വിവാഹത്തിന് ഒരു സിവില്‍ നിയമം നിലനില്‍ക്കുമ്പോള്‍ അത് പാലിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്. ഇടയ്ക്ക് ഹിന്ദുസമൂഹത്തിലും മനുസൃതി ഉയര്‍ത്തിക്കൊണ്ട് ചില വിവാദങ്ങള്‍ തല്‍പ്പരകഷികള്‍ ഉയര്‍ത്തിയിരുന്നു. അന്ന് മനുസൃതി കത്തിച്ചുകൊണ്ട് ഹിന്ദുക്കള്‍ക്കുള്ളില്‍നിന്നുതന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. കേരളത്തില്‍ ഒരുപരിധിവരെ അതിന് ശേഷം ഇത്തരം കാര്യങ്ങള്‍ തലപൊക്കിയിട്ടില്ലെങ്കിലും രാജ്യത്തിന്റെ മറ്റുസംസ്ഥാനങ്ങളില്‍ ഇത് ശക്തമായി നടക്കുന്നുണ്ട്. മതം ഏതായാലും ക്ഷേമരാജ്യത്തില്‍ മനുഷ്യനാണ് പ്രാധാന്യം. ആ മനുഷ്യന് നീതി ഉറപ്പാക്കാനാണ് നിയമവാഴ്ച അത് അംഗീകരിച്ച് മാത്രമേ ആര്‍ക്കും മുന്നോട്ടുപോകാനാകുകയുള്ളു. നിയമവാഴ്ചയെ സ്വന്തം താല്‍പര്യപ്രകാരം ദൈവീകനിയമം ഉപയോഗിച്ച് നിരാകരിക്കാനുള്ള നീക്കത്തിനെതിരെ ബന്ധപ്പെട്ട കേന്ദങ്ങളില്‍ നിന്ന് തന്നെ നീക്കങ്ങള്‍ ഉയരുന്നുവെന്നത് ആശ്വാസകരമാണ്.

Ads by Google

മൂന്നാംകണ്ണ്

R. SURESH
R. SURESH
Monday 02 Apr 2018 09.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW