Tuesday, March 26, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 01 Apr 2018 01.48 AM

മഞ്ഞള്‍-സജില്‍ ശ്രീധറിന്റെ നോവല്‍ ആരംഭം

uploads/news/2018/04/205072/sun3.jpg

ഇന്ന്‌ ആദിയുടെ ഒന്നാം പിറന്നാളാണ്‌. വലിയ ആഘോഷങ്ങളൊന്നുമില്ല. അടുത്തബന്ധുക്കളും ഒഴിവാക്കാന്‍ പറ്റാത്ത ചില സുഹൃത്തുക്കളും മാത്രം. സഹപ്രവര്‍ത്തകള്‍ ആരെയും ക്ഷണിച്ചില്ല. കുറച്ചുപേരെ വിളിച്ചാല്‍ മറ്റുളളവര്‍ക്ക്‌ പരിഭവമാകും.ടൗണിലെ ബേക്കറിയില്‍ നിന്നും കിഷോര്‍ തന്നെ നേരിട്ടു പോയി വാങ്ങിക്കൊണ്ടു വരികയായിരുന്നു ഐസിംഗ്‌ വച്ച ബ്ലാക്ക്‌ഫോറസ്‌റ്റിന്റെ സ്‌പെഷല്‍ കേക്ക്‌. ആദിക്ക്‌ മാത്രമല്ല ഹേമയ്‌ക്കും അതിനോട്‌ കൊതിയുള്ള കാര്യം അയാള്‍ക്ക്‌ അറിയാം. കിഷോര്‍ എന്നും അത്തരം സ്വകാര്യതകളെ മാനിച്ചിരുന്നു. സിറ്റി പോലീസ്‌ കമ്മീഷണര്‍ എന്ന നിലയില്‍ ഔദ്യോഗിക തലത്തില്‍ കര്‍ക്കശക്കാരനാണെങ്കിലും വീട്ടിലും നാട്ടിലും ബന്ധുക്കള്‍ക്കിടയിലും അതീവസ്‌നേഹസമ്പന്നനാണ്‌. അത്‌ ഏറ്റവും നന്നായി അറിയുന്നത്‌ ഹേമയ്‌ക്കാണ്‌. സിവില്‍സര്‍വീസിന്റെ ഗുജറാത്തിലെ ട്രെയിനിംഗ്‌ ബാച്ചില്‍ കിഷോറിനേക്കാള്‍ പതിന്‍മടങ്ങ്‌ സുന്ദരന്‍മാരായ ചെറുപ്പക്കാരുണ്ടായിട്ടും ഹേമയുടെ മനസില്‍ പതിഞ്ഞത്‌ അയാളാണ്‌. ആ നോട്ടം, കളളച്ചിരി, അതിലുപരി മറ്റുളളവരെ കരുതാനും പരിഗണിക്കാനും സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാനുമുള്ള ആ മനസ്‌ അവളെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. അവളുടെ മുഖമൊന്ന്‌ വാടിയാല്‍ നിമിഷനേരത്തിനുളളില്‍ കിഷോര്‍ അത്‌ മനസിലാക്കും. പിന്നെ അതിന്റെ കാരണം പറയണം. അയാളെക്കൊണ്ടാവും വിധത്തില്‍ ആ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാക്കും. ഹേമ ഒന്ന്‌ ചിരിച്ചു കാണും വരെ അയാള്‍ക്ക്‌ സ്വസ്‌ഥതയില്ല. ആ അടുപ്പമാണ്‌ അവളുടെ മനസ്‌ അയാളിലേക്ക്‌ ചേര്‍ത്തു വച്ചത്‌. ഭാവിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തൊഴില്‍മേഖലയെക്കുറിച്ചും അവര്‍ ഒരുമിച്ച്‌ ഒരുപാട്‌ സ്വപ്‌നങ്ങള്‍ കണ്ടു. പക്ഷെ ഒരിക്കല്‍ പോലും ഇഷ്‌ടമാണെന്ന്‌ പറഞ്ഞില്ല. ആ സൂചന ലഭിക്കും മട്ടില്‍ പെരുമാറിയിട്ടുമില്ല. പൈങ്കിളി ചിന്തകള്‍ക്ക്‌ അവരുടെ സ്വകാര്യനിമിഷങ്ങളില്‍ പോലും സ്‌ഥാനമുണ്ടായിരുന്നില്ല.
പാര്‍ക്കിലും ബീച്ചിലും ലൈബ്രറിയിലും ഇടക്ക്‌ ഫിലിംഫെസ്‌റ്റിവലിലും ഒത്തുകൂടുമ്പോഴൊക്കെ അവര്‍ ചര്‍ച്ച ചെയ്‌തത്‌ ബുനുവലിന്റെയും ഫെല്ലിനിയുടെയും ഗൊദാര്‍ദിന്റെയും സിനിമകളെക്കുറിച്ചായിരുന്നു. സാഹിത്യത്തില്‍ ദസ്‌തേവ്‌സ്കിയായിരുന്നു കിഷോറിന്റെ എക്കാലത്തെയും ഫേവറിറ്റ്‌. ഹേമയ്‌ക്കാവട്ടെ യോസയും മാര്‍കേസും കവാബത്തയുമായിരുന്നു പ്രിയപ്പെട്ടവര്‍.
പൗലോ കൊയ്‌ലോയോടുളള പ്രത്യേക ഇഷ്‌ടം അവള്‍ സൂചിപ്പിക്കുമ്പോള്‍ മോട്ടിവേഷനല്‍ റൈറ്റര്‍ എന്നു പറഞ്ഞ്‌ കിഷോര്‍ കളിയാക്കും. ഒരു പോപ്പുലര്‍ ഓതര്‍ എന്നതിനപ്പുറം കിഷോറിന്‌ കൊയ്‌ലോയെ ഉള്‍ക്കൊളളാന്‍ കഴിയുമായിരുന്നില്ല.
അക്കാര്യം പറഞ്ഞ്‌ അവര്‍ തമ്മില്‍ വഴക്കിടും. ഹേമയ്‌ക്ക് വിവരമില്ലെന്നു പറഞ്ഞ്‌ അയാള്‍ കളിയാക്കുമ്പോള്‍ അവള്‍ കുറച്ചു സമയം മിണ്ടാതിരിക്കും. പിന്നെ പവന്‍ ഹൗസിലെ ബ്രുകോഫിയില്‍ എല്ലാ പിണക്കങ്ങളും പഞ്ചസാരക്കട്ട കണക്കെ അലിയും.
രണ്ടുപേര്‍ക്കും കേരളത്തില്‍ ഒരേ ജില്ലയില്‍ പോസ്‌റ്റിംഗ്‌ ലഭിക്കുമെന്ന്‌ അവര്‍ സപ്‌നത്തില്‍ പോലും വിചാരിച്ചതല്ല. അതാണ്‌ മനപൊരുത്തമെന്ന്‌ കിഷോര്‍ തമാശ പറഞ്ഞു. കൊച്ചിയില്‍ എ.എസ്‌.പി യായി കിഷോര്‍ ചാര്‍ജെടുത്തപ്പോള്‍ അസിസ്‌റ്റന്റ ്‌ കളക്‌ടറായി ഹേമയും അവിടെ തന്നെ നിയമിക്കപ്പെട്ടു. അതിലെല്ലാം ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലുണ്ടെന്ന്‌ ഹേമ വിശ്വസിച്ചു. കിഷോര്‍ എത്ര കളിയാക്കിയാലും തളളിപ്പറഞ്ഞാലും ദൈവങ്ങളില്‍ അവള്‍ക്ക്‌ ഉറച്ചവിശ്വാസമായിരുന്നു.
യുക്‌തിയുടെ അളവ്‌കോലുകള്‍ക്കും മനുഷ്യന്റെ കണക്ക്‌കൂട്ടലുകള്‍ക്കുമപ്പുറം ഒരു അദൃശ്യശക്‌തിയുടെ ഇടപെടലുകള്‍ എല്ലാ കാര്യത്തിലുമുണ്ടെന്ന്‌ വിശ്വസിക്കാനായിരുന്നു അവള്‍ക്ക്‌ ഇഷ്‌ടം. തമാശയ്‌ക്കപ്പുറം കിഷോര്‍ അവളുടെ വിശ്വാസങ്ങളെ തളളിപ്പറഞ്ഞില്ല. തങ്ങളുടെ സ്‌നേഹത്തിനു വേണ്ടി അത്‌ മാറ്റിവയ്‌ക്കാന്‍ ആവശ്യപ്പെട്ടതുമില്ല. കിഷോര്‍ എന്നും അങ്ങനെയായിരുന്നു. മറ്റുള്ളവരുടെ സ്‌പേസില്‍ അനാവശ്യമായി കടന്നുകയറുന്ന ശീലം അയാള്‍ക്കുണ്ടായിരുന്നില്ല.
രണ്ടുപേര്‍ക്കും പൊതുവായുളള ഇഷ്‌ടവും നിലപാടും എന്താണെന്ന്‌ ചര്‍ച്ച വന്നപ്പോള്‍ അവര്‍ തന്നെ അത്‌ സ്വയം കണ്ടെത്തി. ആദര്‍ശം, സാമൂഹ്യപ്രതിബദ്ധത.
സമൂഹത്തിന്‌ വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്യാനാണ്‌ താന്‍ ഈ കുപ്പായമണിഞ്ഞതെന്ന്‌ കിഷോര്‍ പറയും. അല്ലെങ്കില്‍ വല്ല മീന്‍കച്ചവടത്തിനും പോയാല്‍ പോരെ എന്ന്‌ അയാള്‍ സ്വയം പരിഹസിക്കും. ഹേമ ചിരിക്കും. അവളുടെ മനസും അതു തന്നെയായിരുന്നു.
സ്വന്തമായി കൂടുതല്‍ അധികാരങ്ങള്‍ കയ്യില്‍ വരും വരെ രണ്ടുപേര്‍ക്കും പരിമിതികള്‍ ഏറെയുണ്ടായിരുന്നു.
ഇതിനിടയില്‍ വിവാഹം കഴിഞ്ഞു. അഞ്ചുവര്‍ഷം കഴിഞ്ഞാണ്‌ കുട്ടിയുണ്ടായത്‌. ഇപ്പോള്‍ ആദിക്ക്‌ വയസ്‌ ഒന്ന്‌ തികഞ്ഞു.
ആ രാത്രിയില്‍ ഹേമ പലവട്ടം ചിന്തിച്ചു. ഏതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. സിവില്‍സര്‍വീസ്‌ പാസായത്‌, കിഷോറിനെ പ്രണയിച്ചു തുടങ്ങിയത്‌, വിവാഹത്തിന്‌ വീട്ടുകാര്‍ പച്ചക്കൊടി കാട്ടിയത്‌, കാത്തുകാത്തിരുന്ന്‌ കുഞ്ഞ്‌ ജനിച്ചത്‌, ആദ്യത്തെ പോസ്‌റ്റിംഗ്‌.... എല്ലാം സന്തോഷം നിറഞ്ഞ അനുഭവങ്ങളായിരുന്നു. പക്ഷെ ഏറ്റവും സന്തോഷിപ്പിച്ചതും ത്രില്ലടിപ്പിച്ചതും ആ ദിവസമായിരുന്നു. ഫുഡ്‌ ആന്‍ഡ്‌ സേഫ്‌റ്റി കമ്മീഷണറായി നിയമനം ലഭിച്ച ദിവസം.ജീവിതത്തിലാദ്യമായി കിടപ്പറയുടെ സ്വകാര്യതയിലല്ലാതെ അവള്‍ കിഷോറിനെ കെട്ടിപ്പിടിച്ച്‌ ചൂംബിച്ചതും ആ ദിവസമായിരുന്നു. തനിക്ക്‌ പുര്‍ണ്ണസ്വതന്ത്രമായ ഒരു അധികാരസ്‌ഥാനം കൈവന്ന നിമിഷം. തന്റെ സ്വപ്‌നങ്ങളിലേക്കുളള യാത്രയുടെ തുടക്കം.
നിയമന ഉത്തരവ്‌ കൈപറ്റിയ ശേഷം അനുഗ്രഹം വാങ്ങാനായി അച്‌ഛന്റെ പ്രായമുളള ചീഫ്‌ മിനിസ്‌റ്റര്‍ വര്‍ഗീസ്‌ കുര്യനെ ചെന്നു കണ്ടപ്പോള്‍ തലയില്‍ കൈവച്ച്‌ അദ്ദേഹം പറഞ്ഞു.
''ഹേമയില്‍ നിന്നും ഞങ്ങള്‍ ഒരുപാട്‌ പ്രതീക്ഷിക്കുന്നുണ്ട്‌..''
''ഐ വില്‍ ട്രൈ ടു ഡു മൈ ലെവല്‍ ബസ്‌റ്റ് സര്‍..്‌''
അവള്‍ നിറഞ്ഞ ചിരിയോടെ പറഞ്ഞു.
പല വിഷയങ്ങളിലും പുര്‍വസൂരികളില്‍ നിന്ന്‌ വിഭിന്നമായി ഹേമ ധീരവും ന്യായയുക്‌തവുമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ പ്രാദേശിക നേതാക്കള്‍ അടക്കം പലര്‍ക്കും ഈര്‍ഷ്യയായി. അവര്‍ വിയോജിപ്പ്‌ അറിയിച്ചപ്പോള്‍ അവള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലുടെ സി.എമ്മിന്റെ ഉപദേശം തേടി. അദ്ദേഹം ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
''യൂ ഡൂ യുവര്‍ ഡ്യൂട്ടി..''
എന്നിരുന്നാലും വിചാരിക്കും പോലെ എളുപ്പമല്ല നാടുനന്നാക്കല്‍ എന്ന്‌ ചുരുങ്ങിയ കാലത്തിനുളളില്‍ തന്നെ അവള്‍ക്ക്‌ ബോധ്യമായി. ഏത്‌ കാര്യത്തിലും തുടക്കം മുതല്‍ കല്ല്‌ കടിക്കുന്ന അനുഭവം. നഗരത്തിലെ ഹോട്ടലുകളില്‍ പഴകിയ ഭക്ഷണം വില്‍ക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന്‌ നടത്തിയ മിന്നല്‍ പരിശോധനയില്‍ പതിനേഴ്‌ ഹോട്ടലുകളാണ്‌ താത്‌കാലികമായി പൂട്ടിച്ചത്‌. ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ ്‌ അസോസിയേഷനും വ്യാപാരി വ്യവസായികളും ചേര്‍ന്ന്‌ അതിനെ എതിര്‍ത്തപ്പോള്‍ ഒരു സംഘടനയുടെ സ്വാഭാവിക പ്രതികരണം എന്ന നിലയില്‍ അവള്‍ നിസാരമായി തളളി.
എന്നാല്‍ ഫോണിലുടെയും നേരിട്ടും പ്രതിഷേധവും ഭീഷണിയും വന്നപ്പോഴും ഹേമ കുലുങ്ങിയില്ല. എല്ലാറ്റിനും കിഷോറിന്റെ പൂര്‍ണ്ണപിന്തുണയുണ്ടായിരുന്നു.
''കൂടി വന്നാല്‍ അവര്‍ നമ്മളെ കൊല്ലൂം. എന്നായാലും മരണം ഉറപ്പാണ്‌. അതൊരു നല്ല കാര്യത്തിനു വേണ്ടിയാണെങ്കില്‍ അതല്ലേ പുണ്യം''
പുണ്യപാപങ്ങളില്‍ വിശ്വാസമില്ലാത്തയാളുടെ പ്രതികരണം കേട്ട്‌ ഹേമ കണക്കിന്‌ കളിയാക്കി. കിഷോര്‍ വെറുതെ ഊറി ചിരിക്കുക മാത്രം ചെയ്‌തു.
പിറ്റേയാഴ്‌ച രണ്ടുപേര്‍ക്കും ഒരുമിച്ചാണ്‌ ഒരു കത്ത്‌ വന്നത്‌. മഞ്ഞനിറമുള്ള വരയിട്ട പേപ്പറില്‍ ചുവന്നമഷികൊണ്ട്‌ മനോഹരമായ കൈപ്പടയില്‍ എഴൂതിയ കത്ത്‌. അതിന്റെ സാരാംശം ഏതാണ്ട്‌ ഇപ്രകാരമായിരുന്നു. മഞ്ഞള്‍പൊടി അടക്കം രണ്ട്‌ കോര്‍പറേറ്റ്‌ സ്‌ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന സകല കറിപ്പൊടികളിലും നിറത്തിനും മണത്തിനും കേട്‌കൂടാതെ ഇരിക്കുന്നതിനായി ചേര്‍ക്കുന്നത്‌ കടുത്ത രാസവസ്‌തുക്കളാണ്‌. ഇതില്‍ പലതും അര്‍ബുദം അടക്കം മാരകമായ രോഗസാദ്ധ്യതയുള്ളതാണ്‌. ഇത്തരം നിര്‍മ്മാണസ്‌ഥാപനവുമായി ബന്ധപ്പെട്ടയാളാണ്‌ ഇതെഴൂതുന്നതെന്നും പേര്‌ വയ്‌ക്കാത്ത ആ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നൂ.
കിഷോര്‍ അത്‌ കാര്യമാക്കിയില്ല.
''ആരോപണം എത്ര ഗുരുതരമായിരുന്നാലും ഓതന്റിസിറ്റിയില്ലാത്തതിനെ നാം കാര്യമാക്കേണ്ടതില്ല. അയാള്‍ക്ക്‌ ഉദ്ദേശശുദ്ധിയും ആത്മാര്‍ത്ഥതയുമുണ്ടായിരുന്നെങ്കില്‍ കത്തില്‍ പേര്‌ വയ്‌ക്കണമായിരുന്നു''
''ഒരു പക്ഷെ പേടിച്ചിട്ടാണെങ്കിലോ?''
''അതിന്‌ ഇത്തരം കോണ്‍ഫിഡന്‍ഷ്യല്‍ കാര്യങ്ങള്‍ നമ്മള്‍ പരസ്യപ്പെടുത്തില്ലെന്ന്‌ ചിന്തിക്കാനുളള മിനിമം സെന്‍സ്‌ അയച്ച ആള്‍ക്കില്ലേ?''
കിഷോര്‍ പറഞ്ഞതിലും കാര്യമുണ്ടെന്ന്‌ ഹേമയ്‌ക്ക് തോന്നി. അതുകൊണ്ട്‌ തത്‌കാലം അവളത്‌ വിട്ടു കളഞ്ഞു.
ആയിടയ്‌ക്കാണ്‌ ഹേമയുടെ അച്‌ഛന്‌ ആസ്‌മയുടെ അസുഖം കൂടിയിട്ട്‌ സഹായത്തിനായി അമ്മ കൊച്ചിയില്‍ നിന്നും നാട്ടിലേക്ക്‌ മടങ്ങിയത്‌. പാലക്കാടിനടുത്ത്‌ തത്തമംഗലത്താണ്‌ അവളുടെ വീട്‌.
അമ്മ പോയതോടെ ഹേമയുടെ എല്ലാ പദ്ധതികളും തകിടം മറിഞ്ഞു. അവളും അയാളും ജോലിക്ക്‌ പോകുന്ന സന്ദര്‍ഭങ്ങളില്‍ ആദിയെ നോക്കിയിരുന്നത്‌ അമ്മയായിരുന്നു. ഡേകെയറുകളില്‍ വിശ്വാസം പോരാത്തതു കൊണ്ട്‌ ഹേമ ആ സാഹസത്തിന്‌ തുനിയാറില്ല. വീട്ടുജോലിക്കാരിയെ കുഞ്ഞിനെ ഏല്‍പ്പിച്ച്‌ പോരുന്നതിലും അവള്‍ക്ക്‌ താത്‌പര്യമില്ല. മാത്രമല്ല താനോ അമ്മയോ അല്ലാതെ ആരുടെ അടുത്തും ആദി തനിച്ച്‌ നില്‍ക്കില്ല. അവന്‍ കരഞ്ഞു നിലവിളിച്ച്‌ ബഹളം കൂട്ടും.
ആ പ്രശ്‌നം മറികടക്കാനാണ്‌ ഹേമ ഓഫീസില്‍ പോകുമ്പോള്‍ മോനെയും ഒപ്പം കുട്ടിയത്‌. അത്‌ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുമെന്നോ പുതിയ വിവാദങ്ങള്‍ക്ക്‌ വഴിതെളിക്കുമെന്നോ അവള്‍ തീരെ പ്രതീക്ഷിച്ചില്ല. എന്നാല്‍ തന്റെ ശീലത്തില്‍ നിന്ന്‌ മാറാന്‍ അവള്‍ ഒട്ടും തയ്യാറായില്ല. ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തെല്ലൂം ബാധിക്കാത്ത വിധത്തില്‍ ഒരു കൊച്ചുകുഞ്ഞ്‌ തന്റെ ക്യാബിനിലിരുന്നാല്‍ തടസപ്പെടുന്നതാണോ ഈ നാടിന്റെ പുരോഗതി?
എന്തായാലും ആദി ഓഫീസിലെ സഹപ്രവര്‍ത്തകരുടെ ഓമനയായി. അവനെ ലാളിക്കാതെ ഒരു ദിവസം തള്ളിനീക്കാന്‍ അവര്‍ക്ക്‌ കഴിയാതായി. ഫീല്‍ഡ്‌ വര്‍ക്കുളള ദിവസങ്ങളില്‍ ഹേമ കുട്ടിയെ ഒഴിവാക്കും. അന്ന്‌ അവളേക്കാള്‍ വിഷമം കുടെ ജോലി ചെയ്യുന്നവര്‍ക്കാണ്‌. ഓഫീസിലെ സീനിയര്‍ സൂപ്രണ്ട്‌ പുഷ്‌പലതയാണ്‌ ഒരിക്കല്‍ ആ സംശയം ചോദിച്ചത്‌.
''മാഡം കുഞ്ഞിന്‌ കഴിക്കാന്‍ പ്രത്യേകിച്ചെന്തെങ്കിലും കൊടുക്കുന്നുണ്ടോ? അല്ല സാധാരണ കുട്ടികള്‍ക്കില്ലാത്ത ഒരു നിറം ആദിമോനുണ്ട്‌..മഞ്ഞ കലര്‍ന്ന ഒരു തരം വെളുപ്പ്‌''
ഹേമ ചിരിച്ചു.
''അത്‌ ഹെര്‍ഡിറ്ററിയാ...എനിക്കും എന്റെ അമ്മയ്‌ക്കും ഇതേ നിറമായിരുന്നു. പിന്നെ കുട്ടിക്കാലത്ത്‌ അമ്മയെന്നെ ദിവസം രണ്ടുനേരം മഞ്ഞള്‍ തേച്ച്‌ കുളിപ്പിച്ചിരുന്നു. എല്ലാ ഭക്ഷണത്തിലും മഞ്ഞള്‍ ഉള്‍പ്പെടുത്തിയിരുന്നു..''
''ശരിക്കും മഞ്ഞള്‍ ഉപയോഗിച്ചാല്‍ നിറം വയ്‌ക്കുമോ?''
ആകാംക്ഷ കൊണ്ട്‌ പുഷ്‌പലതയുടെ പുരികം ചുളിഞ്ഞു.
''സയന്റിഫിക്കായി അങ്ങനെയൊന്നും പറയാന്‍ പറ്റില്ല പുഷ്‌പാ..ഇതൊക്കെ ഓരോരോ വിശ്വാസങ്ങളാണ്‌. ശീലങ്ങളും...''
''എന്തായാലും ഞാനൊന്ന്‌ പരീക്ഷിക്കാന്‍ പോവാ..എന്റെ മോള്‍ടെ കുഞ്ഞിന്‌ നെറം കൊറവാന്നു പറഞ്ഞ്‌ അവക്ക്‌ വല്യ പ്രയാസവാ..''
ഹേമ അതിനും പുഞ്ചിരിച്ചു. ജാടയില്ലാത്ത ഒരു മേലുദ്യോഗസ്‌ഥ എന്ന നിലയില്‍ ഓഫീസില്‍ എല്ലാവര്‍ക്കും അവളോട്‌ വലിയ അടുപ്പമാണ്‌. വലിപ്പചെറുപ്പമില്ലാതെ എല്ലാവരോടും സൗഹൃദം സൂക്ഷിക്കാന്‍ അവളും പ്രത്യേകം ശ്രമിക്കാറുണ്ട്‌.
പുഷ്‌പയുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ്‌ ഹേമയെ കാണാന്‍ തലസ്‌ഥാനത്തു നിന്നും ഒരു സംഘം എത്തിയത്‌. ആര്‍.സി.സിയില്‍ ഒരു പ്രത്യേകപരിപാടി സംഘടിപ്പിക്കുന്ന സന്നദ്ധസംഘടനയുടെ ഭാരവാഹികളാണ്‌. അവര്‍ക്ക്‌ ഉത്‌ഘാടകയായി ഹേമ തന്നെ വേണം. ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക്‌ ചികിത്സാ ധനസഹായം വിതരണം ചെയ്യുന്ന ചടങ്ങാണ്‌. തനിക്ക്‌ ബന്ധമില്ലാത്ത ഒരു മേഖല എന്ന ന്യായം പറഞ്ഞ്‌ ഒഴിയാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവര്‍ വിട്ടില്ല.
''മാഡത്തിന്റെ നിലപാടുകളോടുളള ബഹുമാനം കൊണ്ടാണ്‌ തലസ്‌ഥാനത്തു തന്നെ നിരവധി വി.ഐ.പി കളുണ്ടായിട്ടും അവരെ ഒഴിവാക്കി ഞങ്ങള്‍ മാഡത്തെ തന്നെ സമീപിച്ചത്‌..''
ആ പ്രശംസയില്‍ അഭിരമിച്ചിട്ടല്ല, അവര്‍ പറഞ്ഞതിലെ ആത്മാര്‍ത്ഥത ഉള്‍ക്കൊണ്ട്‌ ഹേമ ചടങ്ങില്‍ പങ്കെടുക്കാമെന്ന്‌ സമ്മതിച്ചു.

(തുടരും)

Ads by Google
Sunday 01 Apr 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW