Monday, December 17, 2018 Last Updated 10 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 17 Mar 2018 04.47 PM

കൈവിട്ടുപോയ സ്വര്‍ണം

''അയോഗ്യയാക്കിയോ... എന്തിന്?'' ''ഷൈനി ഓട്ടത്തിനിടയില്‍ ട്രാക്ക് മാറിയിരിക്കുന്നു.'' കണ്ണില്‍ ഇരുട്ടുകയറുന്നപോലെ എനിക്കുതോന്നി. പിന്നെ സമനില കൈവരിക്കാന്‍ അല്‍പ്പസമയമെടുത്തു.
uploads/news/2018/03/201300/Weeklyanubhvapacha170318.jpg

അല്‍പ്പസമയം ഒന്നു വെറുതെയിരുന്നാല്‍ ആരുടെയും മനസില്‍ ഭൂതകാലത്തിന്റെ ഒരായിരം ഓര്‍മ്മകള്‍ നിറയും. പക്ഷേ അതില്‍ തിരഞ്ഞാല്‍, കാലത്തിനെ അതിജീവിക്കുന്ന ഓര്‍മ്മകള്‍ കുറച്ചേയുണ്ടാവൂ.

മനസിന്റെ അടിത്തട്ടില്‍ അങ്ങനെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരനുഭവമാണിത്.

കൊറിയയില്‍ 1986-ല്‍ നടന്ന ഏഷ്യന്‍ ഗെയിംസാണു വേദി. അതിനുമുമ്പത്തെ ഗെയിംസില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടി ഞാന്‍ തിളങ്ങിനില്‍ക്കുകയായിരുന്നു. അതുകൊണ്ട് ആ ഇനത്തില്‍ ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കപ്പെട്ട ആളായിട്ടാണ് ഞാന്‍ കൊറിയയില്‍ കാലുകുത്തിയത്. കാലാവസ്ഥ അത്ര പ്രതികൂലമാകാതിരുന്നതും ഗുണകരമായി.

സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ ഏതൊരു മത്സരവും നമുക്ക് പ്രിയപ്പെട്ടതായിരിക്കുമല്ലോ. ആകെക്കൂടി നല്ല ത്രില്ലിലായിരുന്നു ഞാന്‍.
എണ്ണൂറു മീറ്റര്‍ ഫൈനലിന്റെ ദിവസം.

മത്സരത്തില്‍ ഒന്നാമതായി ഫിനിഷ് ചെയ്യുമ്പോള്‍ ഞാന്‍ ഒട്ടും ക്ഷീണിതയായിരുന്നില്ല. രണ്ടാമതെത്തിയ ആളെക്കാള്‍ ഇരുപതുമീറ്ററോളം ലീഡും റെക്കോഡ് സമയവും കുറിച്ചാണ് ഞാന്‍ കളംവിട്ടത്.

മുമ്പത്തെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലഭിച്ചിരുന്നെങ്കിലും ഇത്തവണ റെക്കോഡ് വിജയം നേടിയത് ഒരു നാഴികക്കല്ലായിരുന്നു. ട്രാക്കിലും ഡ്രസിങ് റൂമിലും അഭിനന്ദിക്കാന്‍ വരുന്നവരുടെ ബഹളമായിരുന്നു. ഞാന്‍ സന്തോഷത്താല്‍ മതിമറന്നു.

ഉടന്‍ നടക്കാന്‍ പോകുന്ന സമ്മാനദാനച്ചടങ്ങ് ഞാന്‍ സ്വപ്നം കണ്ടു. വിന്നര്‍ സ്റ്റാന്‍ഡിലെ ഏറ്റവുമുയര്‍ന്ന പടിയില്‍, നെഞ്ചില്‍ വെട്ടിത്തിളങ്ങുന്ന മഞ്ഞലോഹവും ധരിച്ച് നില്‍ക്കുന്ന ഞാന്‍... ഏറ്റവും മുകളിലായി പാറിപ്പറക്കുന്ന ഇന്ത്യന്‍ പതാക... കാതു കുളിരണിയിക്കുന്ന ദേശീയഗാനം... ചിന്തകള്‍ കാടുകയറിയപ്പോഴാണ് ഒരു സുഹൃത്ത് മുറിയിലേക്കു കടന്നുവന്നത്.

അവളുടെ മുഖം മ്ലാനം. ഞാന്‍ കാര്യം തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞു: ''ഷൈനിയുടെ 800 മീറ്റര്‍ ഓട്ടം ഡിസ്‌ക്വാളിഫൈ ചെയ്തു.''
ഞാന്‍ ഞെട്ടിപ്പോയി.

''അയോഗ്യയാക്കിയോ... എന്തിന്?''
''ഷൈനി ഓട്ടത്തിനിടയില്‍ ട്രാക്ക് മാറിയിരിക്കുന്നു.'' കണ്ണില്‍ ഇരുട്ടുകയറുന്നപോലെ എനിക്കുതോന്നി. പിന്നെ സമനില കൈവരിക്കാന്‍ അല്‍പ്പസമയമെടുത്തു.

ഒഫിഷ്യല്‍സിന്റെ അടുത്തുപോയി തിരക്കിയപ്പോള്‍ ശരിയാണ്. എന്റെ കാല്‍ ഒരുതവണ അടുത്ത ട്രാക്കില്‍ കുത്തിയിരിക്കുന്നു. എന്നാല്‍ ആരെയും ശല്യപ്പെടുത്തുകയോ അവരുടെ ഓട്ടത്തിന് തടസമുണ്ടാക്കുകയോ ചെയ്തിട്ടുമില്ല.

800 മീറ്ററിലൊക്കെ ആദ്യത്തെ 100 മീറ്റര്‍ സ്വന്തം ട്രാക്കില്‍ക്കൂടി ഓടിയാല്‍ മതി. അതുകഴിഞ്ഞാല്‍ ഏറ്റവും ദൂരം കുറഞ്ഞ ട്രാക്കിലൂടെ ഓടാം. നൂറുമീറ്റര്‍ കഴിയുമ്പോള്‍ സാധാരണ ഒരു ചുവപ്പുകൊടിയാണ് വയ്ക്കാറുള്ളത്. പക്ഷേ അവിടെ മറ്റേതോ നിറത്തിലാണു വച്ചിരുന്നത്. ഞാനത് ശ്രദ്ധിച്ചില്ല.

എന്റെ കാല്‍ ഒറ്റത്തവണയേ ട്രാക്ക് മാറിയിട്ടുള്ളൂ. ഉടന്‍തന്നെ കാല്‍ എടുക്കുകയും ചെയ്തു. പക്ഷേ, എനിക്ക് മെഡല്‍ നിഷേധിക്കാന്‍ അവര്‍ക്കതു മതിയായിരുന്നു. വെള്ളിയുമായി എനിക്ക് തൃപ്തിപ്പെടേണ്ടിവന്നു.

അന്നുരാത്രി ഒരുപോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല. കുറേനേരം ആരും കാണാതെ കരഞ്ഞു. കൈയില്‍ വന്ന സ്വര്‍ണമെഡല്‍ വഴുതിപ്പോയതിന്റെ ദുഃഖം പേറിയാണ് പിറ്റേന്നു ഞാന്‍ 400 മീറ്ററില്‍ ഓടിയത്. എങ്കിലും, പി.ടി ഉഷയുടെ പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്തു.

പിന്നെയും വിഷമിച്ചിരിക്കാതെ അടുത്ത മത്സരമായ റിലേയ്ക്കായി ഞാന്‍ പ്രാക്ടീസ് ചെയ്തു. അതില്‍ സ്വര്‍ണം നേടി, ഞങ്ങള്‍ നാലുപേര്‍ നില്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കൂടെയുള്ളത് പി.ടി ഉഷയും എം.ഡി വത്സമ്മയും കര്‍ണ്ണാടകക്കാരിയായ വന്ദനാ റാവുവും ആയിരുന്നു.

അവര്‍ക്കറിയാമായിരുന്നു ജയാഹ്‌ളാദത്തിനൊപ്പം കൈവിട്ടുപോയ സ്വര്‍ണത്തിന്റെ വേദനകൂടി എന്റെ കണ്ണീരില്‍ അലിഞ്ഞിട്ടുണ്ടെന്ന്.

തയ്യാറാക്കിയത്:
ഡോ. അബേഷ് രഘുവരന്‍

Ads by Google
Ads by Google
Loading...
TRENDING NOW