Monday, June 25, 2018 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.42 AM

മഹാസമരത്തില്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ മുട്ടുമടക്കി ; കര്‍ഷകസമരം പിന്‍വലിച്ചു

uploads/news/2018/03/199893/d3.jpg

മുംബൈ: മഹാരാഷ്‌ട്രയെ ഇളക്കിമറിച്ച കര്‍ഷകപ്രക്ഷോഭത്തിനുമുന്നില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ബി.ജെ.പി. സര്‍ക്കാര്‍ മുട്ടുമടക്കി. ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നു സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണ്‌ ഏഴു ദിവസം നീണ്ട സമരം കര്‍ഷകര്‍ പിന്‍വലിച്ചത്‌. വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്‌. സി.പി.എമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭ(എ.ഐ.കെ.എസ്‌)യുടെ നേതൃത്വത്തിലായിരുന്നു അരലക്ഷത്തോളം പേര്‍ പങ്കെടുത്ത ദേശീയപിന്തുണയാര്‍ജിച്ച സമരം. കര്‍ഷകരുന്നയിച്ച പ്രശ്‌നങ്ങളെല്ലാം രണ്ടുമാസത്തിനകം പരിഹരിക്കുമെന്ന്‌ സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കി. പ്രതിപക്ഷത്തിന്റെയും സഖ്യകക്ഷിയായ ശിവസേനയുടെയും സമ്മര്‍ദം സര്‍ക്കാരിന്റെ കീഴടങ്ങല്‍ വേഗത്തിലാക്കി. കര്‍ഷക പ്രതിനിധികളുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ആറംഗ സമിതിയെ നിയോഗിച്ചു. രണ്ടു മാസത്തിനകം കര്‍ഷകരുടെ ആശങ്കള്‍ പരിഹരിക്കാനുള്ള പദ്ധതികള്‍ക്കു രൂപരേഖ തയാറാക്കും.
കാര്‍ഷികകടം പൂര്‍ണമായി എഴുതിത്തള്ളണമെന്നായിരുന്നു സമരക്കാരുടെ പ്രധാനആവശ്യം. വനാവകാശ നിയമം നടപ്പാക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക്‌ ഏക്കറിന്‌ 40000 രൂപ വീതം നല്‍കുക, മഹാരാഷ്‌ട്രയിലെ ജലം ഗുജറാത്തിന്‌ വിട്ടുനല്‍കുന്നത്‌ അവസാനിപ്പിക്കുക, തുടങ്ങിയവ ആയിരുന്നു ആവശ്യങ്ങള്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തില്‍ 12 അംഗ കര്‍ഷക പ്രതിനിധിസംഘം സര്‍ക്കാര്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ്‌ സമരം പിന്‍വലിക്കാന്‍ വഴി തെളിഞ്ഞത്‌. 13 ആവശ്യങ്ങളാണ്‌ കര്‍ഷകര്‍ മുന്നോട്ടുവച്ചതെന്നും ചിലത്‌ സാങ്കേതിക കാരണങ്ങളാല്‍ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സംസ്‌ഥാന ജലവിഭവ മന്ത്രി ഗിരീഷ്‌ മഹാജന്‍ പറഞ്ഞു.
കര്‍ഷകകുടുംബങ്ങളിലെ അംഗങ്ങള്‍ക്ക്‌ 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കുമെന്നു സര്‍ക്കാര്‍ കിസാന്‍ സഭയ്‌ക്ക്‌ ഉറപ്പുനല്‍കിയിട്ടുണ്ട്‌. ആദിവാസികള്‍ക്കു വനഭൂമിയില്‍ അവകാശം നല്‍കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും. ഈമാസം ആറിനാണ്‌ 30,000 കര്‍ഷകരുടെ ജാഥ നാസിക്കിലെ സി.ബി.എസ്‌. ചൗക്കില്‍നിന്ന്‌ ആരംഭിച്ചത്‌. 180 കിലോമീറ്റര്‍ സഞ്ചരിച്ച്‌ മാര്‍ച്ച്‌ ഞായറാഴ്‌ച മുംബൈയിലെത്തിയപ്പോഴേക്കും വിവിധ സ്‌ഥലങ്ങളില്‍നിന്നു കൂടുതല്‍ ആളുകള്‍ റാലിയില്‍ പങ്കു ചേര്‍ന്നിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റ്‌ വളയാനായിരുന്നു കര്‍ഷകരുടെ തീരുമാനം. ഇതിനിടെയാണ്‌ മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്കു വിളിച്ചത്‌. ഞായറാഴ്‌ച സോമയ്യ മൈതാനത്ത്‌ തമ്പടിച്ച കര്‍ഷകര്‍ ഇന്നലെ പുലര്‍ച്ചെ സി.എസ്‌.ടിക്കു മുന്നിലെ ആസാദ്‌ മൈതാനത്ത്‌ എത്തിയിരുന്നു. ഏതു പ്രതികൂല കാലാവസ്‌ഥയെയും മറികടക്കാന്‍ കരുത്തുള്ള രാജ്യത്തിന്റെ സൈനികരായി കര്‍ഷകര്‍ മാറിയെന്നു ആസാദ്‌ മൈതാനത്ത്‌ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Ads by Google
Tuesday 13 Mar 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW