Monday, June 25, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Mar 2018 01.42 AM

കാട്ടുതീയില്‍പ്പെട്ടവര്‍ ചിതറിയോടി; വിനയായത്‌ ഒറ്റയടിപ്പാതയും മലഞ്ചെരിവും

uploads/news/2018/03/199892/d2.jpg

തേനി : വസ്‌ത്രങ്ങളടക്കം കത്തിയുരുകി പൊള്ളി കിടക്കുന്ന മനുഷ്യര്‍... ഇറ്റു വെള്ളത്തിനു കേഴുന്നവര്‍... നിലവിളിക്കാന്‍ പോലും ശബ്‌ദം ശേഷിക്കാത്തവര്‍... കൊരങ്ങണി മലയുടെ മനോഹാരിത ഉള്ളുലയ്‌ക്കുന്ന കാഴ്‌ചകളിലേക്കു മാറിയതു നിമിഷങ്ങള്‍ കൊണ്ടാണ്‌. കാടിന്റെ സൗന്ദര്യം നുകരാന്‍ കലമ്പലുകളുമായി മലകയറിയവര്‍ പ്രകൃതിയുടെ രൗദ്രഭാവത്തില്‍ കരിഞ്ഞുവീഴുകയായിരുന്നു.
എട്ടു ജീവന്‍ പൊലിഞ്ഞെന്ന വാര്‍ത്തയുമായാണ്‌ ഇന്നലെ നേരം പുലര്‍ന്നത്‌. മണിക്കൂറുകള്‍ പിന്നിട്ടതോടെ മരണസംഖ്യ പതിനൊന്നായി. ജീവനു വേണ്ടി മല്ലടിച്ച്‌ മൂന്നു പേര്‍. അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റ്‌ അതിലേറെപ്പേര്‍. തേനിയും കൊരങ്ങണിയും വിറങ്ങലിച്ചുനില്‍ക്കുകയാണ്‌.
ചെന്നൈയില്‍നിന്നും ഈറോഡില്‍നിന്നുമായി 39 പേരടങ്ങുന്ന സംഘമാണ്‌ കൊളുക്കുമലയില്‍ ട്രെക്കിങ്ങിനായി വന്നത്‌. ചെന്നൈയില്‍നിന്ന്‌ ട്രാവലറിലെത്തിയ പന്ത്രണ്ടംഗ സംഘം സൂര്യനെല്ലിയില്‍നിന്നും മറ്റുള്ളവര്‍ കൊരങ്ങണിയില്‍നിന്നുമാണ്‌ കാടുകയറിയത്‌. ഇവര്‍ കൊളുക്കുമലയില്‍ ഒന്നിച്ചു.
ഞായറാഴ്‌ച ഉച്ചയോടെ കൊളുക്കുമലയില്‍നിന്നു കൊരങ്ങണിയിലേക്കു മലയിറങ്ങി. ഏഴു കി.മീ. പിന്നിട്ട്‌ ഉച്ചയ്‌ക്കു മൂന്നോടെ ഒറ്റമരത്തെത്തിയപ്പോഴാണ്‌ദുരന്തം കാട്ടുതീയായി കാത്തുനിന്നത്‌. എല്ലാവരും ചിതറിയോടി; ചിലര്‍ പാറക്കെട്ടുകളില്‍ അഭയം തേടി. ചുറ്റിനും തീ പടര്‍ന്നതോടെ ഓടിയവരാണു തീയില്‍ അകപ്പെട്ടത്‌. ഒറ്റയടിപ്പാതയും കീഴ്‌ക്കാംതൂക്കായ പ്രദേശവും രക്ഷാപ്രവര്‍ത്തനം വൈകിച്ചു.
വിവരമറിഞ്ഞു മലകയറിയെത്തിയവരെ കാത്തിരുന്നത്‌ ഹൃദയഭേദകമായ കാഴ്‌ചകളാണ്‌. 90 ശതമാനവും പൊള്ളലേറ്റവര്‍. അല്‍പ്പം വെള്ളത്തിനായി കരഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശബ്‌ദം മനസില്‍നിന്നു മായുന്നില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. വസ്‌ത്രങ്ങള്‍ കത്തിപ്പോയവര്‍ക്കു മുണ്ടും ഷര്‍ട്ടും അഴിച്ചുനല്‍കി.
ആദ്യം മലകയറിച്ചെന്നവര്‍ ദുരന്തത്തിന്റെ വ്യാപ്‌തിക്കു മുന്നില്‍ പകച്ചുനിന്നു. കൂടുതല്‍ ആളും സാധനസാമഗ്രികളും വെളിച്ചവും എത്തിയതോടെയാണു രക്ഷാദൗത്യം സജീവമായത്‌. ഇവരുടെ ഒപ്പമുണ്ടായിരുന്ന വഴികാട്ടികളെ കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ ചിത്രം വ്യക്‌തമാകൂ.

Ads by Google
Tuesday 13 Mar 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW