Tuesday, June 19, 2018 Last Updated 35 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 12 Mar 2018 05.34 PM

സ്വപ്നങ്ങളില്‍ നെയ്ത സുന്ദരിപ്പട്ടം

''മാനുഷി ലോകസുന്ദരി കിരീടം നേടിയതിനു പിന്നില്‍ കുടുംബത്തിന്റെ പിന്തുണയ്‌ക്കൊപ്പം ദീര്‍ഘനാളത്തെ പരിശ്രമങ്ങളുമുണ്ട്. ലോകസുന്ദരി മാനുഷി ചില്ലാറിന്റെ ആരോഗ്യ വിശേഷങ്ങള്‍''
uploads/news/2018/03/199737/starhealth120318.jpg

സ്‌കൂള്‍ കാലഘട്ടം മുതല്‍ കുഞ്ഞ് മാനുഷിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. ലോകസുന്ദരി കിരീടം സ്വന്തമാക്കണമെന്ന്. നീണ്ട വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ മാനുഷി ചില്ലാര്‍ ആ സ്വപ്നം സ്വന്തമാക്കി.

മാനുഷി ലോകസുന്ദരി കിരീടം നേടിയതിനു പിന്നില്‍ കുടുംബത്തിന്റെ പിന്തുണയ്‌ക്കൊപ്പം ദീര്‍ഘനാളത്തെ പരിശ്രമങ്ങളുമുണ്ട്. ലോകസുന്ദരി മാനുഷി ചില്ലാറിന്റെ ആരോഗ്യ വിശേഷങ്ങള്‍.

ബാലന്‍സ്ഡ് ഡയറ്റ്


മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കണമെന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു. മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ആകാരഭംഗിയും ഫിറ്റ്‌നസുമൊക്കെ ആവശ്യമാണ്. മത്സരത്തിനു തയാറെടുമ്പോള്‍ മുതല്‍ ബാലന്‍സ്ഡ് ഡയറ്റ് പിന്തുടരുന്നുണ്ട്. ട്രെയിനറുടെ നിര്‍ദേശം അനുസരിച്ച് ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തി. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മൂന്ന് ഗ്ലാസ് വെള്ളം കുടിക്കും.

ചിലപ്പോള്‍ നാരങ്ങ വെള്ളവും കുടിക്കാറുണ്ട്. അതിനുശേഷം വെള്ളത്തിലിട്ട് കുതിര്‍ത്ത ബദാം കഴിക്കും. എന്റെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഇങ്ങനെയാണ്. രാവിലെ ബദാം കഴിക്കുന്നത് കൂടുതല്‍ എനര്‍ജി നല്‍കാറുണ്ട്. ബദാമില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് ചര്‍മ്മത്തിനും തലമുടിക്കും വളരെയധികം പ്രയോജനപ്പെടും.

ഭക്ഷണകാര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും ഹെല്‍ത്തി ഡയറ്റ് ആയിരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. വര്‍ക്കൗട്ടുകള്‍ക്കായി കൂടുതല്‍ സമയം ചെലവിടുമ്പോള്‍ ഭക്ഷണം ഹെല്‍ത്തിയായിരിക്കണം. അതിനനുയോജ്യമായ ബാലന്‍സ്ഡ് ഡയറ്റാണ് പിന്തുടരുന്നത്.

uploads/news/2018/03/199737/starhealth120318a.jpg

രാവിലെ ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ഭക്ഷണം, തൈര്, ഫ്രെഷ് ഫ്രൂട്ട്‌സും കഴിക്കാറുണ്ട്. ഉച്ചയ്ക്ക് ഒരു ബൗള്‍ നിറയെ ചോറ്, രണ്ടു ചപ്പാത്തി, വെജിറ്റബിള്‍ സാലഡ്. വൈകുന്നേരങ്ങളില്‍ ഫ്രൂട്ട് സ്മൂത്തിയും കുക്കുമ്പറും കാരറ്റും കഴിക്കാറുണ്ട്. വൈകിട്ട് പുലാവ്, സാലഡ്, അതോടൊപ്പം സൂപ്പും കഴിക്കും.

പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറ്റാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഹെല്‍ത്തി ഡയറ്റിനൊപ്പം ദിവസം 3 ലിറ്റര്‍ വെള്ളം കുടിക്കും. ബ്രേക്ക്ഫാസ്റ്റ് ഒരു കാരണവശാലും ഒഴിവാക്കാറില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും വിശപ്പ് തോന്നിയാല്‍ ഇളനീര്‍ കുടിക്കാറുണ്ട്. അല്ലെങ്കില്‍ പഴങ്ങള്‍ കഴിക്കും.

വര്‍ക്കൗട്ട് മുടക്കാറില്ല


ആഴ്ചയില്‍ നാല് പ്രാവശ്യമെങ്കിലും വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ജിമ്മിലെ വര്‍ക്കൗട്ട് സെക്ഷന്‍ മുടക്കാറില്ല. സമയം കിട്ടുന്നതുപോലെ ജിമ്മില്‍ പോകാറുണ്ട്. ചില ദിവസങ്ങളില്‍ വൈകിട്ടായിരിക്കും വര്‍ക്കൗട്ട് ചെയ്യുന്നത്. വര്‍ക്കൗട്ടുകള്‍ മാത്രമല്ല യോഗ, ജോഗിങ്, സ്‌ക്വാട്‌സ് ഇവയൊക്കെ ചെയ്യാറുണ്ട്. ദിവസവും യോഗ പ്രാക്ടീസ് ചെയ്യാറുണ്ട്. യോഗ നല്ലൊരു വ്യായാമമാണ്.

ബോഡി പോസ്റ്റര്‍ നിലനിര്‍ത്താനും, മസിലുകള്‍ക്ക് ബലം ലഭിക്കാനുമൊക്കെ നിത്യവും യോഗ ചെയ്യുന്നത് സഹായിക്കും. വളരെ മെലിഞ്ഞ ശരീരാകൃതി നിലനിര്‍ത്തേണ്ടതായിട്ടുണ്ടായിരുന്നു. ഭക്ഷണത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം വ്യായാമത്തിലും കൂടുതല്‍ സമയം കണ്ടെത്തിയത് കൊണ്ടാണ് ശരീരഭംഗി നിലനിര്‍ത്താന്‍ കഴിഞ്ഞതെന്ന് തോന്നുന്നു.

ശരീരത്തിന്റെ ഫ്‌ളക്‌സിബിളിറ്റി വര്‍ധിപ്പിക്കാനും അതുപോലെ ശരീരീക ബലം നിലനിര്‍ത്താനുമൊക്കെ സാധിച്ചത് യോഗയിലൂടെയാണ്. ശരീരഭംഗിക്കായി പലരും ഭക്ഷണം ഉപേക്ഷിക്കാറുണ്ട്. പക്ഷേ ഭക്ഷണം ഉപേക്ഷിക്കുന്നതുകൊണ്ട് ആരോഗ്യം നഷ്ടപ്പെടുകയേയുള്ളൂ. ആവശ്യമുള്ള ഭക്ഷണം ചെറിയ അളവില്‍ കഴിച്ച് അതിനോടൊപ്പം ഫിറ്റ്‌നസും നിലനിര്‍ത്തുന്നതിനോടാണ് എനിക്ക് താല്‍പര്യം.

സൗന്ദര്യം നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്


സൗന്ദര്യസംരക്ഷണത്തില്‍ അത്രയ്ക്ക് പ്രാധാന്യം നല്‍കാറില്ല. ജന്മനാ കിട്ടിയിട്ടുള്ള സൗന്ദര്യം നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. മുഖത്ത് എപ്പോഴും നല്ല തിളക്കം കാണാറുണ്ടല്ലോ. അതിന്റെ രഹസ്യമെന്താണെന്ന് പലരും ചോദിക്കാറുണ്ട്. എപ്പോഴും വളരെ സന്തോഷത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. സന്തോഷിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ നന്നായി ആസ്വിക്കാറുണ്ട്. അതായിരിക്കും ഒരുപക്ഷേ മുഖത്തെ തേജസിന്റെ രഹസ്യം.
uploads/news/2018/03/199737/starhealth120318b.jpg

പിന്നെ നന്നായി ഉറങ്ങണമെന്ന നിര്‍ബന്ധക്കാരിയാണ്. കൃത്യം 8മണിക്കൂര്‍ ഉറങ്ങാറുണ്ട്. ടെന്‍ഷനും സ്‌ട്രെസും ഉണ്ടാകുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാറുണ്ട്. സ്‌ട്രെസ് ഉണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായാലും മറ്റ് ആക്ടിവിറ്റികള്‍ക്കായി സമയം ചെലവഴിക്കും. എനിക്ക് താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യും. അത് ചിലപ്പോള്‍ വോക്കിങ് അല്ലെങ്കില്‍ റണ്ണിങ് ആയിരിക്കും.

അല്ലെങ്കില്‍ എനിക്ക് ഇഷ്ടപ്പെട്ട പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്നതായിരിക്കും. അങ്ങനെ ഏതെങ്കിലും ആക്ടിവിറ്റിക്‌ള്ില്‍ ഏര്‍പ്പെടുമ്പോള്‍ സ്വാഭാവികമായും ടെന്‍ഷന്‍ കുറയും. ബാലന്‍സ്ഡ് ഡയറ്റ്, നല്ല ഉറക്കം, കൃത്യമായ വര്‍ക്കൗട്ട്, നന്നായി വെള്ളം കുടിക്കുക ഇവയൊക്കെ ചെയ്താല്‍ സൗന്ദര്യം നിലനിര്‍ത്താവുന്നതേയുള്ളൂ. എന്റെ ബ്യൂട്ടി സീക്രട്ട് ഇതൊക്കെയാണ്.

വ്യായാമത്തിന് സമയം കണ്ടെത്തും


വര്‍ക്കൗട്ടുകള്‍ക്കൊപ്പം വ്യായാമത്തിനും സമയം കണ്ടെത്താറുണ്ട്. കാര്‍ഡിയോ, കോംപൗണ്ട് എക്‌സര്‍സൈസ് എന്നിവ ചെയ്യാറുണ്ട്. കാര്‍ഡിയോ എക്‌സര്‍സൈസ് ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തിലെ രക്തയോട്ടം വര്‍ധിക്കും. അമിതമായിട്ടുള്ള കൊഴുപ്പ് കുറയും. ഫിറ്റ്‌നസ് സംരക്ഷിക്കാന്‍ വ്യായാമവും ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്.

കോംപൗണ്ട് എക്‌സര്‍സൈസില്‍ സ്‌ക്വാര്‍ട്‌സ്, പുള്‍അപ്, ചിന്‍അപ്‌സ് ഡെഡ് ലിഫ്റ്റ് ഇവയൊക്കെ ചെയ്യാറുണ്ട്. വര്‍ക്കൗട്ടുകളും വ്യായാമവും വളരെ പ്രയാസമുള്ള കാര്യങ്ങളാണെന്ന് ചിന്തിക്കുന്നവരുണ്ട്. വര്‍ക്കൗട്ടുകള്‍ എങ്ങനെ ചെയ്യുന്നുവെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.

കഠിനാധ്വാനം ചെയ്യാന്‍ മനസുണ്ടെങ്കില്‍ വര്‍ക്കൗട്ടുകളും വ്യായാമവുമൊക്കെ എല്ലാവര്‍ക്കും ശീലിക്കാവുന്നതേയുള്ളൂ. എന്ത് കഷ്ടപ്പാടും സഹിക്കാനുള്ള മനസുണ്ടാകണം. ഏത് ആക്ടിവിറ്റി ചെയ്യുമ്പോഴും നമുക്ക് താല്‍പര്യമുണ്ടാകണം. എങ്കില്‍ മാത്രമേ ഏതൊരു കാര്യവും ഇഷ്ടത്തോടെ ചെയ്യാന്‍ കഴിയൂ.

uploads/news/2018/03/199737/starhealth120318c.jpg

പരിശ്രമമുണ്ടെങ്കില്‍ ഫിറ്റ്‌നസ് നേടാം


കഠിനാധ്വാനമുണ്ടെങ്കില്‍ ആര്‍ക്കും ഫിറ്റ്‌നസ് നേടാവുന്നതേയുള്ളൂ. ഭക്ഷണത്തിലും വ്യായാമത്തിലും അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ശരീരഭംഗി നിലനിര്‍ത്താന്‍ സാധിക്കും. ശരീരഭംഗിക്കായി പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പേഴ്‌സണല്‍ ട്രെയിനര്‍ എനിക്ക് ആദ്യം നല്‍കിയ ഉപദേശം അതായിരുന്നു. ബ്രേക്ക് ഫാസ്റ്റ് ഉപേക്ഷിച്ചാല്‍ ദിവസം മുഴുവന്‍ ഇടയ്ക്കിടെ വിശപ്പ് തോന്നും.

രാവിലത്തെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാം. പക്ഷേ പ്രഭാതഭക്ഷണം ഉപേക്ഷിക്കരുത്. എല്ലാ നേരത്തും കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയാണെങ്കില്‍ ഇടയ്ക്കിടെ സ്‌നാക്‌സ് കഴിക്കുന്നത് ഒഴിവാക്കാനാകും. ചെറിയ പ്ലേറ്റിലാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നത്. അതാകുമ്പോള്‍ അളവില്‍ കൂടുതല്‍ ഭക്ഷണം കഴിക്കില്ല.

ഓരോ നേരത്തും എന്തൊക്കെ ഭക്ഷണപദാര്‍ഥങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ചാര്‍ട്ട് ഉണ്ട്. ഡയറ്റിഷന്റെ നിര്‍ദേശമനുസരിച്ചുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്. പ്രോട്ടീന്‍ അടങ്ങിയ ആറ് വ്യത്യസ്ത ഭക്ഷണക്രമങ്ങളാണ് പിന്തുടരുന്നത്. സ്‌നാക്‌സ് പരമാവധി ഒഴിവാക്കാറുണ്ട്. കൊഴുപ്പും മധുരവും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കാറില്ല. മധുരം കഴിവതും ഒഴിവാക്കാറുണ്ട്.

മിസ് വേള്‍ഡ് എന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ എന്നെ സഹായിച്ചത് ഡയറ്റിഷനാണ്. ഹെല്‍ത്തി ഡയറ്റ്ായിരിക്കണം പിന്തുടരുന്നത് എന്ന നിര്‍ബന്ധം മാത്രമേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ. പ്രോട്ടീന്‍ അടങ്ങിയ ഹെല്‍ത്തി ഡയറ്റ് ചാര്‍ട്ട് തന്നെയായിരുന്നു ഡയറ്റിഷന്‍ എനിക്കുവേണ്ടി തയാറാക്കിയത്. അവരുടെ നിര്‍ദേശങ്ങളാണ് മിസ് വേള്‍ഡ് എന്ന യാത്രയുടെ വിജയത്തില്‍ എന്നെ എത്തിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW