Sunday, February 17, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.18 AM

ശിവനടനം പ്രപഞ്ചതാളം! ഇന്ന്‌ ശിവരാത്രി

uploads/news/2018/02/191894/bft1.jpg

ശിവന്‍ ആരാണ്‌? എന്താണ്‌? നൂറ്റാണ്ടുകളായി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ചോദ്യമാണിത്‌. ശിവം എന്നത്‌ വിശദീകരണത്തിന്‌ അപ്പുറത്തുള്ള ഒരു അവസ്‌ഥയാണ്‌. അലൗകികമായ ആനന്ദവും ശാന്തിയും നിഷ്‌കളങ്കതയും ഒത്തുചേരുന്ന സ്‌ഥിതിവിശേഷമാണത്‌. ആരിലെല്ലാം ഈ അവസ്‌ഥ നിര്‍ഭരമായിരിക്കുന്നുവോ അവര്‍ ശിവനാണ്‌. ശിവം എന്ന ശുദ്ധബോധത്താല്‍ ഈ ലോകം നിര്‍മിച്ചിരിക്കുന്നു. അതിന്‌ ജാഗ്രത, സ്വപ്‌നം, സുഷുപ്‌തി എന്നിങ്ങനെ അവസ്‌ഥാഭേദങ്ങളൊന്നുമില്ല.
മന്ത്രജപത്തോടൊപ്പം പഞ്ചഭൂതങ്ങളെയും പൂജാവേളയില്‍ ഉപയോഗിക്കുന്നു. ഈ ജപത്തിനും സത്‌സംഗിലെ ഭജനയ്‌ക്കും നമ്മുടെ ചിന്താധാരയെ ശുദ്ധീകരിക്കാനുള്ള ശക്‌തിയുണ്ട്‌. അതിന്റെ പ്രഭാവം ഓരോ തന്മാത്രയിലും നിറയുന്നു. പാലിന്‌ ചില പ്രത്യേക തരംഗങ്ങളെ ആഗിരണം ചെയ്യാന്‍ കഴിയും. ചില പുഷ്‌പങ്ങള്‍ക്ക്‌ മന്ത്രതരംഗങ്ങളെ ആഗിരണം ചെയ്യാന്‍ കഴിയും. കറുകപ്പുല്ലിനും ശിവപൂജയിലെ വിശിഷ്‌ടമായിക്കരുതുന്ന ബില്വപത്രത്തിനും ധാരാളം സവിശേഷതകളുണ്ട്‌. അതീവ ഔഷധഗുണമാര്‍ന്ന ഇവ ദുഃസ്വപ്‌നങ്ങളെ അകറ്റുന്നു എന്ന്‌ വിശ്വസിക്കുന്നു. (ഇവയുടെ പ്രഭാവത്താല്‍ മനസ്‌ ശാന്തമാകുന്നതുകൊണ്ടാണ്‌ ദുഃസ്വപ്‌നങ്ങള്‍ ഇല്ലാതാകുന്നത്‌). പ്രത്യേകതരം ഇലകളും പൂക്കളും പാലും മറ്റ്‌ പൂജാദ്രവ്യങ്ങളും മന്ത്രോച്ചാരണത്തോടൊപ്പം സ്‌ഫടികനിര്‍മ്മിതമായ ശിവലിംഗത്തില്‍ അര്‍പ്പിക്കുകയാണ്‌ രുദ്രപൂജയില്‍ ചെയ്യുന്നത്‌. അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനോടൊപ്പം സ്‌ഥൂല, സൂക്ഷ്‌മ ശരീരങ്ങളെയും ഇത്‌ കൂടുതല്‍ പവിത്രമാക്കുന്നു. ബോധശുദ്ധീകരണത്തോടൊപ്പം ആത്മശാന്തിയും ആനന്ദവും നിറയുന്ന ശിവചൈതന്യം ഏവരിലും നിറയുന്നു.
പുരുഷത്വത്തിന്റെ പൂര്‍ണരൂപമെന്നും പ്രപഞ്ചനര്‍ത്തകനെന്നും ശിവന്‍ ആദരിക്കപ്പെടുന്നു. മാറ്റുരയ്‌ക്കുവാനോ മത്സരിക്കാനോ എതിരാളികളില്ലാത്ത ആ നര്‍ത്തകന്റെ നടനതാളമാണ്‌ ഭൂഗോളത്തിന്റെ സ്‌പന്ദനം. ഇത്‌ പ്രപഞ്ചമറിയുന്ന സത്യം. നിഷ്‌കളങ്കതയും ആനന്ദവും സമ്മേളിക്കുമ്പോള്‍ നൃത്തം സംഭവിക്കുകയാണ്‌. മറ്റു പലതും ചിന്തിച്ചുകൊണ്ട്‌ നമുക്കു നൃത്തം ചെയ്യാന്‍ കഴിയില്ല. കാര്യകാരണങ്ങളേതുമില്ലാതെ ആനന്ദസാഗരത്തിലാറാടണമെങ്കില്‍ ശാന്തമായ മനസുണ്ടായിരിക്കണം. അന്തരംഗത്തിന്റെ അനിര്‍വചനീയമായ പരിശുദ്ധിയുടെ പ്രകടനമാണ്‌ നടനം. ശുദ്ധബോധത്തിന്റെ പവിത്രവും താളാത്മകവുമായ ചലനത്തെ ശിവനടനം എന്ന്‌ വിശേഷിപ്പിക്കുന്നു.
സൂത്രശാലിയായ മനസിനുടമയ്‌ക്കോ പരുക്കനായ ഒരുവനോ നൃത്തം ചെയ്യാനാവില്ല. കുഴഞ്ഞുമറിഞ്ഞ ബോധത്തിനൊരിക്കലും ആനന്ദത്തിന്റെ, സ്‌നേഹത്തിന്റെ പൂമൊട്ടു വിടര്‍ത്താനാവില്ല. പരിശുദ്ധിയും നിഷ്‌കളങ്കതയും തുളുമ്പുന്ന ആത്മാവ്‌ അറിയാതെ ചുവടുവച്ചുപോകുന്നു. ഇത്‌ ശിവനടനം.
ഈ പ്രപഞ്ചം സദാ നൃത്തമാടുന്നു. ഓരോ നിമിഷവും സുന്ദരവും നൃത്തലോലവുമാണ്‌. കാരണമോ നേട്ടമോ ഒന്നുമില്ലാത്ത, സദാ ചലനനിരതയായ പ്രപഞ്ചം വര്‍ണനകള്‍ക്കപ്പുറത്താണ്‌. സ്വന്തമായി നേട്ടങ്ങളൊന്നും ആഗ്രഹിക്കാത്ത ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടേയിരിക്കുന്നു. സൂര്യചന്ദ്രന്മാരും നക്ഷത്രക്കൂട്ടങ്ങളും ലാഭേച്‌ഛയില്ലാതെ പ്രകാശം ചൊരിയുന്നു. ഒന്നും നേടാനല്ലാതെ, ആരെയും തോല്‍പ്പിക്കാനല്ലാതെ, മറ്റൊന്നിന്റെയും പ്രഭ മറയ്‌ക്കാതെ ഗ്രഹങ്ങള്‍ സൂര്യനെ ചുറ്റിക്കൊണ്ടേയിരിക്കുന്നു. ഇവയെല്ലാം താളനിബദ്ധമാണ്‌. പരസ്‌പരം ശല്യം ചെയ്യാതെ അവയോരോന്നും സ്വന്തം താളലയങ്ങള്‍ക്കനുസരിച്ച്‌ നൃത്തം ചെയ്യുകയാണ്‌. ഇതു മഹാ പ്രപഞ്ചനടനം, അതാണു ശിവനടനം.
നര്‍ത്തകന്മാരുടെ രാജാവാണു ശിവന്‍. സര്‍വ നൃത്തച്ചുവടുകളുടെയും അധിപന്‍ - നടരാജന്‍. പാരസ്‌പര്യബോധത്തിലധിഷ്‌ഠിതമായ താളനിബദ്ധമായ പ്രപഞ്ചസ്‌പന്ദനങ്ങളുടെയും ചലനത്തിന്റെയും സൗന്ദര്യത്താല്‍ പ്രപഞ്ചം വിളങ്ങുന്നു. നൃത്തം ഒരു മാനസികാവസ്‌ഥയുടെ മാത്രം പ്രകടനമല്ല. വാക്കുകളില്ലാതെ, വചനങ്ങളില്ലാതെ നിരവധി ഭാവങ്ങള്‍ നൃത്തച്ചുവടുകളിലൂടെ പ്രകടമാകുന്നു. ദേഷ്യം, ഭയം ദുഃഖം, സന്തോഷം, സ്‌നേഹം അങ്ങനെ എന്തും നൃത്തത്തിലൂടെ ആവിഷ്‌കരിക്കാം. സര്‍വതും താളബോധത്താല്‍ സമ്പൂര്‍ണമാകുന്നു. എല്ലാ വികാരങ്ങളും പരസ്‌പരബന്ധമുള്ളവയാണ്‌. എന്നാല്‍ പരസ്‌പരവിരുദ്ധങ്ങളുമാണ്‌. ഇവ ഇടകലര്‍ന്നൊഴുകുമ്പോള്‍ ശുദ്ധബോധത്തിന്റെ നിറമാര്‍ന്ന ജീവിതം ഈ പ്രപഞ്ചം നിറയ്‌ക്കുന്നു.
ശുദ്ധബോധത്തിന്റെ ഔന്നത്യത്തിലാണ്‌ ആദ്യത്തെ നൃത്തം ഉദ്‌ഭവിച്ചത്‌. ശുദ്ധബോധത്തിന്റെ താളാത്മകമായ ചുവടുകളുടെ വ്യതിയാനങ്ങള്‍ക്കനുസരിച്ച്‌ പ്രപഞ്ചസൃഷ്‌ടിയുണ്ടായി. നേരിയ വ്യതിയാനങ്ങളോടെയും സങ്കലനങ്ങളോടെയും ചുവടുകള്‍ മാറിയപ്പോള്‍ ലോകമുണ്ടായി. ഒരു പിഞ്ചുകുഞ്ഞിന്റെ ചലനങ്ങള്‍ നൃത്തംപോലെ മനോഹരമാണ്‌. മുതിരുംതോറും മനുഷ്യന്‍ പരുക്കനും സംഘര്‍ഷം മൂടിയ മനസിനുടമയുമാകുന്നു. മുന്‍വിധികളും മിഥ്യാധാരണകളും സ്വാഭാവികതയില്‍നിന്നു മനുഷ്യനെ അകറ്റുന്നു. താളം ശിഥിലമാകുന്നു. ശ്വാസതാളവും ജീവിതതാളവും ക്രമവും ഒഴുക്കും നഷ്‌ടപ്പെട്ടതാകുന്നു. ബലം പിടിച്ച്‌ അഹംബോധം കൂട്ടുന്നു. ഒട്ടും ബലം പിടിക്കാതെ ശാന്തമായ ഒഴുക്കാണ്‌ നൃത്തം.
പ്രപഞ്ചത്തില്‍ ഓരോന്നിനും അതിന്റേതായ സ്‌ഥാനമുണ്ട്‌. നിശ്‌ചലാവസ്‌ഥയും നൃത്തവും പരസ്‌പരവിരുദ്ധമെങ്കിലും സൃഷ്‌ടിയില്‍ ഇവ സമ്മേളിക്കുന്നുണ്ട്‌. സൃഷ്‌ടി സ്‌ഥിതി ലയ താളങ്ങളില്‍ ലയിച്ച്‌, സംഗീതത്തിലലിഞ്ഞ്‌ ധ്യാനത്തിലൂടെ നാം മനസിന്റെ നിശ്‌ചലാവസ്‌ഥ അറിയുന്നു. അത്യധികം മനോഹരമായ ഈ ശാന്തതയറിയുവാന്‍ താളം നിറഞ്ഞ ഒഴുക്കില്‍ അലിയേണ്ടതുണ്ട്‌. മഹത്തായ പല അറിവുകളും പരസ്‌പര വിരുദ്ധങ്ങളായി തോന്നും. എന്നാല്‍ അവ പരസ്‌പര പൂരകങ്ങളാണ്‌.
ശ്രമം എന്നതു ശരീരത്തിന്റെ ഭാഷയാണ്‌, ചലനം നിറഞ്ഞതാണ്‌. മനസിന്റെ ഭാഷ ശ്രമരഹിതമാണ്‌. ആത്മാവിലലിഞ്ഞ്‌, ശുദ്ധബോധത്തില്‍ കുളിച്ച്‌, പ്രപഞ്ചതാളമറിഞ്ഞ്‌ ആനന്ദനൃത്തമാടാം. ശിവം നിറയട്ടെ! സര്‍വം ശിവനായി മാറട്ടെ!

ശ്രീ ശ്രീ രവിശങ്കര്‍

Ads by Google
Tuesday 13 Feb 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW