Sunday, May 27, 2018 Last Updated 57 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 02.15 AM

മഹാശിവരാത്രി ഇന്ന്‌

uploads/news/2018/02/191891/re4.jpg

ആലുവ: ആലുവ മഹാശിവരാത്രിയാഘോഷം ഇന്ന്‌ നടക്കും. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന്‌ ഭക്‌തര്‍ പിതൃബലിയര്‍പ്പിക്കാന്‍ മണപ്പുറത്തും അദൈ്വതാശ്രമത്തിലുമെത്തും. ഭക്‌തജനങ്ങള്‍ക്കാവശ്യമായ അടിസ്‌ഥാന സൗകര്യങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്‌. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണു നഗരസഭ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌, ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്‌റ്റ് എന്നിവയുടെ നേതൃത്വത്തില്‍ പെരിയാറിന്റെ ഇരുകരകളിലുമായി ബലി തര്‍പ്പണം നടക്കും. ദേവസ്വം ബോര്‍ഡും അദൈ്വതാശ്രമവുമാണ്‌ ബലതര്‍പ്പണത്തിന്‌ നേതൃത്വം നല്‍കുന്നത്‌. ശിവരാത്രിയോടനുബന്ധിച്ച്‌ മണപ്പുറത്ത്‌ നടക്കുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയും ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികോത്സവുമാണ്‌ നഗരസഭയുടെ നേതൃത്വത്തിലാണ്‌. രാത്രി പത്ത്‌ മണിയോടെ ആരംഭിക്കുന്ന തര്‍പ്പണ ചടങ്ങുകള്‍ നാളെ ഉച്ച വരെ നീണ്ടുനില്‍ക്കും. നാളെ രാത്രി മുതല്‍ 15ന്‌ രാത്രി വരെ അമാവാസിയായതിനാല്‍ ഇക്കുറി ശിവരാത്രി ബലിതര്‍പ്പണം മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കും. മണപ്പുറത്ത്‌ 200 ഓളം താത്‌കാലിക ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്‌. മൂന്ന്‌ കാറ്റഗറി തിരിച്ചായിരുന്നു ലേലം. നടപ്പാലം ഇറങ്ങി വരുന്ന ഭാഗത്താണ്‌ ഏറ്റവും ഉയര്‍ന്ന നിരക്ക്‌. ഇവിടെ 97,000 രൂപ നല്‍കിയാണ്‌ ബലിത്തറ ലേലം വിളിച്ചത്‌. വ്യാജ പുരോഹിതന്മാരെ തടയാന്‍ ദേവസ്വം ബോര്‍ഡ്‌ ഫലപ്രദമായ നടപടികളെടുത്തിരുന്നു. ബലിയിടുന്നതിന്‌ ഒരാള്‍ക്ക്‌ 50 രൂപയാണ്‌ ദേവസ്വം ബോര്‍ഡ്‌ നിശ്‌ചയിച്ചിട്ടുള്ളത്‌. ഓരോ ബലിത്തറയിലും ഒരേസമയം 50 ഓളം പേര്‍ക്ക്‌ തര്‍പ്പണത്തിന്‌ സൗകര്യമുണ്ട്‌. അദൈ്വതാശ്രമത്തില്‍ ഒരേസമയം 3000 പേര്‍ക്ക്‌ തര്‍പ്പണ സൗകര്യമൊരുക്കിയിട്ടുണ്ട്‌. അദൈ്വതാശ്രമത്തില്‍ സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന തര്‍പ്പണ ചടങ്ങുകളില്‍ ആശ്രമം മേല്‍ശാന്തി ജയന്തന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഭക്‌തരുടെ സൗകര്യാര്‍ഥം 200 ഓളം വളണ്ടിയര്‍മാരെ അദൈ്വതാശ്രമത്തില്‍ നിയോഗിച്ചിട്ടുണ്ട്‌. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ തന്ത്രി ചേന്നാസ്‌ മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്‌ക്കല്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പൂജകള്‍ക്ക്‌ ശേഷമാണ്‌ മണപ്പുറത്തെ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കുന്നത്‌. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 2000 ത്തോളം പോലീസ്‌ ഉദ്യോഗസ്‌ഥരുണ്ട്‌. റൂറല്‍ ജില്ലാ പോലീസ്‌ മേധാവി എ.വി. ജോര്‍ജിന്റെയും ഡിവൈ.എസ്‌.പി കെ.ബി. പ്രഫുലചന്ദ്രന്റെയും നേതൃത്വത്തിലാണ്‌ പോലീസ്‌ സംഘം. ഫയര്‍ഫോഴ്‌സ്, നേവിയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്‌ധര്‍ എന്നിവരും കര്‍മ്മനിരതരായുണ്ട്‌. മെട്രോ, ട്രെയിന്‍, കെ.എസ്‌.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ എന്നിവ ശിവരാത്രിയുമായി ബന്ധപ്പെട്ട്‌ സ്‌പെഷ്യല്‍ സര്‍വീസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

പോലീസിന്‌ ഹെലിക്യാമറകള്‍

ആലുവ: മണപ്പുറത്തെ ശിവരാത്രി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ്‌ ഹെലിക്യാമറകള്‍ ഉപയോഗിക്കും. ക്ഷേത്ര പരിസരം, വടക്കേ മണപ്പുറം, നടപ്പാലം എന്നിവിടങ്ങളിലായിരിക്കും ഹെലിക്യാമറകള്‍ പറപ്പിക്കുന്നത്‌. ഹെലിക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം പോലീസ്‌ കണ്‍ട്രോള്‍ റൂമിലെ മോണിറ്ററില്‍ തെളിയും. ആരെയെങ്കിലും സംശയം തോന്നിയാല്‍ നിമിഷങ്ങള്‍ക്കകം പ്രതിയെ വലയിലാക്കാം. സ്വകാര്യ വ്യക്‌തിയില്‍ നിന്നും മൂന്ന്‌ ഹെലി ക്യാമറകളാണ്‌ ഇതിനായി പോലീസ്‌ കണ്‍ട്രോള്‍ റൂമില്‍ എത്തിച്ചിട്ടുള്ളത്‌. ഓപറേഷന്‍ ഭംഗിയാക്കുന്നതിന്‌ പുറത്തുനിന്നുള്ള ഓപറേറ്റര്‍മാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്‌.

അനധികൃത പണപ്പിരിവിനെതിരേ നിയമനടപടി: ദേവസ്വം കമ്മീഷണര്‍

ആലുവ: ദേവസ്വം ബോര്‍ഡിന്റെ അനുമതി കൂടാതെ ആലുവ മണപ്പുറത്ത്‌ പിരിവ്‌ നടത്തുന്നവര്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന്‌ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു അറിയിച്ചു. ശിവരാത്രി വേളയില്‍ ഇത്തരത്തില്‍ വ്യാപാരികളില്‍ നിന്നും മറ്റും പല ക്ഷേത്രങ്ങളുടേയും സംഘടനകളുടേയും പേരില്‍ നിര്‍ബന്ധപിരിവ്‌ നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്‌. ഇത്തരം പിരിവുകാര്‍ക്കെതിരേ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ദേവസ്വം ഓഫീസിലെത്തി പരാതി നല്‍കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മണപ്പുറത്ത്‌ മീഡിയ സെന്റര്‍

ആലുവ: മണപ്പുറത്തെ ശിവരാത്രി വിശേഷങ്ങള്‍ തത്സമയം ജനങ്ങളിലെത്തിക്കുന്നതിന്‌ മണപ്പുറത്ത്‌ മീഡിയ സെന്റര്‍ തുറക്കും. ആലുവ മീഡിയ ക്ലബിന്റെ നേതൃത്വത്തിലുള്ള മീഡിയ സെന്റര്‍ ഇന്ന്‌ രാവിലെ പത്തിന്‌ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം ഉദ്‌ഘാടനം ചെയ്യും. ക്ലബ്‌ പ്രസിഡന്റ്‌ ഒ.വി. ദേവസി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മണപ്പുറത്ത്‌ നഗരസഭ സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം അവസാനിക്കുന്നതുവരെ മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും.

മണപ്പുറത്ത്‌ പോലീസ്‌ സ്‌റ്റേഷന്‍

ആലുവ: മണപ്പുറത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന പോലീസ്‌ സ്‌റ്റേഷന്‍ ഇന്ന്‌ രാവിലെ പത്തിന്‌ മധ്യമേഖല ഐ.ജി. വിജയ്‌ സാക്കറെ ഉദ്‌ഘാടനം ചെയ്യും. റൂറല്‍ ജില്ലാ പോലീസ്‌ മേധാവി എ.വി. ജോര്‍ജ്‌, എ.എസ്‌.പി. സുനില്‍ദാസ്‌, ഡിവൈ.എസ്‌.പിമാരായ കെ.ബി. പ്രഫുലചന്ദ്രന്‍, വി.ജി. രവീന്ദ്രനാഥ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. പോലീസ്‌ സ്‌റ്റേഷന്‍ ഫോണ്‍: 04842604655.

നഗരസഭ ഓഫീസ്‌ ഉദ്‌ഘാടനം

ആലുവ: മണപ്പുറത്തെ താല്‍കാലിക മുനിസിപ്പല്‍ ഓഫീസ്‌ ഇന്ന്‌ രാവിലെ പത്തിന്‌ അന്‍വര്‍ സാദത്ത്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം അധ്യക്ഷത വഹിക്കും. നഗരസഭ ഓഫീസ്‌ ഫോണ്‍: 04842604355.

ഗതാഗത നിയന്ത്രണങ്ങളില്‍ സിറ്റി ബസുകളും

ആലുവ: നഗരത്തില്‍ നടപ്പാക്കിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങളില്‍ സിറ്റി ബസുകളും ഉള്‍പ്പെടുത്തി. എറണാകുളത്തുനിന്നും ആലുവ ഭാഗത്തേക്കു വരുന്ന സ്വകാര്യ ബസുകള്‍ പുളിഞ്ചോട്‌ കവലയില്‍ നിന്നും കാരോത്തുകഴി, മാര്‍ക്കറ്റ്‌ വഴി നഗരസഭ ബസ്‌ സ്‌റ്റാന്‍ഡില്‍ എത്തണം. സ്‌റ്റാന്‍ഡില്‍ നിന്നും തിരികെ എറണാകുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ സ്‌റ്റാന്‍ഡിന്‌ പടിഞ്ഞാറുനിന്നും ഇടത്തേക്ക്‌ തിരിഞ്ഞ്‌ സര്‍വീസ്‌ റോഡ്‌, പുളിഞ്ചോട്‌ വഴി പോകണം. ഇന്ന്‌ ഉച്ചയ്‌ക്ക് രണ്ട്‌ മുതല്‍ നാളെ രാവിലെ 11 വരെയാണ്‌ നിയന്ത്രണം. മണപ്പുറത്തെ കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡിലെ ഫോണ്‍ നമ്പര്‍: കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റാന്‍ഡ്‌: 04842604755.

ഭക്‌തലക്ഷങ്ങള്‍ ആലുവ -പെരിയാര്‍ തീരത്തേക്ക്‌ ഒഴുകിയെത്തും

ആലുവ: പെരിയാറില്‍ മുങ്ങികുളിച്ച്‌ പിതൃബലിയര്‍പ്പിക്കാന്‍ ഇന്ന്‌ ജനലക്ഷങ്ങള്‍ പെരിയാര്‍ തീരത്തേക്ക്‌ ഒഴുകിയെത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മണപ്പുറത്തും ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ അദൈ്വതാശ്രമത്തിലും തര്‍പ്പണ ചടങ്ങുകള്‍ നടക്കും. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്‌തജനങ്ങള്‍ക്കു ആലുവയിലേക്ക്‌ എത്തുന്നതിനായി മെട്രോ, ട്രെയിന്‍, കെ.എസ്‌.ആര്‍.ടി.സി. സ്വകാര്യ ബസുകളും സ്‌പെഷ്യല്‍ സര്‍വീസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രാത്രി പത്ത്‌ മണിയോടെ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മണപ്പുറത്ത്‌ 200 ഓളം ബലിത്തറകള്‍ അനുവദിച്ചിട്ടുണ്ട്‌. ഒരു ബലിത്തറയില്‍ ഒരേസമയം 50 ഓളം പേര്‍ക്ക്‌ ഇരിക്കാം. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ തന്ത്രി ചേന്നാസ്‌ മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്‌ക്കല്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പൂജകള്‍ക്ക്‌ ശേഷം മണപ്പുറത്തെ തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. അദൈ്വതാശ്രമത്തില്‍ സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന തര്‍പ്പണ ചടങ്ങുകളില്‍ ആശ്രമം മേല്‍ശാന്തി ജയന്തന്‍ ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും.

Ads by Google
Tuesday 13 Feb 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW