മുംെബെ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 23,200 കോടിരൂപയുടെ കിട്ടാക്കടം റിസര്‍വ് ബാങ്ക് കണ്ടെത്തി. റിസര്‍വ് ബാങ്ക് ഓഡിറ്റില്‍ കിട്ടാക്കടം കണ്ടെത്തിയതായി എസ്.ബി.ഐ. തന്നെയാണു വ്യക്തമാക്കിയത്.
എച്ച്.ഡി.എഫ്.സി. ബാങ്ക് ലിമിറ്റഡും 20,500 കോടിരൂപയുടെ കിട്ടാക്കടം ഒളിച്ചതായി കണ്ടെത്തി. ഐ.സി.ഐ.സി.ഐ. ബാങ്ക് കിട്ടാക്കടം വര്‍ധിച്ചതായി വ്യക്തമാക്കിയെങ്കിലും കണക്കുകള്‍ പുറത്തുവിട്ടില്ല.
ബാങ്കുകള്‍ ആര്.ബി.ഐയ്ക്കു നല്കിയ കണക്കില്‍നിന്നു 15 ശതമാനം വ്യത്യാസമാണ് ഓഡിറ്റില്‍ കണ്ടെത്തിയത്. വാര്‍ത്ത പുറത്തുവന്നതോടെ ഓഹരി വിപണികളിലും ബാങ്കുകള്‍ തിരിച്ചടി നേരിട്ടു. എസ്.ബി.ഐ. ഓഹരികള്‍ 2.67 ശതമാനം താഴ്ന്ന് 290.85 ലെത്തി. ഈ വര്‍ഷം ഇതുവരെ എസ്.ബി.ഐ. ഓഹരികളുടെ മൂല്യം 6.6 ശതമാനം ഇടിഞ്ഞു. ആര്.ബി.ഐ. കണ്ടെത്തിയവയില്‍ ഭൂരിഭാഗവും നിഷ്ക്രിയ ആസ്തിയില്‍ ഉള്‍പ്പെടുത്തിയതാണ്.
നഷ്ടം കനക്കുന്നു
എസ്.ബി.ഐ. കനത്ത നഷ്ടത്തിലെന്ന് കണക്കുകള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 2,416 കോടിയാണ് ബാങ്കിന്റെ നഷ്ടം. ഇക്കാലയളവില്‍ 2,059 കോടിയുടെ ലാഭമുണ്ടായെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 2,610 കോടിയായിരുന്നു എസ്.ബി.ഐയുടെ ലാഭം. ഇതാണ് 2,416 കോടി രൂപ നഷ്ടത്തിലായത്.
കടപ്പത്രങ്ങളുടെ പലിശച്ചെലവ് വര്‍ധിച്ചതാണു നഷ്ടത്തിന് കാരണം. കിട്ടാക്കടം വന്‍തോതില്‍ കൂടിയതാണ് നഷ്ടത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എഴുതിതള്ളിയത് 20,399 കോടി
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ എഴുതിത്തള്ളിയത് 20,399 കോടി രൂപ. അസോസിയേറ്റ് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിക്കുന്നതിനുമുമ്പുള്ള കണക്കാണിത്. ഈ കാലയളവില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഒട്ടാകെ 81,683 കോടി രൂപയാണ് എഴുതിത്തള്ളിയത്.
പൊതുമേഖല ബാങ്കുകളുടെ എഴുതിത്തള്ളിയ തുകയിനത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് അഞ്ചിരട്ടിവര്ധനയാണ് ഉണ്ടായത്. 2012-13 വര്‍ഷത്തില്‍ എഴുതിത്തള്ളിയത് 27,231 കോടി രൂപയായിരുന്നു. 2013-14 വര്‍ഷത്തില്‍ 34,409 കോടി രൂപയും 2014-15ല്‍ 49,018 കോടിയും 2015-16ല്‍ 57,585 കോടിയുമാണ് എഴിതിത്തള്ളിയത്. മാര്‍ച്ച് 2017ല്‍ ഇത് 81,683 കോടിയായി.
നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍വരെ പൊതുമേഖലാ ബാങ്കുകള്‍ മൊത്തം 53,625 കോടി രൂപ എഴുതിത്തള്ളി.