Sunday, May 27, 2018 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Feb 2018 01.40 AM

ചന്ദ്രശേഖര കമ്പാര്‍ കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്റ്‌

uploads/news/2018/02/191825/d2.jpg

ന്യൂഡല്‍ഹി : കന്നഡ എഴുത്തുകാരനും ജ്‌ഞാനപീഠം ജേതാവുമായ ചന്ദ്രശേഖര കമ്പാര്‍ കേന്ദ്രസാഹിത്യ അക്കാഡമി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംഘപരിവാര്‍ പ്രസ്‌ഥാനങ്ങളുടെ പിന്തുണയോടെ മത്സരിച്ച പ്രതിഭാ റായി(ഒഡിയ)യെ പരാജയപ്പെടുത്തിയാണു കമ്പാര്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. 29 നെതിരേ 56 വോട്ടുകള്‍ക്കാണു കമ്പാറിന്റെ വിജയം. മറാത്ത എഴുത്തുകാരന്‍ ബാലചന്ദ്രന്‍ നൊബാഡെയും മത്സരരംഗത്തുണ്ടായിരുന്നു.
മലയാളഭാഷയെ പ്രതിനിധീകരിച്ച്‌ ഭാഷാ ബോര്‍ഡിലേക്ക്‌ എന്‍. അജിത്‌കുമാര്‍ (എച്ച്‌.ഒ.ഡി കാസര്‍ഗോഡ്‌ കേന്ദ്ര സര്‍വകലാശാല), സാഹിത്യ വിമര്‍ശകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്‌, മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി കൂടിയായ പ്രഭാവര്‍മ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തെ പ്രതിനിധീകരിച്ച്‌ പ്രഭാവര്‍മ ജനറല്‍ കൗണ്‍സിലിലെത്തി. ജനറല്‍ കൗണ്‍സിലിലേക്കുള്ള നിയമനം സമവായത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ നടക്കാറുള്ളതെങ്കിലും ഇത്തവണ പ്രഭാവര്‍മയ്‌ക്ക്‌ ഒപ്പമുള്ളവരുടെ പിന്തുണ ലഭിച്ചില്ലെന്നതു ശ്രദ്ധേയമാണ്‌. മറ്റ്‌ ഭാഷകളില്‍നിന്നുള്ള നോമിനേഷനിലാണ്‌ പ്രഭാവര്‍മ കൗണ്‍സിലിലെത്തിയത്‌.
കേന്ദ്ര സാഹിത്യ അക്കാഡമിയുടെ നേതൃത്വം പിടിച്ചെടുക്കാനുള്ള സംഘപരിവാര്‍ നീക്കം തകര്‍ത്താണു കമ്പാര്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. എഴുത്തുകാരും അഭിനേതാക്കളും അസഹിഷ്‌ണുതാവാദം ഉയര്‍ത്തിക്കാട്ടി "അവാര്‍ഡ്‌ വാപസി" എന്ന പേരില്‍ പ്രതിഷേധിച്ചത്‌ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ അക്കാഡമിയുടെ നേതൃത്വം പിടിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചത്‌.
നിലവിലെ ഭരണസമിതിയില്‍ വൈസ്‌ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ചന്ദ്രശേഖര കമ്പാര്‍. കവിയും നാടകകൃത്തും നോവലിസ്‌റ്റുമാണ്‌. ചലച്ചിത്ര സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധനേടി. 2010 ല്‍ ആണ്‌ ജ്‌ഞാനപീഠം പുരസ്‌കാരം ലഭിച്ചത്‌. കന്നഡ സര്‍വകലാശാലയുടെ സ്‌ഥാപക വൈസ്‌ ചാന്‍സലറാണ്‌.
നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമ സൊസൈറ്റി ചെയര്‍മാന്‍, കര്‍ണാടക നാടക അക്കാഡമി ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 13 Feb 2018 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW