Tuesday, October 16, 2018 Last Updated 43 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 12 Feb 2018 02.34 PM

മഹാശിവരാത്രി പൂജകള്‍

''പ്രപഞ്ചം ശിവമയമാകുന്ന മുഹൂര്‍ത്തമാണ് ശിവരാത്രി. രാത്രി എന്നതിന് പല അര്‍ത്ഥങ്ങളുണ്ട്. അവസാനിക്കുന്ന ഘട്ടം, നിശ്ചലമാകുന്ന നിമിഷം, നിദ്രയിലാകുന്ന നിമിഷം എന്നെല്ലാം അതിന് അര്‍ത്ഥം വരുന്നു. കാലരാത്രിയെന്നാല്‍ കാലപ്രവാഹത്തിന്റെ അവസാനമാകുന്നു. നിമിഷങ്ങളുടെ അനന്തമായ പ്രവാഹമാകുന്നു കാലം.''
uploads/news/2018/02/191682/joythi120218a.jpg

ഈ വര്‍ഷം കുംഭമാസം ഒന്നാം തീയതി ഫെബ്രുവരി 13-ന് നാം ശിവരാത്രി ആചരിക്കുന്നു. എല്ലാ വര്‍ഷവും വസന്തകാല ആരംഭത്തിന് മുമ്പായി ഫാല്‍ഗുനമാസത്തില്‍ വന്നെത്തുന്ന കറുത്തവാവിന് തലേന്നാള്‍ മഹാശിവരാത്രിയായി ആചരിച്ചുപോരുന്നു. നമുക്ക് ഇത് കുംഭമാസത്തിലാണ് വരുന്നത്.

ഭാരതത്തിലെ പ്രധാനപ്പെട്ട ദേശീയാചാരങ്ങളില്‍ ഒന്നായി ശിവരാത്രി കണക്കാക്കപ്പെടുന്നു. ഭാരതം മുഴുവനും പ്രാദേശിക വ്യതിയാനമില്ലാതെ ഒന്നായി ആചരിക്കപ്പെടുന്ന വിശേഷ ദിവസങ്ങളില്‍ ഒന്നാണ് ശിവരാത്രി. ശിവരാത്രിക്ക് ആദ്ധ്യാത്മികവും ചരിത്രപരവും പൗരാണികവുമായ തലങ്ങള്‍ ഉണ്ട്.

ശിവരാത്രിയുടെ പരാമര്‍ശങ്ങള്‍ അതിപ്രാചീന ഗ്രന്ഥങ്ങളില്‍ തന്നെ കാണുന്നു. ഈ ദിവസത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന; ഇതിലേക്ക് നയിക്കുന്ന പുരാണകഥകള്‍ പലതുമുണ്ട്. അവയൊക്കെ നമ്മുടെ നാട്ടില്‍ സുപരിചിതവുമാണ്. ആകയാല്‍ നാം അതിലേക്ക് പോകുന്നില്ല.

ചരിത്രവശങ്ങള്‍ ചിന്തിക്കുമ്പോള്‍ ഭാരതത്തിലെ പ്രാചീന ശൈവാരാധനാ മേഖലകളില്‍ അനവധി നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ശിവരാത്രി ആചാരം നിലനിന്നിരുന്നതായി രേഖകളില്‍ പരാമര്‍ശമുണ്ട്.

പല പ്രമുഖ രാജവംശത്തിന്റെയും കുലദൈവമായി ശിവന്‍ ആരാധിക്കപ്പെട്ടിരുന്നു. അതിനാല്‍ രാജഭരണ നേതൃത്വത്തില്‍ തന്നെ ശിവരാത്രി ആചാരണങ്ങളും ആഘോഷങ്ങളും കൊണ്ടാടിയിരുന്നതായി രേഖകള്‍ പറയുന്നു.

ശിവരാത്രി സങ്കല്‍പ്പത്തിന്റെ അര്‍ത്ഥമെന്തായിരിക്കാം? കഥകള്‍ പറയുന്നതിനപ്പുറം അത് വലിയൊരു ആശയമാകുന്നു. പ്രപഞ്ചം ശിവമയമാകുന്ന മുഹൂര്‍ത്തമാണ് ശിവരാത്രി. രാത്രി എന്നതിന് പല അര്‍ത്ഥങ്ങളുണ്ട്. അവസാനിക്കുന്ന ഘട്ടം, നിശ്ചലമാകുന്ന നിമിഷം, നിദ്രയിലാകുന്ന നിമിഷം എന്നെല്ലാം അതിന് അര്‍ത്ഥം വരുന്നു.

കാലരാത്രിയെന്നാല്‍ കാലപ്രവാഹത്തിന്റെ അവസാനമാകുന്നു. നിമിഷങ്ങളുടെ അനന്തമായ പ്രവാഹമാകുന്നു കാലം. ഇതിന് തുടക്കം എവിടെയെന്ന് നമുക്ക് അറിയാന്‍ കഴിയില്ല. ഒരു മഹാ നദിപോലെ അനുസ്യൂതം ഒഴുകുന്ന ഈ പ്രവാഹം നിലയ്ക്കുന്നതെപ്പോഴെന്നും നമുക്കറിയില്ല. കാലത്തിന്റെ പ്രവാഹം അവസാനിക്കുമ്പോള്‍ കാലത്തിനൊപ്പം സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചത്തിന്റെ സര്‍വ്വവും അവസാനിക്കും.

കേവലം ഒരേയൊരു സൂക്ഷ്മബിന്ദുവില്‍നിന്നും കാലത്തോടൊപ്പം ആരംഭിച്ച് അനേകകോടി ബ്രഹ്മാണ്ഡങ്ങളും താരാഗണങ്ങളും ഗ്രഹ-ഉപഗ്രഹങ്ങളും മറ്റു പ്രാപഞ്ചിക ദ്രവ്യങ്ങളുമായി വികാസം പാപിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ ഈ മഹാവിശ്വം. കാലം അവസാനിക്കുമ്പോള്‍ ഉദ്ഭവം പ്രാപിച്ചതായ ഈ ദ്രവ്യമത്രയും തിരികെ ആ സൂക്ഷ്മബിന്ദുവിലേക്ക് തന്നെ തിരികെച്ചെന്ന് വിലയം പ്രാപിക്കം. ഈ പ്രക്രിയയാണ് പ്ര-ലയം അഥവാ പ്രളയം.

പ്രകൃത്യേന-ലയം എന്ന് ചുരുക്കിപ്പറയാം. മൂല പ്രകൃതിയില്‍ സര്‍വ്വം ലയിച്ചു ചേരുന്ന അവസ്ഥ. ഈ മഹാപ്രലയം എന്ന സംഭവത്തിന് തൊട്ടു മുന്‍പ് ഉണ്ടാകുന്ന വിസ്‌ഫോടനാത്മകമായ ഒരു ഘട്ടമാണ് കാലരാത്രി എന്നറിയപ്പെടുന്നത്. ലക്ഷക്കണക്കിന് മനുഷ്യ വര്‍ഷങ്ങള്‍ അടങ്ങുന്ന അനേകം ചതുര്‍യുഗങ്ങളും മന്വന്തരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു മഹാകല്‍പ്പകാലത്തിന്റെ അവസാനമാണ് ഇത് ഉണ്ടാകുന്നത്. ഓരോ കല്‍പ്പാന്തത്തിലും പ്രലയമുണ്ടാകുന്നു.

രണ്ടു പ്രലയങ്ങള്‍ക്ക് ഇടയ്ക്ക് നിലനില്‍ക്കുന്ന ഒരു കല്‍പ്പകാലത്ത്, ഓരോ വര്‍ഷവും ആ മഹാ പ്രപഞ്ചനിദ്രയെ അനുസ്മരിപ്പിക്കുന്ന ഒരു സവിശേഷ ദിനം വന്നെത്തുന്നു. പ്രപഞ്ചം നിദ്രയിലാകുമ്പോള്‍ ഉണ്ടാകുന്നത് കാലത്തോടൊപ്പം സൃഷ്ടിക്കപ്പെട്ട സകലതും അതിന്റെ മൂല പ്രകൃതിയായ ശിവതത്ത്വത്തില്‍ ലയിക്കുക എന്നതുതന്നെയാണ്. അങ്ങനെ സകലതും ശിവമയമാകുന്ന ആ മഹാ സംഭവത്തിന്റെ അനുസ്മരണ ദിനമാകുന്നു നാം ആഘോഷിക്കുന്ന, ആചരിക്കുന്ന 'മഹാശിവരാത്രി'.

ശിവരാത്രി അനുഷ്ഠാനങ്ങള്‍ക്ക് അനവധി വൈവിധ്യങ്ങള്‍ കാണുന്നു. എങ്കിലും സാമാന്യേനയുള്ള ഒരു രീതി നോക്കാം. ശിവരാത്രി ദിനത്തില്‍ ചെയ്യുന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കും പൂജാദി പ്രാര്‍ത്ഥനകള്‍ക്കും വളരെ സവിശേഷ ഫലമാണ് പറയുന്നത്.

ശിവരാത്രി ദിനത്തില്‍ സര്‍വ്വവും ശിവമയമാകുന്നു. ഭഗവാന്‍ ശിവന്‍ ആനന്ദനടനം ചെയ്യുന്ന ദിനം കൂടിയാണ് അത്. അതിനാല്‍ അന്നു ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അസാധാരണ ചൈതന്യം കൈവരുന്നു. തന്‍മയീഭാവം പൂര്‍ണ്ണതയില്‍ എത്തുകയും ചെയ്യുന്നു.

അനുഷ്ഠാനങ്ങളില്‍ പ്രധാനം ഉപവാസവും ശിവധ്യാനവും തന്നെ. ഒരു വ്യക്തിക്ക് യഥാശക്തിക്ക് അനുസരിച്ച് സമ്പൂര്‍ണ്ണ ഉപവാസമോ, അര്‍ദ്ധ ഉപവാസമോ എടുക്കാം.

പുലര്‍കാലേ കുളിച്ച് സ്വന്തം ജപകര്‍മ്മങ്ങള്‍ ഉള്ളവര്‍ അത് തീര്‍ത്തതിനുശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്. നെയ്യ്‌വിളക്ക്, പുറകുവിളക്ക്, ജലധാര, ക്ഷീരധാര, കൂവളത്തിലകൊണ്ട് പുഷ്പാഞ്ജലി തുടങ്ങിയ ആരാധനകള്‍ ചെയ്യുന്നത് ഉത്തമം.

യഥാശക്തി ഉപവാസമാവാം. ഏറ്റവും പ്രധാനം ശിവചിന്തയില്‍ മനസ്സിനെ ഉറപ്പിക്കുക എന്നതു തന്നെയാണ്. പ്രപഞ്ചം ശിവമയമായിത്തീരുന്നതിന്റെ സ്മരണാ ദിനമായ ശിവരാത്രി നാളില്‍ നമ്മുടെ മനസ്സും ശിവമയമാവട്ടെ.

ശിവരാത്രിയോടനുബന്ധിച്ചുള്ള ചില താന്ത്രികാനുഷ്ഠാന കര്‍മ്മങ്ങളെക്കുറിച്ചു കൂടി പരാമര്‍ശിക്കാതെ ഇത് പൂര്‍ണ്ണമാവില്ല. ശിവരാത്രിക്ക് പതിമൂന്ന് ദിനം മുമ്പ് തുടങ്ങുന്ന കറുത്തപക്ഷക്കാലം പൊതുവേ ''മഹാലയ കാലം'' എന്ന് അറിയപ്പെടുന്നു.

കറുത്ത വാവുവരെയുള്ള ഒരു പക്ഷമാണ് ഈ കാലഘട്ടം. ഈ ഒരു പക്ഷക്കാലം, പ്രത്യേകമായ ചില താന്ത്രിക പൂജകളുടെ കാലവും കൂടിയാണ്. ഇക്കാലം ചെയ്യുന്ന ചില കര്‍മ്മങ്ങള്‍ക്ക് അനേകമടങ്ങ് ഫലദായകശക്തി ഉള്ളതായി കരുതപ്പെടുന്നു.

വിവിധങ്ങളായ ഭൗതിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയോ അല്ലാതെയോ ഈ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് അപൂര്‍വ്വമായ ഫലങ്ങള്‍ നല്‍കുന്നതായി കണക്കാക്കപ്പെടുന്നു. ശിവരാത്രി ഉള്‍ക്കൊള്ളുന്ന കറുത്തപക്ഷക്കാലത്ത് എന്നെങ്കിലും ഇതു ചെയ്താല്‍ മതിയാകും.

ഓരോ കര്‍മ്മവും ശരിയായ വ്രതനിഷ്ഠയോടെ സ്വഗൃഹത്തിലോ അതുപോലെ എവിടെയെങ്കിലുമോ വച്ച് കര്‍മ്മാധികാരികളായ ശാസ്ത്രിജിമാരെ വരുത്തി ചെയ്യിച്ചാല്‍ സമ്പൂര്‍ണ്ണഫലം എന്നു പറയുന്നു. ഇനി വിവിധ ഭാവങ്ങളിലുള്ള കര്‍മ്മങ്ങള്‍

1. മഹാസഞ്ജീവനി പൂജ


മൃത്യുഞ്ജയ ഭാവത്തിന്റെ പൂര്‍ണ്ണതയാണ് സഞ്ജീവനി രുദ്ര സങ്കല്പ്പം. കഠിനദുരിതങ്ങള്‍, ശനിദോഷങ്ങള്‍, രോഗവിഷമങ്ങള്‍ തുടങ്ങിയ പ്രയാസങ്ങള്‍ അകലുന്നതിനും സര്‍വൈശ്വര്യ പ്രാപ്തിക്കുമായി വിഘ്‌നേശ്വരബലി, സഞ്ജീവനി പൂജ ഇവ ഗൃഹത്തില്‍ നടത്തുക.

2. ചിന്താമണിപൂജ


ശിവന്റെ വിശിഷ്ടഭാവമാണ് ചിന്താമണി രുദ്രന്‍. ആഗ്രഹിക്കുന്നതെന്തും തരുന്നത് എന്നാണ് ''ചിന്താമണി'' എന്ന വാക്കിനര്‍ത്ഥം. ഉദ്ദിഷ്ട കാര്യസിദ്ധി, ധനസമൃദ്ധി, സര്‍വ്വകാര്യജയം ഇവ ഫലമാകുന്നു.

3. ഉമാമഹേശ്വരപൂജ


കുടുംബസുഖത്തിനും ദാമ്പത്യ ഐക്യത്തിനും ശ്രേയസ്സിനുമായി ഇതു നടത്തുന്നു.

4. അഘോരബലി


താണ്ഡവനൃത്തം ചെയ്യുന്ന മഹാരുദ്രനാണ് അഘോരമൂര്‍ത്തി. കഠിന ശത്രുദോഷങ്ങള്‍, ആഭിചാര ദുഷ്‌ക്കര്‍മ്മ ദുരിതങ്ങള്‍ മറ്റു ബാധകള്‍, ദുരിതങ്ങള്‍ ഇവയുടെ ശമനത്തിനായി ഇതു നടത്താറുണ്ട്.

5. മഹാപ്രാസാദപൂജ


സകലവിധ വാസ്തു ദോഷത്തിന്റെയും പരിഹാരത്തിന് വേണ്ടി ചെയ്യുന്ന വിശിഷ്ട കര്‍മ്മമാണ് പ്രാസാദപൂജ. ഇതു ചെയ്യുന്നതോടെ, വാസ്തുശാസ്ത്രപരമായി ശുദ്ധമാകുന്നുവെന്ന് സങ്കല്പം. ഇപ്രകാരം വിവിധങ്ങളായ കര്‍മ്മങ്ങളിലൂടെ ശിവരാത്രി കാലത്ത് ഉപാസനകള്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ഉപവാസം, വ്രതനിഷ്ഠകള്‍, ശിവധ്യാനം, ഭജനകള്‍ ഇവയൊക്കെത്തന്നെയാണ് പ്രധാനം. ശിവതത്ത്വത്തെ ചിന്തിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നതിന്റെ ഫലങ്ങള്‍ വളരെ അപൂര്‍വ്വമാകുന്നു. ഒരു വ്യക്തിയുടെ പൂര്‍വ്വാര്‍ജിതങ്ങളായ സകലകര്‍മ്മദോഷങ്ങളും തീര്‍ന്ന് പരിപൂര്‍ണ്ണത വന്നു ചേരുന്നതിന് ശിവരാത്രി വ്രതം ഉത്തമമാകുന്നു. അതുകൊണ്ട് തന്നെ ജന്മാന്തരങ്ങളുടെ പൂര്‍വ്വികദോഷങ്ങളും മറ്റനേകം കര്‍മ്മദുരിതങ്ങളും പരിപൂര്‍ണ്ണമായി ഒഴിഞ്ഞ് സൗഖ്യം കൈവരുന്നതിന്, ഇതിലും വിശിഷ്ടമായി മറ്റൊന്നുമില്ലെന്നതാണ് വസ്തുത.

അനില്‍ പെരുന്ന
മൊ: 9847531232

Ads by Google
Ads by Google
Loading...
TRENDING NOW