Sunday, February 17, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 11 Feb 2018 01.30 AM

ആകാശത്തെ സ്വപ്‌നരാജ്യം

uploads/news/2018/02/191324/sun1.jpg

ക്രിസ്‌റ്റഫര്‍ നോളന്റെ വിഖ്യാത ഹോളിവുഡ്‌ സിനിമ 'ഇന്റര്‍സ്‌റ്റെല്ലാര്‍' മനുഷ്യര്‍ അന്യഗ്രഹങ്ങളിലേയ്‌ക്കു കുടിയേറുന്നതിനെപ്പറ്റിയാണ്‌ പറയുന്നത്‌. അതൊരു വന്യമായ ഹോളിവുഡ്‌ ഭാവനയല്ല, അതിവിദൂരമല്ലാത്ത ഭാവിയില്‍ യാഥാര്‍ഥ്യമാകുമെന്നാണ്‌ അസ്‌ഗാര്‍ഡിയ എന്ന രാജ്യം പറയുന്നത്‌.
പലരാജ്യങ്ങളുടെയും ബഹിരാകാശ നിലയങ്ങള്‍ബഹിരാകാശത്ത്‌ ദൃശ്യമാണ്‌. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്‌തമായി ബഹിരാകാശത്ത്‌ ഒരു രാജ്യംതന്നെ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ റഷ്യന്‍ ശാസ്‌ത്രജ്‌ഞനായ ഡോ. ഇഗോര്‍ ആഷുര്‍ബെയില്‍.
സമ്പന്നരായ വ്യവസായികളും ശാസ്‌ത്രജ്‌ഞരും ചേര്‍ന്ന്‌ രൂപപ്പെടുത്തുന്ന ഈ രാജ്യത്തിന്‌ അവര്‍ നല്‍കിയ പേരാണ്‌ അസ്‌ഗാര്‍ഡിയ. ബഹിരാകാശത്ത്‌ മനുഷ്യര്‍ക്കായി ഒരു രാജ്യം.
സ്‌പേസ്‌ നേഷന്‍ ഓഫ്‌ അസ്‌ഗാര്‍ഡിയ
നോര്‍വീജിയന്‍ പുരാണത്തിലെ ദൈവങ്ങളുടെ രാജ്യമാണ്‌ അസ്‌ഗാര്‍ഡിയ. ഡോ.ഇഗോര്‍ ആഷുര്‍ബെയില്‍ തന്റെ കുട്ടിക്കാലത്ത്‌ കണ്ട സ്വപ്‌നങ്ങളില്‍ ഒന്ന്‌. ഭൂമിയില്‍പോലുമില്ലാത്ത ഒരു സ്വാതന്ത്രരാജ്യം.
എറോസ്‌പേസ്‌ ഇന്റര്‍ നാഷണല്‍ റിസേര്‍ച്ച്‌ സെന്ററിന്റെ സ്‌ഥാപകനും വ്യവസായിയുമായ ആഷുര്‍ബെയില്‍ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുനുള്ള പരിശ്രമത്തില്‍ വിജയം കണ്ടത്‌ 2016 ലാണ്‌. 2016 ഒക്‌ടോബര്‍ 12ന്‌ പുതിയ രാജ്യമായ അസ്‌ഗാര്‍ഡിയയെക്കുറിച്ച്‌ പ്രഖ്യാപനം നടത്തിയ ആഷുര്‍ബെയില്‍ രാജ്യത്തിന്റെ മേധാവിയായി സ്‌ഥാനം ഏല്‍ക്കുകയും ചെയ്‌തു.
അവിടെ ഭൂമിയിലെ നിയമങ്ങളില്ല നിയന്ത്രണങ്ങളില്ല, മാര്‍ഗനിര്‍ദേശങ്ങളില്ല. എന്നാല്‍ മനുഷ്യര്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കിക്കൊണ്ട്‌ അസ്‌ഗാര്‍ഡിയയ്‌ക്ക് സ്വന്തമായി നിബന്ധനകളും നിയമങ്ങളും ഉണ്ടാകും.
ഭൂമിയിലെ യുദ്ധങ്ങളോ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഈ രാജ്യത്ത്‌ എത്തിക്കരുതെന്ന്‌ സ്‌ഥാപകനും യുനെസ്‌കോയുടെ ലോകശാസ്‌ത്ര തലവനുംകൂടിയായ ആഷുര്‍ബെയില്‍ പൗരന്‍മാര്‍ക്ക്‌ മുന്നറിയിപ്പു നല്‍കുന്നുണ്ട്‌. അതുകൊണ്ടുതന്നെ സമാധാനരാജ്യം എന്നതാണ്‌ സ്വപ്‌നം.
അസ്‌ഗാര്‍ഡിയയിലെ പൗരന്‍മാര്‍ അസ്‌ഗാര്‍ഡിയന്‍സ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഓസ്‌ട്രിയയുടെ തലസ്‌ഥാനമായ വിയന്നയാണ്‌ അസ്‌ഗാര്‍ഡിയയുടെ ''ഭരണകേന്ദ്രം''. എന്നുകരുതി എല്ലാവരും ബഹിരാകാശത്തുപോയി താമസിക്കുന്നവരാണെന്നു കരുതരുത്‌.
അസ്‌ഗാര്‍ഡിയയുടെ അന്തിമലക്ഷ്യം അത്തരത്തില്‍ ഒരു രാജ്യമാണെങ്കിലും നിലവില്‍ ഭൂമിയില്‍ വസിക്കുന്നവരെ തന്നെ അസ്‌ഗാഡിയയിലെ പൗരന്മാരാക്കി ബഹിരാകാശത്ത്‌ ഒരു രാജ്യം സൃഷ്‌ടിക്കുകയാണ്‌. അതിന്‌ ഒരു ഭരണഘടന, പൗരത്വനിയമങ്ങള്‍, ഭൂപ്രദേശം, സര്‍വോപരി ഐക്യരാഷ്‌ട്രസംഘടനയുടെ അംഗീകാരം ഇവ നേടിയെടുക്കുകയുമാണ്‌ ലക്ഷ്യങ്ങള്‍.
ജെയിംസ്‌ മാന്‍ഗന്‍ കണ്ട സ്വപ്‌നം
അരക്കിറുക്കനും വിചിത്രസ്വഭാവക്കാരനുമെന്ന്‌ വിശേഷിപ്പിക്കുന്ന ജെയിംസ്‌ മാന്‍ഗന്‍ 1949 ല്‍ ബഹിരാകാശത്ത്‌ ഒരു സ്വതന്ത്ര രാജ്യം എന്ന ലക്ഷ്യവുമായി മുന്നോട്ടുവന്നെങ്കിലും തുടക്കത്തിലെതന്നെ ആ ലക്ഷ്യം പൊലിയുകയായിരുന്നു. ''കെലിസ്‌റ്റിയ '' നേഷന്‍ ഓഫ്‌ കെലിസ്‌റ്റിക്കല്‍ സ്‌പെയ്‌സ് എന്ന നാമത്തിലാണ്‌ ഇത്‌ അറിയപ്പെട്ടത്‌.
പരീക്ഷണങ്ങളുടെ അഭാവത്തില്‍ യു.എന്‍ ഉള്‍പ്പെടെയുള്ള ശക്‌തികള്‍ കെലിസ്‌റ്റിയ തള്ളി. തുടര്‍ന്ന്‌ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ വീണ്ടും ഒരു സ്വതന്ത്ര രാജ്യമെന്ന ചിന്ത ആഷുര്‍ബെയില്‍ മുന്നോട്ടുവച്ചതും ഘട്ടഘട്ടമായി രാജ്യം സൃഷ്‌ടിക്കുന്നതും.
2017 ഒക്‌ടോബറില്‍ പ്രഖ്യാപിച്ച രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കാനാന്‍ തയ്യാറായി 40 മണിക്കൂറിനുള്ളില്‍ 100000 പേരാണ്‌ മുന്നോട്ടുവന്നത്‌. മൂന്ന്‌ ആഴ്‌ച്ചക്കുള്ളില്‍ ഇത്‌ അഞ്ചുലക്ഷം കടന്നു. നിലവില്‍ ലക്ഷക്കണക്കിനു മനുഷ്യരാണ്‌ അസ്‌ഗാര്‍ഡിയന്‍സ്‌ ആകാന്‍ രംഗത്തുവന്നിരിക്കുന്നത്‌. ഏതു വിഭാഗക്കാര്‍ക്കും പൗരത്വം ലഭിക്കും.
പറന്ന്‌ പറന്ന്‌ ഒരുരാജ്യം
ബഹിരാകാശത്തിലൂടെ രാജ്യം പറന്നു നടക്കുകയും ഒപ്പം രാജ്യത്തിനുള്ളിലെ മനുഷ്യരും കൃതൃമ നിര്‍മിതികളും പറന്ന്‌ നടക്കുന്ന അവസ്‌ഥയിലായിരിക്കും. ഗുരുത്വാകര്‍ഷണബലത്തിന്റെ അഭാവംമൂലാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. അസ്‌ഗാര്‍ഡിയയില്‍ ഒന്നിനും സ്‌ഥിരത ഉണ്ടായിരിക്കില്ല.
തെരഞ്ഞെടുപ്പ്‌ ചൂടില്‍ അസ്‌ഗാര്‍ഡിയ
ഠ ഭൂമിയിലെ രാജ്യത്തെപോലെതന്നെ സ്വന്തമായി ഭരണഘടനയും സര്‍ക്കാരും ദേശീയഗാനവും ദേശീയ പതാകയും ഉള്‍പ്പെടെ ഒരു രാജ്യത്തിനുവേണ്ട എല്ലാ അംഗീകാരങ്ങളും നേടി നിലവില്‍ വരാനാണ്‌ അസ്‌ഗാര്‍ഡിയ ശ്രമിക്കുന്നത്‌. രാജ്യം എന്ന അംഗീകാരം ലഭിക്കാന്‍ യു.എന്‍ അംഗീകാരം കിട്ടിയേ മതിയാവു.
ഐക്യരാഷ്‌ട്ര സംഘടനയുടെ എല്ലാ നിബന്ധനകളും അംഗീകരിച്ചുകൊണ്ട്‌ ഒരു രാജ്യമായി നിലകൊള്ളുമെന്ന ഉറപ്പിലാണ്‌ അര്‍ക്കാഡിയയുടെ സൃഷ്‌ടാക്കള്‍. ഇതിന്റെ ഭാഗമായി 2017 ജൂണ്‍ 18ന്‌ അസ്‌കാഡിയക്ക്‌ ഭരണഘടന നിലവില്‍ വന്നു.
രാജ്യാന്തര നിയമം അനുസരിച്ച്‌ ബഹിരാകാശം ഒരു രാജ്യത്തിനും സ്വന്തമല്ല. ബഹിരാകാശത്തെ ഒരു പ്രദേശവും ആര്‍ക്കുംകൈയടക്കാന്‍ സാധിക്കില്ല. ഈ നിയമം നിലവിലുള്ളപ്പോഴാണ്‌ ബഹിരാകാശത്ത്‌ ഒരു രാജ്യം നിര്‍മിക്കുന്നത്‌.
പല രാജ്യങ്ങളും അസ്‌ഗാര്‍ഡിയയ്‌ക്ക് എതിരാണ്‌. ഈ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ടാണ്‌ രാജ്യം നിലവില്‍ വരുന്നത്‌. ഇപ്പോള്‍ അസ്‌ഗാര്‍ഡയയിലേക്ക്‌ പാര്‍ലമെന്റ തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. 150 അംഗങ്ങളുള്ള പാര്‍ലമെന്റാണ്‌ സൃഷ്‌ടാക്കള്‍ ലക്ഷ്യമിടുന്നത്‌. സ്‌പേസ്‌ നേഷന്‍ ഓഫ്‌ അസ്‌ഗാര്‍ഡിയ എന്ന സൈറ്റിലൂടെ പൗരന്‍മാരുമായി തല്‍സമയ അറിയിപ്പുകള്‍ നല്‍കിയും നിര്‍ണദേശങ്ങള്‍ ചോദിച്ചും വോട്ടിങ്‌ ഏര്‍പ്പെടുത്തിയുമാണ്‌ അസ്‌ഗാര്‍ഡിയ രൂപം നല്‍കുന്നത്‌.
ലക്ഷ്യത്തിലേക്ക്‌ വെല്ലുവിളികളേറെ
അസ്‌ഗാര്‍ഡിയയുടെ സൃഷ്‌ടാക്കള്‍ ഈ രാജ്യത്തിന്റെ നിലനില്‍പ്പിന്‌ ഉറപ്പുപറയുന്നുണ്ടെങ്കിലും വെല്ലുവിളികള്‍ നിരവധിയാണ്‌.സൗരയൂഥത്തിലെ ഗുരുത്വാകര്‍ഷണവ്യതിയാനങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിന്‌ ഭൂപരിക്രമണപഥത്തിലേക്ക്‌ അയച്ച ആദ്യ അമേരിക്കന്‍ സ്‌പേസ്‌ സ്‌റ്റേഷന്‍ സ്‌കൈലാബും ബഹിരാകാശനിലയത്തില്‍ മനുഷ്യരെ എത്തിച്ച്‌ ഗവേഷണം നടത്തുന്നതിന്റെ മുന്നോടിയായി ചൈനയുടെ 'പ്രോജക്‌ട് - 921-2' എന്ന ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ടിയാന്‍ഗോങ്ങ്‌ 1 എന്ന ബഹിരാകാശ നിലയവും തകര്‍ന്നത്‌ അസ്‌ഗാര്‍ഡിയയ്‌ക്കും വെല്ലുവിളി ഉയര്‍ത്തും.
മൈക്രോഗ്രാവിറ്റിയേക്കുറിച്ച്‌ പഠിക്കുന്ന പരീക്ഷണശാലയും സോളാര്‍ ഒബ്‌സര്‍വേറ്ററിയും സജ്‌ജമാക്കിയിരുന്നതാണ്‌ സ്‌കൈലാബ്‌. 1979-ല്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച സ്‌കൈലാബ്‌ കത്തിത്തകരുകയായിരുന്നു. ഇതുപോലെ നിരവധി രാജ്യങ്ങള്‍ വിക്ഷേപിച്ച നിലയങ്ങള്‍ തകര്‍ന്ന ചരിത്രമുണ്ട്‌.
ബഹിരാകാശ നിലയത്തിന്റെ പെട്ടിത്തെറികള്‍ പലപ്പോഴും ഭൂമിയില്‍ പതിക്കുകയും മനുഷ്യര്‍ക്ക്‌ ദോഷമായി ഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. നിശ്‌ചിതവേഗത്തില്‍ ഭൂമിയെ ചുറ്റുന്ന നിലയങ്ങളുടെ വേഗത കുറഞ്ഞാല്‍ ഭൂമി നിലയത്തെ വലിച്ചെടുക്കും ഇതോടെ ഇവ തകര്‍ന്ന്‌ ഭൂമിയില്‍ പതിക്കും.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ നേതൃത്വത്തില്‍ റഷ്യ, ജപ്പാന്‍ , കാനഡ തുടങ്ങിയ രാജ്യങ്ങളിലെയും യൂറോപ്യന്‍ യൂണിയന്റെയും ബഹിരാകാശ സംഘടനകളുടെ സംയുക്‌തപദ്ധതിയായ രാജ്യാന്തര ബഹിരാകാശ നിലയം ബഹിരാകാശത്ത്‌ നിലകൊള്ളുന്നതാണ്‌ അസ്‌ഗാര്‍ഡിയ എന്ന രാജ്യത്തിന്‌ ഉദാഹരണമായി ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌.
ഭൂഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഏറ്റവും വലിപ്പം കൂടിയ കൃത്രിമ വസ്‌തുവായ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ മനുഷ്യരുടെ ജീവിതം അതീവ സാഹസം നിറഞ്ഞതാണ്‌. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അസ്‌ഗാര്‍ഡിയയില്‍ നിര്‍മിക്കുന്ന കൃത്രിമാന്തരീക്ഷം മൂലം മനുഷ്യന്റെ ശരീരത്തിനുവരേ ഹാനി സംഭവിക്കാം.

വി.കെ. കൃഷ്‌ണ കുമാരി

Ads by Google
Sunday 11 Feb 2018 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW