Saturday, February 24, 2018 Last Updated 44 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 10 Feb 2018 03.38 PM

ഗൃഹാതുരതയുടെ വര്‍ണ്ണങ്ങള്‍ തേടി

uploads/news/2018/02/191203/babithanair100218.jpg

ഫോട്ടോകളെ വെല്ലുന്ന എണ്ണച്ചായ ചിത്രങ്ങളും, പല ഭാവങ്ങള്‍ പകര്‍ത്തിയ പോട്രെയ്റ്റുകളും വരച്ചുകൊണ്ട് ചിത്രകലാ രംഗത്തെ വേറിട്ട സാന്നിധ്യമായി മാറിയ ബബിത നായര്‍, തന്റെ ജീവിത വര്‍ണ്ണങ്ങളെക്കുറിച്ച്...

മണ്ണടുപ്പില്‍ തിളച്ചു മറിയുന്ന കഞ്ഞി, അടുപ്പില്‍ പാതി കത്തിയ വിറക്... താമരപ്പൂക്കള്‍ നിറഞ്ഞ പുഴക്കരയില്‍ യാത്രക്കാരെ കാത്ത് നിശ്ചലമായി കിടക്കുന്ന തോണി... ആകാശത്തെ തൊടുന്ന മട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങോലകള്‍...

പഴമയുടെ നാട്ടുവഴികളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന അത്തരം ചിത്രങ്ങള്‍ അത്ഭുതമല്ല, പക്ഷേ അതൊരു പെയിന്റിംഗാണെങ്കിലോ? ഫോട്ടോകളേക്കാള്‍ പൂര്‍ണ്ണത നല്‍കുന്ന ചിത്രങ്ങളാണവ.

പൂര്‍ണ്ണത ആഗ്രഹിക്കുന്ന, പഴമയെ സ്നേഹിക്കുന്ന ബബിത നായര്‍ എന്ന കലാകാരിയുടെ വിയര്‍പ്പുണ്ട് ഈ പെയിന്റിംഗുകള്‍ക്ക് പിന്നില്‍. പാരമ്പര്യമായി കിട്ടിയ ചിത്രകലയെ സ്നേഹിക്കുന്ന ബബിതയുടെ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ക്യാന്‍വാസുകളിലൂടെ...

വര്‍ണ്ണങ്ങളുടെ ലോകം


യാത്രകളിലും വീടിനുള്ളിലുമൊക്കെ കാണുന്ന കാഴ്ചകളാണ് ഞാന്‍ ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നത്. പല മീഡിയം ഉപയോഗിക്കാറുണ്ടെങ്കിലും ഓയില്‍ പെയിന്റിംഗും അക്രലിക് പെയിന്റിംഗുമാണ് ഞാന്‍ കൂടുതലും ചെയ്യുന്നത്. പല തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തിയാണ് വരയ്ക്കുന്നത്.

പോട്രെയ്റ്റുകള്‍ വരയ്ക്കാനാണ് കൂടുതലിഷ്ടം. ഓരോ മുഖങ്ങള്‍ക്കും വ്യക്തമായ ഐഡന്റിറ്റി ഉണ്ട്. ഓരോ മുഖത്തെയും ഭാവങ്ങളും വികാരങ്ങളും സ്‌കിന്‍ ടോണുമെല്ലാം വ്യത്യസ്തമാണ്. പല നിറങ്ങള്‍ കൂട്ടി യോജിപ്പിച്ചെടുത്താണ് ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നത്.

uploads/news/2018/02/191203/babithanair100218a.jpg

എന്റെ ചിത്രങ്ങളില്‍ ഏറെ പ്രശംസ നേടിത്തന്നത് വിഷാദഭാവത്തില്‍ ഇരിക്കുന്ന വൃദ്ധയുടെ ചിത്രമാണ്. അവരുടെ കണ്ണുകള്‍ക്കുപോലും പലതും പറയാനുണ്ടത്രേ. ആ ചിന്തകളെ, ഭാവങ്ങളെ മുഖത്ത് കാണിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് ആ പെയിന്റിംഗിന് ജീവനുള്ളതായി തോന്നുന്നത്.

ജീവിതത്തിന്റെ പല ഭാവങ്ങളെ ക്യാന്‍വാസിലേക്ക് പകര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ ചിത്രത്തിന് പൂര്‍ണ്ണത നല്‍കാന്‍ പരമാവധി ശ്രദ്ധിക്കാറുമുണ്ട്. ഇത് ചിലപ്പോഴൊക്കെ നെഗറ്റീവാ യും ബാധിച്ചിട്ടുണ്ട്. പൈപ്പിന്‍ ചുവട്ടില്‍ ഇരുന്ന് മീന്‍ വൃത്തിയാക്കുന്ന സ്ത്രീയുടെ ചിത്രം ഞാന്‍ വരച്ചിരുന്നു.

ഇത് ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഞാനറിയാതെ ആരോ പബ്ലിഷ് ചെയ്തു. പലരും ഈ പെയിന്റിംഗിനെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെ എഡിറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളാണ് അവയെന്ന് ചിലര്‍ വാദിച്ചു. ആ കമന്റുകളാണ് വീണ്ടും വരയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

നിറങ്ങളെ സ്‌നേഹിച്ച ബാല്യം


അച്ഛന്‍ നന്നായി വരയ്ക്കും. ഏറ്റവും കൂടുതല്‍ എന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതും അച്ഛനാണ്. ചിത്രരചന പഠിച്ചിട്ടൊന്നുമില്ല. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് രവിവര്‍മ്മ ചിത്രങ്ങെളക്കുറിച്ചുള്ള ഒരു പുസ്തകം എനിക്ക് സമ്മാനമായി കിട്ടി. ആ പുസ്തകവും അതിലെ ചിത്രങ്ങളും എനിക്ക് പ്രചോദനമായി. അതുപോലെ എന്റെ ചിത്രങ്ങള്‍ക്കും പൂര്‍ണ്ണത വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു.

പിന്നീട് കര്‍ണ്ണാടക ചിത്രകലാ പരിഷത്തില്‍ ചിത്രകല പഠിക്കാന്‍ ചേര്‍ന്നു. ചിത്രകലയെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നതു പോലും ആ സമയത്താണ്. അവിടെ നിന്ന് ലഭിച്ച പാഠങ്ങളും എക്‌സ്‌പോഷറും കരിയറില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.

ചിത്രകലാ പഠനത്തിനൊപ്പം ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിപ്ലോമയും ചെയ്തു. പഠനശേഷം കുറച്ചു നാള്‍ ഡിസൈനറായി ജോലി ചെയ്തു. ഇപ്പോള്‍ ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റാണ്.

കസ്റ്റമേഴ്‌സിന്റെ ആവശ്യപ്രകാരം ചിത്രങ്ങള്‍ വരച്ചു കൊടുക്കാറുണ്ട്. പലപ്പോഴും രാത്രി വളരെ വൈകിയൊക്കെ വരയ്ക്കാനിരിക്കാറുണ്ട്. ചിലപ്പോഴൊക്കെ വരയ്ക്കാനിരിക്കുമ്പോള്‍ സമയം പോകുന്നതു പോലും അറിയാറില്ല.

uploads/news/2018/02/191203/babithanair100218b.jpg

പഴമയുടെ വര്‍ണ്ണങ്ങള്‍


ബംഗളൂരുവിലും കേരളത്തിലുമായി ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചിത്ര പ്രദര്‍ശനം, ഫേയ്‌സസ് ഓഫ് ലൈഫ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ നിറയുന്ന ചിത്രങ്ങളായിരുന്നു അവയെല്ലാം.

പഴയ കാലത്തെ അടുക്കളയുടെ ചിത്രമാണ് പ്രദര്‍ശനത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. അതുകണ്ട് നേരിട്ട് അഭിനന്ദിച്ചവരും ഏറെയാണ്. പ്രകൃതിയുടെ അപൂര്‍വതകളും പച്ചപ്പില്‍ മുങ്ങിയ ഗ്രാമക്കാഴ്ചകളും പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശനം കാണാനെത്തിയവരെ ഏറെ ആകര്‍ഷിച്ചവ യില്‍പ്പെടുന്നു.

പിന്തുണയാണ് കരുത്ത്


അച്ഛന്‍ ഗോപിനാഥന്‍ നായരും അമ്മ ഗീത ഗോപിനാഥും ചെറുപ്പം മുതല്‍ ഒരുപാടെന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നെ ചിത്രരചനാ മത്സരങ്ങള്‍ക്ക് കൊണ്ടുപോകുന്നത് അച്ഛനാണ്. ഞാന്‍ പെയിന്റിംഗില്‍ ശ്രദ്ധ കൊടുക്കുമ്പോള്‍ അ ച്ഛന്‍ കൂടുതലും കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളുമാണ് വരയ്ക്കുന്നത്.

ഇവര്‍ക്കു പുറമേ ഭര്‍ത്താവ് സജീഷാണ് ഏറ്റവും വലിയ കരുത്ത്. അദ്ദേഹം ഉത്തരാഖണ്ഡില്‍ ടൂറിസം ബിസിനസ് ചെയ്യുകയാണ്. മകന്‍ വേദ് മഹാദേവ് നാലാം ക്ലാസില്‍ പഠിക്കുന്നു. ചിത്രരചനയ്ക്ക് പുറമേ ഞാനിപ്പോള്‍ തിരുവനന്തപുരത്ത് ആഴ്ചയില്‍ മൂന്ന് ദിവസം ചിത്രരചനയില്‍ ക്ലാസെടുക്കുന്നുണ്ട്.

അശ്വതി അശോക്

Ads by Google
TRENDING NOW