Sunday, February 17, 2019 Last Updated 29 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 09 Feb 2018 03.33 PM

ഒറ്റപ്പെടല്‍ രോഗാവസ്ഥ ആകുമ്പോള്‍

''ഒറ്റപ്പെടലിനെ വല്ലാതെ ഭയപ്പെടുന്ന ചിലരുണ്ട്. ഒറ്റയ്ക്കായി പോകുന്ന ഏതൊരു സാഹചര്യത്തെയും വല്ലാത്ത ഭയത്തോടെയും പേടിയോടെയും കാണുന്നവര്‍. മറ്റുള്ളവരുടെ സാമിപ്യമില്ലായ്മ ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക സമ്മര്‍ദത്തിനുള്ള കാരണമാകും''
uploads/news/2018/02/190909/ottapadal090218.jpg

''മാതാപിതാക്കളുടെ മരണശേഷം ഞങ്ങള്‍ അവനെ ഒരു കുറവുമില്ലാതെയാണ് വളര്‍ത്തിയത്. എന്നിട്ടും അവനെ ആരും സ്‌നേഹിക്കുന്നില്ല, ഒറ്റപ്പെടുന്നു എന്നാണ് പറയുന്നത്്. കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന പരാതിയാണ്. ഞങ്ങളിനി എന്തുചെയ്യും. എങ്ങനെ അവനെ പറഞ്ഞു മനസിലാക്കും''. ഇരുപത്തിയഞ്ചുകാരന്റെ ബന്ധുക്കള്‍ സൈക്കോളജിസ്റ്റിന്റെ മുന്നിലിരുന്നു വിതുമ്പി..

ഒറ്റപ്പെടലിനെ ഭയപ്പെടുന്നവരാണ് നമ്മളില്‍ ഒട്ടുമിക്ക ആളുകളും. സൗഹൃദവും സ്‌നേഹബന്ധങ്ങളുമൊക്കെ ഇല്ലാതാകുന്നത് കുറച്ചൊന്നുമല്ല നമ്മെ വിഷമിപ്പിക്കുക. എന്നാല്‍ ആ വിഷമങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍കൊണ്ട്, ഒറ്റപ്പെടല്‍ ഉണ്ടാകുന്ന സാഹചര്യങ്ങളോട് സ്വാഭാവികമായി പൊരുത്തപ്പെട്ടു കൊണ്ട് മുന്നോട്ട് പോകുന്നു.

എന്നാല്‍ ഒറ്റപ്പെടലിനെ വല്ലാതെ ഭയപ്പെടുന്ന ചിലരുണ്ട്. ഒറ്റയ്ക്കായി പോകുന്ന ഏതൊരു സാഹചര്യത്തെയും വല്ലാത്ത ഭയത്തോടെയും പേടിയോടെയും കാണുന്നവര്‍. മറ്റുള്ളവരുടെ സാമിപ്യമില്ലായ്മ ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക സമ്മര്‍ദത്തിനുള്ള കാരണമാകും. ഒറ്റയ്ക്കാകുമ്പോഴുണ്ടാകുന്ന ഈ അമിത ഭയമാണ് ഓട്ടോ ഫോബിയ.

മോണോ ഫോബിയ, ഇര്‍മോ ഫോബിയ, ഐസലോ ഫോബിയ എന്നിങ്ങനെ മറ്റ് പല പേരുകളില്‍ ഓട്ടോ ഫോബിയ അറിയപ്പെടുന്നു. ഒരു ലഘു മനോരോഗമായ ഓട്ടോ ഫോബിയ ഉത്കണ്ഠാ രോഗങ്ങളുടെ (ആങ്‌സൈറ്റി ഡിസോര്‍ഡര്‍) കൂട്ടത്തില്‍ പെടുന്ന ഒന്നാണ്.

അമിതമായ ഉത്കണ്ഠയാണ് ഓട്ടോഫോബിയയുടെ പ്രധാന വില്ലന്‍. ചുറ്റുപാടും ആളുകള്‍ ഇല്ലാതിരിക്കുമ്പോള്‍ മാത്രമല്ല ഇത്തരം ഭയം ഉണ്ടാകുക. തന്നെ എല്ലാവരും ഒഴിവാക്കുന്നു, ആരും സ്‌നേഹിക്കുന്നില്ല എന്ന തരത്തിലുള്ള ചിന്തയും, വിശ്വാസവുമാണ് ഒറ്റപ്പെട്ടതിനുള്ള കാരണമായി ഓട്ടോ ഫോബിയ ഉള്ളവര്‍ പൊതുവേ പറയുക.

ലക്ഷണങ്ങള്‍


ഉത്കണ്ഠാ രോഗലക്ഷണങ്ങളെല്ലാം തന്നെ ഓട്ടോ ഫോബിയ ഉള്ളവരിലും കാണാന്‍ കഴിയും. ഒറ്റപ്പെടുന്ന സാഹചര്യമെന്ന് തോന്നി തുടങ്ങുമ്പോള്‍ തന്നെ ശാരീരികവും മാനസികവുമായ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും.

1. ഒറ്റപ്പെട്ട് പോകുമോ എന്ന അമിതമായ ചിന്ത
2. ഒറ്റയ്ക്കാകുന്ന സാഹചര്യങ്ങളില്‍ അപ്രതീക്ഷിതമായ വിപത്തുകള്‍ സംഭവിക്കുമോ എന്നുള്ള അമിത ഭയം
3. നെഞ്ച് വേദനയും നെഞ്ചിടിപ്പും അസാധാരണമായ വിധം വര്‍ധിക്കുക, ശരീരത്തിന് അമിത വിറയല്‍ അനുഭവപ്പെടുക, തലകറക്കം, ഓക്കാനം, തുടങ്ങിയ അസ്വസ്ഥതകള്‍ ഒറ്റപ്പെടുന്ന സാഹചര്യങ്ങളില്‍ ശരീരത്തില്‍ അനുഭവേദ്യമാകുക.
4. ഒറ്റപ്പെട്ട് പോകുമോ എന്ന് ചിന്തിച്ച് എപ്പോഴും ആകുലപ്പെട്ടുകൊണ്ടിരിക്കുക.
5. മറ്റൊന്നിലും ശ്രദ്ധ നിലനിര്‍ത്താന്‍ കഴിയാതെ വരിക, എപ്പോഴും ഒറ്റപ്പെടലിനെക്കുറിച്ച് മാത്രം ചിന്തിക്കുക.
6. ഒന്നിനെക്കുറിച്ചും കൃത്യമായും വ്യക്തതയോടും കൂടി ചിന്തിക്കാന്‍ കഴിയാതെ വരിക.

uploads/news/2018/02/190909/ottapadal090218a.jpg

കാരണങ്ങള്‍


കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഒറ്റപ്പെടലാണ് ഓട്ടോ ഫോബിയ ഉണ്ടാകാനുള്ള പ്രധാന കാരണമായി പറയപ്പെടുന്നത്. മാതാപിതാക്കളുടെ മരണം, വിവാഹ മോചനം, എന്നിവയൊക്കെ ചെറിയ പ്രായത്തില്‍ മാനസിക സംഘര്‍ഷത്തിന് ഇടയാക്കും.

തട്ടികൊണ്ട് പോകല്‍ പോലുള്ള കടുത്ത മാനസിക സംഘര്‍ഷം (ട്രോമ) നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍, ഒറ്റപ്പെട്ട കുടുംബാന്തരീക്ഷങ്ങള്‍ തുടങ്ങിയവ ഇവയില്‍ എടുത്തു പറയേണ്ടവയാണ്. കുട്ടിക്കാലത്ത് ഉണ്ടാകുന്ന മാനസിക പ്രയാസങ്ങള്‍ ഓട്ടോ ഫോബിയയിലേക്ക് നയിക്കാം.

ചെറിയ പ്രായത്തില്‍ അനുഭവിക്കേണ്ടി വന്ന വിഷമങ്ങള്‍, പ്രിയപ്പെട്ടവരുടെ മരണം ഇവയൊക്കെ കൂടുതല്‍ ഒറ്റപ്പെടലുകള്‍ക്ക് കാരണമാകുന്ന സാഹചര്യങ്ങളാണ്. സ്‌നേഹിക്കാന്‍ ആരുമില്ലെന്ന തോന്നലും, ജീവിതത്തില്‍ ഒറ്റപ്പെടുമോ എന്ന അമിത ഭയവുമാണ് ഓട്ടോ ഫോബിയയിലേക്ക് ഓരോ വ്യക്തിയെയും എത്തിക്കുന്നത്.

പരിഹാരം തെറാപ്പിയിലൂടെ


സൈക്കോ തെറാപ്പികളാണ് ഓട്ടോ ഫോബിയ പോലുള്ള ഉത്കണ്ഠാ രോഗങ്ങള്‍ക്ക് പൊതുവേ നല്‍കാറുള്ളത്. ഒറ്റപ്പെട്ടു പോകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുന്ന (അവോയിഡന്‍സ്) സ്വഭാവത്തെ പരിഹരിക്കാന്‍ പഠിപ്പിക്കുകയാണ് തെറാപ്പിയിലൂടെ ചെയ്യുക.

ഒറ്റപ്പെട്ടു പോകുമെന്ന ചിന്തയും സാഹചര്യങ്ങളും വ്യക്തിയില്‍ ഉളവാക്കുകയും അത്തരം സാഹചര്യങ്ങളില്‍ താങ്കള്‍ സുരക്ഷിതനാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യും. ഘട്ടം ഘട്ടമായി നല്‍കുന്ന ശാസ്ത്രീയമായ ചികിത്സ രീതിയായ എക്‌സ്‌പോഷര്‍ തെറാപ്പിയും വളരെയധികം ഗുണം ചെയ്യുന്നതാണ്.

എക്‌സ്‌പോഷര്‍ തെറാപ്പിയോടൊപ്പം തന്നെ കൊഗ്നിറ്റീവ് തെറാപ്പിയും ബിഹേവിയറല്‍ തെറാപ്പിയും ഓട്ടോ ഫോബിയ മറികടക്കാന്‍ ഉപയോഗിക്കാറുണ്ട്. ഒറ്റയ്ക്കായി പോയി എന്ന ചിന്തയും പെരുമാറ്റവും പരിഹരിക്കാന്‍ കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയിലൂടെ സാധിക്കും.

കൂടാതെ കൃത്യമായ ചികിത്സയിലൂടെ ഓട്ടോ ഫോബിയ പരിഹരിച്ച്് വ്യക്തിയെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കാനും സാധിക്കും.

ബോബന്‍ ഇറാനിമോസ്
കണ്‍സള്‍ട്ടന്റ്് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ആക്ടീവ് മൈന്‍ഡ്‌സ്
മൈന്‍ഡ് ക്ലിനിക് ഫോര്‍ ചില്‍ഡ്രന്‍ ആന്‍ഡ് അഡല്‍റ്റ്‌സ്,
കോട്ടയം

തയാറാക്കിയത് : നീതു സാറാ ഫിലിപ്പ്

Ads by Google
Friday 09 Feb 2018 03.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW