Sunday, February 17, 2019 Last Updated 20 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Feb 2018 01.56 AM

അശാന്തനെ അപമാനിച്ച സംഭവം : 'ഇടതുപക്ഷ'ത്തെ പ്രതിക്കൂട്ടിലാക്കി കവിതയുടെ രാജി

uploads/news/2018/02/190232/Kavitha-Balakrishnan.jpg

അന്തരിച്ച ചിത്രകാരന്‍ അശാന്തനെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ കേരള ലളിതകലാ അക്കാഡമി ഭരണസമിതിയില്‍നിന്നും എക്‌സിക്യുട്ടീവ്‌ അംഗവും ചിത്രകാരിയുമായ കവിത ബാലകൃഷ്‌ണന്‍ രാജിവച്ചത്‌ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കുന്നു. ഇടതുപക്ഷസര്‍ക്കാരിനും ഇടതുപക്ഷ സാംസ്‌കാരികപ്രവര്‍ത്തകര്‍ക്കും നേരേയുള്ള വിമര്‍ശനമായിട്ടാണ്‌ പലരും രാജിയെ കാണുന്നത്‌. അക്കാഡമി സെക്രട്ടറി രാജിവയ്‌ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌. ഇടതുപക്ഷം സംഘപരിവാറിന്‌ കീഴടങ്ങുകയാണോയെന്നു നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്‌ സംശയം ഉന്നയിച്ചു.
അശാന്തന്റെ മൃതദേഹം എറണാകുളത്തെ ലളിതകലാ അക്കാഡമിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത്‌ പൊതുദര്‍ശനത്തിനുവയ്‌ക്കുന്നതിനു സാമൂഹികവിരുദ്ധരുടെ കൂടി സമ്മതം തേടേണ്ടിവന്നതു ജനാധിപത്യസമൂഹത്തോട്‌ മാപ്പു പറയേണ്ട കാര്യമാണെന്നു കവിതാ ബാലകൃഷ്‌ണന്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‌ നല്‍കിയ രാജിക്കത്തില്‍ പറയുന്നു.

സമൂഹ ജീവിതത്തില്‍ എന്നതുപോലെ കലാ രംഗത്തും എല്ലാവര്‍ക്കും ഒരേ നീതി കിട്ടുന്ന, സ്വതന്ത്ര പൊതുവിടത്തിനുവേണ്ടിയാകാണം ഇടതു സര്‍ക്കാര്‍ നിയോഗിച്ച ഭരണസമിതി പ്രവര്‍ത്തിക്കേണ്ടതെന്നു കവിതയുടെ രാജിക്കത്തില്‍ പറയുന്നു. " നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ദിവസം അശാന്തന്‍ എന്ന ചിത്രകാരന്റെ മൃതദേഹം അക്കാഡമിയുടെ മുന്‍ വാതിലിലൂടെ കടത്തിക്കൊണ്ടുവരാനും മുന്നിലെ പന്തലില്‍ അന്ത്യദര്‍ശനത്തിനുവയ്‌ക്കാനും കേരള ലളിതകലാ അക്കാഡമിക്കു കഴിഞ്ഞില്ല. അതിനു സംഘപരിവാര്‍ ശക്‌തികളുടെ അനുമതി വേണ്ടിവരുമെന്ന അവസ്‌ഥയുണ്ടായി. വരുംവരായ്‌കകളും ശരികേടുകളും ആലോചിക്കാതെ അവരുമായി മധ്യസ്‌ഥപ്പെട്ടു. പാര്‍ശ്വത്തിലുള്ള വഴിയിലൂടെയാണ്‌ മൃതദേഹം കടത്തിയത്‌. അതോടെ അശാന്തനെ മരണാനന്തരം അക്കാഡമിയും അക്ഷരാര്‍ഥത്തില്‍ അപമാനിച്ചു.

വര്‍ഗീയതയ്‌ക്കെതിരെയുള്ള പ്രതിരോധം ദുര്‍ബലമാകുന്നുവെന്ന തെറ്റായ അടയാളം ഇത്‌ സമൂഹത്തില്‍ വിക്ഷേപിച്ചുകഴിഞ്ഞു. അക്കാഡമി ഇക്കാര്യത്തില്‍ പൊതുജനത്തോട്‌ മാപ്പ്‌ പറയണം. ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടായിട്ടും ചെയര്‍മാനോ സെക്രട്ടറിയോ കാര്യങ്ങള്‍ യഥാസമയം കൂടിയാലോചിച്ചിട്ടില്ലാത്തതിനാല്‍ എക്‌സിക്യുട്ടീവ്‌ മെമ്പറെന്ന നിലയില്‍ ഈ സംഭവ വികാസങ്ങളൊന്നും അറിയാനോ അഭിപ്രായം ഉന്നയിക്കാനോ എനിക്ക്‌ അവസരം ലഭിച്ചിട്ടില്ല. ചില സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞ്‌ ചെയര്‍മാനെ വിളിച്ച്‌ ചോദിച്ചിട്ടാണ്‌ അവിശ്വസനീയമായ വിധത്തിലുള്ള വാര്‍ത്ത സ്‌ഥിരീകരിച്ചത്‌. അപ്പോഴേക്കും കാര്യങ്ങള്‍ക്കെല്ലാം വളരെ അപമാനകരമായ പരിണതി ആയിക്കഴിഞ്ഞിരുന്നു.

ഒരു കലാകാരി എന്ന നിലയിലും കലാചരിത്ര ഗവേഷകയും എഴുത്തുകാരിയുമെന്ന നിലയിലും അക്കാഡമിയുമായി തുടര്‍ന്നും സഹകരിച്ചുപോകാന്‍ ആഗ്രഹമുണ്ടെങ്കിലും കമ്മിറ്റിയില്‍ തുടരാന്‍ പ്രയാസമുണ്ട്‌. അക്കാഡമി ഭരണസമിതി ഏകപക്ഷീയമായി എടുത്ത തീരുമാനവുമായി ഒരു തരത്തിലും രാഷ്‌ട്രീയമായി യോജിക്കാനാകില്ല. ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച എക്‌സിക്യുട്ടീവ്‌ അംഗത്തിനു ന്യായീകരിക്കാവുന്ന തീരുമാനവുമല്ല ഭരണസമിതി എടുത്തത്‌. ഈ സാഹചര്യത്തില്‍ കമ്മിറ്റിയില്‍ ഉത്തരവാദിത്തത്തോടെയും ഉറപ്പോടെയും വിശ്വാസത്തോടെയും തുടരാനാകില്ല." -രാജിക്കത്തില്‍ കവിത ബാലകൃഷ്‌ണന്‍ പറഞ്ഞു.

Ads by Google
Wednesday 07 Feb 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW