Sunday, February 17, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google

ഹാഷ് ടാഗ്

Aparna Prasanthi
Aparna Prasanthi
Saturday 03 Feb 2018 01.50 PM

നാളെ ഒരു മൊബൈല്‍പടമായി നമ്മളും...

വഴിയേ നടക്കുന്ന, ചേര്‍ന്നിരിക്കുന്ന ആണിനേയും പെണ്ണിനേയും സദാചാരം പറഞ്ഞ് ഭീഷണിപ്പെടുത്തും, ആക്ഷേപിക്കും, ട്രാന്‍സ്ജന്‍ഡേഴ്‌സിനെ തല്ലി ചതയ്ക്കും.. മറ്റുള്ളവരുടെ സ്വകാര്യതകളില്‍ ഒളിഞ്ഞുനോക്കി സ്വയം ആനന്ദിക്കും. ഒളിക്യാമറകളില്‍ അവള്‍ വസ്ത്രം മാറുന്ന പടങ്ങള്‍ വൈറല്‍ ആക്കും.നടിമാരെയും ഏതെങ്കിലും സ്ത്രീകളെയും കുറെ തെറി വിളിക്കും..
Mobile mania

സനുഷ. തീരെ കുഞ്ഞു കുട്ടിയായിരിക്കുമ്പോള്‍ ബാലതാരമായും പിന്നീട് നായികയായും നമുക്ക് നല്ല പരിചയമുള്ള മുഖം. അവരാണ് കഴിഞ്ഞദിവസം ട്രെയിനില്‍വച്ച് ഒരാള്‍ കയറിപിടിക്കാന്‍ വന്നപ്പോള്‍ കൂടെ ഉണ്ടായിരുന്ന എല്ലാവരും സഹായിക്കാതെ നോക്കിനിന്ന സംഭവം ഞെട്ടലോടെ, വിറയലോടെ പുറത്തു പറഞ്ഞത്. അതിനേക്കാളേറെ, ഫേസ്ബുക്കിലൂടെ ഇങ്ങനെയൊരു സംഭവം പറഞ്ഞാല്‍ കിട്ടുമായിരുന്ന ആയിരക്കണക്കിന് പിന്തുണകളെ, അതിന്റെ പൊള്ളത്തരങ്ങളെപ്പറ്റിയുള്ള വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു അവരുടെ വാക്കുകളില്‍. ഇനി ഒരാള്‍ക്കും ഇങ്ങനെ ഉണ്ടാവരുത് എന്ന സത്യസന്ധമായ നിലപാടും അവര്‍ക്ക് ഉണ്ടായിരുന്നു. ഒരു അതിക്രമം, അപകടം ഒക്കെ നടക്കുമ്പോള്‍ നിസംഗരായ കുറെ കാഴ്ചക്കാര്‍, പിന്നെ യാത്രകള്‍ക്കിടയില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന ചോദ്യം.. രണ്ടിനും ഞെട്ടിക്കുന്ന നിസ്സഹായത മാത്രമാണ് ഇപ്പോഴും നമുക്കുള്ള ഉത്തരം എന്ന് ആ പെണ്‍കുട്ടിയും ആ സംഭവവും ഓര്‍മിപ്പിക്കുന്നു

വീട്ടിലേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയില്‍ സൗമ്യ എന്ന പെണ്‍കുട്ടി അതിഭീകരമാംവിധം കൊല്ലപ്പെട്ടിട്ട് കുറെ വര്‍ഷങ്ങളായി. സംഭവത്തിനു ദൃക്‌സാക്ഷികളും ഉണ്ടായിരുന്നു. ഇത്രയും വലിയ ശാരീരികാതിക്രമണം നടന്നിട്ടും അവിടെവച്ച് ആരും, ആരും പ്രതികരിച്ചു കണ്ടില്ല. ആ പെണ്‍കുട്ടി മരിച്ചപ്പോള്‍ സ്ത്രീ സുരക്ഷക്കായി നൂറായിരം ശബ്ദങ്ങള്‍ ഉയര്‍ന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സൗമ്യയെക്കാള്‍ ഉയര്‍ന്ന സാമൂഹ്യ സാഹചര്യമുള്ള മലയാളികള്‍ക്ക് സുപരിചിതമായ മുഖമുള്ള ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നു. അതും എ സി കമ്പാര്‍ട്‌മെന്റിന്റെ സുരക്ഷിതത്വത്തില്‍.. അവള്‍ കൈ തട്ടിമാറ്റി കൂടെയുള്ളവരോട് സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അപരിചിതരായ അത്തരം മുഖങ്ങളെ വിശ്വസിച്ച് അവരെ കൂട്ട് വിളിക്കുന്നു. ആരും വന്നില്ല. ഇനിയിപ്പോള്‍ അവള്‍ ധരിച്ച വസ്ത്രത്തിന്റെ അളവെടുക്കാനും രാത്രി യാത്ര ചെയ്തതിന്റെ സദാചാരഭംഗം പരിശോധിക്കാനും സിനിമാ നടികളുടെ മൊത്തത്തിലുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് അച്ചടിച്ച് കൊടുക്കാനും കുറെ ആള്‍ക്കാര്‍ വരുമായിരിക്കും..

ഒരാള്‍ ചോരവാര്‍ന്നു മരിക്കാറായാല്‍, നാട്ടുകൂട്ടം ആരെയെങ്കിലും തല്ലിച്ചതച്ചാല്‍ ഒക്കെ നിശബ്ദമായി നോക്കി നില്ക്കാന്‍, പറ്റുമെങ്കില്‍ ഫോട്ടോയും വിഡിയോയും എടുത്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കാന്‍ നമ്മള്‍ ശീലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരാളുടെ മരണം, പോസ്റ്റ് മോര്‍ട്ടം, പ്രസവം ഒക്കെ പരസ്പരം പങ്കുവച്ച് രസിക്കാന്‍ തക്കവണ്ണം ക്രൂരരായ സാഡിസ്റ്റുകളായി നമ്മള്‍ മാറി . ഒരു ഫേസ്ബുക്ക് ഐക്യദാര്‍ഢ്യം കൊണ്ട് വലിയ രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്യുന്നവരും ഈ ഫോട്ടോ എടുത്ത് രസിക്കുന്നവരുടെ കൂട്ടത്തിലുണ്ടാവും. ഈ ഫോട്ടോകള്‍ കൂടുതല്‍ പങ്കുവെക്കുന്നവര്‍ക്കു വലിയ താരപരിവേഷം നല്‍കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകള്‍വരെ നമുക്ക് ചുറ്റുമുണ്ട്. നിസംഗമായി, പ്രതികരിക്കാതെ ചുറ്റും നടക്കുന്നതൊന്നും നമ്മളെ ബാധിക്കുന്നേ ഇല്ല എന്ന മനസോടെ നമ്മള്‍ നടന്നു പോകുന്നു. ശ്രീജിത്ത് സമരം ചെയ്തത് വലിയ ആവേശത്തോടെ ഏറ്റെടുക്കുന്ന ഈ പൊതുജനപ്രതിനിധികളില്‍ പലരും അതേ സമര പന്തലിനു മുന്നിലൂടെ നിസംഗരായി എത്രയോകാലം നടന്നു പോയവരാവില്ലേ. വഴിയേ നടക്കുന്ന, ചേര്‍ന്നിരിക്കുന്ന ആണിനേയും പെണ്ണിനേയും സദാചാരം പറഞ്ഞ് ഭീഷണിപ്പെടുത്തും, ആക്ഷേപിക്കും, ട്രാന്‍സ്ജന്‍ഡേഴ്‌സിനെ തല്ലി ചതയ്ക്കും.. മറ്റുള്ളവരുടെ സ്വകാര്യതകളില്‍ ഒളിഞ്ഞുനോക്കി സ്വയം ആനന്ദിക്കും. ഒളിക്യാമറകളില്‍ അവള്‍ വസ്ത്രം മാറുന്ന പടങ്ങള്‍ വൈറല്‍ ആക്കും.നടിമാരെയും ഏതെങ്കിലും സ്ത്രീകളെയും കുറെ തെറി വിളിക്കും.. ഇതിനപ്പുറം ആരെങ്കിലും അപകടത്തില്‍പ്പെട്ട് കിടന്നാലോ ആക്രമിക്കപ്പെട്ടാലോ നോക്കി നില്‍ക്കും, പറ്റുമെങ്കില്‍ നല്ല ക്ലാരിറ്റി ഉള്ള പടമെടുത്ത് എല്ലാവര്‍ക്കും അയച്ചു കൊടുത്തും അപ്‌ലോഡ് ചെയ്തും ഹീറോ ആകും.. എന്നിട്ട് സമൂഹ മാധ്യമങ്ങളില്‍ ശക്തമായി പ്രതികരിക്കും

എറണാകുളത്ത് പദ്മ ജംഗ്ഷനില്‍വച്ച് നാലാംനിലയില്‍നിന്നു വീണ മനുഷ്യനെ ആശുപത്രിയില്‍ എത്തിച്ച അഡ്വക്കേറ്റ് രഞ്ജിനി പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്,
'' യുവാക്കളായ നിരവധി പേര്‍ ഈ ദൃശ്യങ്ങളെല്ലാം കണ്ട് അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ചിലപ്പോള്‍ അവരവരുടെ കാര്യങ്ങളിലായിരിക്കാം. അവര്‍ എവിടെ നിന്ന്, എന്തിന് വരുന്നു എന്ന് പോലും നമുക്കറിയില്ലല്ലോ. പക്ഷെ ഞാന്‍ ഒരുപാട് കെഞ്ചിയപ്പോള്‍ മധ്യവയസ്‌കരായ മൂന്നാലുപേര്‍ സഹായത്തിനെത്തി. കാരണം വീണുകിടന്നയാള്‍ നല്ല ഉയരവും വണ്ണവുമുള്ളയാളായിരുന്നു. എനിക്ക് ഒറ്റയ്ക്ക് പൊക്കിയെടുക്കാനാവുമായിരുന്നില്ല. ആ സാഹചര്യത്തില്‍ ആരെങ്കിലും സഹായിച്ചേ മതിയാവുമായിരുന്നുള്ളൂ. ചിലര്‍ ഇടപെടാത്തത് പേടിച്ചിട്ടാണ്. അവര്‍ പെട്ടുപോവുമോ, കേസിന് സാക്ഷി പറയാന്‍ പോവേണ്ടിവരുമോ തുടങ്ങിയ ചിന്തകളായിരിക്കും. ചിലര്‍ക്ക് സാമ്പത്തികമായി ഇതിന്റെ ചെലവുകള്‍ താങ്ങാന്‍ കഴിയില്ലായിരിക്കും. പക്ഷെ മറ്റൊരു കാര്യം, ഇതെല്ലാം ഓരോരുത്തരുടേയും സമീപനത്തിന്റെ പ്രശ്‌നങ്ങളാണ്. നമ്മള്‍ എന്ത് വന്നാലും പ്രതികരണ ശേഷി നഷ്ടപ്പെടുത്തരുതെന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഒരു ജീവനാണ്, അതിന് വലിയ വിലയുണ്ട്. ആ ജീവന്‍ എങ്ങനേയും രക്ഷിച്ചേ മതിയാകൂ.''( അഴിമുഖത്തോടു കടപ്പാട് )

ഇങ്ങനെയൊരു രഞ്ജിനി എന്നും എല്ലായിടത്തും ഉണ്ടാവില്ല. വളരെ അപൂര്‍വമായേ കാഴ്ചക്കാരില്‍ നിന്നും ഒരാള്‍ ഇടപെടൂ. മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ കുറെ അയല്‍ക്കാരികള്‍ തല്ലിച്ചതച്ചതും, ട്രെയിനില്‍ വച്ച് നാടോടി ബാലികയെ മോഷണം ആരോപിച്ചു അതിക്രമിച്ചപ്പോള്‍ നോക്കിനിന്നതും ഇങ്ങനെ കുറെ മനുഷ്യരാണ്. അറിയുന്നതും അറിയാത്തതുമായ ഇത്തരം കുറെ സംഭവങ്ങള്‍ ദിവസേന നമുക്ക് ചുറ്റും നടക്കുന്നു.

ഇങ്ങനെ അതിക്രമങ്ങളെ നോക്കിനിന്ന് ചിരിച്ചു രക്ഷപ്പെടുമ്പോള്‍ കുറച്ചുകൂടെ കടന്നു അതിന്റെ എക്‌സ്‌ക്ല്യൂസീവ് സെല്‍ഫികള്‍ സൂക്ഷിക്കുമ്പോള്‍ എപ്പോഴെങ്കിലും നമ്മള്‍ ഓര്‍ത്തിട്ടുണ്ടോ ഇങ്ങനെ ഒരു മൊബൈല്‍ പടമായി നമ്മള്‍ മാറാനുള്ള സാധ്യത. ഇല്ലെങ്കില്‍ ഓര്‍ക്കുന്നത് നല്ലതാണ്. അപ്പോഴും ഇതുപോലെ കപടമായ ഐകദാര്‍ഢ്യങ്ങള്‍ ഉണ്ടായേക്കാം, സമൂഹത്തിന്റെ അധഃപതനത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ അതിലുമധികം ഉണ്ടായേക്കാം. അത്രമാത്രം...

Ads by Google

ഹാഷ് ടാഗ്

Aparna Prasanthi
Aparna Prasanthi
Saturday 03 Feb 2018 01.50 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW