Friday, January 18, 2019 Last Updated 5 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.21 AM

ഈ പുസ്‌തകം തുറന്നു നോക്കുക

uploads/news/2018/01/183496/re8.jpg

സ്‌റ്റീഫന്‍ മാര്‍ക്കിന്റെ, പ്രായമുള്ള അമ്മായി മരിക്കുന്നതിനു മുമ്പ്‌ വില്‍പത്രത്തില്‍ ഇപ്രകാരം എഴുതി വച്ചിരുന്നു, എന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്കാവശ്യമായ ചെലവുകളും കടങ്ങളും വീട്ടിയതിന്‌ ശേഷം എനിക്കുള്ള ബാക്കി പണവും വിലപ്പെട്ട കുടുംബ വേദപുസ്‌തകവും എന്റെ അനന്തിരവനായ സ്‌റ്റീഫന്‍ മാര്‍ക്കിന്‌ കൊടുക്കുക. തനിക്ക്‌ കുറച്ചു പണം കിട്ടുമെന്നറിഞ്ഞപ്പോള്‍ സ്‌റ്റീഫന്‌ വളരെ സന്തോഷം തോന്നി. എന്നാല്‍ വേദപുസ്‌തകത്തോട്‌ വലിയ താല്‌പര്യം ഒന്നും തോന്നിയില്ല. അത്‌ ഒന്നു തുറന്നു നോക്കുവാന്‍ പോലും തുനിയാതെ അയാള്‍ അത്‌ തന്റെ പെട്ടിക്കുള്ളില്‍ ഉപേക്ഷിച്ചു.
അടുത്ത 30 വര്‍ഷങ്ങള്‍ സ്‌റ്റീഫന്‍ വളരെ ബുദ്ധിമുട്ടുള്ളവനായി ജീവിച്ചു. ആവശ്യത്തിനുള്ള ഭക്ഷണമോ വസ്‌ത്രമോ ഒന്നുമില്ലാതെ അയാള്‍ നാളുകള്‍ കഴിച്ചുകൂട്ടി. പ്രായം ചെന്ന്‌ വളരെ ക്ഷീണിതനായപ്പോള്‍ അടുത്ത പട്ടണത്തില്‍ താമസിക്കുന്ന തന്റെ മകന്റെ അടുക്കലേക്കു പോകുവാന്‍ അദ്ദേഹം തീരുമാനിച്ചു. തന്റെ ലഘുവായ കൈമുതലുകള്‍ എടുത്ത്‌ അടുക്കികൊണ്ടിരുന്നപ്പോള്‍ ആ പഴയ കുടുംബ വേദപുസ്‌തകം പെട്ടിയുടെ അടിയിലായി ഇരിക്കുന്നത്‌ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. അതിന്റെ പുറത്ത്‌ പറ്റിയിരുന്ന പൊടി തട്ടിക്കളഞ്ഞു കൊണ്ടിരുന്നപ്പോള്‍ അതു യാദൃശ്‌ചികമായി തുറക്കാന്‍ ഇടയായി. അതിനുള്ളിലെ കാഴ്‌ച കണ്ട്‌ അദ്ദേഹം സ്‌തംബധനായിപ്പോയി. ധാരാളം വിലയേറിയ കറന്‍സി നോട്ടുകള്‍ വേദപുസ്‌തകത്തിന്റെ ഓരോ താളുകള്‍ക്കിടയില്‍ ഭദ്രമായി വച്ചിരുന്നു.
തന്റെ വേദപുസ്‌തകത്തിലുള്ള നിധി മനസ്സിലാക്കാതെ അദ്ദേഹം നീണ്ട മുപ്പത്‌ വര്‍ഷങ്ങള്‍ ഒരു പാവപ്പെട്ടവനായി ജീവിച്ചു. ഈ മനുഷ്യനെപ്പോലെ ഇന്നും അനേകര്‍ ജീവിക്കുന്നുണ്ട്‌. ദൈവവചനം അനുഗ്രഹസമൃദ്ധി വാഗ്‌ദാനം ചെയ്‌തിട്ടും അതിനെ സ്വീകരിക്കുവാന്‍ അവര്‍ വിമുഖത കാട്ടുന്നു. ഇന്ന്‌ നമ്മുടെ കൈവശമുള്ള തിരുവചനത്തില്‍ കറന്‍സികളില്ലെങ്കിലും ജീവിതത്തിന്‌ ആവശ്യമായ അനുഗ്രഹങ്ങള്‍ അടങ്ങിയിട്ടുണ്ട്‌.
ഓരോ ദിവസവും നാം വായിക്കുന്ന തിരുവചനം അതതു ദിവസത്തേക്കുള്ള ദൈവദൂതാണ്‌ എന്ന്‌ ഉറച്ചു വിശ്വസിക്കണം. ദൈവവചനം നമ്മെ നന്മയിലേക്കും സല്‍പാതകളിലേക്കും നയിക്കും. ദൈവത്തിന്റെ തിരുവെഴുത്തുകള്‍ ധ്യാനിക്കുവാനും അനുസരിക്കുവാനും നാം തയാറാകുമ്പോഴാണ്‌ ജീവിതം ധന്യമാകുന്നത്‌.
യേശു പറയുന്നു: ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്‌ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ച്‌, തന്റെ ക്രൂശ്‌ എടുത്തു എന്നെ അനുഗമിക്കട്ടെ.
ഇന്ന്‌ എന്നെത്തന്നെ ത്യജിച്ച്‌ എന്റെ ക്രൂശ്‌ എടുക്കുവാന്‍ പറഞ്ഞിരിക്കുന്നത്‌ എങ്ങനെ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയും, ഇന്ന്‌ എങ്ങനെ യേശുവിനെ എനിക്ക്‌ അനുഗമിക്കുവാന്‍ സാധിക്കും എന്ന്‌ ചിന്തിക്കുക. യേശുവിന്റെ വെളിപാടിനായി കാത്തിരിക്കുക. തീര്‍ച്ചയായും പരിശുദ്ധാത്മാവ്‌ നിങ്ങള്‍ക്ക്‌ ദൈവിക സത്യങ്ങള്‍ വെളിപ്പെടുത്തിത്തരും.
ദൈവത്തെ അനുസരിക്കുന്നത്‌ പലപ്പോഴും അത്ര സന്തോഷമുള്ള അനുഭവം ആയിരിക്കുകയില്ല. എന്റെ ഒരു സ്‌നേഹിതന്‍ രാവിലെ പ്രാര്‍ത്ഥിക്കുവാന്‍ എഴുന്നേല്‍ക്കുവാന്‍ അലാറം വെയ്‌ക്കാറുണ്ട്‌. എന്നാല്‍ ആ ഘടികാരത്തെ അദ്ദേഹം ആദ്യമൊക്കെ എത്ര വെറുത്തിരുന്നെന്നോ? ചിലപ്പോഴൊക്കെ അത്‌ തല്ലി നിര്‍ത്തിയിട്ടുണ്ട്‌. അല്ലാത്തപ്പോള്‍ തലയണക്കടിയിലേക്ക്‌ തല പൂഴ്‌ത്തിവെച്ച്‌ പിന്നെയും കിടന്നുറങ്ങിയിട്ടുണ്ട്‌. എഴുന്നേല്‍ക്കാറുള്ളപ്പോള്‍ പച്ചവെള്ളംപോലും അദ്ദേഹം വെറുത്തിട്ടുണ്ട്‌. അവസാനം പ്രാര്‍ത്ഥിക്കുവാനായി മുട്ടുകുത്തുമ്പോള്‍ അതും അത്ര ശരിയാകുന്നില്ല എന്നു തോന്നുമായിരുന്നു.
എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ ഒരു സത്യം മനസിലായി, ഈ തീരുമാനം നടപ്പിലാക്കുവാന്‍ സാധിക്കും. കാരണം അദ്ദേഹം മുടങ്ങാതെ എഴുന്നേല്‍ക്കാന്‍ തുടങ്ങി. പ്രാര്‍ത്ഥനയ്‌ക്കു ഉത്തരം ലഭിക്കുവാന്‍ തുടങ്ങി, ദൈവത്തോടു കൂടുതല്‍ അടുത്തു ജീവിക്കുവാന്‍ തുടങ്ങി. യേശു പറഞ്ഞു, മനുഷ്യന്‍ ജീവിക്കുന്നത്‌ അപ്പം കൊണ്ട്‌ മാത്രമല്ല, ദൈവത്തിന്റെ വചനം കൊണ്ടുമാണ്‌. പുറമെ കാണുന്ന ഈ പണവും സാഹചര്യങ്ങളും അല്ല ജീവിതത്തിന്റെ ആധാരം.
കോടീശ്വരനും ആത്മഹത്യ ചെയ്യുന്നില്ലേ...? എല്ലാമുള്ളവനും മാനസികത്തകര്‍ച്ച നേരിടുന്നില്ലേ...? ലക്ഷപ്രഭുവിന്റെ വീട്ടില്‍ സ്വസ്‌ഥതയുണ്ടോ..? പാപത്തിനും ലഹരിക്കും മദ്യപാനത്തിനും അടിമയായി ജീവിതം തകരുകയല്ലേ...? എന്തെല്ലാം ഉയര്‍ച്ച ഉണ്ടായാലും അതിനപ്പുറമായ ഏതോ ഒരു കാര്യം നമുക്കാവശ്യമാണ്‌. അതാണ്‌ ദൈവത്തിന്റെ വചനം എന്നു പറയുന്നത്‌.
ദൈവത്തിന്റെ വചനങ്ങള്‍ നാം പ്രമാണിക്കുകയും അതനുസരിച്ച്‌ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്‌താല്‍ നമ്മുടെ ജീവിതത്തില്‍ ഒരു സാഹചര്യത്തിലും ഒരു വ്യക്‌തിയുടെ മുന്‍പിലും ലജ്‌ജിച്ചുപോകേണ്ട ആവശ്യം വരികയില്ല.
മറ്റുള്ളവരോട്‌ തെറ്റു ചെയ്‌തപ്പോള്‍, കോപിച്ചപ്പോള്‍, അത്‌ തെറ്റായിപ്പോയെന്നും അത്‌ പാപമാണെന്ന്‌ മനസിലാക്കിയും അതിന്‌ ക്ഷമചോദിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌ ദൈവത്തിന്റെ വചനമാണ്‌.
ഒരു പണ്ഡിതന്‍ പറഞ്ഞു: ഒന്നുകില്‍ ദൈവത്തിന്റെ വചനം നിന്നെ പാപത്തില്‍ നിന്ന്‌ സൂക്ഷിക്കും. അല്ലെങ്കില്‍ പാപം നിന്നെ ദൈവത്തിന്റെ വചനത്തില്‍ നിന്നും സൂക്ഷിക്കും. അതായത്‌,നീ എല്ലാ ദിവസവും ദൈവത്തിന്റെ വചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്‌താല്‍ പാപത്തില്‍ നിന്നും നിനക്ക്‌ വിടുതല്‍ ലഭിക്കും. സമാധാനവും സ്വസ്‌ഥതയുമുണ്ടാകും. ദൈവത്തിന്റെ അനുഗ്രഹം മഴപോലെ നിന്റെ മേല്‍ പെയ്‌തുകൊണ്ടിരിക്കും.
ദൈവവചനത്തില്‍ നിന്നും വ്യത്യസ്‌തമായി ദൈവം ഒരിക്കലും ഒരു കാര്യത്തിലേക്കും നമ്മെ നയിക്കുകയില്ല. എല്ലാ ദിവസവും മുടങ്ങാതെ സമര്‍പ്പണത്തോടെ തിരുവചനം പഠിക്കുമ്പോള്‍ പടിപടിയായി പരിശുദ്ധാത്മാവ്‌ നമ്മെ നയിക്കുന്നതായി അനുഭവപ്പെടും!
ദൈവവചനം ധ്യാനിക്കുന്നതും പഠിക്കുന്നതും ക്രമീകൃതമായ ഒരു ചിട്ടയായി നിങ്ങള്‍ വളര്‍ത്തിയെടുക്കുക. ദൈവത്തിന്റെ വചനം രാപ്പകല്‍ ധ്യാനിക്കുവാനുള്ള മനസൊരുക്കം നിങ്ങള്‍ക്കുണ്ടായിരിക്കട്ടെ.

Ads by Google
Sunday 14 Jan 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW