Friday, April 06, 2018 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 02.07 AM

ഡല്‍ഹി കടന്ന ബ്ലാസ്‌റ്റേഴ്‌സ് മുംബൈയില്‍

uploads/news/2018/01/183465/s2.jpg

മുംബൈ: ഡല്‍ഹി കീഴടക്കിയതിന്റെ ആത്മവിശ്വാസത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നു മുംബൈയില്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ സീസണ്‍ രണ്ടാം പകുതിയിലേക്കു കടക്കുമ്പോള്‍ തങ്ങളുടെ 10-ാം മത്സരത്തില്‍ ഇന്ന്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌.സിയും ഏറ്റുമുട്ടുന്നു.
മുംബൈ ഫുട്‌ബോള്‍ അരീനയില്‍ ഇന്നു രാത്രി എട്ടുമണി മുതലാണ്‌ മത്സരം. വൈകീട്ട്‌ 5:30നു നടക്കുന്ന ആദ്യ മത്സരത്തില്‍ ലീഗിലെ ഒന്നാം സ്‌ഥാനക്കാരായ ബംഗളുരു എഫ്‌.സി. അവസാന സ്‌ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിനെ നേരിടും. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ ഈ മത്സരം അരങ്ങേറുന്നത്‌.
കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ വിജയവഴിയില്‍ തിരിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഫോം തുടരാന്‍ ലക്ഷ്യമിട്ടാണ്‌ മുംബൈയ്‌ക്കെതിരേ ഇറങ്ങുന്നത്‌.
കൊച്ചിയില്‍ നടന്ന അദ്യ പാദത്തില്‍ ഇരുടീമുകളും 1-1നു സമനില പാലിച്ചിരുന്നു. എന്നാല്‍ ആദ്യ പാദത്തില്‍ നേരിട്ട കേരള ബ്ലാസറ്റേഴ്‌സിനെ അല്ല രണ്ടാം പാദത്തില്‍ ഇന്നു മുംബൈയ്‌ക്കു നേരിടേണ്ടി വരിക.
പുതിയ പരിശീലകന്‍ ഡേവിഡ്‌ ജെയിംസിന്റെ കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയതൃഷ്‌ണയുള്ള ടീമായി മാറിക്കഴിഞ്ഞു. ജയിംസ്‌ പരിശീലകനായി എത്തിയ ശേഷം നടന്ന രണ്ടു മത്സരങ്ങളില്‍ ഒരു സമനിലയും ഒരു ജയവുമാണ്‌ ബ്ലാസ്‌റ്റേഴ്‌ നേടിയത്‌.
കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ അവരുടെ നാട്ടില്‍ മികച്ച സ്‌കോറില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞതും മത്സരത്തില്‍ ഹാട്രിക്‌ നേടി സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം ഫോമിലേക്കു തിരിച്ചെത്തിയതും ബ്ലാസ്‌റ്റേഴ്‌സിനു ആത്മവിശ്വാസം പകരുന്നു.
എന്നാല്‍ മധ്യനിര പൂര്‍ണഫോമിലേക്ക്‌ എത്താത്തതും പേരുകേട്ട പ്രതിരോധ നിരയ്‌ക്ക് ചില അവസരങ്ങളില്‍ പിഴവുകള്‍ പറ്റുന്നതും ഡേവിഡ്‌ ജയിംസിനു തലവേദനയാകും. പക്ഷേ, ആദ്യ മത്സരങ്ങളില്‍ റെനെ മ്യൂലന്‍സ്‌റ്റിന്റെ കീഴില്‍ കളിച്ചതില്‍ നിന്നു വ്യത്യസ്‌തമായി ബ്ലാസ്‌റ്റേഴ്‌സിന്റെ കളി മെച്ചപ്പെട്ടുവെന്ന്‌ സമ്മതിക്കാതെ വയ്യ.
മുന്‍നിരയില്‍ ഇയാന്‍ ഹ്യൂം, മധ്യനിരയില്‍ കറേജ്‌ പെക്കൂസണ്‍, കിസിറ്റോ കിസിറോണ്‍ എന്നിവര്‍ മികച്ച ഫോമിലാണ്‌. നായകന്‍ സന്ദേശ്‌ ജിങ്കന്‍, വെസ്‌ ബ്രൗണ്‍, ലാല്‍റുത്ത്വാര, റിനോ ആന്റോ എന്നിവരടങ്ങുന്ന പ്രതിരോധ നിരയും മോശമല്ല.
കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ ബള്‍ഗേറിയന്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്‌ ഇന്ന്‌ കളിച്ചേക്കില്ല. അതേസമയം പരുക്കിനെത്തുടര്‍ന്ന്‌ രണ്ടു മത്സരങ്ങളില്‍ പുറത്തിരുന്ന മലയാളി താരം സി.കെ. വിനീത്‌ ഇന്ന്‌ ആദ്യ ഇലവനില്‍ തിരിച്ചെത്തും.
സസ്‌പെന്‍ഷനെത്തുടര്‍ന്ന കഴിഞ്ഞ മത്സരം കളിക്കാതിരുന്ന പ്രതിരോധ താരം ലാസിച്ച്‌ പെസിച്ചും ഇന്നു തിരിച്ചെത്തും. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മറ്റു മാറ്റങ്ങള്‍ക്കു സാധ്യതയില്ല.
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും തോല്‍വി അറിയാതയാണ്‌ മുംബൈ ഇറങ്ങുന്നത്‌. അവസാനം കളിച്ച മത്സരങ്ങളില്‍ നോര്‍ത്ത്‌ ഈസറ്റിനെതിരെ 2-0നും ഡല്‍ഹി ഡൈനാമോസിനെതിരെ 4-0നും ജയിച്ച അവര്‍ കഴിഞ്ഞ മത്സരത്തില്‍ ജംഷെഡ്‌പൂരിനെതിരേ 2-2 സമനില വഴങ്ങിയിരുന്നു.
ബ്രസീലിയന്‍ താരങ്ങളായ എവര്‍ട്ടണ്‍ സാന്റോസ്‌, തിയാഗോ സാന്റോസ്‌, കാമറൂണ്‍ താരം അഖിലെ എമ്മാന, ഇന്ത്യന്‍ താരം ബല്‍വന്ത്‌ സിങ്‌ എന്നിവരാണ്‌ മുംബൈയുടെ ഗോളടിയന്ത്രങ്ങള്‍.
തിയാഗോയും ബല്‍വന്തും ആക്രമണം നയിക്കുമ്പോള്‍ മധ്യനിരയില്‍ കളി മെനയുന്നത്‌ എവര്‍ട്ടണും എമ്മാനയും ചേര്‍ന്നാണ്‌.
ഇവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ സഞ്‌ജു പ്രധാനും സെഹ്നാജ്‌ സിങ്ങും ചേരുമ്പോള്‍ മധ്യ-മുന്നേറ്റ നിര പൂര്‍ണ സജ്‌ജം.
നായകന്‍ ലൂസിയാന്‍ ഗൊയാന്‍ നയിക്കുന്ന പ്രതിരോധനിരയും കടുകട്ടിയാണ്‌. ഗൊയാനൊപ്പം ഗെഴ്‌സണ്‍ വിയേര, ഐബര്‍ലാങ്‌ ഖൊന്‍ജി, രാജു ഗെയ്‌ക്ക്വാദ്‌, മെഹ്‌റാജുദ്ദീന്‍ വാഡൂ എന്നിവരാണ്‌ പ്രതിരോധത്തില്‍ ബാറിനു കീഴില്‍ അമരീന്ദര്‍ സിങ്ങും.

Ads by Google
Sunday 14 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW