കൊച്ചി: നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കേരള വിനോദസഞ്ചാര വികസന കോര്‍പറേഷനില്‍ (കെ.ടി.ഡി.സി.) ഉദ്യോഗസ്ഥ ധൂര്‍ത്ത്. തേക്കടിയിലെ ഉദ്യോഗസ്ഥ പ്രമുഖന് ആള്‍ദൈവത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതുവരെ ടൂറിസം കോര്‍പറേഷന്റെ വണ്ടിയില്‍. തേക്കടി തടാകത്തിലൂടെ ഓടിത്തുടങ്ങിയ ബോട്ടിന്റെ ഉദ്ഘാടനം ഒരുമാസം കഴിഞ്ഞ് ആഘോഷമാക്കി നടത്തിയും ധൂര്‍ത്ത്.
തേക്കടിയില്‍ കെ.ടി.ഡി.സിക്കു മൂന്നു ഹോട്ടലാണുള്ളത്. തേക്കടി തടാകതീരത്തുള്ള ആരണ്യ നിവാസ്, തടാകത്തിനു നടുവിലുള്ള ലേക്ക് പാലസ്, പെരിയാര്‍ ഹൗസ് എന്നിവയാണു െഹോട്ടലുകള്. ഇവയില്നിന്നാണു സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനവും കെ.ടി.ഡി.സിക്കു ലഭിക്കുന്നത്.
നിലവില്‍ ആരണ്യനിവാസിലേ മാനേജരുള്ളൂ. മറ്റു ഹോട്ടലുകളില്‍ മാനേജര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതിന്റെ മറവിലാണ് ഉദ്യോഗസ്ഥ ധൂര്‍ത്ത്. ഹോട്ടലുകളില്‍നിന്നു ചെങ്കരയിലുള്ള ആള്‍ദൈവത്തിനെ ദര്‍ശിക്കാന്‍ ഉദ്യോഗസ്ഥ പ്രമുഖന് പോകുന്നത് ഇവിടെ അനുവദിച്ചിരിക്കുന്ന ഔദ്യോഗിക വാഹനത്തിലാണ്. ഇതുസംബന്ധിച്ച് മാനേജിങ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചെങ്കിലും നടപടിയെടുത്തില്ല.
മന്ത്രിയെയും എം.പിയെയും ക്ഷണിച്ചുവരുത്തി ബോട്ട് ലാന്‍ഡിങില്‍ വച്ചാണ് ഡിസംബര്‍ പത്തുമുതല്‍ ഓടിത്തുടങ്ങിയ ബോട്ടിന്റെ ഉദ്ഘാടനം ഇന്നു നടത്തുന്നത്. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ മന്ത്രി എം.എം. മണിയാണ് ബോട്ട് ഉദ്ഘാടനം ചെയ്യുന്നത്. കെ.ടി.ഡി.സി ചെയര്‍മാനും, എം.ഡിയും ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നുണ്ട്. സഞ്ചാരികള്‍ക്കായുള്ള രണ്ടു ബോട്ടുകള്‍ക്ക് പുറമെയാണ് ഇരുനില ബോട്ട് "ജലയാത്ര" കെ.ടി.ഡി.സി. തേക്കടിയിലെത്തിച്ചത്. 120 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണ് ജലയാത്ര.
തേക്കടിയില്‍ കെ.ടി.ഡി.സി ഹോട്ടലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് പല തസ്തികകളിലും ഇരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതു മറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓടിതുടങ്ങിയ ബോട്ടിന്റെ ഉദ്ഘാടനം ആഘോഷമാക്കി നടത്താന്‍ തീരുമാനച്ചതിനു പിന്നിലെന്നും ആരോപണമുണ്ട്.
എം.എസ്. സന്ദീപ്