തിരുവനന്തപുരം: മലയാളി പ്രവാസികളുടെ പൊതുവേദിയായ ലോക കേരള സഭയ്ക്കു സമാപനം. രണ്ടുദിവസമായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്രവാസിക്ഷേമത്തിന് ഊന്നല്‍ നല്കി നടപടി കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സഭയുടെ തുടര്‍പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നിയമസഭാ മാതൃകയില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭാ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപീകരിക്കും. കമ്മിറ്റി സമര്‍പ്പിക്കുന്ന ശിപാര്‍ശകള്‍ സര്‍ക്കാര്‍ പരിഗണിക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും. പ്രവാസി വാണിജ്യ ചേംബറുകളും പ്രവാസി പ്ര?ഫഷണല്‍ സമിതികളും കേരള വികസന നിധി രൂപീകരിക്കാനും പദ്ധതിയുണ്ടെന്നു പിണറായി പറഞ്ഞു.
പ്രവാസി സംഘടനകളെ ഏകോപിപ്പിച്ച് രോഗബാധിതര്‍ക്കും അപകടത്തില്‍പ്പെടുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നല്കാന് ഉതകുന്ന പദ്ധതി ആവിഷ്കരിക്കാനും ആലോചനയുണ്ട്. കണ്ണൂര്‍, ശബരിമല വിമാനത്താവള പദ്ധതികളില്‍ സിയാല്‍ മാതൃകയിലുള്ള നിക്ഷേപം കൊണ്ടുവരാന്‍ ശ്രമിക്കും. എന്‍.ആര്.ഐ. നിക്ഷേപത്തിന് മാത്രമായി ഏകജാലക സംവിധാനം ആരംഭിക്കണമെന്ന നിര്ദേശത്തിനാവശ്യമായ സാധ്യതാ പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസന ചരിത്രത്തില്‍ ഒരുമയുടെ പുത്തന്‍ സൂര്യോദയമാണ് ലോക കേരള സഭയുടെ രൂപീകരണത്തോടെ ലഭിച്ചിരിക്കുന്നതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. എല്ലാ ജില്ലകളിലും വിശാലമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു. കൂടുതല്‍ നിക്ഷേപങ്ങളെത്തിക്കുന്നതില് പ്രവാസികള്‍ മുന്‍കൈയെടുക്കണമെന്നും അക്കാര്യത്തില്‍ ലോക കേരള സഭ സഹായകമാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഭാ പ്രസീഡിയത്തിലെ മറ്റ് അംഗങ്ങളും പ്രസംഗിച്ചു.