ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ സി.പി.ഐ. നേതാവ് ഡി. രാജയുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്നു കര്‍ണാടക മുന്‍ അഡ്വ. ജനറല്‍ ബി.വി. ആചാര്യ. ചീഫ് ജസ്റ്റിസിനെതിരേ പരസ്യവിമര്‍ശനം ഉന്നയിച്ച പത്രസമ്മേളനത്തിനു ശേഷമാണു ജസ്റ്റിസ് ചെലമേശ്വര്‍, ഡി. രാജയുമായി കൂടിക്കാഴ്ച നടത്തിയത്.
ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയത് ശരിയായില്ല. പക്ഷേ മറ്റെല്ലാ വാതിലുകളും അടഞ്ഞതോടെ ആ നടപടിയ ന്യായീകരിക്കാം. എന്നാല്‍ ഡി.രാജയുമായി കൂടിക്കാഴ്ച നടത്തിയ ജസ്റ്റിസ് ചെലമേശ്വറിന്റെ നടപടി സംഭവങ്ങള്‍ക്ക് മറ്റൊരു മാനം നല്‍കുന്നുണ്ട്.
രാഷ്ട്രീയക്കാര്‍ കളിക്കാന്‍ ശ്രമിക്കുന്നതായാണു തോന്നുന്നത്. എന്തു സാഹചര്യമായാലും ജസ്റ്റിസ് ചെലമേശ്വര്‍ കമ്യൂണിസ്റ്റ് നേതാവിനെ കാണാന്‍ പാടില്ലായിരുന്നു-ബി.വി. ആചാര്യ പറഞ്ഞു.
കൂടിക്കാഴ്ചയില്‍ അപാകതയില്ലെന്ന നിലപാടിലാണു സി.പി.ഐ. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഡി. രാജ തയാറായില്ല.