Friday, January 18, 2019 Last Updated 13 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.35 AM

'വിജയ' രഹസ്യം

uploads/news/2018/01/183392/sun4.jpg

2017 ലെ സൂപ്പര്‍ഹിറ്റായ രണ്ടു സിനിമകളായിരുന്നു അങ്കമാലി ഡയറീസും ആട്‌ രണ്ടും. ഏതൊരു നിര്‍മാതാവും മുതല്‍മുടക്കിനായി മടിക്കുന്ന പരീക്ഷണങ്ങളായിരുന്നു ഈ രണ്ടു സിനിമകളുടെയും മുഖമുദ്ര. അങ്കമാലി ഡയറീസ്‌ എണ്‍പതിലധികം പുതുമുഖങ്ങളെ അവതരിപ്പിച്ച്‌ അണിഞ്ഞൊരുങ്ങിയപ്പോള്‍ ലോകത്തില്‍ ആദ്യമായി പരാജയപ്പെട്ട ഒരു സിനിമയ്‌ക്ക് രണ്ടാം ഭാഗമിറങ്ങുന്നുവെന്ന സവിശേഷതയുമായാണ്‌ ആട്‌ രണ്ട്‌ പ്രേക്ഷകരുടെ ഓമനയാകാനെത്തിയത്‌. ഈ രണ്ടുസിനിമകളുടെയും നിര്‍മാതാവ്‌ നടന്‍ വിജയ്‌ബാബുവായിരുന്നു. വലിയ അവകാശങ്ങളോടെ വന്ന്‌ തിയറ്ററില്‍ മൂക്കുംകുത്തി വീണ ബ്രഹ്‌മാണ്ഡ സിനിമകളെയെല്ലാം കടത്തിവെട്ടി മുന്നേറിയ ഈ രണ്ടു ചിത്രങ്ങളും നിര്‍മ്മിക്കാന്‍ തെരഞ്ഞെടുത്ത വിജയ്‌ബാബു സിനിമയില്‍ വ്യത്യസ്‌ഥമായ കാഴ്‌ചപ്പാടുകളോടെയാണ്‌ മുന്നേറുന്നത്‌.
'സിനിമ ഒരു പ്ര?ഡക്‌ട്'
സിനിമയെ ഒരു പ്ര?ഡക്‌ടായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. കോടികളുടെ മുതല്‍മുടക്ക്‌ വേണ്ട പ്ര?ഡക്‌ട്. അപ്പോള്‍ അതില്‍ നിന്ന്‌ ലാഭം കിട്ടണം. ആ പ്ര?ഡക്‌ട് കൂടുതല്‍ പേരില്‍ എത്താന്‍ അനുയോജ്യമായ മാര്‍ക്കറ്റിങ്‌ തന്ത്രങ്ങള്‍ വേണം. ആവശ്യക്കാരന്‌ കുടുതല്‍ ഇഷ്‌ടപ്പെടണം. ഇത്തരം ചിന്താഗതികള്‍ സിനിമയെക്കുറിച്ച്‌ എനിക്കുണ്ട്‌.
ഞാന്‍ നിര്‍മിച്ച എല്ലാ സിനിമകളിലും കഥയുടെ ആലോചന മുതല്‍ എല്ലാകാര്യങ്ങളിലും എന്റെ സാന്നിധ്യമുണ്ടാകാറുണ്ട്‌. എന്റെ അഭിപ്രായങ്ങള്‍ ഞാന്‍ പറയാറുമുണ്ട്‌.
കാസ്‌റ്റിങ്‌ കാര്യങ്ങളിലും കഥയുടെ ചര്‍ച്ചകളിലുമെല്ലാം വ്യക്‌തമായ ധാരണകളുമുണ്ട്‌. ഇന്ന്‌ ഒരു ഫാമിലിക്ക്‌ തിയറ്ററില്‍ വന്ന്‌ സിനിമകണ്ട്‌ മടങ്ങുന്നതിന്‌ ആയിരം രൂപയ്‌ക്കടുത്തെങ്കിലും ചിലവുണ്ട്‌. അതുകൊണ്ട്‌ പ്രേക്ഷകര്‍ വളരെ സെലക്‌റ്റീവാണ്‌. അവര്‍ മികച്ചതേ തെരഞ്ഞെടുക്കൂ. ഉത്സവ സീസണിലെല്ലാം അഞ്ചോളം സിനിമകള്‍ റിലീസാകുന്നുണ്ട്‌. സാധാരണക്കാരന്‌ അതെല്ലാം കാണാന്‍ അവന്റെ ജീവിത ചെലവുകള്‍ അനുവദിക്കില്ല. അപ്പോള്‍ സിനിമകള്‍ തമ്മില്‍ മത്സരമുണ്ടാകും. മികച്ചത്‌ അവന്‍ തെരഞ്ഞെടുക്കും. ഒരു വര്‍ഷം കേരളത്തില്‍ നൂറ്റിയമ്പതിനടുത്ത്‌ സിനിമകള്‍ റിലീസാകുന്നുണ്ട്‌. ഇവയ്‌ക്ക് എല്ലാം തിയറ്റില്‍ ഓടാനുള്ള സ്‌പേസ്‌ കിട്ടാന്‍ വളരെ പ്രയാസമാണ്‌. സിനിമ കാണുന്ന ശീലങ്ങളിലും വളരെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്‌.
അത്‌, ഏത്‌ ഉപകരണത്തിലൂടെ കാണണമെന്നു തീരുമാനിക്കുന്നത്‌ പ്രേക്ഷകനാണ്‌. തിയറ്ററില്‍ ചെന്ന്‌ കാണണോ, അതോ കമ്പ്യൂട്ടറില്‍ കാണണോ, മൊബൈലില്‍ കാണണോ, ടിവിയില്‍ കാണണോയെന്നെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കും. അതിന്‌ അവനെ കുറ്റംപറഞ്ഞിട്ടുകാര്യമില്ല. അത്‌ അവരുടെ ശീലങ്ങളാണ്‌. അവര്‍ക്ക്‌ മികച്ചത്‌ കൊടുക്കാനാണ്‌ സിനിമപ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടത്‌. പിന്നെ മുതല്‍മുടക്കിന്റെ വലിപ്പം കാട്ടിയൊന്നും ആളുകളെ സിനിമയിലേക്ക്‌ അടുപ്പിക്കാന്‍ കഴിയുമെന്ന തോന്നലൊന്നും എനിക്കില്ല. ഗുണമേന്മയിലാണ്‌ കാര്യം. അല്ലാതെ അവകാശ വാദങ്ങളിലല്ല.
പരീക്ഷണങ്ങളോട്‌ പ്രണയം
അങ്കമാലി ഡയറീസും ആടും മാത്രമല്ല, ഞാന്‍ നിര്‍മ്മിച്ച ആദ്യ ചിത്രമായ മങ്കിപെന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, അടി കപ്യാരേ കൂട്ടമണി തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രമേയത്തിലും അവതരണത്തിലും പുതുമയുള്ള പരീക്ഷണ ചിത്രങ്ങളായിരുന്നു. മങ്കിപെന്‍ എന്ന പേരില്‍ തന്നെ ഒരു പുതുമയുണ്ട്‌. ഒന്‍പതുവയസുള്ള ഒരു കുട്ടിയാണ്‌ അതില്‍ കേന്ദ്രകഥാപാത്രമാകുന്നത്‌. തുടര്‍ന്നുവന്ന സിനിമകളിലും ഈ പരീക്ഷണം കാണാം. കേള്‍ക്കുന്ന മാത്രയില്‍ എന്നെ ആകര്‍ഷിക്കുന്ന കഥകളാണ്‌ ഞാന്‍ നിര്‍മ്മാണത്തിന്‌ ഏറ്റെടുക്കുന്നത്‌. ആ കഥയില്‍ സിനിമ മാര്‍ക്കറ്റ്‌ ചെയ്ാനുള്ള സാധയ്യതകള്‍ എത്രത്തോളമുണ്ടെന്നു നോക്കും.
ഇപ്പോള്‍ അങ്കമാലി ഡയറീസിന്റെ കാര്യം പറഞ്ഞാല്‍ അതില്‍ അഭിനയിച്ചവരെല്ലാംതന്നെ പുതുമുഖങ്ങളാണ്‌. തൊണ്ണൂറ്‌ ശതമാനത്തിലേറെ പുതുമുഖങ്ങള്‍. എനിക്ക്‌ അങ്കമാലി ഡയറീസിന്റെ സംവിധായകന്‍ ലിജോജോസില്‍ നൂറുശതമാനം വിശ്വാസമുണ്ടായിരുന്നു. ഒന്നാമത്‌ അങ്കമാലി ലിജോയുടെ നാടാണ്‌. ആ കഥ നടക്കുന്നത്‌ ലിജോയുടെ നാട്ടിലാണ്‌. ലിജോയും ചെമ്പനുമെല്ലാം അവിടത്തെ എല്ലാം കാര്യങ്ങളുമറിയാം. എനിക്ക്‌ അതുകൊണ്ട്‌ സിനിമയുടെ മാര്‍ക്കറ്റിങ്‌ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയായിരുന്നു.
'ആട്‌' പിറന്നവഴി
ഇനി ആട്‌ രണ്ടിന്റെ കാര്യം പറഞ്ഞാല്‍ ഷാജി പാപ്പനും ആ സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്കും കിട്ടിയ സ്വീകാര്യത തന്നെയാണ്‌ ആടിന്റെ രണ്ടാം ഭാഗമെടുക്കാന്‍ പ്രചോദനമായത്‌. സോഷ്യല്‍ മീഡിയയില്‍ ആടിലെ കഥാപാത്രങ്ങളും ഡയലോഗുകളും അത്രമേല്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അഞ്ച്‌ ട്രോളുകളെടുത്താല്‍ അതിലൊന്നെങ്കിലും ആടിലേതായിരുന്നു. എനിക്ക്‌ വരാറുള്ള മെസേജുകളിലൂടെ പലരും ചോദിച്ചിരുന്നത്‌ ആട്‌ രണ്ട്‌ എന്നുണ്ടാകുമെന്നായിരുന്നു. ആടിലെ ക്യാരക്‌ടേഴ്‌സിനെ അത്രമേല്‍ ആളുകള്‍ സ്വീകരിച്ചിരുന്നു. പക്ഷേ എന്നിട്ടും ആടിന്റെ ഒന്നാം ഭാഗം തിയറ്ററില്‍ പരാജയപ്പെട്ടു. എന്തുകൊണ്ടാണ്‌ ആ ചിത്രം പരാജയപ്പെട്ടുവെന്നത്‌ ഞങ്ങള്‍ക്ക്‌ വ്യക്‌തമായി അറിയാം. പരാജയ കാരണങ്ങളെ ഒഴിവാക്കിയാണ്‌ ഞങ്ങള്‍ അതിന്റെ രണ്ടാംഭാഗമൊരുക്കിയത്‌. ക്രിസ്‌മസ്‌ റിലീസിനായി ചിത്രമെത്തിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.
ആടിനായി ആലോചിച്ചത്‌ ആറ്‌ കഥകള്‍
കഴിഞ്ഞ ജനുവരിയിലാണ്‌ ആട്‌ രണ്ടിനെക്കുറിച്ച്‌ തീരുമാനമെടുക്കുന്നത്‌. ഞാനും ജയസൂര്യയും മിഥുനും ഇതിനെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തി. മിഥുന്‍ ആട്‌ രണ്ടിനുള്ള ത്രെഡ്‌ പറഞ്ഞു. അതെല്ലാം ഓരോരോ കാരണങ്ങള്‍കൊണ്ട്‌ ഞങ്ങള്‍ വേണ്ടെന്നുവച്ചു. പിന്നെയും ചര്‍ച്ചകള്‍ പുരോഗമിച്ചു.
ആറുകഥകള്‍ വരെ ഞങ്ങള്‍ ഇതിനായി ആലോചിച്ചു. ജൂണ്‍ മാസമാണ്‌ എന്നാല്‍ ഇഷ്‌ടപ്പെട്ട തരത്തിലുള്ള ആശയം കിട്ടുന്നത്‌. കഥ തിരക്കഥയാക്കി ജയസൂര്യക്കാണ്‌ ആദ്യം വായിക്കാന്‍ നല്‍കുന്നത്‌. ജയസൂര്യ ഒ.കെ പറഞ്ഞതോടെ ബാക്കികാര്യങ്ങളിലേക്ക്‌ കടന്നു.
ആട്‌ രണ്ടിന്റെ വിജയത്തിനുശേഷം ഇപ്പോള്‍ പ്രേക്ഷകര്‍ ആട്‌ 3 നെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നുണ്ട്‌. അത്‌ എളുപ്പം സംഭവിക്കുന്ന കാര്യമല്ല. ആ അധ്യായം ഞങ്ങള്‍ അടച്ചിട്ടുമില്ല. നല്ല ത്രെഡ്‌ കിട്ടിയാല്‍ ഞങ്ങളത്‌ ആലോചിക്കുകതന്നെ ചെയ്യും.

എം.എ. ബൈജു

Ads by Google
Sunday 14 Jan 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW