Friday, January 18, 2019 Last Updated 14 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.35 AM

മലയത്ത്‌ മാന്ത്രികച്ചെപ്പ്‌ അടയ്‌ക്കുന്നു

uploads/news/2018/01/183391/sun3.jpg

നിലമ്പൂര്‍ പണ്ടുമതലേ ഇന്ദ്രജാലത്തിന്‌ വളക്കൂറുള്ള മണ്ണാണ്‌. സാമൂതിരിമാരുടെ നേതൃത്വത്തില്‍ കൊടിയേറുന്ന പാട്ടുത്സവപ്പറമ്പിലാണ്‌ നിലമ്പൂരില്‍ വികാസം പ്രാപിച്ച മായാജാലകലയുടെ വേരുകളുള്ളത്‌. പുറംനാടുകളില്‍നിന്നെത്തുന്ന പാമ്പാട്ടികളൂടെയും മരുന്നുവില്‍പനക്കാരായ നാടോടികളുടെയും വയറ്റിപ്പിഴപ്പായിരുന്ന ചെപ്പടിവിദ്യകള്‍ക്ക്‌ കലയുടെ നിറം നല്‍കിയതും കേരളീയമായ തനതുശൈലി നല്‍കിയതും തിരുവേഗപ്പുറയിലെ വാഴക്കുന്നം നീലകണ്‌ഠന്‍ നമ്പൂതിരിയാണ്‌.
ചെത്തിമിനുക്കിയ ചിരട്ടച്ചെപ്പില്‍ വടികൊണ്ടടിച്ച്‌ വിസ്‌മയങ്ങള്‍ സൃഷ്‌ടിക്കുന്ന വാഴക്കുന്നത്തിന്റെ കരവിരുത്‌ അക്കാലത്ത്‌ മലബാറിലാകെ ജനങ്ങളുടെ ചര്‍ച്ചാവിഷയമായിരുന്നു. പിന്നാലെ അതിശയോക്‌തി പരത്തുന്ന കഥകളുമുണ്ടായി. വാഴക്കുന്നം ചെപ്പിനുള്ളില്‍നിന്നും ആനയെവരെ പുറത്തെടുക്കുമെന്ന്‌ ആളുകള്‍ പറയാന്‍ തുടങ്ങി. അത്തരം അതിശയോക്‌തികഥകള്‍ ഒരുവശത്ത്‌ പരക്കുമ്പോള്‍, മറുവശത്ത്‌ മാജിക്‌ എന്ന കല വാഴക്കുന്നത്തിലൂടെ കേരളീയമായ ശൈലി ഉള്‍ക്കൊണ്ട്‌ വികാസം പ്രാപിക്കുകയായിരുന്നു. ഇല്ലങ്ങളിലും ഉത്സവവേദികളിലും ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവിലും വാഴക്കുന്നം മറയില്ലാതെ പച്ചവെളിച്ചത്തില്‍ ജാലവിദ്യകളവതരിപ്പിച്ചു. പരിയാനംപറ്റയെപ്പോലുള്ള കലാകാരന്മാരുടെ സഹായത്തോടെ ആ വിദ്യകള്‍ ഓരോന്നും വിപുലമായി.
അന്നത്തെ ജനജീവിതവുമായി ബന്ധപ്പെട്ടതായിരുന്നു ആ പ്രകടനങ്ങള്‍ എന്നതുകൊണ്ടുതന്നെ വാഴക്കുന്നം അതിവേഗം ജനശ്രദ്ധ നേടി. ഓടുന്ന തീവണ്ടിയിലും കല്യാണപ്പന്തലിലും നാല്‍ക്കവലകളിലും ആളുകള്‍ ആ കരവിസ്‌മയം കണ്ട്‌ അമ്പരന്നുനിന്നു. ഇത്‌ കേരളീയമാജിക്കിന്റെ ആദ്യചുവട്‌.
വാഴക്കുന്നത്തിന്റെ ആരാധകരില്‍ ചിലര്‍ അദ്ദേഹത്തിന്റെ ശിഷ്യരായി ഒപ്പംകൂടിയതോടെ, കേരളീയ മാജിക്കിന്‌ പുതിയ മുഖം കൈവരാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ പ്രമുഖനാണ്‌ മാജിക്കിനെ തിയേട്രിക്കല്‍ ശൈലിയിലേക്ക്‌ കൊണ്ടെത്തിച്ച ആര്‍.കെ. മലയത്ത്‌. നാടകവും നൃത്തവും അരങ്ങേറുന്ന വേദികളിലേക്ക്‌ വര്‍ണവെളിച്ചത്തിന്റെയും നിറപ്പകിട്ടാര്‍ന്ന പശ്‌ചാത്തലദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ മാജിക്കിന്‌ പുതുമുഖം കൈവന്നതോടെ, ഏറനാടിന്റെ വേദികളില്‍ മാജിക്‌ സ്‌ഥാനം പിടിച്ചു. ഉതസവവേദികളില്‍ തുടങ്ങി, പള്ളിപ്പെരുന്നാളുകളുടെയും ആര്‍ട്‌സ് ക്ലബ്ബുകളുടെയും കലാ-സാംസ്‌കാരികസംഘടനകളുടെയും വേദികള്‍ മാജിക്കിനായി തുറന്നുകൊടുത്തു. അങ്ങനെ കേരളത്തില്‍ ആര്‍.കെ. മലയത്ത്‌ രൂപംകൊടുത്ത്‌ വികസിപ്പിച്ചെടുത്ത തീയേട്രിക്കല്‍ മാജിക്‌ ഇന്ന്‌ അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധ കൈവരിച്ചുകഴിഞ്ഞു. മലയത്തിന്റെ പ്രഥമശിഷ്യന്‍ ഗോപിനാഥ്‌ മുതുകാടും മറ്റും ഈ കലയെ കൂടുതല്‍ ജനകീയമാക്കിയതോടെ ഒരു മള്‍ട്ടി എന്റര്‍റ്റെയിന്‍മെന്റ്‌ ആര്‍ട്ടായി മാജിക്‌ അംഗീകരിക്കപ്പെട്ടു. ഒട്ടേറെ പേര്‍ ഈ കലയെ പ്രഫഷനായി സ്വീകരിക്കാന്‍ മുന്നോട്ടുവന്നു.
1973ലാണ്‌ ആര്‍.കെ. മലയത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി തിയേട്രിക്കല്‍ മാജിക്‌ ഗ്രൂപ്പ്‌ രൂപം കൊള്ളുന്നത്‌. വാഴകുന്നം, പരിയാനംപറ്റ തുടങ്ങിയവര്‍ ചേര്‍ന്ന്‌ സ്‌റ്റേജ്‌ ഷോ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അത്‌ തിയേറ്റര്‍ മാജികിന്റെ ശൈലി ഉള്‍ക്കൊണ്ടിരുന്നില്ല. മലയത്തിന്റെ ആഗമനത്തോടെയാണ്‌ തിയേറ്ററിന്റെ എല്ലാ സവിശേഷതകളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാജിക്‌ പ്രദര്‍ശനത്തിന്‌ കേരളം സാക്ഷ്യം വഹിക്കുന്നത്‌. അതുകൊണ്ടാണ്‌ കേരളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മാജിക്‌ ഗ്രൂപ്പ്‌ മലയത്തിന്റേതാണെന്ന്‌ പറയാന്‍ കാരണം.
പ്രേക്ഷകരുടെ വികാരം മനസ്സിലാക്കിക്കൊണ്ട്‌ കഠിനമായ ഗൃഹപാഠം ചെയ്‌തിട്ടാണ്‌ ഓരോ പ്രദര്‍ശനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. 1978ല്‍ 13വയസ്സുള്ളപ്പോഴാണ്‌ മുതുകാട്‌ മലയത്തിന്റെ കീഴില്‍ മാജിക്‌ പഠനം തുടരുന്നത്‌. തുടര്‍ന്ന്‌ എട്ട്‌ വര്‍ഷംകൊണ്ട്‌ സ്വന്തമായി ഒരു മാജിക്‌ ഷോ നടത്താന്‍ പാകത്തില്‍ പരിശീലനം സിദ്ധിച്ചു. അങ്ങിനെ വാഴക്കുന്നില്‍ നിന്നും ഏറ്റുവാങ്ങിയ കൈപ്പന്തത്തിന്റെ ജ്വാല മുതുകാടിന്‌ പകര്‍ന്ന്‌ കൊടുത്തു.
സാമൂഹ്യ ബോധവല്‍ക്കരണത്തിന്‌ വേണ്ടി മാജിക്കിനെ ഉപയോഗപ്പെടുത്താമെന്ന്‌ ഇന്ത്യയില്‍ ആദ്യമായി കാണിച്ചുകൊടുത്ത മാന്ത്രികന്‍ ആര്‍.കെ മലയത്താണ്‌. 1984ല്‍ തുടങ്ങിയ ദേശീയോദ്‌ഗ്രഥന മാജിക്‌. അതിന്‌ ശേഷം എയ്‌ഡ്സ്‌, വാഹനാപകടം, മാനസികാരോഗ്യം, സാക്ഷരത, പ്രകൃതി സംരക്ഷണം, ജലസംരക്ഷണം, വര്‍ഗീയ വിരുദ്ധത തുടങ്ങിയ വ്യത്യസ്‌ത ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മാജിക്‌ പരിപാടികള്‍ കേരളത്തില്‍ അരങ്ങേറി. ഇതില്‍ എടുത്തുപറയാവുന്ന ഒന്ന്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ സംവിധാനം ചെയ്‌ത വര്‍ഗീയ വിരുദ്ധ മാജിക്‌ റാലി ആയിരുന്നു. പിന്നീട്‌ മിക്ക്‌ ജാല വിദ്യക്കാരും ഇതു പോലുള്ള പരിപാടികള്‍ അനുകരിക്കുകയുണ്ടായി.
ആയിരം വര്‍ഗീയ വിരുദ്ധ മാജിക്‌ പ്രകടനങ്ങള്‍ കാഴ്‌ച്ചവെച്ചതില്‍ അഭിനന്ദിച്ച്‌ നടന്‍ കമല്‍ഹാസന്‍ മലയത്തിനെ പൊന്നാട അണിയിച്ച്‌ ആദരിച്ചു. മറ്റുള്ള ജാല വിദ്യക്കാരില്‍നിന്നും മലയത്തിനെ വേറിട്ട്‌ നിര്‍ത്തുന്നതും ഇത്തരം സാമൂഹ്യ പ്രവര്‍ത്തനമാണ്‌. മലയത്ത്‌ കാര്യദര്‍ശിയായ ആക്‌ട് ഫോര്‍ ഹ്യുമാനിറ്റി, ഇന്ത്യന്‍ ബ്ലഡ്‌ ബാങ്ക്‌ സൊസൈറ്റി എന്നീ പ്രസ്‌ഥാനങ്ങളുടെ ഗുഡ്‌ വില്‍ അംബാസഡറാണ്‌ നടന്‍ മോഹന്‍ലാല്‍. മാന്ത്രികം സിനിമയ്‌ക്കുവേണ്ടി മലയത്തില്‍നിന്നും മാജിക്‌ പഠിച്ച അദ്ദേഹം മോഹന്‍ലാല്‍ ആന്‍ഡ്‌ ദ മാജിക്‌ ലാബ്‌ എന്ന പേരില്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ സ്‌റ്റേജ്‌ പ്രദര്‍ശനം നടത്തുകയുമുണ്ടായി.
ഭാര്യ നിര്‍മല മലയത്ത്‌, മക്കളായ രാകിന്‍ മലയത്ത്‌, നികിന്‍ മലയത്ത്‌ എന്നിവര്‍ ഉള്‍പ്പെടുന്ന മാന്ത്രിക കുടുംബമാണ്‌ മലയത്തിന്റേത്‌. ഇന്ത്യയിലെ ആദ്യത്തെ പ്രഫഷണല്‍ ലേഡി മജീഷ്യയാണ്‌ നിര്‍മല മലയത്ത്‌. മകന്‍ രാകിന്‍ മലയത്ത്‌ ഇപ്പോള്‍ പ്രഫഷല്‍ മജീഷ്യനായി അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്‌.
ആര്‍.കെ. മലയത്തിന്റെ മാജിക്‌ ജീവിതത്തിന്‌ 50 വര്‍ഷം തികയുമ്പോള്‍ അത്‌ കേരളത്തിലെ തിയേട്രിക്കല്‍ മാജികിന്റെ 50 വര്‍ഷംകൂടിയായി മാറുന്നു. കേരളത്തില്‍ ആദ്യമായിട്ടാണ്‌ ജാലവിദ്യാരംഗത്ത്‌ ഒരാള്‍ 50 വര്‍ഷം പിന്നിടുന്നത്‌.
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 20ന്‌ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. 25 മാന്ത്രികര്‍ക്കും അഞ്ച്‌ പിന്നണി പ്രവര്‍ത്തകര്‍ക്കും കൂടാതെ മാജിക്കുമായി ബന്ധപ്പെട്ട മികച്ച പുസ്‌തകത്തിനും അവാര്‍ഡ്‌ നല്‍കുന്നു.
തന്റെ പ്രഫഷന്റെ അമ്പതാംവാര്‍ഷികത്തില്‍ 68-ാംവയസ്സില്‍ നില്‍ക്കുന്ന ഈ മാന്ത്രികാചാര്യന്‍ സുവര്‍ണ വിസ്‌മയം 2018ന്റെ വേദിയില്‍ നിന്നും മകന്‍ രാകിന്‍ മലയത്തിന്‌ മാന്ത്രിക വടി കൈമാറിക്കൊണ്ട്‌ സ്‌റ്റേജ്‌ മാജിക്കിന്റെ പടിയിറങ്ങുമ്പോള്‍ കേരളത്തിലെ ഒറ്റമൂലികള്‍ക്ക്‌ സംഭവിച്ചപോലൊരു ആപത്തില്‍നിന്ന്‌ ഇന്ദ്രജാലത്തെ രക്ഷിക്കുക കൂടിയാണ്‌ ചെയ്ുന്നത്‌. രഹസ്യങ്ങളയുടെ കലവറയായ കലയുടെ തുടര്‍ പ്രയാണത്തിനായി അണയും മുമ്പെ മറ്റൊരു വിളക്കിലേക്ക്‌ അഗ്നി പടരാനുള്ള ഒരു കലാകാരന്റെ വിവേകത്തിന്‌ മുന്നില്‍ കലാ കേരളം നമ്രശിരസ്‌കരാകേണ്ടിയിരിക്കുന്നു.
ശിഷ്‌ട ജീവിതം താന്‍ വികസിപ്പിച്ചെടുത്ത മൈന്‍ഡ്‌ ഡിസൈന്‍ എന്ന പരിപാടി നടപ്പിലാക്കുന്നതിനായി മാറ്റിവയ്‌ക്കുന്നു. വിദ്യാര്‍ഥികളില്‍ പരീക്ഷാപേടി മാറുന്നതിനും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനും അവരെ പ്രാപ്‌തരാക്കുന്നതാണ്‌ മൈന്‍ഡ്‌ ഡിസൈന്‍ പരിപാടി. വിദ്യാഭ്യാസ വകുപ്പ്‌ അംഗീകരിച്ച ഈ പരിപാടി നടത്തുന്നത്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്‌.

വി.പി. നിസാര്‍

Ads by Google
Sunday 14 Jan 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW