Friday, January 18, 2019 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jan 2018 01.35 AM

ഷഡ്‌പദം -സജില്‍ ശ്രീധറിന്റെ നോവല്‍ തുടര്‍ച്ച

uploads/news/2018/01/183390/sun2.jpg

റോഡില്‍ വഴിവിളക്കുകള്‍ അധികം ഉണ്ടായിരുന്നില്ല. അപുര്‍വം ചിലത്‌ പോസ്‌റ്റുകാലുകളായി മാത്രം അവശേഷിച്ചു. ഒന്നും പ്രകാശമാനമായില്ല. ചുറ്റും ഇരുട്ടായിരുന്നു. ഒറ്റപ്പെട്ട വാഹനങ്ങള്‍ പോലും കടന്നു പോകുന്നില്ല. ഇടയ്‌ക്കൊരെണ്ണം വേഗതയില്‍ പോയെങ്കിലും കൈകാണിച്ചിട്ട്‌ നിര്‍ത്തിയില്ല. ഇരുട്ടിന്റെ പാരമ്യതയിലൂടെ മനക്കണ്ണുകൊണ്ട്‌ മുന്നോട്ടുളള പാത കണ്ടെത്തി രാമുണ്ണി നടന്നു. അയാളുടെ മനസില്‍ കുടുംബത്തെക്കുറിച്ചുളള ചിന്തകള്‍ മാത്രമായിരുന്നു. സ്വകാര്യതയുടെ സുഖം നിറഞ്ഞ ഭാവിജീവിതത്തിന്റെ കാന്തികത അയാളെ മോഹിപ്പിച്ചു.
എത്രദൂരം നടന്നു എന്നറിയില്ല. കാലുകള്‍ കൂഴയുന്നതും ബാലന്‍സ്‌ തെറ്റിത്തുടങ്ങുന്നതും അയാള്‍ അറിഞ്ഞു. ചാരായത്തിന്റെ പ്രകൃതം അല്‍പ്പം കൂഴപ്പം പിടിച്ചതാണെന്ന്‌ അയാള്‍ക്ക്‌ തോന്നി. സാവധാനമാണ്‌ അത്‌ കത്തിത്തുടങ്ങുന്നത്‌. തലയ്‌ക്ക് പിടിച്ചുതുടങ്ങിയാല്‍ ഉടുമ്പിറുക്കുന്നതു മാതിരിയാണ്‌.
കടുത്ത പിടി. ഉടനെയെങ്ങും വിട്ടുപോകുന്ന മട്ടില്ല. അല്‍പ്പം വെളളമോ മോരോ കിട്ടിയിരുന്നെങ്കിലെന്ന്‌ തോന്നി. പക്ഷെ അടുത്തെങ്ങും വീടുകളോ കടകളോ കണ്ടില്ല. കിലോമീറ്ററുകളോളം നീളത്തില്‍ ചുറ്റും തേക്കിന്‍തോട്ടങ്ങളാണ്‌. ആള്‍വാസമില്ലാത്തതെന്ന്‌ തോന്നിക്കുന്ന തെരുവുകള്‍. വന്യമായ വിജനതയും ഏകാന്തതയും ഭീതിദമായ ഇരുട്ടും അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നു. കുഴഞ്ഞുവീണു പോയേക്കുമെന്ന്‌ രാമു ഭയന്നു. ലഹരി ശരീരത്തിന്റെ സമസ്‌ത തലങ്ങളിലും ആഴത്തില്‍ കത്തിക്കയറുകയാണ്‌.
അടിമുടി വൈദ്യൂതാഘാതമേറ്റ അനുഭവം. കിഴവന്‍ പറഞ്ഞതു പോലെ ശുദ്ധമായ പഴസത്തില്‍ വാറ്റിയ ചാരായമാണെന്ന്‌ തോന്നുന്നില്ല. അത്‌ കഴിച്ചാലുളള അനുഭൂതി ഇതല്ല. ഇതില്‍ ഏതോ കടുത്ത രാസവസ്‌തുക്കള്‍ കലര്‍ത്തിയിട്ടുണ്ട്‌. ഒരു ചുവട്‌ പോലും മുന്നോട്ട്‌ നടക്കാനാവാത്ത വിധം ലഹരി പ്രജ്‌ഞയെ ബാധിക്കുന്നത്‌ രാമു അറിഞ്ഞു. ബോധം മറയാന്‍ തുടങ്ങുന്നതു പോലെയും ഓര്‍മ്മകളും മനസും നഷ്‌ടമാകുന്നതു പോലെയും അയാള്‍ക്ക്‌ തോന്നി. ഇപ്പോള്‍ മരിച്ചു പോകുമെന്ന അവസ്‌ഥ. ജീവന്‍ ശരീരത്തില്‍ നിന്നും അകന്നു പോകുന്ന വിമ്മിഷ്‌ടം.സഹായത്തിന്‌ ആരും ഇല്ലാത്ത പരിതസ്‌ഥിതിയില്‍ താന്‍ മരിച്ചുപോകുമെന്ന്‌ അയാള്‍ക്ക്‌ ഏറെക്കുറെ ഉറപ്പായി. സൗമിനിയുടെയും മക്കളുടെയും മുഖം അയാളുടെ മനസില്‍ ഇടകലര്‍ന്നു. അവസാനമായി ഒരിക്കല്‍കൂടി അവരെ ഒന്ന്‌ കാണാന്‍ അയാള്‍ തീവ്രമായി ആഗ്രഹിച്ചു. ലഹരി അതിന്‌ അനുവദിച്ചില്ല.
കാലുകള്‍ നിയന്ത്രണം വിട്ട്‌ വളഞ്ഞുപോകുന്നതും ശരീരത്തിന്‌ മേലുളള പിടി അയഞ്ഞ്‌ നിലത്തേക്ക്‌ മറിഞ്ഞു വീണതും മാത്രം ഓര്‍മ്മയുണ്ട്‌. പിന്നെ എന്ത്‌ സംഭവിച്ചുവെന്ന്‌ രാമുണ്ണി അറിഞ്ഞില്ല. ഓര്‍മ്മകളും ചിന്തകളും വികാരങ്ങളും അന്യമായ അഗാധസുഷുപ്‌തിയുടെ അബോധതലത്തില്‍ ഒരു മൃതദേഹം പോലെ അയാള്‍ കിടന്നു. വയറ്റില്‍ നിന്നും തികട്ടി വന്ന മദ്യം ഛര്‍ദ്ദിയായി വെളുത്തദ്രവരൂപത്തില്‍ കടവായിലുടെ പുറത്തേക്ക്‌ ഒഴുകി. മണം പിടിച്ചു വന്ന ഈച്ചകളും ഉറുമ്പുകളും അവയില്‍ അരിച്ചു നടന്നു. ഒന്നും അറിയാതെ മൃതതുല്യമായ അവസ്‌ഥയില്‍ രാമു നടുറോഡില്‍ കിടന്നു. എത്ര നേരം അങ്ങനെ കിടന്നു എന്നറിയില്ല.
അലഞ്ഞുതിരിഞ്ഞു വന്ന ഒരു പറ്റം തെരുവുനായ്‌ക്കള്‍ക്ക്‌ മുട്ടയുടെ മണം കലര്‍ന്ന ചര്‍ദ്ദിയുടെ മണം അനുഭവവേദ്യമായി. അവര്‍ അയാള്‍ക്ക്‌ ചുറ്റും വട്ടം കൂടി. അതിലൊരു നായ ഇരുട്ടില്‍ കാല്‌തെറ്റി അയാളുടെ മേലേക്ക്‌ ചാഞ്ഞു. ആരോ ആക്രമിക്കുംപോലെയാണ്‌ അതിന്‌ തോന്നിയത്‌. നായയുടെ ആത്മസംയമനത്തിന്റെ ചരടുകള്‍ അറ്റു. അത്‌ ഉറക്കെ കുരച്ച്‌ ശബ്‌ദമുണ്ടാക്കി. ഒരു പകര്‍ച്ചവ്യാധി പോലെ കുര മറ്റ്‌ നായ്‌ക്കളിലേക്കും പടര്‍ന്നു.ആദ്യത്തെ നായ ഉന്തിമാറ്റാന്‍ എത്ര ശ്രമിച്ചിട്ടും രാമുവിന്റെ ദേഹം ചലിക്കുന്നില്ല. ദേഷ്യം മൂത്ത്‌ അത്‌ അവന്റെ മുഖത്ത്‌ കടിച്ച്‌ കൂടഞ്ഞു. മറ്റ്‌ നായ്‌ക്കളും മത്സരിച്ച്‌ കടിച്ചു. മൂക്കും ചുണ്ടും കണ്ണുകളുടെ സ്‌ഥാനവും കവിളും ചെവിയും എല്ലാം നായ്‌ക്കള്‍ കടിച്ചുകീറി. കൈവിരലുകള്‍ അറ്റു. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും മാംസം പറിഞ്ഞു തൂങ്ങി. അബോധാവസ്‌ഥയില്‍ അയാള്‍ വേദന പോലും അറിഞ്ഞില്ല. രക്‌തം താറിട്ട റോഡിലേക്ക്‌ ഒലിച്ചിറങ്ങി കട്ട പിടിച്ചു. കലി ബാധിച്ചതു പോലെ നായ്‌ക്കള്‍ സ്‌ഥാനത്തും അസ്‌ഥാനത്തും കടിച്ചു. മുഖം ഏതാണ്ട്‌ പുര്‍ണ്ണമായി തന്നെ കുര്‍ത്തപല്ലുകള്‍ കവര്‍ന്നെടുത്തു.
കലിപ്പടങ്ങിയ ഏതോ നിമിഷം അവര്‍ അയാളെ ഉപേക്ഷിച്ച്‌ നടന്നു മറഞ്ഞു.
പുലര്‍ച്ചയോളം രാമു ഒരു അനാഥശവം പോലെ കിടന്നു. ചരക്കുലോറിയുമായി അതിലെ വന്ന തമിഴരാണ്‌ ദയ തോന്നി ആശുപത്രിയിലെത്തിച്ചത്‌.
മണിക്കൂറുകള്‍ നീണ്ട ശസ്‌ത്രക്രിയയും ദിവസങ്ങള്‍ നീണ്ട വിശ്രമവും കഴിഞ്ഞാണ്‌ സ്വബോധത്തിന്റെ വെളിച്ചത്തിലേക്ക്‌ അയാള്‍ മിഴി തുറന്നത്‌.
കണ്ണുകള്‍ കാഴ്‌ചയുടെ ഭംഗി തിരിച്ചുപിടിക്കുമ്പോള്‍ മുന്നില്‍ സുന്ദരിയായ ഒരു നഴ്‌സ് ഉണ്ടായിരുന്നു. അവര്‍ ഏതോ ഇഞ്ചക്ഷനുമായി വന്നതായിരുന്നു. ട്രിപ്പ്‌സ്റ്റാന്‍ഡ്‌ ശരിയാക്കുന്നതിനിടയിലാണ്‌ രാമു മുരടനക്കുന്ന ശബ്‌ദം കേട്ടത്‌. അയാള്‍ ആയാസപ്പെട്ട്‌ കണ്ണ്‌ തുറക്കാന്‍ ശ്രമിക്കുന്നത്‌ അവര്‍ ശ്രദ്ധിച്ചു. രാമുവിന്‌ ബോധം വീണിരിക്കുന്നു എന്ന അറിവ്‌ അവരുടെ മുഖത്ത്‌ ആഹ്‌ളാദം വിരിയിച്ചു.
''ങ്‌ാ..ഹാ...കണ്ണ്‌ തുറന്നല്ലോ..''
അവള്‍ ഹൃദ്യമായി പുഞ്ചിരിച്ചു. രാമുവിന്‌ മറുചിരി ഉണര്‍ന്നില്ല. അയാള്‍ പകപ്പോടെ ചുറ്റും നോക്കുകയായിരുന്നു.
''ഇത്‌ എവിടെയാണെന്നറിയാമോ?''
അയാള്‍ ഇല്ലെന്ന്‌ തലയാട്ടി. അവള്‍ സംഭവിച്ച കാര്യങ്ങള്‍ ഹ്രസ്വമായി വിശദീകരിച്ചു.
രാമു ഒരു മുത്തശ്ശിക്കഥ കേള്‍ക്കും പോലെ മിഴിച്ചിരുന്നു.
''ഞാന്‍ ഡോക്‌ടറെ വിളിക്കട്ടെ..''
അവള്‍ ധൃതിയില്‍ അകത്തേക്ക്‌ പോയി. രാമുവിന്‌ അപ്പോഴും അമ്പരപ്പ്‌ വിട്ടുമാറിയിരുന്നില്ല. അയാളുടെ ഓര്‍മ്മകളുടെ പരിധി കിഴവന്റെ കടയില്‍ നിന്നും ഇറങ്ങി നടന്ന നിമിഷത്തില്‍ ഉടക്കി നിന്നു.
വളരെ പെട്ടെന്നു തന്നെ നഴ്‌സിനൊപ്പം ഒരു സംഘം ഡോക്‌ടര്‍മാര്‍ അവിടേക്ക്‌ വന്നു. അവര്‍ രാമുവിനോട്‌ സ്‌നേഹത്തോടെ സുഖവിവരങ്ങള്‍ തിരക്കി. ആശുപത്രിയിലെത്തിച്ച ലോറിക്കാരില്‍ നിന്നും രാമു അവരുടെ ആരുമല്ലെന്ന്‌ ആശുപത്രി അധികൃതര്‍ മനസിലാക്കിയിരുന്നു. എന്നിട്ടും ആ മാനസികാവസ്‌ഥയില്‍ അയാള്‍ ആരാണെന്ന്‌ അവര്‍ ചോദിച്ചില്ല.
വൈകുന്നേരം പ്രധാന ഡോക്‌ടര്‍ അയാളെ മുറിയിലേക്ക്‌ വിളിപ്പിച്ചു. രണ്ട്‌ നഴ്‌സുമാര്‍ ചേര്‍ന്ന്‌ കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഡോക്‌ടര്‍ അയാള്‍ക്ക്‌ സംഭവിച്ച രൂപപരിണാമത്തെക്കുറിച്ച്‌ സൂചിപ്പിച്ചു. രാമു സ്വന്തം വിധിയുടെ കാവല്‍ക്കാരനെ പോലെ എല്ലാം കേട്ടിരുന്നു.
''ലക്ഷണങ്ങള്‍ കണ്ടിട്ട്‌ നായ്‌ക്കള്‍ കടിച്ചു മുറിച്ചതാണെന്ന്‌ ഞങ്ങള്‍ അനുമാനിക്കുന്നു. അവരുടെ ദന്തക്ഷതങ്ങള്‍ ഏറ്റതായാണ്‌ ഞങ്ങള്‍ മനസിലാക്കുന്നത്‌..''
രാമു ഏറെസമയം മൗനമായിരുന്നു. അയാള്‍ക്ക്‌ ഒന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല. ഏറ്റവും ഒടുവില്‍ അയാള്‍ ഇത്രമാത്രം പറഞ്ഞു.
''എനിക്ക്‌..എനിക്കെന്റെ മുഖം ഒന്ന്‌ കാണാന്‍ പറ്റുമോ ഡോക്‌ടര്‍?''
''ഷുവര്‍...''
ഡോക്‌ടര്‍ നഴ്‌സിന്‌ നേരെ നോക്കി. അവര്‍ ആ മുറിയില്‍ നിന്നു തന്നെ ഒരു കണ്ണാടിയുമായി വന്ന്‌ അയാള്‍ക്ക്‌ കൈമാറി. പിടിയുള്ള ആ കണ്ണാടി രാമു മുഖത്തിന്‌ അഭിമുഖമായി പിടിച്ചു. അതിലെ പ്രതിബിംബം ഒരിക്കലേ നോക്കിയുളളു. അയാള്‍ മുഖം തിരിച്ചുകളഞ്ഞു. അത്രമേല്‍ ഭീതിദവും ഭയാനകവുമായിരുന്നു അത്‌. ഇത്‌ തന്റെ മുഖമാണെന്ന്‌ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രാമു വീണ്ടും ഒരിക്കല്‍ കൂടി കണ്ണാടി നോക്കി. കണ്ണുകളുടെ സ്‌ഥാനത്ത്‌ കാഴ്‌ചയുളള രണ്ട്‌ കുഴികള്‍ മാത്രം. കവിളുകള്‍ എന്ന അവയവം തന്നെയില്ല. താടിക്കും രൂപപരിണാമം സംഭവിച്ചിരിക്കുന്നു. മൂക്കിന്റെ സ്‌ഥാനത്ത്‌ പേടി തോന്നിക്കുന്ന വലിയ ഒരു ദ്വാരം മാത്രം. പുരികം എന്നൊന്ന്‌ അയാള്‍ കണ്ടില്ല. അവിടെയും മുറിവുകളുണ്ട്‌. തലയോട്‌ മൂടിയ തൊലി മാത്രം. മാംസം എന്നൊന്ന്‌ മുഖത്ത്‌ കാണാനില്ല. തനിക്ക്‌ തന്നെ സ്വയം തിരിച്ചറിയാന്‍ പറ്റാത്ത അവസ്‌ഥ. ഈ ഭൂമിയില്‍ ഇനിയൊരാളും തന്നെ തിരിച്ചറിഞ്ഞെന്ന്‌ വരില്ല. അത്രമേല്‍ അവിശ്വസനീയമായ മാറ്റം. രൂപപരിണാമം. ഉറക്കെ ഒന്ന്‌ പൊട്ടിക്കരഞ്ഞെങ്കില്‍ എന്ന്‌ രാമുവിന്‌ തോന്നി. പക്ഷെ ശബ്‌ദം പുറത്തേക്ക്‌ വരുന്നില്ല. കണ്ണുനീര്‍ ഗ്രന്ഥികള്‍ പോലും സ്‌തംഭനാവസ്‌ഥയിലാണ്‌. പകപ്പൂം മരവിപ്പും വേദനയും ആത്മരോഷവും വെറുപ്പും നിസഹായതയും അടക്കം ഒന്നിലേറെ വികാരങ്ങള്‍ സമ്മിശ്രമായി മനസിനെ വരിഞ്ഞു.
''രാമൂ...''
ഡോക്‌ടര്‍ അനുതാപത്തോടെ വിളിച്ചു.
''സങ്കടപ്പെടാനില്ല. പുതിയ ചികിത്സാസൗകര്യങ്ങള്‍ ഉപയോഗിച്ച്‌ ഒരു പരിധിവരെ മുഖത്തിന്റെ ആകൃതി തിരിച്ചുപിടിക്കാന്‍ കഴിയും. പ്ലാസ്‌റ്റിക്ക്‌ സര്‍ജറി, കോസ്‌മെറ്റിക്ക്‌ സര്‍ജറി എന്നൊക്കെ കേട്ടിട്ടില്ലേ. വലിയ പണച്ചിലവ്‌ വരുന്ന ഓപ്പറേഷനാണ്‌. ധൃതി പിടിക്കണമെന്നില്ല. കുറച്ചുനാള്‍ കഴിഞ്ഞ്‌ സ്വസ്‌ഥമായി ചെയ്‌താല്‍ മതി. ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ ചോദിക്കാന്‍ വിട്ടു. രാമു എന്ത്‌ ചെയ്യുന്നു. ഐ മീന്‍ യുവര്‍ പ്ര?ഫഷന്‍...''
മറുപടിയില്ലാത്ത ചോദ്യത്തിന്‌ മുന്നില്‍ രാമു മൗനം പാലിച്ചു. നടുക്കത്തോടെ അയാള്‍ കണ്ടു. ഡോക്‌ടറുടെ പിന്നിലെ ഭിത്തിയില്‍ ഫ്രെയിം ചെയ്‌ത് മാലയിട്ട്‌ വച്ച ഈശ്വര്‍ജിയുടെ ചിത്രം. അതിന്‌ മുന്നില്‍ എരിയുന്ന കെടാവിളക്ക്‌. ഡോക്‌ടറുടെ മേശപ്പുറത്തും അദ്ദേഹത്തിന്റെ ഫോട്ടോയുണ്ട്‌. കഴുത്തില്‍ ഈശ്വര്‍ജിയുടെ പടം ആലേഖനം ചെയ്‌ത ലോക്കറ്റ്‌.
സ്വന്തം വ്യക്‌തിത്വം അനാവൃതമാക്കാന്‍ കഴിയാത്ത നിസഹായതയുടെ മുന്നില്‍ അയാള്‍ തളര്‍ന്നിരുന്നു. മുഖം നഷ്‌ടമായതിലും വലിയ പ്രതിസന്ധിയാണിതെന്ന്‌ രാമുവിന്‌ തോന്നി. എല്ലാവരും ആരാധിക്കുന്ന താന്‍ ഒരു ഷഡ്‌പദത്തേക്കാള്‍ മ്ലേച്‌ഛമായി ചവുട്ടിയരക്കപ്പെട്ടിരിക്കുന്നു. അതും ഉന്മാദം ബാധിച്ച തെരുവ്‌ നായ്‌ക്കളാല്‍. ആരോ എഴുതി തയ്യാറാക്കിയ നിയതിയുടെ ദുസ്വാധീനങ്ങളിലേക്ക്‌ അയാള്‍ വിശ്വാസപൂര്‍വം അടുത്തു.
അടുത്ത നിമിഷം അയാള്‍ വിസ്‌മയിച്ചു. പരസ്‌പരവിരുദ്ധവും സങ്കീര്‍ണ്ണവുമായ വിധിവൈപരീത്യങ്ങളിലേക്ക്‌ നയിക്കപ്പെടാന്‍ തക്ക എന്ത്‌ മഹാപാമാണ്‌ താന്‍ ചെയ്‌തത്‌.
തന്റെ വിധി താന്‍ തന്നെ വരുത്തി വച്ചതല്ലേയെന്നും അയാള്‍ സന്ദേഹിച്ചു. സ്വസ്‌ഥവും സുരക്ഷിതവുമായ ഒരു ജീവിതത്തിന്റെ സ്വച്‌ഛതയില്‍ നിന്ന്‌ അകാരണമായി അജ്‌ഞാതമായ ഭാവിയിലേക്കുംഅനിശ്‌ചിതത്വങ്ങളിലേക്കും അപകടകരമായ അവസ്‌ഥാന്തരങ്ങളിലേക്കും ഇറങ്ങി പുറപ്പെട്ട താന്‍ തന്നെയല്ലേ എല്ലാറ്റിനും അടിസ്‌ഥാന കാരണം. സ്വയംകൃതാനര്‍ത്ഥം എന്ന പദത്തിന്റെ അര്‍ത്ഥവും ആഴവും രാമു ജീവിതം കൊണ്ട്‌ അറിഞ്ഞു.

Ads by Google
Sunday 14 Jan 2018 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW