Friday, January 18, 2019 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.27 AM

നീതിന്യായവ്യവസ്‌ഥ അപകടത്തിലാകരുത്‌

uploads/news/2018/01/183197/editorial.jpg

ഭരണകര്‍ത്താക്കളിലും ഉദ്യോഗസ്‌ഥരിലുമുള്ള പ്രതീക്ഷ നഷ്‌ടമാകുമ്പോഴും ജനം സമാധാനിച്ചിരുന്നത്‌ നീതിന്യായവ്യവസ്‌ഥയിലുള്ള വിശ്വാസത്തിലാണ്‌. എവിടെ നിന്നു തിരിച്ചടിയുണ്ടായാലും നീതിദേവതയുടെ കവാടങ്ങള്‍ നമ്മെ കാത്തുകൊള്ളും എന്നൊരു വിശ്വാസം. ഇന്ത്യയിലെ പരമോന്നത നീതിപീഠം ഒരു പ്രതീകമായിരുന്നു. ഇന്ത്യന്‍ ജനതയുടെ വിശ്വാസത്തിന്റെ പ്രതീകം. എന്നാല്‍, ആ വിശ്വാസത്തെ തകര്‍ക്കുന്ന സംഭവവികാസങ്ങളും വെളിപ്പെടുത്തലുകളുമാണ്‌ ഇന്നലെയുണ്ടായത്‌. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സുപ്രിം കോടതി നെടുകേ പിളര്‍ന്നു നില്‍ക്കുന്നത്‌ അവിശ്വസനീയതയോടെയാണ്‌ ഇന്ത്യന്‍ ജനത കണ്ടു നിന്നത്‌. പുറമേ നിന്നു കാണുന്നതു പോലെയല്ല അകത്തെ കാര്യങ്ങള്‍ എന്നു തുറന്നു പറഞ്ഞത്‌ സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല്‌ ന്യായാധിപന്മാരാണ്‌. ഏറെ ശ്രദ്ധയോടെയും അതിലേറെ ജാഗ്രതയോടെയും കാണേണ്ട വാക്കുകളാണ്‌ അവരുടേത്‌.

ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കെതിരേ ജസ്‌റ്റിസുമാരയ ജെ. ചെലമേശ്വര്‍, രഞ്‌ജന്‍ ഗൊഗോയി, എം.ബി. ലോകുര്‍, കുര്യന്‍ ജോസഫ്‌ എന്നിവര്‍ ഇന്നലെ പത്രസമ്മേളനം നടത്തിയത്‌ അപ്രതീക്ഷിതമായായിരുന്നു. കേസുകള്‍ കേള്‍ക്കാന്‍ ജഡ്‌ജിമാരെ തീരുമാനിക്കുന്നതില്‍ സുതാര്യതയില്ലെന്നായിരുന്നു അവരുടെ പ്രധാന ആരോപണം. കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിയ ജഡ്‌ജിമാര്‍, ഇത്തരം കാര്യങ്ങള്‍ നടക്കുമ്പോള്‍ തങ്ങള്‍ നിശബ്‌ദരായിരുന്നുവെന്ന്‌ പിന്നീട്‌ ആരും പറയരുത്‌ എന്നുള്ളതുകൊണ്ടാണ്‌ ഇപ്പോള്‍ ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്‌ എന്നു പറഞ്ഞത്‌ വിഷയം നിസ്സാരമല്ല എന്നു വ്യക്‌തമാക്കുന്നു.

ജഡ്‌ജിമാരുടെ പത്രസമ്മേളനത്തിലെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതും നീതിന്യായ സംവിധാനത്തിന്റെ നടത്തിപ്പ്‌ നീതിയില്‍ ഊന്നിയല്ലെന്നു ധ്വനിപ്പിക്കുന്നതുമായിരുന്നു. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്‌ പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുന്ന ജഡ്‌ജിമാരും നീതിന്യായ വ്യവസ്‌ഥയുമാണ്‌ വേണ്ടത്‌ എന്നു ജഡ്‌ജിമാര്‍ പറയുന്നു. കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചുകള്‍ തീരുമാനിക്കുന്നതില്‍ വിവേചനമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ചീഫ്‌ ജസിറ്റിസിന്‌ അവര്‍ കത്തും നല്‍കി. കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തുന്നത്‌ കോടതിയുടെ വിശ്വാസ്യതെ ബാധിക്കും, സുപ്രിം കോടതി ഉത്തരവുകള്‍ നീതിനിര്‍വഹണത്തെ തടസപ്പെടുത്തുന്നു, ഹൈക്കോടതികളുടെ സ്വതന്ത്ര പ്രവര്‍ത്തനം തടസ്സപ്പെടുന്നു ഇങ്ങനെ പോകുന്നു ജഡ്‌ജിമാരുടെ കത്തിലെ പരാമര്‍ശങ്ങള്‍. ഇത്‌ എവിടെയെങ്കിലും ഇരുന്ന്‌ ആരെങ്കിലും പറയുന്നതല്ല, ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ജഡ്‌ജിമാര്‍ ചീഫ്‌ ജസ്‌റ്റിസിനോടു പറയുന്നതാണ്‌. ഇതെല്ലാം വളരെ ഗൗരവമുള്ള കാര്യങ്ങളാണ്‌. ഇന്ത്യന്‍ ജനാധിപത്യം വളരെ ഭീതിജനകമായ പ്രതിസന്ധിഘട്ടത്തില്‍ എത്തിനില്‍ക്കുന്നു എന്നാണ്‌ ജഡ്‌ജിമാരുടെ വാക്കുകളില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ഭരണാധികാരികളുടെയും ഇംഗിതത്തിനനുസരിച്ച്‌ തീരുമാനങ്ങളും നിലപാടുകളുമെടുക്കുന്ന നീതിന്യായ സംവിധാനം ഒരു രാജ്യത്തിനും ഭൂഷണമല്ല. ലോകത്ത്‌ ഏറ്റവും വിശ്വാസ്യതയുള്ള ജുഡീഷ്യറികളില്‍ ഒന്നായാണ്‌ ഇന്ത്യന്‍ നീതിന്യായവ്യവസ്‌ഥ കരുതപ്പെടുന്നത്‌. അതിന്റെ സല്‍പേരു കളയുന്ന നീക്കം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതു മുളയിലേ തടയണം. അതിന്റെ ശ്രമമാണ്‌ സുപ്രിം കോടതിയിലെ മുതിര്‍ന്ന ജഡ്‌ജിമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നു പറയേണ്ടിവരും. നെടുകേ പിളര്‍ന്ന ഒരു സുപ്രിം കോടതി ഇന്ത്യന്‍ ജനതയുടെ താത്‌പര്യമല്ല സംരക്ഷിക്കുന്നത്‌. പെട്ടെന്നുണ്ടായ ഒരു സ്‌ഫോടനമാണ്‌ ജഡ്‌ജിമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നു കരുതനാവില്ല. നാളുകളായി പുകഞ്ഞ എതിരഭിപ്രായം ഇന്നലെ പുറത്തു വന്നു എന്നാണ്‌ കരുതേണ്ടത്‌.

ഭരണഘടനയുടെ നെടും തൂണുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നു കരുതുന്ന ജുഡീഷ്യറിയില്‍ ഉണ്ടാകുന്ന പൊട്ടിത്തെറി രാജ്യത്തെ മൊത്തത്തില്‍ തകര്‍ക്കാന്‍ പോന്നതാണ്‌. ഇന്ത്യയിലെ ഏറ്റവും ശക്‌തമായ ഒരു സംവിധനത്തിലാണ്‌ അതിന്റെ അടിത്തറ ഇളക്കുന്ന തരം കാര്യങ്ങള്‍ നടക്കുന്നതായി പ്രധാന ജഡ്‌ജിമാര്‍ തന്നെ സൂചിപ്പിക്കുന്നത്‌. അതു പരിഹരിക്കാന്‍ അടിസ്‌ഥാനപരമായ നടപടികള്‍ ആവശ്യമാണ്‌. അതു ശക്‌തവും വിശ്വസനീയവും പക്ഷപാതമില്ലാത്തതുമാവണം.

Ads by Google
Saturday 13 Jan 2018 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW