Friday, January 18, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.26 AM

ജസ്‌റ്റിസ്‌ ലോയയുടെ ശാപം

uploads/news/2018/01/183195/bft2.jpg

രാജ്യത്തെ നീതിന്യായ ചരിത്രത്തിന്‌ ഒട്ടും പരിചിതമല്ലാത്ത സംഭവവികാസങ്ങള്‍ക്കു പരമോന്നത നീതിപീഠം ഇന്നലെ സാക്ഷ്യം വഹിക്കുമ്പോള്‍ ജസ്‌റ്റിസ്‌ ബി.എച്ച്‌. ലോയയുടെ ദുരൂഹമരണത്തിനും അതില്‍ നിര്‍ണായക പങ്കുണ്ടെന്നു വിശ്വസിക്കുന്നവരേറെ. ഗുജറാത്ത്‌ രാഷ്‌ട്രീയത്തിലും പിന്നീട്‌ ദേശീയതലത്തിലും സജീവശ്രദ്ധയാകര്‍ഷിച്ച സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസിന്റെ വാദം കേട്ടിരുന്ന പ്രത്യേക സി.ബി.ഐ. കോടതി ജഡ്‌ജിയായിരുന്നു ലോയ.

സൊഹ്‌റാബുദീനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത്‌ ഭീകരവിരുദ്ധ സ്‌ക്വാഡ്‌ ഹൈദരാബാദില്‍നിന്നു തട്ടിക്കൊണ്ടുപോയി ഗുജറാത്തിലെ ഗാന്ധിനഗറിലെത്തിച്ച്‌ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നായിരുന്നു കേസ്‌. 2005 നവംബറില്‍ നടന്ന സംഭവത്തില്‍ ബി.ജെ.പിയുടെ ദേശീയാധ്യക്ഷനും സംഭവസമയം ഗുജറാത്ത്‌ ആഭ്യന്തരമന്ത്രിയുമായിരുന്ന അമിത്‌ ഷാ അടക്കമുള്ള വമ്പന്‍മാരായിരുന്നു പ്രതിപ്പട്ടികയില്‍.

ഒരുവര്‍ഷത്തിനുശേഷം മറ്റൊരു ഡിസംബറില്‍ കേസിലെ സാക്ഷി തുളസീറാം പ്രജാപതി പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌ ഗുജറാത്ത്‌ പോലീസിനെയും അന്നത്തെ ബി.ജെ.പി. സര്‍ക്കാരിനെയും വീണ്ടും പ്രതിക്കൂട്ടിലാക്കി. അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും നീതിദേവതയുടെ നിഷ്‌പക്ഷവിധിയുണ്ടാകില്ലെന്നും ആശങ്കപ്പെട്ടവര്‍ക്ക്‌ പ്രതീക്ഷ ബി.എച്ച്‌. ലോയയെന്ന ന്യായാധിപനിലായിരുന്നു. കേസില്‍ വാദം പുരോഗമിക്കുന്നതിനിടെ അമിത്‌ ഷാ കോടതിമുമ്പാകെ ഹാജരാകാതിരുന്നതിനെ ലോയ കടുത്തഭാഷയില്‍ വിമര്‍ശിച്ചതു വാര്‍ത്തയായിരുന്നു.

മാസങ്ങള്‍ക്കകം സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ നാഗ്‌പുരിലെത്തിയ ലോയ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു ഔദ്യോഗിക സ്‌ഥിരീകരണവും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും. 2014 ഡിസംബറില്‍ വെറും 48 വയസുള്ളപ്പോഴായിരുന്നു ലോയ അരങ്ങൊഴിഞ്ഞത്‌. സൊഹ്‌റാബുദീന്‍ കേസിന്റെ നൂലാമാലകളും പ്രതിപ്പട്ടികയിലെ പ്രമുഖരുടെ സാന്നിധ്യവും ജസ്‌റ്റിസ്‌ ലോയയ്‌ക്കുമേല്‍ അമിതസമ്മര്‍ദമുണ്ടാക്കിയിരുന്നെന്ന്‌ നിയമവൃത്തങ്ങളില്‍ത്തന്നെ സംസാരമുണ്ടായിരുന്നു.

അതിനിടെയുണ്ടായ മരണത്തിനു ദുരൂഹതയുടെ മേലാപ്പുവീണതു സ്വാഭാവികം. യഥാസമയം വൈദ്യസഹായം ലഭിക്കാതിരുന്നത്‌, ലോയയെ ആശുപത്രിയിലെത്തിച്ച രീതി,(ഓട്ടോറിക്ഷയിലെന്ന്‌ ഒരുവിഭാഗവും കാറിലെന്ന്‌ മറുപക്ഷവും) തിടുക്കത്തിലുള്ള പോസ്‌റ്റ്‌മോര്‍ട്ടം, മരണവിവരം ബന്ധുക്കളെ അറിയിച്ചതിലെ പൊരുത്തക്കേടുകള്‍, ഉന്നത ന്യായാധിപന്റെ മൃതദേഹം പ്രമുഖരുടെ അകമ്പടിയില്ലാതെ വീട്ടിലെത്തിച്ചത്‌ എന്നിവയടക്കം വിമര്‍ശകര്‍ വിഷയമാക്കിയെങ്കിലും കുടുംബത്തിന്റെ മൗനം രംഗം ശാന്തമാക്കി.

കാരവന്‍ മാസികയുടെ റിപ്പോര്‍ട്ടര്‍ നിരഞ്‌ജന്‍ തക്‌ലെയും ലോയെയുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്‌ച പ്രശ്‌നം സങ്കീര്‍ണമാക്കി. സൊഹ്‌റാബുദീന്‍ കേസില്‍ അനുകൂലവിധി പ്രസ്‌താവിക്കാന്‍ ലോയയ്‌ക്കു വന്‍തുക വാഗ്‌ദാനം ചെയ്‌തിരുന്നതായി സഹോദരി ഡോ. അനുരാധ ബിയാനിയുടെ മനസുതുറക്കല്‍ രാഷ്‌ട്രീയ, നീതിന്യായ രംഗത്തെ ഉലയ്‌ക്കാന്‍ പോന്നതായിരുന്നു. മുംബൈ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായിരുന്ന മോഹിത്‌ ഷാ ഇടനിലക്കാരനായി 100 കോടി രൂപയെന്ന മോഹിപ്പിക്കുന്ന സംഖ്യയാണ്‌ മുന്നില്‍വച്ചതെന്ന്‌ തന്നോടു ലോയ പറഞ്ഞിരുന്നതായാണ്‌ അനുരാധ വെളിപ്പെടുത്തിയത്‌.

ഇതു സാധൂകരിച്ച്‌ പിതാവ്‌ ഹര്‍കിഷനും രംഗത്തെത്തി. ഏറ്റുമുട്ടല്‍ക്കേസ്‌ വ്യാജമല്ലെന്നു വിധി പ്രസ്‌താവിക്കുന്നപക്ഷം വന്‍തുകയ്‌ക്കുപുറമേ മുംബൈയില്‍ ആഡംബരവീടും മകന്‌ വാഗ്‌ദാനമുണ്ടെന്നാണ്‌ ഹര്‍കിഷന്‍ വ്യക്‌തമാക്കിയത്‌. ലോയയുടെ മരണത്തിനുശേഷം ഒരുമാസത്തിനുള്ളില്‍ അമിത്‌ ഷായെ കുറ്റവിമുക്‌തനാക്കി കേസ്‌ കേട്ട പുതിയ ജഡ്‌ജി ഉത്തരവിട്ടതും ഈ സംഭവങ്ങളുമായി കൂട്ടിവായിക്കണമെന്നാണ്‌ വിമര്‍ശകരുടെ പക്ഷം.

കാരവനിലെ വെളിപ്പെടുത്തലുകള്‍ ജസ്‌റ്റിസ്‌ ലോയയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്ന്‌ ആവശ്യപ്പെടുന്നവര്‍ക്കു പുതിയ ഊര്‍ജം പകര്‍ന്നു. സാമൂഹിക, മാധ്യമ പ്രവര്‍ത്തകര്‍ക്കു പുറമേ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ജിയുമായി സുപ്രീം കോടതിയടക്കമുള്ള നീതിപീഠങ്ങള്‍ക്കു മുന്നിലെത്തി. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഇത്തരമൊരു ഹര്‍ജി ഇന്നലെ പരിഗണിക്കാനിരിക്കെയാണ്‌ സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്‌ജിമാര്‍ ചീഫ്‌ ജസ്‌റ്റിസിന്റെ നിലപാടുകളോടു വിയോജിപ്പറിയിച്ച്‌ രംഗത്തെത്തിയത്‌.

എന്‍. ഹരീഷ്‌

Ads by Google
Saturday 13 Jan 2018 02.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW