Friday, September 21, 2018 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.07 AM

കോപ്പാ ഡെല്‍ റേ ഫുട്‌ബോള്‍ : മെസി, ആല്‍ബ മിന്നി; ഗോള്‍മഴയില്‍ ബാഴ്‌സ

uploads/news/2018/01/183154/s4.jpg

നൗക്യാമ്പ്‌: ഇതിഹാസ താരം ലയണല്‍ മെസിയുടെയും മധ്യനിര താരം ജോര്‍ഡി ആല്‍ബയുടെയും മിന്നുന്ന പ്രകടനത്തിന്റെ മികവില്‍ കോപ്പാ ഡെല്‍ റേ ഫുട്‌ബോളില്‍ സ്‌പാനിഷ്‌ വമ്പന്മാരായ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ ജയം.
ഇന്നലെ നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാംപാദ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്‌ കെല്‍റ്റ ഡി വിഗോയെയാണ്‌ ബാഴ്‌സ തകര്‍ത്തത്‌. ആദ്യ പാദത്തില്‍ കെല്‍റ്റയുടെ മണ്ണമില്‍ 1-1 സമനില വഴങ്ങിയിരുന്ന ബാഴ്‌സ ഇതോടെ 6-1 എന്ന സ്‌കോറിലാണ്‌ ക്വാര്‍ട്ടര്‍ ബര്‍ത്ത്‌ ഉറപ്പാക്കിയത്‌.
രണ്ടു ഗോളുകളും ഒരു അസിസ്‌റ്റുമായി മെസിയും രണ്ട്‌ അസിസ്‌റ്റും ഒരു ഗോളുമായി ആല്‍ബയുമാണ്‌ മത്സരം ബാഴ്‌സയുടേതാക്കി മാറ്റിയത്‌. ലൂയിസ്‌ സുവാരസ്‌ ഇവാന്‍ റാക്കിറ്റിച്ച്‌ എന്നിവരാണ്‌ ബാഴ്‌സയുടെ മറ്റു രണ്ടു ഗോളുകള്‍ നേടിയത്‌.
കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ ലാ ലിഗയില്‍ റയാല്‍ മാഡ്രിഡിനെ 2-2 എന്ന നിലയില്‍ സമനിലയില്‍ പിടിച്ചുകെട്ടിയതിന്റെ ആത്മവിശ്വാസത്തില്‍ നൗക്യാമ്പിലെത്തിയ കെല്‍റ്റയെ അക്ഷരാര്‍ത്ഥത്തില്‍ ബാഴ്‌സ നിലംതൊടാതെ പറപ്പിച്ചു.
12-ാം മിനിറ്റിലാണ്‌ അവര്‍ ഗോള്‍വേട്ട ആരംഭിച്ചത്‌. ഇടതവു വിങ്ങില്‍ നിന്ന്‌ ആല്‍ബ നല്‍കിയ ക്രോസില്‍ തകര്‍പ്പനൊരു വോളിയിലൂടെ മെസിയാണ്‌ ലീഡ്‌ സമ്മാനിച്ചത്‌. രണ്ടു മിനിറ്റിനകം അര്‍ജന്റീന താരം ലീഡ്‌ വര്‍ധിപ്പിക്കുകയും ചെയ്‌തു. ഇക്കുറിയും ആല്‍ബ തന്നെയാണ്‌ ഗോളിനു വഴിമരുന്നിട്ട്‌ പാസ്‌ സമ്മാനിച്ചത്‌.
ഇതിനു പ്രത്യുപകാരമെന്നോണം 28-ാം മിനിറ്റില്‍ ആല്‍ബയ്‌ക്ക് സ്‌കോര്‍ ചെയ്യാന്‍ മെസി പന്തെത്തിച്ചു. ബോക്‌സിനു പുറത്തുനിന്ന്‌ അര്‍ജന്റീന നായകന്‍ നല്‍കി കൃത്യതയാര്‍ന്ന പാസ്‌ ഗോള്‍കീപ്പര്‍ക്കു മുകളിലൂടെ ചിപ്പ്‌ ചെയ്‌തിട്ട ആല്‍ബ ലീഡ്‌ മൂന്നാക്കി.
സുവാരസിന്റെ ഊഴമായിരുന്നു അടുത്തത്‌. മൂന്നു മിനിറ്റിനകം കെല്‍റ്റ പ്രതിരോധ താരങ്ങളുടെ പിഴവ്‌ മുതലെടുത്ത സുവാരസ്‌ സ്‌കോര്‍ 4-0 ആക്കി ഉയര്‍ത്തി. ഈ ലീഡില്‍ ഇടവേളയ്‌ക്കു പിരിഞ്ഞ ബാഴ്‌സയ്‌ക്കു വേണ്ടി രണ്ടാം പകുതിയില്‍ കളിയവസാനിക്കാന്‍ മൂന്നു മിനിറ്റു ബാക്കിനില്‍ക്കെയാണ്‌ റാക്കിറ്റിച്ച്‌ പട്ടിക തികച്ചത്‌.
മത്സരം വീക്ഷിക്കാന്‍ ഗാലറിയില്‍ ഒരു പ്രധാനപ്പെട്ട അതിഥിയുമുണ്ടായിരുന്നു. സീസണില്‍ ലിവര്‍പൂളില്‍ നിന്നു റെക്കോഡ്‌ തുകയ്‌ക്ക് ബാഴ്‌സയിലെത്തിയ ബ്രസീലിയന്‍ താരം ഫിലിപ്പെ കുടീഞ്ഞോ. വി.ഐ.പി. ബോക്‌സില്‍ കുടീഞ്ഞോയെ സാക്ഷിയാക്കിയാണ്‌ മെസിപ്പട തകര്‍ത്താടിയത്‌.

Ads by Google
Saturday 13 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW