Saturday, December 15, 2018 Last Updated 15 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.01 AM

സുതാര്യമല്ല , സുപ്രീം കോടതി

uploads/news/2018/01/183148/d4.jpg

പരമോന്നത നീതിപീഠത്തില്‍ സര്‍വം ശുഭമല്ല എന്ന വാര്‍ത്തകള്‍ പുറത്തേക്കുവന്നുതുടങ്ങിയിട്ട്‌ മാസങ്ങളായി. അതു സുപ്രീം കോടതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സുപ്രധാന വ്യക്‌തിത്വങ്ങളുടെ വാക്കുകളില്‍നിന്നു വ്യക്‌തവുമായിരുന്നു. എന്നാല്‍ മുതിര്‍ന്ന ജഡ്‌ജിമാരുടെ നേതൃത്വത്തിലുള്ള പരസ്യകലാപം ചരിത്രത്തില്‍പോലും സമാനതകളില്ലാത്തതാണ്‌. ചീഫ്‌ ജസ്‌റ്റിസ്‌ കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്‌ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്‌റ്റിസുമായ ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിലാണ്‌ പരമോന്നത നീതിപീഠത്തിലെ ഈ ശുദ്ധീകരണ കലാപം.

സുപ്രീം കോടതിയുടെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഇല്ലെന്നും ചീഫ്‌ ജസ്‌റ്റിസ്‌ തന്റെ അധികാരം ഉപയോഗിക്കുന്നത്‌ ദുര്‍ഗ്രഹവും അളക്കാനാവാത്ത രീതിയിലാണെന്നും ആരോപിച്ച്‌ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത്‌ ദവെ ഏതാനും ദിവസം മുമ്പ്‌ ലേഖനം എഴുതിയിരുന്നു. ചില ജഡ്‌ജിമാരെ മാത്രം ഉള്‍പ്പെടുത്തിയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര ഭരണഘടനാ ബെഞ്ചുകള്‍ രൂപീകരിക്കുന്നതെന്നും ചില ജഡ്‌ജിമാരെ ഒഴിവാക്കുന്നതായുംദവെ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ അകത്തളങ്ങളില്‍ നടക്കുന്ന വലിയസംഘര്‍ഷങ്ങളിലേയ്‌ക്കുള്ള ചൂണ്ടുവിരലായിരുന്നു ദുഷ്യന്ത്‌ ദവെയുടെ ലേഖനം.

ഭരണഘടനാ സ്‌ഥാപനങ്ങളെയും ചില രാഷ്‌ട്രീയകക്ഷികളെയും ബാധിക്കുന്ന കേസുകള്‍ ചില ബെഞ്ചുകളിലേക്കു മാത്രമാണു നല്‍കുന്നത്‌ എന്ന്‌ സമീപകാലരേഖകള്‍ വ്യക്‌തമാക്കുന്നതായും ദവെ ചൂണ്ടിക്കാട്ടി. ആധാര്‍ കേസ്‌ പോലുള്ള സുപ്രധാനകേസുകള്‍ പരിഗണിച്ചിരുന്നത്‌ ജസ്‌റ്റിസ്‌ ചെലമേശ്വര്‍ ഉള്‍പ്പെട്ട ബെഞ്ചാണ്‌. ഈ ബെഞ്ചാണ്‌ സ്വകാര്യത മൗലീകാവകാശണോ എന്നു നിശ്‌ചയിക്കാന്‍ ഭരണഘടനാ ബെഞ്ച്‌ രൂപീകരിക്കാന്‍ ഉത്തരവിട്ടത്‌്. എന്നാല്‍ സ്വകാര്യത മൗലീകാവശമാണെന്നു വിധിച്ച ശേഷം ചീഫ്‌ ജസ്‌റ്റിസ്‌ ആധാര്‍ ബെഞ്ച്‌ പുന:സംഘടിപ്പിച്ചപ്പോള്‍ ജസ്‌റ്റിസ്‌ ചെലമേശ്വര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയില്ല.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ തിരുത്താന്‍ ചീഫ്‌ ജസ്‌റ്റിസ്‌ തയാറാകണമെന്നും അല്ലെങ്കില്‍ മറ്റു ജഡ്‌ജിമാര്‍ മുന്നിട്ടിറങ്ങണമെന്നും പറഞ്ഞാണ്‌ ദവെ ലേഖനം അവസാനിപ്പിക്കുന്നത്‌. അതാണിപ്പോള്‍ സംഭവിച്ചതും.

പെട്ടെന്നുണ്ടായ പ്രകോപനം

അന്തരിച്ച സി.ബി.ഐ. പ്രത്യേക ജഡ്‌ജി ബി.എച്ച്‌. ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി ആരു കേള്‍ക്കണമെന്നതിനെച്ചൊല്ലിയാണ്‌ ഉന്നത ന്യായാധിപര്‍ക്കിടയിലെ അഭിപ്രായവ്യത്യാസം ഇപ്പോള്‍ പുറത്തായിരിക്കുന്നത്‌. ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷാ പ്രതിസ്‌ഥാനത്തുള്ള സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസിലെ വാദം നടന്നുകൊണ്ടിരിക്കയാണ്‌ ബി.എച്ച്‌. ലോയ അന്തരിച്ചത്‌.

ഇന്നലെ രാവിലെ ഒരു പ്രത്യേക അപേക്ഷയുമായി ചീഫ്‌ ജസ്‌റ്റിസിനെ കണ്ടുവെന്നും എന്നാല്‍ അപേക്ഷ നിരാകരിക്കപ്പെട്ടുവെന്നും ജസ്‌റ്റിസ്‌ ചെലമേശ്വര്‍ ആ അപേക്ഷ എന്തായിരുന്നുവെന്ന്‌ വെളിപ്പെടുത്താതെ ഇന്നലെ പരസ്യമാക്കിയിരുന്നു. ലോയ കേസിലെ ഹര്‍ജി ജസ്‌റ്റിസ്‌ അരുണ്‍ കുമാര്‍ മിശ്രയുടെ ബെഞ്ചിനു പകരം മറ്റൊരു ബെഞ്ചിന്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നതായി പ്രതിഷേധിച്ച മുതിര്‍ന്ന ജഡ്‌ജിമാരിലൊരാള്‍ പറഞ്ഞു. കേസ്‌ തിങ്കളാഴ്‌ചയാണ്‌ കോടതി പരിഗണിക്കുന്നത്‌.

മെഡിക്കല്‍ കോഴ

യു.പിയിലെ പ്രമുഖ ഗ്രൂപ്പിന്റെ മെഡിക്കല്‍ കോളജിനുവേണ്ടി അനുകൂല വിധി സമ്പാദിക്കാന്‍ സുപ്രീം കോടതി ജഡ്‌ജിമാര്‍ക്കു കൈക്കൂലി നല്‍കിയെന്ന ആരോപണമുയര്‍ന്ന കേസില്‍ സംശയമുനകള്‍ നീണ്ടത്‌ ചീഫ്‌ ജസ്‌റ്റിസിനെതിരേയാണ്‌. കേസ്‌ പരിഗണിക്കാന്‍ അഞ്ചംഗ ബെഞ്ച്‌ രൂപീകരിക്കാന്‍ ജസ്‌റ്റിസ്‌ ചെലമേശ്വറും ജസ്‌റ്റിസ്‌ ജെ. അബ്‌ദുള്‍ നസീറും ഉള്‍പ്പെട്ട ബെഞ്ച്‌ ഉത്തരവിട്ടിരുന്നു.

എന്നാല്‍ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്‌ ഈ ഉത്തരവ്‌ റദ്ദാക്കുകയും ഏതു ബെഞ്ചാണ്‌ കേസ്‌ കേള്‍ക്കേണ്ടത്‌ എന്നു തീരുമാനിക്കേണ്ടത്‌ ചീഫ്‌ ജസ്‌റ്റിസാണെന്നു വിധിക്കുകയും ചെയ്‌തു. ആ കേസ്‌ മുതിര്‍ന്ന ജഡ്‌ജിമാരെ ഒഴിവാക്കിയുള്ള ബെഞ്ചിനാണു നല്‍കിയത്‌. ഭരണഘടനാപരമായി ചീഫ്‌ ജസ്‌റ്റിസിന്‌ ഇത്തരത്തില്‍ അവകാശമുണ്ടെങ്കിലും സുപ്രീം കോടതിയുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത കീഴ്‌വഴക്കമാണിതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ജഡ്‌ജിമാരുടെ നിയമനം

സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ന്യായാധിപരുടെ നിയമനം നടത്തുന്നത്‌ സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്‌ജിമാര്‍ ഉള്‍പ്പെട്ട കൊളീജിയമാണ്‌. കൊളീജിയത്തിനുപകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍(എന്‍.ജെ.എ.സി) കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നിയമം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. കേഹാറിന്റെ ബെഞ്ച്‌ 2015ല്‍ ഭൂരിപക്ഷവിധിയിലൂടെ റദ്ദാക്കിയിരുന്നു. എന്നാല്‍ ജുഡീഷ്യറിയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നു കാട്ടി ജസ്‌റ്റിസ്‌ ചെലമേശ്വര്‍ വിയോജനക്കുറിപ്പ്‌ എഴുതുകയും എന്‍.ജെ.എ.സി. നിയമം ശരിവയ്‌ക്കുകയും ചെയ്‌തിരുന്നു.

കൊളീജിയത്തിലെ നടപടികളിലെ സുതാര്യതയുടെ അഭാവം ചൂണ്ടിക്കാട്ടി ജസ്‌റ്റിസ്‌ ചെലമേശ്വര്‍ 2016 സെപ്‌റ്റംബറില്‍ അന്നത്തെ ചീഫ്‌ ജസ്‌റ്റിസ്‌ ടി.എസ്‌. താക്കൂറിന്‌ കത്തെഴുതുകയും കൊളീജിയം മീറ്റിങ്ങുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ 2017 ഒക്‌ടോബര്‍ മുതല്‍ കൊളീജിയത്തിന്റെ തീരുമാനങ്ങള്‍ സുപ്രീംകോടതി വെബ്‌സൈറ്റിലൂടെ പരസ്യമാക്കിയത്‌.

Ads by Google
Saturday 13 Jan 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW