Monday, December 10, 2018 Last Updated 16 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.01 AM

എങ്കിലും യുവര്‍ ഓണര്‍...സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസിനെതിരേ നാലു ജഡ്‌ജിമാരുടെ പരസ്യവിമര്‍ശനം

uploads/news/2018/01/183145/d1.jpg

ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ നടത്തിപ്പില്‍ ചീഫ്‌ ജസ്‌റ്റിസിനെതിരേ മുതിര്‍ന്ന ജഡ്‌ജിമാരുടെ പരസ്യ വിമര്‍ശനം. നിയമവ്യവസ്‌ഥയുടെ തലപ്പത്തെ പക്ഷപാതിത്വം ജനാധിപത്യം അപകടത്തിലാക്കുമെന്നു വാര്‍ത്താസമ്മേളനം വിളിച്ച്‌ നാലു ജഡ്‌ജിമാര്‍ തുറന്നടിച്ചതു രാഷ്‌ട്രീയ, നിയമ മേഖലകളെ ഞെട്ടിച്ചു.
സീനിയോറിറ്റിയില്‍ ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കു തൊട്ടുപിന്നിലുള്ള ജെ. ചെലമേശ്വര്‍, രഞ്‌ജന്‍ ഗൊഗോയ്‌, മദന്‍ ബി. ലോകുര്‍, കുര്യന്‍ ജോസഫ്‌ എന്നിവരാണ്‌ കോടതി നടപടികള്‍ നിര്‍ത്തിവച്ച്‌ ജസ്‌റ്റിസ്‌ ചെലമേശ്വറിന്റെ വസതിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്‌. ഇന്ത്യന്‍ ജുഡീഷ്യറിയുടെ തലപ്പത്ത്‌ ഇങ്ങനെയൊരു പൊട്ടിത്തെറി ആദ്യമായാണ്‌.
അഭികാമ്യമല്ലാത്ത കാര്യങ്ങളാണു നടക്കുന്നതെന്നും പ്രശ്‌നങ്ങള്‍ ചീഫ്‌ ജസ്‌റ്റിസിനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട നിലയ്‌ക്ക്‌ ഏറെ വേദനയോടെയാണു മാധ്യമങ്ങളെ കാണുന്നതെന്നുമുള്ള ആമുഖത്തോടെയാണ്‌ ജഡ്‌ജിമാര്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്‌.
സുപ്രീം കോടതിയില്‍ നാളുകളായുള്ള അന്തഃഛിദ്രം പരസ്യകലഹത്തിലെത്തിയത്‌ അഭൂതപൂര്‍വമായ സാഹചര്യം സൃഷ്‌ടിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്‌ച നടത്തി. പരമോന്നത നീതിപീഠത്തിലെ ഭിന്നിപ്പിന്റെ ആഴവും പ്രത്യാഘാതങ്ങളും വിലയിരുത്തിയെങ്കിലും പ്രത്യക്ഷമായി ഇടപെടേണ്ടതില്ലെന്നാണു സര്‍ക്കാരിന്റെ തീരുമാനം.
ഇതു നീതിന്യായ സംവിധാനത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അവര്‍ സ്വയം പ്രശ്‌നം പരിഹരിക്കുമെന്നും നിയമ സഹമന്ത്രി പി.പി. ചൗധരി പറഞ്ഞു. കീര്‍ത്തികേട്ട, സ്വതന്ത്രാധികാരമുള്ള നീതിന്യായ സംവിധാനമാണു നമ്മുടേതെന്നും അതിലെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം, ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ചോദ്യംചെയ്യപ്പെടുമെന്ന നിലയ്‌ക്ക്‌ പ്രശ്‌നപരിഹാരം വൈകരുതെന്ന സന്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌.
ജഡ്‌ജിമാരുടെ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചീഫ്‌ ജസ്‌റ്റിസുമായി കൂടിക്കാഴ്‌ച നടത്തി. ജഡ്‌ജിമാര്‍ നയചാതുരിയോടെ പ്രവര്‍ത്തിക്കണമെന്നും ഒത്തൊരുമ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജഡ്‌ജിമാര്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നു കോണ്‍ഗ്രസും ജുഡീഷ്യറിയുടെ വിശ്വാസ്യത ചോരാനിടയായ സാഹചര്യം അന്വേഷിക്കണമെന്നു സി.പി.എമ്മും ആവശ്യപ്പെട്ടു.
കേസുകള്‍ പരിഗണിക്കുന്ന ബെഞ്ച്‌ നിശ്‌ചയിക്കുന്നതില്‍ ചീഫ്‌ ജസ്‌റ്റിസ്‌ മിശ്ര യുക്‌തിരാഹിത്യവും കീഴ്‌വഴക്ക ലംഘനവുമാണു കാട്ടുന്നതെന്നും കാട്ടുന്നതെന്നും മുതിര്‍ന്ന ജഡ്‌ജിമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നുമാണു പരാതി. അതേസമയം, പ്രശ്‌നകാരണങ്ങള്‍ തുറന്നുപറയാന്‍ ജഡ്‌ജിമാര്‍ തയാറായില്ല. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തേ ചീഫ്‌ ജസ്‌റ്റിസിനു നല്‍കിയ കത്ത്‌ അവര്‍ മാധ്യമങ്ങള്‍ക്കു കൈമാറി.
കേസുകള്‍ ഏതു ബെഞ്ച്‌ കേള്‍ക്കണമെന്നു തീരുമാനിക്കാനുള്ള പരമാധികാരം തനിക്കാണെന്നു കഴിഞ്ഞ നവംബറില്‍ മെഡിക്കല്‍ കോഴക്കേസിലെ വിവാദവിധിക്കു ശേഷം ചീഫ്‌ ജസ്‌റ്റിസ്‌ മിശ്ര തുറന്നടിച്ചതോടെയാണ്‌ ജഡ്‌ജിമാര്‍ക്കിടയിലെ അവിശ്വാസം പരസ്യമായിത്തുടങ്ങിയത്‌.

'രാജ്യം തീരുമാനിക്കട്ടെ' 'രാജ്യം തീരുമാനിക്കട്ടെ'

ന്യൂഡല്‍ഹി: "എന്തു വേണമെന്നു രാജ്യം തീരുമാനിക്കട്ടെ." ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്രയ്‌ക്കെതിരേ ഇംപീച്ച്‌മെന്റ്‌ നടപടി വേണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ ജസ്‌റ്റിസ്‌ ജെ. ചെലമേശ്വര്‍ പ്രതികരിച്ചത്‌ ഇങ്ങനെ.
സുപ്രീം കോടതി സംവിധാനം പരിരക്ഷിച്ചില്ലെങ്കില്‍ ഇവിടെ ജനാധിപത്യം നിലനില്‍ക്കില്ല. നമ്മുടെ രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ചരിത്രത്തില്‍ അസാധാരണമായ സാഹചര്യം. സുപ്രീം കോടതിയുടെ നടത്തിപ്പ്‌ ശരിയായ വിധത്തിലല്ല, കുറച്ചു മാസങ്ങളായി അഭികാമ്യമല്ലാത്തതു പലതുമാണു നടക്കുന്നത്‌.
കാര്യങ്ങള്‍ ചീഫ്‌ ജസ്‌റ്റിസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇനി ജനങ്ങളോടു പറയുകയല്ലാതെ മാര്‍ഗമില്ല. ആത്മാവിനെ ഞങ്ങള്‍ വിറ്റുതുലച്ചെന്ന്‌ 20 വര്‍ഷത്തിനു ശേഷം പറയാനിടയാകരുത്‌. ഞങ്ങള്‍ നിശബ്‌ദരായിരുന്നെന്ന്‌ ആരോപണം ഉയരരുത്‌. സുപ്രീം കോടതിയോടും നീതിന്യായ വ്യവസ്‌ഥയോടുമാണ്‌ ഞങ്ങളുടെ പ്രതിബദ്ധത. രാജ്യത്തോടുള്ള കടമയാണു നിര്‍വഹിക്കുന്നത്‌.
സി.ബി.ഐ. കോടതി ജഡ്‌ജിയായിരുന്ന ബി.എച്ച്‌. ലോയയുടെ മരണം പ്രശ്‌നങ്ങളിലൊന്നാണ്‌. കൂടുതല്‍ വിശദീകരിക്കാനില്ല.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 13 Jan 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW