Friday, March 23, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 04.12 PM

കൊഴിയുമോ വിപ്ലവങ്ങള്‍ ?

'' കലാലയ രാഷ്ട്രീയത്തിന്റെ ഭാവി ചോദ്യചിഹ്‌നമായി നില്‍ക്കുമ്പോള്‍ കോളജ് കുമാരിമാര്‍ പറയുന്നു, ക്യാമ്പസ് രാഷ്ട്രീയം വേണോ... വേണ്ടയോ... ?''
uploads/news/2018/01/182966/campussurvey120118.jpg

രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്തോ അതാണ് രാഷ്ട്രീയം. ഇന്നത്തെ യുവജനതയാണ് നാളത്തെ പൗരര്‍.

ക്യാമ്പസിലെ യുവതലമുറയ്ക്ക് രാഷ്ട്രീയം അസാധ്യമാകുമ്പോള്‍ രാഷ്ട്രത്തിന്റെ ഭാവി എങ്ങനെയായിരിക്കും ?
കലാലയങ്ങള്‍ പഠനത്തിനു വേണ്ടി മാത്രമാണോ?
സ്‌കൂളുകളില്‍ പുസ്തകപ്പുഴുക്കളായിരുന്നവര്‍ കോളജുകളിലും അങ്ങനെ തുടരണോ ?
സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടണ്ടേ ? സ്വന്തം കാര്യം മാത്രമോ പ്രധാനം ?
അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ക്യാമ്പസ് രാഷ്ട്രീയത്തെ വളയം ചെയ്യുമ്പോള്‍ ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുന്ന ചിലരെങ്കിലുമില്ലേ...?

കലാലയ രാഷ്ട്രീയം നിരോധിക്കാനുള്ള കാരണങ്ങളും രാഷ്ട്രീയത്തിന്റെ ആവശ്യവും ഇവിടെ പരസ്പരം മത്സരിക്കു മ്പോള്‍ വിജയം ആര്‍ക്കൊപ്പമാണെന്നറിയില്ല.

കലാലയ രാഷ്ട്രീയത്തിന്റെ പ്രസക്തിയും ആവശ്യകതയും ചര്‍ച്ചാവിഷയമാക്കിയപ്പോള്‍ പ്രതികരിച്ച ഒരു കൂട്ടം പെണ്‍കുട്ടികളുടെ മനസ്സിലെ കാഴ്ചകളും ആശയങ്ങളും...

വിദ്യയും രാഷ്ട്രീയവും


അമ്മയുടെ ഗര്‍ഭാശയം മുതല്‍ അന്തിയുറങ്ങുന്ന കുഴിമാടം വരെയും വായുവും വെള്ളവുമെല്ലാം രാഷ്ട്രീയത്തിന്റെ തലോടലിലൂടെയാണ് കടന്നു പോകുന്നത്. മനുഷ്യന്‍ ഒരു സാമൂഹിക ജീവിയായതുകൊണ്ടു ജീവിതത്തിലെ എല്ലാ മേഖലകളിലും സ്പര്‍ശിച്ചു കിടക്കുന്നതാണ് രാഷ്ട്രീയം. ലോകത്തുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത് ജനാധിപത്യമെന്ന ഭരണ സംവിധാനമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും, സാംസ്‌കാരികമായ ഉന്നതിയുമുള്ളവര്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കുമ്പോഴാണ് ഭരണവും രാഷ്ട്രീയ പ്രവര്‍ത്തനവും മൂല്യവത്താകുന്നത്. പരിചയസമ്പന്നരായ കാര്യബോധമുള്ളവര്‍ നല്ല രാഷ്ട്രത്തെയും സംവിധാനങ്ങളെയും സൃഷ്ടിക്കുന്നു. ഇവിടെയാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പ്രസക്തിയും ആവശ്യകതയും.

വിദ്യാഭ്യാസത്തിലൂടെയാണ് രാഷ്ട്രീയമറിയേണ്ടത്. വിചാരപ്പെടാനും വിവേചിച്ചറിയാനും കഴിവുള്ള ഒരു തലമുറയാണ് ഇന്നത്തെ ക്യാമ്പസുകളിലുള്ളത്. ജനാധിപത്യ രാജ്യത്ത് വളരുന്ന അവര്‍ക്ക് ജനാധിപത്യ ബോധമുണ്ടാകാന്‍ കലാലയങ്ങളില്‍ രാഷ്ട്രീയം കൂടിയെ തീരു. വിദ്യാഭ്യാസത്തിന്റെ നിര്‍വചനങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്ന കാലത്ത്, കലാലയങ്ങളില്‍ രാഷ്ട്രീയം കൂടി നിരോധിച്ചാല്‍ അവര്‍ നിഷ്‌ക്രിരായി മാറും. അതിനൊരവസരമുണ്ടാകാതെ നോക്കേണ്ടത് ഞാനുള്‍പ്പെട്ട വിദ്യാര്‍ത്ഥി സമൂഹമാണ്. രാഷ്ട്രീയം നിരോധിച്ച എറണാകുളത്തെ കോളജ് വിദ്യാര്‍ത്ഥിനിയായ ചിന്നു വ്യക്തമാക്കുന്നു.വിവേകശാലികളും ആദര്‍ശധീരരും പ്ര തിഭാധനരുമായ പുത്തന്‍ രാഷ്ട്രീയ നേതൃത്വത്തെ, കാലാകാലങ്ങളില്‍ രാജ്യത്തിനു സംഭാവന ചെയ്യുന്നത് കലാലയരാഷ്ട്രീയമാണ്. സാമൂഹികബോധവും രാഷ്ട്രീയ ബോധവും വരുംതലമുറയ്ക്ക് അന്യമാകാനാണ് കലാലയ രാഷ്ട്രീയ നിരോധനം സഹായിക്കുന്നതെന്നും വാദമുയരുന്നു. കലാലയ സംഘട്ടനങ്ങളുടെ പേരില്‍ ഒരു വിഭാഗം അരാഷ്ട്രീയ വാദികള്‍ രംഗത്തിറങ്ങുമ്പോള്‍ ചിലര്‍ വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചയെക്കുറിച്ചും മുതലക്കണ്ണീരൊഴുക്കുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ വളര്‍ന്ന് ഉയര്‍ന്ന മാര്‍ക്കോടെ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയവരുണ്ട്. ഇന്നത്തെ രാഷ്ട്രീയ നേതാക്കളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റു വരെയും നേടിയവരുണ്ട്. അവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ഏതെങ്കിലും വിദ്യാര്‍ത്ഥിയുടെ അക്കാദമിക്ക് ഭാവി തകരുന്നുണ്ടെങ്കില്‍ അതിന്റെ കുറ്റം രാഷ്ട്രീയം മാത്രമല്ല.

രാഷ്ട്രീയമുള്ള കലാലയങ്ങള്‍ സര്‍ഗ്ഗാത്മകവും സംവാദാത്മകവും ആയിരുന്നു. ഇടയ്ക്കിടെ സംഘര്‍ഷങ്ങളുണ്ടാകുന്നു എന്നത് ശരിയാണ്. ഇന്നും സംഘര്‍ഷ ങ്ങള്‍ നടക്കുന്നുണ്ട്. അടിപിടിയും അക്രമങ്ങളും കലാലയങ്ങളുടെ മാത്രം പ്രത്യേകതയല്ല. എന്തിനെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് സംഘര്‍ഷങ്ങളുണ്ടാകുന്നത്. അത് സമൂഹത്തിന്റെ പല മേഖലകളിലും സംഭവിക്കുന്നുണ്ട്. എങ്കിലും കലാലയങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി കലാലയരാഷ്ര്ടീയം നിലര്‍ത്താനുള്ള നിയന്ത്രണങ്ങള്‍ സ്വാഗതാര്‍ഹമാകും. പത്തനംതിട്ട കാത്തലിക്കറ്റ് കോളജ് ചെയര്‍പേഴ്‌സണ്‍ ദേവൂട്ടി ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയം കലാലയങ്ങളില്‍ മുഴങ്ങണമെന്ന് ശക്തമായി വാദിക്കുമ്പോഴും രാഷ്ട്രീയത്തിന്റെ അഭാവം മൂലം കോളജ് ജീവിതത്തില്‍ ഒന്നു നഷ്ടപെട്ടില്ലെന്ന് നിസംശ്ശയം വ്യക്തമാക്കുന്നുണ്ട് കോട്ടയം അമലഗിരി ബി.കെ.കോളജ് വിദ്യാര്‍ത്ഥിനികള്‍. കഴിഞ്ഞ മൂന്ന് വര്‍ഷം കലാലയ ജീവിതം ആസ്വദിച്ചു. ആര്‍ട്സ്,സ്പോര്‍ട്സ് തുടങ്ങിയ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായിട്ടാണ് പങ്കെടുത്തത്. രാഷ്ട്രീയത്തിനതീതമായുള്ള യൂണിയനായതിനാല്‍ എല്ലാ കുട്ടികളുടെയും പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനും രാഷ്ട്രീയം വേണമെന്നില്ല. മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള മനസ്സുണ്ടായാല്‍ മതി.. കോളജ് ചെയര്‍പേഴ്സണ്‍ റ്റാനിയയുടെ വാക്കുകളില്‍ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പായിരുന്നില്ല. അവയുടെ പ്രവര്‍ത്തന രീതികളോടുള്ള വിയോജിപ്പായിരുന്നു.

uploads/news/2018/01/182966/campussurvey120118a.jpg

നിരോധനം


കലാലയ രാഷ്ട്രീയത്തിലും യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും പെണ്‍കുട്ടികള്‍ മടിച്ചു നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ സജീവമാകാനും മത്സരിക്കാനും പെണ്‍കുട്ടികള്‍ മുന്നിലാണ്. അതിനുള്ള സ്വാതന്ത്ര്യവും ധൈര്യവും അവര്‍ക്കുണ്ട്. കലാലയങ്ങളിലെ പെണ്‍കുട്ടികളില്‍ 90% പേര്‍ക്കും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരും കോളജുകളില്‍ രാഷ്ട്രീയം വേണമെന്ന അഭിപ്രായമുള്ളവരുമാണ്. കോളജിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചാല്‍ ഏറെ സന്തോഷിക്കുക ഒരു വിഭാഗം മാതാപിതാക്കളും അധ്യാപകരും മാനേജ്മെന്റുമായിരിക്കും. കുട്ടികുറുമ്പന്‍മാരുടെ തല്ലോ,കല്ലേറോ,സമരമോ... അങ്ങനെ ഒരു ശല്യവുമുണ്ടാകില്ലല്ലോ. ഒരുപറ്റം അപക്വമതികളുടെ പങ്കാളിത്തത്താല്‍ വഴിതെറ്റിയ ക്യാമ്പസ് രാഷ്ട്രീയം പൊതുസമൂഹത്തെ അത്രമേല്‍ മനംമടുപ്പിച്ചിരുന്നു.

കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നത് അധ്യാപകരും മാനേജ്മെന്റുമാണ്. അതിനു വ്യക്തമായ കാരണങ്ങളുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എന്തിനു വേണ്ടിയാണോ സ്ഥാപിതമായത്, അതില്‍ നിന്നെല്ലാം വ്യതിചലിച്ച് രാഷ്ട്രീയപ്പാര്‍ട്ടിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പുകളെ പോലും ആരോഗ്യകരമായ മത്സരങ്ങളായി കാണുന്നതിലാണ് സംഘടനകള്‍ക്ക് വീഴ്ച സംഭവിച്ചത്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടു നേരിടുന്നതിനു പകരം കൈയൂക്കിന്റെയും ആള്‍ബലത്തിന്റെയും സ്വാധീനമാണ് ഭൂരിഭാഗം കലാലയങ്ങളിലും നടക്കുന്നതെന്ന കോളജ് അധ്യാപകന്‍, സാമുവല്‍ മാത്യുവിന്റെ വാക്കുകളും അവഗണിക്കാനാവില്ല. കലാലയ രാഷ്ട്രീയത്തിന്റെ ഇരകളായി മരിച്ചുജീവിക്കുന്നവരുണ്ട്. അക്രമങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളാണ് രക്തസാക്ഷികളെ സമ്മാനിച്ചിട്ടുള്ളത്.

കുട്ടികള്‍ക്കുവേണ്ടി - അഡ്വ.ജി. കാവ്യ (അഭിഭാഷക)


കുറച്ച് നാള്‍മുന്‍പ് ഒരു കോളജില്‍ സമരം നടന്നു. ഹോസ്റ്റലിലെ ജലക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ മാത്രം അണിനിരന്ന സമരം. സഹായവുമായി ഒരുപാട് പേരെത്തി. പക്ഷേ അതൊന്നും ഞാനുള്‍പ്പെട്ട സംഘം സ്വീകരിച്ചില്ല. ആ കോളജിന്റെ ചരിത്രത്തിലാദ്യമായിരുന്നു ഇങ്ങനെയൊരു സമരം. ആ സമരം വിജയിക്കുകയും ചെയ്തു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ രാഷ്ര്ടീയപാര്‍ട്ടികള്‍ വേണമെന്നില്ല. ഒരു സംഘിടിത ശക്തി മാത്രം മതി. പഠിപ്പു മുടക്കി സമരം ചെയ്യുമ്പോള്‍ പഠിക്കാനുള്ള കുട്ടികളുടെ അവകാശമാണ് ഹനിക്കപ്പെടുന്നത്. സമരങ്ങള്‍ ആവശ്യമാണെന്നതില്‍ സംശയമില്ല. ക്ലാസ്സുകള്‍ നഷ്ടപ്പെടുത്താതെ വേറിട്ട സമരമുറകളാണ് വേണ്ടത്. ഒരു പൊതു ആവശ്യത്തിനു വേണ്ടിയുള്ള സമരങ്ങള്‍ ചിലപ്പോ രാഷ്ട്രീയ വിഷയമായി മാറി കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായ സംഭവങ്ങളുണ്ട്. എല്ലാ കോളജുകളിലും കുട്ടികളുടെ കൂട്ടായ്മകളാണ് ആവശ്യം. രാഷ്ട്രീയത്തിനതീതമായി, കൊടിയുടെ നിറങ്ങളില്ലാതെ,ആരോഗ്യകരമായ മത്സരങ്ങളുള്ള കൂട്ടായ്മകള്‍. പക്ഷേ അപ്പോഴും എല്ലാം നിയന്ത്രിതമായ കൈകളിലായിരിക്കണം.

അക്രമമാണ് നിര്‍ത്തേണ്ടത് - ചിന്ത ജെറോം (വിദ്യാര്‍ത്ഥി നേതാവ്,യുവജനക്ഷമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍)


സമൂഹത്തിന്റെ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് കലാലയങ്ങളാണ്. വളര്‍ന്നു വരുന്ന തലമുറയില്‍ തീര്‍ച്ചയായും രാഷ്ട്രബോധം ഉണ്ടായിരിക്കണം. അതിനായി കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടരണം. ഒരുപാട് ഗുണവശങ്ങള്‍ക്കിടയിലുള്ളതാണ് ക്യാമ്പസ് രാഷ്ട്രീയത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍. അതൊഴിവാക്കാനായി രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തുന്നതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. കൊടിയുടെ നിറത്തിന്റെ പേരിലെ സംഘര്‍ഷങ്ങളോഴിവാക്കുമ്പോള്‍ ജാതിയുടെ പേരിലും ക്ലാസ്സുകളുടെയും ഡിപാര്‍ട്ട്മെന്റിന്റെയും പേരില്‍ സംഘര്‍ഷങ്ങളുണ്ടാകും. കോളജുകളിലെ അക്രമ രാഷ്ട്രീയമാണ് ഒഴിവാക്കേണ്ടതും നിര്‍ത്തലാക്കേണ്ടതും.
uploads/news/2018/01/182966/campussurvey120118b.jpg

മണ്ടന്‍മാരായ കുട്ടികള്‍ ? - ടോം ഇമ്മട്ടി (സംവിധായകന്‍, ഒരു മെക്സിക്കന്‍ അപാരത)


കോളജിലെ നാലുചുവരുകള്‍ക്കുള്ളിലെ പഠനം മാത്രമല്ല കലാലയ ജീവിതം. ഒരാളുടെ ജീവിതത്തിലെ അപൂര്‍വ നിമിഷങ്ങളാണത്. ദിവസവും വരുന്നു,പഠിക്കുന്നു, തിരികെ വീട്ടിലേക്ക് പോകുന്നു ഇങ്ങനെയൊരു തലമുറയാണ് സ്‌കൂളുകളില്‍. സ്വന്തം രാഷ്ട്രത്തെപ്പറ്റിയും രാഷ്ട്രീയത്തെപറ്റിയും തന്റെയുള്ളിലെ ആദര്‍ശങ്ങളുമായി മുന്നോട്ടു പോകാനും അതിലുറച്ചു നില്‍ക്കാനുമെല്ലാം പഠിക്കുന്നത് കലാലയ രാഷ്ട്രീയത്തില്‍ കൂടി മാത്രമാണ്.ഇതെല്ലാം വേണ്ടന്നു വയ്ക്കണമെന്ന് വാശിപിടിക്കുന്നത് ഒരു കൂട്ടം അധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. അവരുടെ ജോലി കുറച്ചുകൂടി എളുപ്പമാക്കാനുള്ള ഒരു വഴിയാണ് ഇതെല്ലാം. സമരങ്ങളും പ്രതിഷേധങ്ങളുമുണ്ടാകുമ്പോഴുള്ള ബുദ്ധിമുട്ടുകളില്‍ നിന്നു രക്ഷപെടാനുമുള്ള അടവുകളാണിത്. കുറേയേറെ മണ്ടന്‍മാരുള്ള കോളേജ് ആണെങ്കില്‍ അധ്യാപകരും മാനേജ്മെന്റും സന്തോഷത്തിലാകും.അതല്ല, ഇനി സംഘര്‍ഷത്തിന്റെ പേരിലാണെങ്കില്‍, വിവാഹ മോചനം വര്‍ധിക്കുന്നതിന് വിവാഹം നിരോധിക്കുന്നതു പോലെയാണ്. പഠനമെന്നു പറയുമ്പോള്‍ പുസ്തകത്തിലുള്ളത് മാത്രമല്ല നാം പഠിക്കേണ്ടത്. ഇല്ലാത്തത് ചോദിച്ചു വാങ്ങാനും ഇല്ലാത്തവനു കൊടുക്കാനും വേണ്ടിവന്നാല്‍ പോരാടുനുമെല്ലാം നാം പഠിക്കണം.

തിരുത്തലുകള്‍ തേടുമ്പോള്‍


ഒരു മനുഷ്യായുസില്‍ ഏറ്റവും ഊര്‍ജ്ജസ്വലമായിരിക്കുന്നത് യുവത്വത്തിലാണ്. അവരുടെ ഊര്‍ജ്ജത്തിന്റെ ഒരു ഭാഗം മാത്രമാണ് കോളജ് രാഷ്ട്രീയത്തില്‍ കാണുന്നത്. ആ ശക്തിയെയും സംഘടനാ ശേഷിയെയും തടഞ്ഞാലുണ്ടാകുന്നത് അനാരോഗ്യകര ഫലമാവും. പ്രതികരണ ശേഷിയില്ലാത്ത സമൂഹം,രാഷ്ട്രീയത്തേക്കാള്‍ യുവമനസ്സുകളെ കാര്‍ന്നുതിന്നുന്ന വര്‍ഗ്ഗീയ വിഷം, മതംമാറ്റം, തീവ്രവാദം എന്നിങ്ങനെ പ്രശ്‌നങ്ങള്‍ നീളും. രാഷ്ട്രബോധം വളര്‍ത്താനും വിദ്യാ ഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ത്ഥികളിലെ സര്‍ഗ്ഗധനരെ കണ്ടെത്താനുമൊക്കെയുളള ഉപാധിയാണ് ക്യാമ്പസ് രാഷ്ട്രീയം. ഇതര സംഘടനകളുമായി സംവാദങ്ങള്‍ സംഘടിപ്പിക്കാതെ കൈയൂക്കുകൊണ്ടു മുന്നേറാമെന്നുളള മിഥ്യാധാരണയാണ് വിദ്യാര്‍ത്ഥിസമൂഹത്തെ വിനാശത്തിന്റെ പടുകുഴിയിലെത്തിച്ചത്. ഫലമോ, നമ്മുടെ കലാശാലകള്‍ കലാപശാലകളായി മാറി.

പ്രശ്നത്തിന്റെ നാനാവശങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ 'ക്യാമ്പസ് രാഷ്ട്രീയം' എന്ന സങ്കല്പമല്ല, അത് വേണ്ടത്ര ലക്ഷ്യബോധമില്ലാതെ നടപ്പാക്കിയതിലെ പാളിച്ചകളാണ് അപകടകാരിയായതെന്ന് ബോധ്യപ്പെടും. കലാലയങ്ങളിലെ അരാഷ്ട്രീയ പ്രവണതയെ പ്രോത്സാഹിപ്പിക്കുവാന്‍ കോടതി തയാറാകാന്‍ പാടില്ലായിരുന്നു. അരാഷ്ട്രീയ കാമ്പസുകളിലുണ്ടായേക്കാവുന്ന അരാജകത്വ അവസ്ഥയെക്കുറിച്ചും കോടതി പഠനവിധേയമാക്കണം. കോന്നി എന്‍..എസ്.എസ്. കോളജ് വിദ്യാര്‍ഥിനികള്‍ കൂടുതല്‍ വ്യക്തതയോടെ സാമൂഹിക വിഷയങ്ങളെ പഠിക്കുയായിരുന്നു.

സമൂഹത്തിന്റെ നേതൃത്വ നിരയിലേക്കു വരണമെങ്കില്‍ രാഷ്ട്രീയ ബോധം തീര്‍ച്ചയായുമുണ്ടാകണം. അപ്പോഴും പഠനത്തിനായിരിക്കണം പ്രാധാന്യം. രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവ പ്രവര്‍ത്തനത്തിറങ്ങാനും തെരഞ്ഞെടുപ്പുകളിലും വിദ്യാഭ്യാസ യോഗ്യത കര്‍ശനമാക്കണമെന്നും, വിദ്യാര്‍ത്ഥിനികള്‍ സൂചിപ്പിക്കുന്നു.ചോരതിളയ്ക്കുന്ന രാഷ്ട്രീയത്തിന്റെ മുഖം മാറട്ടെ,. കലാപത്തിന്റെ കാഹളമൂതുന്ന കാലാലയങ്ങളില്‍ മാറ്റത്തിന്റെ ശംഖൊലികള്‍ മുഴട്ടെ, കൊടിയുടെ നിറത്തേക്കാള്‍ സമൂഹ നന്മയ്ക്കും സഹജീവികള്‍ക്കുമായിരിക്കണം വിദ്യാര്‍ത്ഥി സംഘടനകളെന്ന ബോധം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തികമാവട്ടെ. കലാപമില്ലാത്ത,രക്തസാക്ഷികളില്ലാത്ത നന്മയുടെ കലാലയ രാഷ്ട്രീയത്തെ പ്രതീക്ഷിക്കാം...

കെ.ആര്‍ ഹരിശങ്കര്‍

Ads by Google
Ads by Google
TRENDING NOW