Thursday, January 18, 2018 Last Updated 36 Min 11 Sec ago English Edition
Todays E paper
Ads by Google
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
ഡോ. സിജോ അലക്‌സ്, കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
Friday 12 Jan 2018 02.56 PM

മറന്നതൊക്കെ പോട്ടെ... മനസിന്റെ ഏതെങ്കിലുമൊരു കോണില്‍ എന്റെ മുഖമുണ്ടായാല്‍ മതിയായിരുന്നു. അവളെന്നെ മറന്നാല്‍ എനിക്ക് വേറെ ആരുമില്ല . '-വിശ്വനാഥന്റെ ഈ സങ്കടം ദൈവം കേള്‍ക്കുമോ? ഡിമെന്‍ഷ്യയിലേക്ക് വഴുതിവീണ ഭാര്യയെ പിഞ്ചുകുഞ്ഞിനെ പോലെ പരിപാലിച്ച് ഒരു ഭര്‍ത്താവ്‌

''ഈ ജന്മം മുഴുവന്‍ കണ്ണിമ വെട്ടാതെ അവളുടെ കൂടെ ഞാനിരിക്കാം. മറന്നതൊക്കെ പോട്ടെ... മനസിന്റെ ഏതെങ്കിലുമൊരു കോണില്‍ എന്റെ മുഖമുണ്ടായാല്‍ മതിയായിരുന്നു.''
uploads/news/2018/01/182944/Weeklymanololkam120118.jpg

വിശ്വനാഥന്‍ റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനാണ്. ഭാര്യ ലളിതയ്ക്ക് റെയില്‍വേയില്‍ തന്നെ ടിക്കറ്റിങ് സെക്ഷനിലായിരുന്നു ജോലി. കോളേജ് കാലം മുതലുള്ള പ്രണയത്തിന് മങ്ങലേല്‍ക്കാതെ ആയിരുന്നു മുപ്പത്തിരണ്ട് വര്‍ഷത്തെ ദാമ്പത്യജീവിതം.

മക്കളില്ലാത്ത വേദന പോലും പരസ്പരസ്‌നേഹംകൊണ്ട് അവര്‍ മറികടന്നു. ആ ജീവിതത്തിലേക്ക് കരിനിഴല്‍ വന്നുവീണത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. രാവിലെ എഴുന്നേറ്റ് ക്ഷേത്രദര്‍ശനം നടത്തുന്നത് ലളിതയുടെ പതിവാണ്. ഭര്‍ത്താവിനുള്ള ചായ ഫ്‌ളാസ്‌കില്‍ കരുതിയിരിക്കും.

മടങ്ങിവരുമ്പോള്‍ വിശ്വേട്ടന്റെ നെറ്റിയില്‍ പ്രസാദം തൊടുവിക്കുന്നതും കാലങ്ങളായുള്ള ശീലമാണ്. എന്നാല്‍, കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഒരു തിങ്കളാഴ്ച ആ പതിവ് തെറ്റി. അമ്പലത്തില്‍ നിന്ന് മടങ്ങിയെത്തേണ്ട സമയം കഴിഞ്ഞിരുന്നു. അന്വേഷിച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ പരിചയമുള്ള ഒരു ഓട്ടോയില്‍ അവര്‍ വന്നിറങ്ങി.

അമ്പലത്തില്‍ നിന്ന് വീട്ടിലേക്ക് പോകാനുള്ള വഴി അറിയാതെ അലഞ്ഞുതിരിഞ്ഞ് ഓട്ടോ സ്റ്റാന്‍ഡില്‍ നില്‍ക്കുന്നതുകണ്ടാണ് അയാള്‍ കൂട്ടിക്കൊണ്ടുവന്നത്.സംഭവിച്ചതെന്താണെന്ന ചോദ്യത്തിന് മറുപടി പറയാതെ അവര്‍ കട്ടിലില്‍ കിടന്നുറങ്ങി. എന്തെങ്കിലും അസ്വസ്ഥത ആയിരിക്കും, എഴുന്നേല്‍ക്കുമ്പോള്‍ ശരിയാകുമെന്ന ധാരണയില്‍ വിശ്വന്‍ അത് കാര്യമാക്കിയില്ല. പിന്നീട് കുടുംബത്തില്‍ ഒന്നിച്ചൊരു ചടങ്ങിന് പോയപ്പോഴും ലളിതയെ ഇടയ്ക്കുവെച്ച് കാണാതായി.

പല വഴിയായി ബന്ധുക്കള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അമ്പലത്തിലെ ആല്‍ത്തറയിലിരുന്ന അവരെ കണ്ടുകിട്ടിയത്. ഒരു കാര്യവും ഓര്‍ത്തുവയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് തന്റെ ലളിത വഴുതിപ്പോകുന്നു എന്ന് തോന്നിയപ്പോഴാണ് ഒരു സൈക്യാട്രിസ്റ്റിന്റെ സേവനം തേടാന്‍ അദ്ദേഹം തീരുമാനിച്ചതും എന്റടുത്ത് വന്നതും.

കോളേജ് കാലയളവിലെ നിസ്സാരകാര്യങ്ങള്‍ പോലും ഓര്‍ത്തെടുത്തു പറയുന്ന ലളിത , സമീപ ദിവസങ്ങളില്‍ നടന്ന കാര്യങ്ങള്‍ മറക്കുന്നു എന്ന് കേട്ടപ്പോള്‍ 'ഡിമെന്‍ഷ്യ' ആയിരിക്കാം രോഗമെന്ന് എനിക്ക് തോന്നി. കൂടുതലായും പ്രായമായവരില്‍ കണ്ടുവരുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെല്ലാം അവരില്‍ ഉണ്ട്. പരിചിതമായ വഴിമറന്നതടക്കം.

കൂടുതല്‍ വ്യക്തതയ്ക്ക് സിടി ബ്രെയിന്‍ ഇമേജിങ് നടത്തി. തലച്ചോര്‍ ചുരുങ്ങുന്നതായി റിപ്പോര്‍ട്ടില്‍ കണ്ടതോടെ മറവിരോഗം സ്ഥിരീകരിച്ചു. വിറ്റാമിനുകളുടെ അഭാവംകൊണ്ട് ചെറുപ്പക്കാരിലും ഡിമെന്‍ഷ്യ ഉണ്ടാകാം. ആ അവസ്ഥ ചികിത്സയിലൂടെ വേഗത്തില്‍ ഭേദമാകും. പ്രായമായവരില്‍ ചികി ത്സ ഫലംകാണാന്‍ പ്രയാസംവരും.

ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ചതിനൊപ്പം ഉണ്ടാകുന്ന മാറ്റങ്ങള്‍ അപ്പപ്പോള്‍ എന്നെ അറിയിക്കണമെന്നും വിശ്വനാഥനോട് ഞാന്‍ പറഞ്ഞു. ഒരു ബൈസ്റ്റാന്‍ഡറെ സ്ഥിരമായി നിര്‍ത്തുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതാണ് : '' ഈ ജന്മം മുഴുവന്‍ കണ്ണിമ വെട്ടാതെ അവള്‍ടെ കൂടെ ഞാനിരിക്കാം.

മറന്നതൊക്കെ പോട്ടെ... മനസിന്റെ ഏതെങ്കിലുമൊരു കോണില്‍ എന്റെ മുഖമുണ്ടായാല്‍ മതിയായിരുന്നു. അവളെന്നെ മറന്നാല്‍ എനിക്ക് വേറെ ആരുമില്ല . '' സങ്കടംകൊണ്ട് വാക്കുകള്‍ മുറിഞ്ഞുപോയി.

ആ പറഞ്ഞത് അക്ഷരംപ്രതി സത്യമാക്കുകയും ചെയ്തു അദ്ദേഹം. ഒരു കുഞ്ഞിനെ അമ്മ പരിചരിക്കുംപോലെ ലളിതയെ വിശ്വനാഥന്‍ നോക്കി. മറന്നുപോയ ഭൂതകാലം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രിയപ്പെട്ട സ്ഥലങ്ങളില്‍ വീണ്ടും കൊണ്ടുപോവുകയും ഇഷ്ടമുള്ള പുസ്തകങ്ങള്‍ വായിച്ചുകൊടുക്കുകയും പാട്ടുകള്‍ കേള്‍പ്പിക്കുകയുമൊക്കെ
ചെയ്തു.

നിഴല്‍ പോലെ കൂടെ നടന്ന് ഒരിക്കല്‍ പോലും മുഖം മുഷിയാതെ പ്രിയതമയുടെ താളത്തിന് നിന്നു. ജോലിക്കിടയില്‍പോലും എത്ര പണിപ്പെട്ടാണ് ഭാര്യ തന്റെ കാര്യങ്ങള്‍ ഒരു മുടക്കവും വരുത്താതെ ചെയ്തിരുന്നതെന്ന് അയാള്‍ ഓര്‍ത്തു. അതിന് പകരമാകില്ല ഒന്നും എന്ന ബോധ്യത്തോടെ ലളിതയെ കൂടുതല്‍ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ടിരുന്നു ആ ഭര്‍ത്താവ്.

ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ അവര്‍ ഒരുമിച്ച് എന്നെ വന്ന് കാണും. വലിയൊരു മാറ്റം പറയാറായിട്ടില്ലെങ്കിലും മറവിയുടെ ആഴങ്ങളിലേക്ക് പിന്നെ അവര്‍ വഴുതിയില്ല. മരുന്നിനേക്കാള്‍ വിശ്വനാഥന്‍ പകര്‍ന്നുകൊടുത്ത സ്‌നേഹത്തിന്റെ ശക്തിയാണത്. ഡിമെന്‍ഷ്യ എന്ന രോഗത്തിന് ചികിത്സയോടൊപ്പം തന്നെ ആവശ്യം ഈ കരുതലാണ് .

മീട്ടു റഹ്മത്ത് കലാം

Ads by Google
TRENDING NOW