Sunday, April 21, 2019 Last Updated 28 Min 2 Sec ago English Edition
Todays E paper
Friday 12 Jan 2018 12.48 PM

മരുഭൂമിയെ മലര്‍വാടിയാക്കി സംസ്കൃതി കളിക്കൂട്ടo ക്രിസ്തുമസ് നവവത്സര ആഘോഷ രാവ്

uploads/news/2018/01/182917/gulf120118e.jpg

മെക്സിക്കന്‍ കവി ഒക്ടോവിയോ പാസ്സിന്റെ പ്രശസ്തമായ വരികള്‍, "ആഘോഷം ഒരു നേരമ്പോക്കോ , വിനോദോപാധിയോ അല്ല, അതൊരു പുനര്‍ നിര്‍മ്മാണമാണ്." ഇന്നലത്തെ പകല്‍ മടക്കവും കഴിഞ്ഞു രാത്രിയുടെ ആദ്യ യാമങ്ങളിലേക്ക് നീണ്ട സംസ്കൃതി കളിക്കൂട്ടത്തിന്റെ ക്രിസ്തുമസ് നവവത്സര ആഘോഷ രാവ്, ഇത്തരം പുനര്‍ നിര്‍മ്മാണങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്നതിന് ഉത്തമോദാഹരണമായി മാറുകയായിരുന്നു.

നമ്മുടെ ജീവിതങ്ങളെകടന്നു പോകുന്ന ആഘോഷങ്ങള്‍ നിരവധിയാണ്, എല്ലാ ആഘോഷങ്ങള്‍ക്കും ഒരു പിന്‍ ചരിത്രം ഉണ്ടാവും,അത് മതപരമാകാം, മതരഹിതമാകാം. പരിവേഷമേതായാലും എല്ലാ ആഘോഷങ്ങളും ജാതിമത ഭേദമില്ലാതെ നമ്മള്‍ ആഘോഷിക്കുന്നത് ആഘോഷങ്ങളുടെ ബഹുസ്വരതക്ക് നമ്മുടെ സംസ്കാരത്തോടുള്ള ഇഴയടുപ്പം കൊണ്ട് തന്നെയാണ്.മതങ്ങളുടെ ചട്ടക്കൂടിലേക്ക്‌ ആഘോഷങ്ങളെ കുറുകിക്കൂട്ടാന്‍ നടക്കുന്ന വലിയ ശ്രമങ്ങള്‍ മലയാളി സമൂഹത്തിലെങ്കിലും ഏശാതെ പോകുന്നത് ഈ ബഹുസ്വരത നമ്മുടെ ശീലമായതു കൊണ്ട് തന്നെയാണ്.

എല്ലാ ആഘോഷങ്ങളിലൂടെയും നടക്കപ്പെടുന്നത് പ്രാദേശികമായ സാംസ്കാരിക വിനിമയം കൂടിയാണ്. ഏതു മതകീയ ആഘോഷങ്ങളും അതാതു മതത്തിന്‍റെ ചുറ്റുമതിലുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ, ജാതിമത വിവേചനങ്ങളില്ലാതെ ഒരു ജനതയുടെ സാംസ്കാരിക ജീവിതത്തിന്‍റെ ഭാഗമാകുമ്പോള്‍ നടക്കുന്ന കലര്‍പ്പില്ലാത്ത പങ്കുവെക്കലുകള്‍ക്കുള്ളിലാണ് മതേതരത്വം സുരക്ഷിതമായി എല്ലാ കാലത്തും നിലകൊണ്ടിട്ടുള്ളത്.

എല്ലാ ആഘോഷങ്ങള്‍ക്കും കണ്ണുകള്‍ ഉണ്ടാവണം , വിശക്കുന്നവനെ കാണുന്ന കണ്ണ്‍, ദുരിതം പേറുന്നവനെ കാണുന്ന കണ്ണ്‍, പ്രാന്തവല്‍ക്കരിക്കപ്പെടുന്നവരെ കാണുന്ന കണ്ണ്‍, ആ കാഴ്ചകളില്‍പ്പെടുന്നവര്‍ കൂടി ആഘോഷങ്ങളുടെ ഭാഗമാകുമ്പോള്‍ മാത്രമാണ് ഏതു ആഘോഷവും അര്‍ത്ഥവത്താകുന്നതെന്ന് സംസ്കൃതി കളിക്കൂട്ടം അരങ്ങും അണിയറയും സദസ്സുമൊക്കെ വേദിയാക്കി മെനഞ്ഞ മികച്ച രംഗാവതരണത്തിലൂടെ സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഒന്നും ബാക്കിയാകാതൊടുങ്ങുന്ന ആഘോഷങ്ങളില്‍ നിന്നും വേറിട്ട്‌ സഞ്ചരിക്കുകയായിരുന്നു സംസ്കൃതി കളിക്കൂട്ടം, സംസ്കൃതി വനിതാവേദി കളിക്കൂട്ടത്തിനായൊരുക്കിയ ആഘോഷ വേദിയില്‍ വനിതാ വേദി പ്രസിഡന്റ്‌ സിനി അപ്പുവിന്‍റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ആഘോഷങ്ങള്‍, കളിക്കൂട്ടം കൂട്ടുകാര്‍ അവതരിപ്പിച്ച കരോള്‍ ഗാനങ്ങളിലൂടെയും,രംഗാവിഷ്കാരത്തിലൂടെയും,വ്യത്യസ്തങ്ങളായ കളികളിലൂടെയും സ്കില്‍സ് മാസ്റ്ററോ ഹാള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉല്ലാസ മേടയാക്കി മാറ്റുകയായിരുന്നു.ആശംസയായി എത്തിയ ഗ്രാന്‍ഡ്‌ മാസ്ടര്‍ ജി.എസ്. പ്രദീപിന്‍റെ ദൃശ്യ ശകലം പരിപാടിയുടെ നല്ല തുടക്കത്തിനു ഊര്‍ജ്ജമായി മാറി.

uploads/news/2018/01/182917/gulf120118e1.jpg

ക്രിസ്തുമസ് ആഘോഷിക്കുവാന്‍ കൂട്ടിനാരുമില്ലാത്തിനാല്‍ കരഞ്ഞിരിക്കുന്ന കുട്ടിയെ ആശ്വസിപ്പിക്കുവാനെത്തുന്ന ക്രിസ്തുമസ് പാപ്പ, കുട്ടിയേയും കൂട്ടി നന്മകള്‍ പൂക്കുന്ന ഗ്രാമത്തിലേക്ക് യാത്രയാകുന്നിടത്ത് തുടങ്ങുന്ന "ഗ്രാമ കാഴ്ചകള്‍" ചിരിയും,ചിന്തയും, നോവുമൊക്കെ ഇഴപാകി നെയ്ത് വികസിച്ചപ്പോള്‍ പങ്കു വെക്കപ്പെട്ടത്‌ മത മൈത്രിയുടെയും,സഹജീവി ബോധത്തിന്റെയും, കാരുണ്യത്തിന്റെയും, ലഹരി വിരുദ്ധതയുടെയുമൊക്കെ വലിയ സന്ദേശങ്ങള്‍ ആയിരുന്നു, ഗ്രാമ പ്രതീകങ്ങളായി അരങ്ങിലെത്തി നമ്മുടെ മനസ്സിലേക്ക് മടങ്ങിയ പത്രക്കാരനും, പാല്‍ക്കാരിയും, പള്ളിയില്‍ പോകുന്ന അമ്മച്ചിമാരും,വായു ഇളകിയ അപ്പാപ്പനും, ആശുപത്രിയില്‍ കൊണ്ട് പോകുന്ന സഹായികളും, പൂക്കാരിയും അണ്ണനും, സ്കൂളില്‍ പോകാത്ത മൊയ്തുവും,രാധയും കൂട്ടരും,ലോട്ടറിക്കാരന്‍ പയ്യനും,അമ്പലത്തില്‍ പോകുന്ന കുട്ടികളും,കുടി വെള്ളവുമായെത്തുന്ന ലോറിക്കാരനും,സഹായിയും, വെള്ളം എടുക്കാന്‍ വരുന്ന പെണ്ണുങ്ങളും, സമ്മാനവുമായെത്തുന്ന ആമിനയും,അലനും കൂട്ടുകാരും, സുലൈമാന്‍റെ മോളും,സാന്റയും കുട്ടികളും ഒക്കെ ആയി അന്നാ ബാബുരാജ്, ലക്ഷ്മിക,ലിയാന, ആയിഷാ, പാര്‍വതി,മേഘ, സാന്ദ്ര,ആഷികാ, സനാ,കയല്‍വിഴി, തമിഴരശന്‍, ദേവജിത്,രേവന്ത് വിനോദ്, ദേവ ദര്‍ശ്,അശ്വിന്‍,ആര്‍ഷ ,നേഹ, ദേവാംഗി,ദേവികാ വിനോദ്, ഗോകുല്‍ കൃഷ്ണാ ബിജു,മാനസ്, അബിന്‍ തുടങ്ങിയവര്‍ അരങ്ങു നിറഞ്ഞാടിയപ്പോള്‍ അവരെ ഒരേ ചരടില്‍ കോര്‍ക്കാന്‍ അസാധാരണ അഭിനയമികവും മനോധര്‍മ്മവും സമന്വയിപ്പിച്ച് കളം നിറഞ്ഞ അഭിനയ സംസ്കൃതിയുടെ മികവുകള്‍ രമേശന്‍ തെക്കടവന്‍, ഫൈസല്‍ അരിക്കാട്ടിയില്‍, രാജേഷ് മാത്യു , മനീഷ് സാരംഗി, നിഥിന്‍ പശ്ചാത്തലമൊരുക്കിയ സുഹാസ് പാറക്കണ്ടി തുടങ്ങിയവര്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു,കലയുടെ വലിയ സമര്‍പ്പണത്തിനു സ്കില്‍സ് വേദിയാകുമ്പോള്‍ മറ്റൊരു ആത്മാര്‍പ്പണം കൂടി അടയാളപ്പെടുത്തേണ്ടതുണ്ട്‌, ഗ്രാമ കാഴ്ചകളുടെ ആശയത്തെ അരങ്ങിലെ വിസ്മയമായി വികസിപ്പിച്ച അതുല്യ പ്രതിഭ ദര്‍ശന രാജേഷ്, ഒരാഴ്ചയിലേറെയായി ഗ്രാമകാഴ്ചകള്‍ ആവേശിച്ച മനസ്സുമായി ഊണും,ഉറക്കവും നഷ്ടപ്പെടുത്തി വിപുലമായ പരിശ്രമങ്ങള്‍ നടത്തിയ ടീച്ചര്‍ക്കുള്ള ഉപഹാരം തന്നെയാണ്, ഇതിനോടകം ഉയര്‍ന്നിട്ടുള്ള മികച്ച പ്രതികരണങ്ങള്‍.

മികച്ച സംഘാടനത്തിന്റെ വിജയം കൂടിയായിരുന്നു ഇന്നലത്തെ ആഘോഷങ്ങള്‍, വനിതാവേദി സാരഥികളായ സിനി അപ്പു, അര്‍ച്ചനാ ഓമനക്കുട്ടന്‍,സുനീതി സുനില്‍, രാഖി വിനോദ്, ഒപ്പം നിന്ന വനിതാ വേദിയുടെ മുന്നണി പ്രവര്‍ത്തകര്‍, കോ ഓര്ഡിനേറ്റര്‍ രാജീവ്‌, സുധീര്‍ ഭായ്, സംസ്കൃതി പ്രസിഡന്റ്‌ സുനിലും,ജനറല്‍ സെക്രട്ടറി വിജയകുമാറും തുടങ്ങിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സ്ഥാപക നേതാക്കള്‍, കയ്മേയ് മറന്നു പ്രവര്‍ത്തിച്ച സംസ്കൃതി പ്രവര്‍ത്തകര്‍, ഗെയിമുകള്‍ നല്ല രീതിയില്‍ അവതരിപ്പിച്ച ഷംസീര്‍, ഓ.കെ. സന്തോഷ്‌ അങ്ങനെ നീളുന്നു വിജയശില്പികള്‍...വിസ്താര ഭയത്താല്‍ കരോള്‍ ഗീതം അവതരിപ്പിച്ച കുട്ടികളുടെ പേര് ചേര്‍ക്കാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുന്നു, എല്ലാ കുരുന്നുകള്‍ക്കും ഒരിക്കല്‍ കൂടി അഭിവാദ്യങ്ങള്‍...നാളെകള്‍ നിങ്ങളുടേതാണ്..

ഫൈസല്‍ അരീകാട്ടയില്‍

Friday 12 Jan 2018 12.48 PM
YOU MAY BE INTERESTED
Loading...
TRENDING NOW