Saturday, January 20, 2018 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.54 AM

കലോത്സവ മാഫിയയെ തകര്‍ക്കണം

uploads/news/2018/01/182879/editorial.jpg

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ തങ്ങളുടെ കലാവാസന ലോകത്തെ അറിയിക്കാനുള്ള വേദിയാണു സംസ്‌ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റേത്‌. പതിറ്റാണ്ടുകളായി ഭരണാധികാരികളും കേരള സമൂഹവും കലോത്സവത്തിനു നല്‍കുന്ന അംഗീകാരം വളരെ വലുതാണ്‌. ഏതു നാട്ടില്‍ കലോത്സവം നടന്നാലും അവിടേക്ക്‌ നാട്ടുകാരാകെ ഒഴുകി എത്തുന്നത്‌ ഇതിന്റെ തെളിവാണ്‌.

എന്നാല്‍, അനാരോഗ്യകരമായ അനേകം ഏര്‍പ്പാടുകളുടെ അരങ്ങുകൂടിയാണിത്‌. വര്‍ഷങ്ങളായി യുവജനോത്സവത്തിന്റെ ശാപമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌ വിജയത്തിനായി കുറുക്കുവഴികള്‍ തേടുന്നതാണ്‌. വിധികര്‍ത്താക്കളെ സ്വാധീനിച്ച്‌ വളഞ്ഞവഴിയിലൂടെ കുട്ടികളെ മുന്നിലെത്തിക്കാന്‍ അരങ്ങിനു പിന്നില്‍ കളിച്ചിരുന്നത്‌ മാതാപിതാക്കളും അധ്യാപകരുമായിരുന്നു. വിജയത്തിലൂടെ കിട്ടുന്ന ഗ്രേസ്‌ മാര്‍ക്ക്‌ ആയിരുന്നു ഇവരുടെ ലക്ഷ്യം. കലാ പ്രതിഭ, കലാതിലകം പട്ടങ്ങള്‍ ഉണ്ടായിരുന്ന സമയത്ത്‌ അതും ഈ തട്ടിപ്പിന്‌ പ്രേരണയായി.
ഇത്തവണ എല്ലാത്തരം തട്ടിപ്പുകളെയും പടിക്കുപുറത്തു നിര്‍ത്തും എന്ന പ്രഖ്യാപനവുമായാണു സംഘാടകര്‍ തൃശൂരില്‍ നടന്ന മേളയ്‌ക്കൊരുങ്ങിയത്‌. മേളയ്‌ക്കു മേല്‍ വിജിലന്‍സിന്റെ നിരീക്ഷണം ഉണ്ടാകും എന്നു വ്യക്‌തമായതോടെ അഞ്ചു വിധികര്‍ത്താക്കള്‍ മാറി നിന്നതോടെ മേള സുതാര്യമായിരിക്കും എന്ന തോന്നലുമുണ്ടായി.

കാര്യങ്ങള്‍ അങ്ങനെയല്ല എന്നാണു പിന്നീട്‌ നടന്ന സംഭവങ്ങള്‍ വ്യക്‌തമാക്കിയത്‌. കലോത്സവത്തില്‍ പങ്കെടുക്കാനായി ബാലാവകാശ കമ്മിഷന്റെ അപ്പീല്‍ തയാറാക്കി എന്നു തെളിഞ്ഞത്‌ ഞെട്ടിക്കുന്ന സംഭവമാണ്‌. മത്സരിക്കാനെത്തിയ പത്തു പേര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ വ്യാജമായിരുന്നെന്നു സംഘാടകര്‍ കണ്ടെത്തിയതാണ്‌ ഈ വലിയ റാക്കറ്റിനെ തുറന്നുകാട്ടിയത്‌. ഈ വര്‍ഷം 172 അപ്പീലുകള്‍ ബാലാവകാശ കമ്മിഷനിലെത്തി. 12 എണ്ണമാണ്‌ അംഗീകരിച്ചത്‌. എന്നാല്‍, നിരാകരിക്കപ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന്‌ വന്‍ പ്രതിഫലം കൈപ്പറ്റി വ്യാജ അപ്പീല്‍ ഉത്തരവ്‌ തയാറാക്കിക്കൊടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ നൃത്താധ്യാപകന്‍ ഉള്‍പ്പെടെയാണ്‌ അറസ്‌റ്റിലായിരിക്കുന്നത്‌. ഈ വ്യാജ ഉത്തരവുകള്‍ക്കു പിന്നില്‍ ഉദ്യോഗസ്‌ഥരുമുണ്ടെന്ന്‌ സംശയമുണ്ട്‌. അതില്ലാതെ ഈ തട്ടിപ്പ്‌ സാധിക്കില്ലെന്ന സംശയം ബലവത്താണ്‌.

കലോത്സവത്തിന്റെ നടത്തിപ്പില്‍ കാര്യമായ മാറ്റം വരുത്തണമെന്നു വ്യക്‌തമാക്കുന്നതായിരുന്നു ഇത്തവണത്തെയും മേള. അപ്പീലുകളുമായി എത്തിയവര്‍ അനേകം. അതുകൊണ്ട്‌ മത്സരങ്ങള്‍ മണിക്കൂറുകളോളം വൈകി. ഒരു ജില്ലയില്‍നിന്ന്‌ ഒരു മത്സരാര്‍ഥി എന്നതാണ്‌ സങ്കല്‍പമെങ്കിലും അപ്പീലുകാര്‍ വന്നതോടെ മത്സരാര്‍ഥികള്‍ യഥാര്‍ഥത്തിലാകാവുന്നതിലും മുന്നിരട്ടിവരെയായി. ചമയമണിഞ്ഞ്‌ ഊഴം കാത്തിരിക്കുന്ന കൊച്ചു കുട്ടികള്‍ കലോത്സവത്തിന്റെ ദൈന്യം നിറഞ്ഞ കാഴ്‌ചയായിരുന്നു. അപ്പീലുമായി എത്തിയ ചിലര്‍ മികച്ച വിജയം നേടുകയും ചെയ്‌തു. ജില്ലാ മേളകളിലെ വിധിനിര്‍ണയത്തെ സംബന്ധിച്ച്‌ സംശയം ജനിപ്പിക്കുന്നതായിരുന്നു ആ വിജയങ്ങള്‍. സമ്മാന മാഫിയകള്‍ ജില്ലാ മത്സരങ്ങളിലും സജീവമാണെന്നതിന്റെ ഉദാഹരണം കൂടിയാണിത്‌.

അപ്പീല്‍ പ്രളയം, മണിക്കൂറുകള്‍ വൈകുന്ന മത്സരങ്ങള്‍, തട്ടിപ്പുകാരുടെ ഇടപെടലുകള്‍ എന്നിങ്ങനെ അനേകം കാര്യങ്ങള്‍ കൂടി നേരിട്ടാലേ സ്‌കൂള്‍ യുവജനോത്സവം ഫലപ്രദമായി നടത്താനാവൂ എന്നതാണ്‌ ഇക്കാര്യങ്ങളില്‍ നിന്നു വ്യക്‌തമാകുന്നത്‌. അതിനാല്‍, അടുത്ത യുവജനോത്സവ നടത്തിപ്പ്‌ സംബന്ധിച്ച്‌ ഇപ്പോഴേ ഗൗരവതരമായ ആലോചനകള്‍ നടക്കേണ്ടിയിരിക്കുന്നു. ജില്ലാതലത്തിലും സംസ്‌ഥാനതലത്തിലും അടിസ്‌ഥാനപരമായ മാറ്റങ്ങള്‍ വേണ്ടതുണ്ടെങ്കില്‍ അതും ആലോചിക്കണം.

Ads by Google
Friday 12 Jan 2018 01.54 AM
YOU MAY BE INTERESTED
TRENDING NOW