Thursday, January 18, 2018 Last Updated 44 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 03.08 PM

ഒരു മുത്തശിക്കഥ പോലെ

''അറുപത്തഞ്ചാം വയസിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ശ്രദ്ധ നല്‍കുന്ന രാജിനി ചാണ്ടിയുടെ ഹെല്‍ത്ത് സീക്രട്ട്...''
uploads/news/2018/01/182640/starhelth1101185a1.jpg

ആലുവയിലെ വീട്ടുമുറ്റത്ത് രാജിനി ചാണ്ടി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. രാജിനി ചാണ്ടിയുടെ ഇളം നീലനിറത്തിലുള്ള സാരി 'ഒരു മുത്തശി ഗദ'യിലെ ലീലാമ്മയെ ഓര്‍മ്മപ്പെടുത്തി.

നടപ്പിലും സംസാരത്തിലുമൊക്കെ അതേ ഭാവം. മുത്തശി ഗദയിലെ കഥാപാത്രത്തിന് രാജിനി ചാണ്ടിയുമായി ഏറെ സാമ്യമില്ലേ എന്നു ചോദിച്ചപ്പോള്‍ ഉറക്കെ ചിരിച്ചു.

''അത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ആ ചിത്രം റിലീസ് ആയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇപ്പോഴും എന്റെ കഥാപാത്രത്തെ ആളുകള്‍ ഓര്‍ക്കുന്നുണ്ടല്ലോ. പിന്നെ ആ കഥാപാത്രത്തിന്റെ കുറച്ച് സ്വഭാവമൊക്കെ എനിക്കുണ്ട്''.

മുത്തശി ഗദയിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തിയ രാജിനി ചാണ്ടിയുടെ ജീവിതത്തിലുമുണ്ട് ഒരു മുത്തശിക്കഥ പോലെ ഒട്ടേറെ കൗതുകങ്ങള്‍. അറുപത്തഞ്ചാം വയസിലും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ശ്രദ്ധ നല്‍കുന്ന രാജിനി ചാണ്ടിയുടെ ഹെല്‍ത്ത് സീക്രട്ട്.

ആരോഗ്യം ശ്രദ്ധിക്കാറുണ്ട്


വിവാഹത്തിന് മുന്‍പ് വരെ ആരോഗ്യകാര്യങ്ങളില്‍ ഞാന്‍ അത്രയ്‌ക്കൊന്നും ശ്രദ്ധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഞങ്ങള്‍ മുംബൈയിലായിരുന്നു താമസം. ഭര്‍ത്താവ് ആരോഗ്യകാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കും. അങ്ങനെയാണ് ഞാന്‍ മുംബൈയിലുള്ള ഹെല്‍ത്ത് ക്ലബില്‍ പോകാന്‍ തുടങ്ങിയത്.

മുംബൈയില്‍ എത്തിയതിനു ശേഷമാണ് എനിക്ക് അവസരം ലഭിച്ചത്. അന്നു മുതല്‍ കിട്ടിയ അവസരം നല്ല രീതിയില്‍ പ്രയോജനപ്പെടുത്തി. പിന്നെ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നും അന്നും ഇന്നും പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. അതുകൊണ്ട് 65-ാം വയസിലും ആരോഗ്യത്തോടെയിരിക്കുന്നു. മുംബൈയില്‍ നിന്നും നാട്ടിലെത്തിയപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലല്ലോ.

വെറുതേയിരിക്കണ്ട എന്നു കരുതി നാട്ടില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഹെല്‍ത്ത് ക്ലബ് തുടങ്ങി. എയ്‌റോബിക് വ്യായാമങ്ങളായിരുന്നു ചെയ്തിരുന്നത്. 1997-ലാണ് ആരംഭിച്ചത്. 2004 വരെ ഹെല്‍ത്ത് ക്ലബ് നടത്തി. ബിസിനസിന്റെ രീതികള്‍ എനിക്കത്ര കാര്യമായിട്ട് അറിയില്ല. അങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ഹെല്‍ത്ത് ക്ലബ് നിര്‍ത്തേണ്ടതായി വന്നു.

ഇപ്പോഴും ആരോഗ്യകാര്യങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഇവിടെ അടുത്തുള്ള ഹെല്‍ത്ത് ക്ലബില്‍ പോകുന്നുണ്ട്. എപ്പോഴും ആക്ടീവായിരിക്കാനാണ് എനിക്കിഷ്ടം. നല്ല ആരോഗ്യമുണ്ടെങ്കില്‍ അല്ലേ ആക്ടീവ് ആകാന്‍ കഴിയൂ. അതുകൊണ്ട് ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

സെന്‍സിറ്റീവാണ്


പലരും വിചാരിക്കാറുണ്ട് ഞാന്‍ തന്റേടിയാണെന്ന്. പക്ഷേ, ഞാന്‍ വളരെ സെന്‍സിറ്റീവാണ്. ദേഷ്യപ്പെടുമ്പോള്‍ പോലും എന്റെ കണ്ണ് നിറയും. നടപ്പും സംസാരവുമൊക്കെ കണ്ട് ഞാന്‍ സീരിയസാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്. നടപ്പിന്റെ പ്രത്യേകതയ്ക്ക് ഒരു കാരണമുണ്ട്. എനിക്ക് സ്‌പോണ്ടിലൈറ്റിസുണ്ട്.

അതുകൊണ്ട് ഡോക്ടര്‍ എന്നോട് പറഞ്ഞു, നന്നായി നിവര്‍ന്ന് നടന്നാല്‍ സ്‌പോണ്ടിലൈറ്റിസ് കുറച്ചൊക്കെ പരിഹരിക്കാമെന്ന്. അങ്ങനെയാണ് നിവര്‍ന്ന് നടക്കാന്‍ തുടങ്ങിയത്. അതുപക്ഷേ തന്റേടിയാണെന്നൊരു ഇമേജ് നല്‍കിയിട്ടുണ്ട്.

മറ്റുള്ളവരുടെ വിഷമങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്കും വിഷമം വരാറുണ്ട്. പെട്ടെന്ന് സങ്കടവും കരച്ചിലുമൊക്കെ എനിക്ക് വരും. അതുകൊണ്ട് ഞാനത്ര തന്റേടിയൊന്നുമല്ല.

പിന്നെ ശരിയല്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കും. സ്ത്രീയാണ് എന്നു കരുതി മാറി നില്‍ക്കാറില്ല. എനിക്ക് ചെയ്യാന്‍ ധൈര്യമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ഒരു മടിയുമില്ല. അതിന് പ്രായമോ മറ്റ് ഘടകങ്ങളൊന്നും തന്നെ തടസമാകാറില്ല. ഏത് പ്രായത്തിലും എന്തും ചെയ്യാനുള്ള ആത്മവിശ്വാസവും ധൈര്യവും ഉണ്ടായാല്‍ മതി.

uploads/news/2018/01/182640/starhelth1101185a.jpg

ഓരോ നിമിഷവും സന്തോഷിക്കും


എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് എന്ത് വിഷമമുണ്ടെങ്കിലും അത് മറ്റുള്ളവരുടെ മുന്നില്‍ പ്രകടിപ്പിക്കാറില്ല. എന്റെ മുന്നില്‍ വരുന്ന വ്യക്തികള്‍ക്ക് പല വിഷമങ്ങളും പ്രശ്‌നങ്ങളും കാണും. അവരുടെ സങ്കടം ഒരു മിനിട്ട് അല്ലെങ്കില്‍ ഒരു സെക്കന്‍ഡ് മാറ്റി വയ്ക്കാന്‍ സാധിച്ചാല്‍ അതൊരു സന്തോഷമാണ്.

എന്നു കരുതി ഞാന്‍ അത്ര പാവമൊന്നുമല്ല! സങ്കടം മനസില്‍ വയ്ക്കുമ്പോഴാണ് അതിങ്ങനെ നീണ്ടുപോകുന്നത്. ഒരാളോട് ദേഷ്യം തോന്നിയാലും ഞാനത് മനസില്‍ വച്ച് പെരുമാറില്ല. തെറ്റിദ്ധാരണകളുണ്ടായാല്‍ അപ്പോള്‍ തന്നെ നേരിട്ട് സംസാരിക്കാറുണ്ട്.

പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ വൈരാഗ്യം മനസില്‍ സൂക്ഷിക്കേണ്ട കാര്യമില്ലല്ലോ. കാര്യങ്ങള്‍ പരസ്പരം പറഞ്ഞുതീര്‍ക്കാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. മനസിനു വിഷമമുണ്ടാക്കുന്ന കാര്യങ്ങളൊന്നും ഞാന്‍ നീട്ടിക്കൊണ്ട് പോകാറില്ല.

ടെന്‍ഷനുണ്ടെങ്കിലും പ്രകടിപ്പിക്കാറില്ല


ചെറിയ കാര്യങ്ങള്‍ക്ക് വരെ ടെന്‍ഷനടിക്കാറുണ്ട്. പക്ഷേ പുറത്തിറങ്ങിയാല്‍ ടെന്‍ഷനും വേദനയും ഒന്നും പ്രകടിപ്പിക്കാറില്ല. ഭര്‍ത്താവ് എപ്പോഴും പറയാറുണ്ട്. വീട്ടില്‍ നില്‍ക്കുമ്പോള്‍ ശരീരവേദനയാണെന്ന് പരാതി പറയാറുണ്ടല്ലോ, പുറത്തിറങ്ങിയപ്പോള്‍ വേദനയൊന്നും കണ്ടില്ലല്ലോയെന്ന്.

ശരിയാണ് മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ ഞാന്‍ വേദനയും ടെന്‍ഷനുമൊക്കെ മറക്കും. ആ സമയം നന്നായി ആസ്വദിക്കും. പരമാവധി സന്തോഷിക്കും. പുറത്തേക്കിറങ്ങുമ്പോള്‍ എന്റെ അടുത്ത് വരുന്നയാള്‍ക്ക് എന്നേക്കാള്‍ വിഷമവും പ്രശ്‌നങ്ങളും കാണും. അ
വരുടെ അടുത്തേക്ക് എന്റെ പ്രശ്‌നങ്ങളുമായിട്ട് പോയിട്ട് ആര്‍ക്ക് എന്ത് പ്രയോജനമാണ് കിട്ടുന്നത്.

അതേ സമയം അവരോട് കുറച്ച് സമയം ചിരിച്ച് സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് ആശ്വാസം ലഭിച്ചാലോ. മറ്റുള്ളവര്‍ക്ക് ഒരു പോസിറ്റീവ് എനര്‍ജി കൊടുക്കാന്‍ സാധിച്ചാല്‍ നല്ല കാര്യമല്ലേ. മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്തുപറയുമെന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. 24 മണിക്കൂറും സന്തോഷമായി ഇരിക്കുകയെന്നത് എന്റെ അവകാശമാണ്.

പിന്നെ സമയപാലനത്തില്‍ വളരെ കൃത്യത പാലിക്കണമെന്ന് നിര്‍ബന്ധമുണ്ട്. എവിടെയെങ്കിലും പോകണമെന്ന് പറഞ്ഞാല്‍, 15 മിനിറ്റ് മുന്‍പ് തയാറാകും. ആരെങ്കിലും വീട്ടില്‍ വരാമെന്ന് പറഞ്ഞിട്ട് സമയമായിട്ടും കണ്ടില്ലെങ്കില്‍ ഞാന്‍ ടെന്‍ഷനാകാന്‍ തുടങ്ങും. എന്റെ ടെന്‍ഷന്‍ എന്താണെന്ന് ഭര്‍ത്താവിന് മാത്രമേ അറിയാവൂ.

സംസാരത്തിനിടയിലും വാച്ചിലേക്കൊന്ന് നോക്കി. (അഭിമുഖത്തിനു ശേഷം പുറത്ത് പോകാന്‍ വണ്ടി ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സമയപാലനത്തില്‍ വളരെ കൃത്യത പാലിക്കണമെന്ന് നിര്‍ബന്ധക്കാരിയാണ് രാജിനി ചാണ്ടി).

വ്യായാമം ചിട്ടയോടെ


കണ്ണെഴുതും അല്‍പം ലിപ്‌സ്റ്റിക് ഉപയോഗിക്കും എന്റെ മേക്കപ്പ് അത്രയേയുള്ളൂ. പക്ഷേ മാസത്തിലൊന്ന് പാര്‍ലറില്‍ പോകാറുണ്ട്. ഫേഷ്യല്‍ മസാജും ഹെഡ് മസാജും ചെയ്യാറുണ്ട്. അതൊരു റിലാക്‌സേഷന് വേണ്ടി പോകുന്നതാണ്. ഇപ്പോള്‍ മുടിയൊക്കെ കുറച്ച് പോയിത്തുടങ്ങി. അതുകൊണ്ട് കേശസംരക്ഷണത്തില്‍ അല്‍പം ശ്രദ്ധിക്കുന്നുണ്ട്.

സൗന്ദര്യത്തിനു വേണ്ടി ഒന്നും ചെയ്യാറില്ല. പിന്നെ വ്യായാമം ചെയ്യുന്നതിന്റെ ഗുണമായിരിക്കും സ്‌കിന്‍ ഇതുവരെ മോശമായിട്ടില്ല. രാവിലെ വ്യായാമം ചെയ്യുന്നതാണ് പതിവ്. വൈകുന്നേരങ്ങളില്‍ ആരെങ്കിലും വീട്ടില്‍ വരികയോ, അല്ലെങ്കില്‍ യാത്രകളൊക്കെ പോകേണ്ടി വന്നാല്‍ വ്യായാമം മുടങ്ങും. അതുകൊണ്ട് രാവിലെ 5 മണിക്ക് വ്യായാമം ചെയ്യും.

വെളുപ്പിനെയാകുമ്പോള്‍ മറ്റ് പ്രശ്‌നങ്ങള്‍ ഇല്ല. ആറര വരെ ഹെല്‍ത്ത് ക്ലബില്‍ വ്യായാമങ്ങള്‍ക്കായി ചെലവിടും. ഷൂട്ടിന് വിളിക്കുമ്പോഴും ഏഴ് മണിക്ക് ശേഷം വന്നാല്‍ മതിയോയെന്ന് ചോദിക്കും. അവരത് സമ്മതിക്കാറുണ്ട്. വ്യായാമത്തിന് ശേഷം ഷൂട്ടിന് പോകും. മറ്റ് സമയങ്ങളിലേക്ക് വ്യായാമം മാറ്റിയാല്‍ ചിലപ്പോള്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് മുടങ്ങും.

ട്രെഡ്മില്‍, വെയ്്റ്റ് ലിഫ്റ്റ്, ലെഗ് എക്‌സര്‍സൈസ് ഇവയൊക്കെ ചെയ്യാറുണ്ട്. ഇന്നത് ചെയ്യില്ല എന്നൊന്നുമില്ല. എന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്യും. പിന്നെ ചെറുപ്പക്കാരെ പോലെ പതിനഞ്ച് കിലോ ഒരുമിച്ച് ഉയര്‍ത്താനൊന്നും എനിക്ക് സാധിക്കില്ല. പ്രായം ഇത്രയുമായില്ലേ.

uploads/news/2018/01/182640/starhelth1101185a2.jpg

ഭക്ഷണം ആവശ്യത്തിന്


ഭക്ഷണം നന്നായി കഴിക്കുന്ന ആളൊന്നുമല്ല. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് ഈ മൂന്ന് നേരം മാത്രം ഭക്ഷണം കഴിക്കാറുള്ളൂ. ഇടയ്ക്ക് ഭക്ഷണം കഴിക്കുന്ന ശീലമൊന്നുമില്ല. വറുത്തതും പൊരിച്ചതുമായിട്ടുള്ള ഭക്ഷണസാധനങ്ങളൊന്നും കഴിക്കില്ല.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അഞ്ച് ബദാം കഴിക്കും. അത് ചിലപ്പോള്‍ തലേന്ന് വെള്ളത്തിലിട്ട് കഴിക്കും. അല്ലെങ്കില്‍ തേനില്‍ ചേര്‍ത്ത് വച്ചിട്ട് അടുത്ത ദിവസം കഴിക്കും. വര്‍ഷങ്ങളായി ബദാം കഴിക്കുന്നുണ്ട്. പാലൊഴിച്ച് കാപ്പി കുടിക്കാറില്ല. കട്ടന്‍ കാപ്പിയാണ് കുടിക്കുന്നത്. അതും രണ്ട് നേരം മാത്രം.

എന്റെ രീതി അനുസരിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ഒരിക്കലും വയറുനിറച്ച് കഴിക്കാറില്ല. അല്‍പം ഇടം ബാക്കി വയ്ക്കണം. എന്നാലേ കഴിച്ച ആഹാരം ആസ്വദിക്കാന്‍ സാധിക്കൂ. വയറു വല്ലാതെ നിറഞ്ഞ് അസ്വസ്ഥത കാണിക്കേണ്ട കാര്യമില്ല. അല്‍പം കൂടി കിട്ടിയിരുന്നെങ്കില്‍ എന്നു തോന്നുന്ന വിധത്തില്‍ കഴിക്കണം.

വീട്ടില്‍ തന്നെ ആവശ്യമുള്ള പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. അതാണ് പാചകത്തിന് ഉപയോഗിക്കുന്നത്. പുറത്തു നിന്നും പച്ചക്കറി വാങ്ങുന്നത് വളരെ കുറവാണ്. ഞാനും ഭര്‍ത്താവും മാത്രമല്ലേയുള്ളൂ. ഞങ്ങള്‍ക്ക് ആവശ്യമുള്ള പച്ചക്കറി ഞങ്ങള്‍ തന്നെ കൃഷി ചെയ്യും. വൈകിട്ട് കഞ്ഞിയാണ് കുടിക്കുന്നത്.

പയര്‍, പപ്പടം ചേര്‍ത്ത് കഞ്ഞി കുടിക്കും. രാത്രി ഏഴ് മണിയാകുമ്പോള്‍ കഞ്ഞി കുടിക്കും. ഒരുപാട് വൈകി ഭക്ഷണം കഴിക്കാറില്ല. രാത്രി ഞാന്‍ നേരത്തെ ഉറങ്ങും. വീട്ടിലാണെങ്കില്‍ ഒന്‍പതരയാകുമ്പോള്‍ കിടക്കും. രാത്രി ഷൂട്ടിന് പോയാലും വൈകിട്ട് അല്‍പം ചോറ് മാത്രമേ കഴിക്കൂ. ഭക്ഷണം ഒരുനേരം കിട്ടിയില്ലെന്ന് കരുതി പരാതിയൊന്നുമില്ല. ഒരു നേരം പട്ടിണി കിടക്കാനും ബുദ്ധിമുട്ടൊന്നുമില്ല.

തയാറാക്കിയത് : നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
TRENDING NOW