Friday, April 20, 2018 Last Updated 31 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 02.16 AM

മദനമാതൃകകള്‍ നമ്മെ നയിക്കട്ടെ

uploads/news/2018/01/182570/editorial.jpg

കൊടുങ്ങല്ലൂരിലെ മതിലകത്ത്‌ കളരിപ്പറമ്പില്‍ വീട്ടില്‍ മദനന്‍ ഒരു സാധാരണക്കാരനായിരുന്നു. ആ സാധാരണക്കാരന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പാലക്കാട്‌ ചെര്‍പ്പുളശേരി സ്വദേശിനിയായ ഖദീജയ്‌ക്കു മുന്നില്‍ ദൈവമായി മാറുകയായിരുന്നു.
വിദേശത്ത്‌ ജോലിചെയ്യുന്നതിനിടെ സുഹൃത്ത്‌ വഴിയാണ്‌ പതിമൂന്നുകാരിയായ ആ ബാലികയുടെ ജീവിതത്തിന്റെ ദുരിതപര്‍വ്വം മദനന്‍ അറിയുന്നത്‌. മദനനിലെ മനുഷ്യസ്‌നേഹി ആ കുരുന്നിനു പിതാവായി മാറി. ആ കുഞ്ഞിനെ മകളായി വീട്ടിലേക്കു കൂട്ടുന്നിടത്ത്‌ ഒരു കഥയ്‌ക്കു തുല്യമായ ആ സംഭവം അവസാനിക്കുന്നില്ല.

മുസ്ലിം കുടുംബത്തിലെ അംഗമായിരുന്ന ഖദീജയെ മദനന്‍ ഹിന്ദുവായല്ല തന്റെ കുടുംബത്തിലേക്കു കയറ്റുന്നത്‌. മുസ്ലിം ആചാരങ്ങള്‍ ഖദീജയ്‌ക്കു ജീവിതത്തില്‍ തുടരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊണ്ടാണ്‌ മദനനും ഭാര്യ തങ്കമണിയും ഖദീജയെ ഒപ്പം കൂട്ടുന്നത്‌. നിസ്‌കരിക്കാനും നോമ്പാചരിക്കാനും ഖദീജയ്‌ക്കു സൗകര്യങ്ങളൊരുക്കിയ മദനനും കുടുംബവും അവള്‍ക്കു വിവാഹപ്രായമായപ്പോള്‍ മതാചാരപ്രകാരമുള്ള വിവാഹത്തിന്‌ അവസരമൊരുക്കി. അനുയോജ്യനായ വരനെയും കണ്ടെത്തി.

ചെന്ത്രാപ്പിന്നി മഹല്ല്‌ മദ്രസാഹാളില്‍ കഴിഞ്ഞ ദിവസം നടന്ന ആ വിവാഹം നന്മകള്‍ ശോഷിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്‌ നല്ലൊരു സന്ദേശമായിരുന്നു. മദനന്‍ എന്ന പിതാവ്‌ ഏല്‌പിച്ചുകൊടുത്ത മകളുടെ കല്യാണത്തിന്‌ കാര്‍മികനായത്‌ പുതിയകാവ്‌ ജുമാമസ്‌ജിദ്‌ ഇമാം ഷംസുദ്ദീന്‍ വഹബിയായിരുന്നു. ഖദീജയുടെയും മദനന്റെയും ബന്ധുക്കള്‍ പങ്കെടുത്ത വിവാഹം മതത്തിന്റെ പേരില്‍ അതിരുകള്‍ തീര്‍ക്കുന്നവര്‍ക്ക്‌ ഒരു സന്മാതൃകയായിരുന്നു.

ജീവിതദുരിതങ്ങള്‍ പേറുന്നവര്‍ക്ക്‌ കൈത്താങ്ങാകാന്‍ മനസില്‍ കരുണവറ്റാത്തവര്‍ക്കു കഴിയും. എന്നാല്‍ ആ സ്‌നേഹം മതത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേയ്‌ക്ക്‌ കടക്കുമ്പോഴാണ്‌ നല്ലമാതൃകകള്‍ ഉണ്ടാകുന്നത്‌. ഈ നല്ലമാതൃകകള്‍ക്ക്‌ നാടും നാട്ടുകാരും ഒന്നിക്കുമ്പോള്‍ ആ പ്രദേശത്തിനു തന്നെ ഊര്‍ജം ലഭിക്കുകയാണ്‌.

മതവും രാഷ്‌ട്രീയവും ലക്ഷ്യങ്ങളില്‍ നിന്നകലുമ്പോഴാണ്‌ സ്‌പര്‍ദ്ധയും സംഘര്‍ഷങ്ങളും പെരുകുന്നത്‌. നാലാംകിട വിവാദങ്ങളുയരുന്നത്‌. മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനാണ്‌ മതങ്ങളെന്ന്‌ മദനനും ബന്ധുക്കളും ലോകത്തിനു കാട്ടിക്കൊടുക്കുമ്പോള്‍ മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ ലജ്‌ജിക്കട്ടെ. ലോകത്ത്‌ അപൂര്‍വ്വമായി വിരിയുന്ന മദനനെപ്പോലുള്ളവര്‍ക്ക്‌ ദൈവങ്ങള്‍ കരുത്തുപകരട്ടെ. നാട്ടില്‍ നന്മവിരിയട്ടെ.

Ads by Google
Thursday 11 Jan 2018 02.16 AM
YOU MAY BE INTERESTED
TRENDING NOW