Sunday, December 16, 2018 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
സജിത്ത്‌ പരമേശ്വരന്‍
Thursday 11 Jan 2018 02.15 AM

ചീറിപ്പാഞ്ഞ്‌ സൂപ്പര്‍ ബൈക്കുകള്‍; പ്രതിവര്‍ഷം പൊലിയുന്നത്‌ മുപ്പതിനായിരം യുവാക്കള്‍

uploads/news/2018/01/182568/bft3.jpg

ന്യൂജന്‍ ബൈക്കുകളും സൂപ്പര്‍ ബൈക്കുകളും ചീറിപ്പായുന്ന രാജ്യത്തെ നിരത്തുകളില്‍ പ്രതിവര്‍ഷം പൊലിയുന്നത്‌ മുപ്പതിനായിരത്തില്‍പരം യുവാക്കളുടെ ജീവന്‍. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം അമിതവേഗം മൂലം എഴുപതിനായിരത്തില്‍പരം പേരാണ്‌ അപകടങ്ങളില്‍ മരിക്കുന്നത്‌. ഇതില്‍ 40 ശതമാനവും ഇരുചക്രവാഹന യാത്രികരാണെന്നുള്ളതു ശ്രദ്ധേയം.

രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ അഞ്ചാം സ്‌ഥാനത്താണു കേരളം. 39,420 അപകടങ്ങളാണ്‌ 2016-ല്‍ സംസ്‌ഥാനത്തുണ്ടായത്‌. ഇതില്‍ 4287 പേര്‍ മരിച്ചു. തമിഴ്‌നാടാണ്‌ ഏറ്റവും മുന്നിലുള്ളത്‌. മധ്യപ്രദേശ്‌, കര്‍ണാടക, മഹാരാഷ്‌ട്ര എന്നിവയാണു യഥാക്രമം രണ്ടും മൂന്നും നാലും സ്‌ഥാനത്തുള്ളത്‌. മണിക്കൂറില്‍ 17 പേരാണു രാജ്യത്ത്‌ വാഹനാപകടത്തില്‍ മരിക്കുന്നത്‌. ഇവരില്‍ 46.3 % പേരും 18-35നും മധ്യേ പ്രായമുള്ളവരാണ്‌. ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലമാണ്‌ 84 % അപകടങ്ങളും സംഭവിക്കുന്നത്‌.

കേരളം ഉള്‍പ്പെടെയുള്ള അഞ്ച്‌ സംസ്‌ഥാനങ്ങളില്‍ 51.8 % അപകടങ്ങളും സംഭവിക്കുന്നത്‌ ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ രാത്രി ഒന്‍പതു വരെയാണ്‌. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ അപകടമുണ്ടാകുന്നതു മലപ്പുറത്താണ്‌. 2016-ലെ കണക്കനുസരിച്ച്‌ 2738 വാഹനാപകടങ്ങളാണ്‌ അവിടെയുണ്ടായത്‌. 402 പേര്‍ മരിച്ചു. കൊച്ചി-169, തിരുവനന്തപുരം-180, കൊല്ലം 207, കോഴിക്കോട്‌-145, തൃശൂര്‍-128, കണ്ണൂര്‍-52 എന്നിങ്ങനെയാണ്‌ മറ്റുനഗരങ്ങളിലെ മരണനിരക്ക്‌.

73,896 പേരാണ്‌ മരണപ്പാച്ചില്‍ മൂലം രാജ്യത്ത്‌ കൊല്ലപ്പെട്ടത്‌. മദ്യപാനം 6,131 പേരുടെ ജീവന്‍ കവര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതിനാലുണ്ടായ അപകടത്തില്‍ 1,796 പേര്‍ മരിച്ചു. മലപ്പുറത്ത്‌ ഏറ്റവും കൂടുതല്‍ അപകടമുണ്ടാകാന്‍ കാരണം റോഡുകളുടെ ദുരവസ്‌ഥയാണ്‌. പാതകളുടെ നിര്‍മാണവും പരിപാലനവും ശാസ്‌ത്രീയവുമല്ല. റോഡിന്‌ വീതിയോ ഡിവൈഡറുകളോ ഇല്ല. സിഗ്നലുകളും വേണ്ടത്രയില്ല.

കേരളത്തില്‍ സൂപ്പര്‍ ബൈക്കുക(200 സി.സിക്ക്‌ മുകളിലുള്ളത്‌)ളുടെ വിറ്റുവരവില്‍ വന്‍ വര്‍ധനയാണു കഴിഞ്ഞ മൂന്നുവര്‍ഷമായുളളത്‌. കൊച്ചിയില്‍ മാത്രം 2016 ജനുവരി മുതല്‍ ഓഗസ്‌റ്റ്‌ വരെ 230 സൂപ്പര്‍ ബൈക്കുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌.

സൂപ്പര്‍ബൈക്ക്‌ അപകടങ്ങളുടെ കൃത്യമായ കണക്ക്‌ മോട്ടോര്‍വാഹന വകുപ്പിന്റെയോ പോലീസിന്റെയോ കൈവശമില്ല. അപകടത്തില്‍പ്പെടുന്ന ബൈക്കുകള്‍ അറ്റകുറ്റപ്പണിക്കായി അംഗീകൃത സര്‍വീസ്‌ സെന്ററുകളിലാണ്‌ എത്തിക്കാറുളളത്‌. അപകടങ്ങളെക്കുറിച്ച്‌ വിവരം നല്‍കണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇവര്‍ നല്‍കാറില്ല. പരുക്കേല്‍ക്കുന്നതിന്റെ അടിസ്‌ഥാനത്തിലുള്ള പോലീസ്‌ കണക്കിനെ ഉദ്ധരിച്ചാണ്‌ കേന്ദ്ര ഗതാഗത മന്ത്രാലയം ഇത്തരം അപകടവിവരം തയാറാക്കിയിരിക്കുന്നത്‌.

കൊച്ചി നഗരത്തില്‍ ഒരു വര്‍ഷത്തിനിടയ്‌ക്ക്‌ 150-ലേറെ അപകടങ്ങളാണ്‌ സൂപ്പര്‍ബൈക്കുകള്‍ ഉണ്ടാക്കിയതെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. കാല്‍നടയാത്രക്കാരുടെ ജീവനാണ്‌ ഈ ബൈക്കുകള്‍ ഏറെയും കവര്‍ന്നിരിക്കുന്നത്‌.

മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുപ്രകാരം സംസ്‌ഥാനത്ത്‌ ഏറ്റവും അധികം സൂപ്പര്‍ബൈക്കുകള്‍ രജിസ്‌റ്റര്‍ ചെയ്യുന്ന ജില്ല കൂടിയാണ്‌ എറണാകുളം. ഇവ കേരളത്തിലെ റോഡുകള്‍ക്ക്‌ അനുയോജ്യമല്ല. എന്നാല്‍, നിലവിലുള്ള നിയമം അനുസരിച്ച്‌ ഇത്തരം വാഹനങ്ങളുടെ വില്‍പ്പന തടയാനോ നിയന്ത്രിക്കാനോ സര്‍ക്കാരിനും സാധിക്കില്ല. സൂപ്പര്‍ ബൈക്ക്‌ ഓടിച്ച്‌ ആളുകള്‍ മരിച്ചാല്‍ വാഹനമോടിക്കുന്നയാളുടെ ലൈസന്‍സ്‌ റദ്ദാക്കുമെന്നാണ്‌ മോട്ടോര്‍വാഹന വകുപ്പ്‌ പറയുന്നത്‌.

Ads by Google
സജിത്ത്‌ പരമേശ്വരന്‍
Thursday 11 Jan 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW