Sunday, December 16, 2018 Last Updated 24 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Jan 2018 04.07 PM

കാന്‍സറിനെ അറിയുവാന്‍

''വര്‍ധിച്ചു വരുന്ന കാന്‍സറിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്.എന്നാല്‍ കാന്‍സറിനെ അടുത്തറിഞ്ഞാല്‍ ഈ കണക്കുകള്‍ നമുക്ക് തിരുത്താനാവും. ശക്തമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ.''
uploads/news/2018/01/182332/cancercare100118.jpg

കാന്‍സര്‍ പോലെ മനുഷ്യനെ ഇത്രയധികം ഭയപ്പെടുത്തുന്ന മറ്റ് വാക്കുകള്‍ വിരളമാണ്. കാന്‍സര്‍ എന്ന രോഗനിര്‍ണയം, ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, മരണം എന്ന സത്യത്തെപ്പറ്റിയും ജീവിതത്തിന്റെ മൂല്യത്തെപ്പറ്റിയും നമ്മെ ഒരു നിമിഷം ഓര്‍മ്മപ്പെടുത്തുന്നു.

ജീവിതശൈലിയിലേയും ഭക്ഷണ ശീലങ്ങളിലേയും വ്യതിയാനം മനുഷ്യരില്‍ അടിച്ചേല്‍പ്പിച്ച ന്യൂജന്‍ രോഗമായാണ് പൊതുവേ കാന്‍സറിനെ കരുതിപോരുന്നത്. പകര്‍ച്ച വ്യാധികളിലെ കുറവും ആയുസിന്റെ ദൈര്‍ഘ്യമേറിയതും ജോലിയില്‍ കായികാധ്വാനത്തിന്റെ ആവശ്യകത കുറഞ്ഞതും പരിശോധനാ സംവിധാനങ്ങളില്‍ ഉണ്ടായ വളര്‍ച്ചയുമെല്ലാം ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്.

കാന്‍സറിന്റെ വരവ്


മുപ്പത്തിയേഴ് ട്രില്യന്‍ കോശങ്ങളാല്‍ നിര്‍മ്മിതമാണ് മനുഷ്യ ശരീരം. ഇതില്‍ അതിവേഗം വിഘടിച്ചുകൊണ്ടിരിക്കുകയും പ്രത്യുല്‍പാദനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന രക്ത - ബീജ - അന്നനാള കോശങ്ങള്‍ മുതല്‍ അപൂര്‍വമായി മാത്രം വിഘടിക്കുന്ന നാഡീ കോശങ്ങള്‍ വരെ ഉള്‍പ്പെടുന്നു.

താളപ്പിഴകള്‍ക്ക് ഇടനല്‍കാത്ത വിധത്തിലുള്ള സുരക്ഷാ സന്നാഹങ്ങളാല്‍, നിയന്ത്രിതമായിട്ടുള്ള കോശചക്രം. എന്നാല്‍ അപൂര്‍വമായി, ചില സമ്മര്‍ദങ്ങളുടെ ഫലമായി ഇവ നേരിയ വ്യതിയാനങ്ങള്‍ക്ക് വഴിപ്പെടാറുണ്ട്. അവയില്‍ ശരീരത്തിന്റെ തിരുത്തല്‍ പ്രക്രിയയെ ചെറുക്കുന്ന ഒരു ചെറിയ ശതമാനം കോശങ്ങളാണ് കാന്‍സറിന്റെ ഉത്ഭവകേന്ദ്രം.

അത്തരം കോശങ്ങളും അവയുടെ സന്തതിപരമ്പരയും നമ്മുടെ ശരീരത്തിന്റെ എല്ലാവിധ നിയന്ത്രണ സംവിധാനങ്ങളെയും പടിപടിയായി മറികടക്കുകയും വിദൂര അവയവങ്ങളിലേക്ക് പടരുകയും ചെയ്യുന്നു എന്നുള്ളതാണ് ചുരുക്കി പറഞ്ഞാല്‍ കാന്‍സറിന്റെ ഒരു ലഘുജീവചരിത്രം.

അമേരിക്കയില്‍ കാന്‍സര്‍ ചികിത്സാ വിദഗ്ധനായ സിദ്ധാര്‍ഥ മുഖര്‍ജി തന്റെ വിഖ്യാതമായ 'ദ എംപറര്‍ ഓഫ് മാലഡീസ്' എന്ന പുസ്തകത്തില്‍ കാന്‍സറിനെ അതിശക്തനായ ഒരു പ്രതിനായകനായാണ് അവതരിപ്പിച്ചിട്ടുള്ളത്. അതിനു മുന്‍പില്‍ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം കൗശലത്തോടെ മാറിനടക്കുന്ന അതിശക്തനായ ഒരു വില്ലന്‍ കഥാപാത്രം.

ഈ പ്രതിനായക കഥാപാത്രത്തിന്റെ ശേഷിപ്പുകള്‍ മനുഷ്യ രാശിയുടെ ചരിത്ര താളുകളില്‍ 1600 ബി.സി മുതലുള്ള ഏടുകളില്‍ പലയിടത്തും നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ കാന്‍സറിനെതിരായ മനുഷ്യന്റെ ചെറുത്തുനില്‍പ്പിന് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ചരിത്രമേ പറയാനുള്ളൂ.

നിയന്ത്രണം പ്രതിരോധം


കാന്‍സറിന് കാരണമായേക്കാവുന്ന ആപത്ഘടകങ്ങളും അവയെ എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയവും മലയാള ആരോഗ്യപ്രസിദ്ധീകരണങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. 'പുകയിലക്കെതിരെ നമുക്ക് ഒരു വന്‍മതില്‍ പണിയാം' എന്ന ദേശിയ പുകയില നിര്‍മ്മാര്‍ജന പദ്ധതിയുടെ മുദ്രാവാക്യവും ഇത്തരത്തില്‍ ഏറെ പ്രസക്തമാണ്.

ഏകദേശം 40 ശതമാനം കാന്‍സറുകളുടെയും കാരണം പുകയിലയാണ്. ശ്വാസകോശത്തിനു പുറമേ വായ, തൊണ്ട, ഈസോഫാഗസ്, ഉദരം, മൂത്രസഞ്ചി തുടങ്ങി അനവധി ഇടങ്ങളിലെ കാന്‍സറിന് പുകയില കാരണമാണ്.

1964 ല്‍ പുകയില കാന്‍സറിന് കാരണമാകുന്നുവെന്നുള്ള അമേരിക്കന്‍ സര്‍ജന്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം ലോകമെമ്പാടും പുകയിലയുടെ ഉപഭോഗത്തില്‍ കാര്യമായ ഇടിവാണ് വന്നിട്ടുള്ളത്. പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍.

തെറ്റായ ജീവിതശൈലി


ഈ ഘട്ടത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അര്‍ബുദജനകമായ കാരണഘടകം ഉദാസീനവും കായികാധ്വാനത്തിന് പ്രസക്തി കുറഞ്ഞതുമായ നമ്മുടെ ജീവിത ശൈലിയാണ്. പാശ്ചാത്യ രാജ്യങ്ങളോട് ജീവിത നിലവാരത്തില്‍ കിടപിടിക്കുന്ന നമ്മുടെ കേരളത്തില്‍ ഇത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

വികസിത രാജ്യങ്ങളില്‍ ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവും വലിയ കൊലയാളിയാണ് കാന്‍സര്‍. ഗര്‍ഭാശയം, സ്തനം, വന്‍കുടല്‍, ഈസോഫാഗസ് എന്നിവിടങ്ങളിലെ അര്‍ബുദം അമിത വണ്ണവുമായി വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ളവയാണ്. അമിത വണ്ണം പോലെതന്നെ അപകടകാരിയാണ് നമ്മുടെ ഭക്ഷണത്തിലെ കാലറി, കൊഴുപ്പ്, റെഡ് മീറ്റ് തുടങ്ങിയവയുടെ അതിപ്രസരവും.

മനുഷ്യരില്‍ അര്‍ബുദത്തിനു കാരണമായേക്കാവുന്ന ഘടകങ്ങളില്‍ പ്രധാനമായ ഒരു പങ്കാണ് വൈറസുകള്‍ക്കുള്ളത്. ഹെപ്പറ്റൈറ്റിസ് ബി.സി എന്നീ വൈറസുകള്‍ കരളിലും ഹ്യൂമന്‍ പാപ്പിലോമാ വൈറസ് വായ, ഗര്‍ഭാശയ മുഖം, ലിംഗം, മലദ്വാരം തുടങ്ങിയ ഇടങ്ങളിലും അര്‍ബുദം ഉണ്ടാക്കുന്നവയാണ്.

ഇവയില്‍ ഹെപ്പറ്റൈറ്റിസ് ബി, ഹ്യൂമന്‍ പാപ്പിലോ വൈറസ് എന്നിവയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഇന്ന് ലഭ്യമാണ്. ഡെഫിഷന്‍സി വൈറസ്, ഹെപ്പറ്റൈറ്റിസ് സി വൈറസ് എന്നീ വൈറസുകളും അര്‍ബുദജനകമാണ്.

മദ്യത്തിന്റെ അമിത ഉപഭോഗം കരള്‍, തൊണ്ട, ഈസോഫാഗസ്, സ്തനം, വന്‍കുടല്‍ എന്നീ അയവങ്ങളില്‍ അര്‍ബുദത്തിനു കാരണകാരിയാണെന്നുമാത്രമല്ല, പുകയിലയുമായി ചേര്‍ന്ന്
പ്രവര്‍ത്തിച്ച് ജിനിതക മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


അര്‍ബുദത്തിന് കാരണമായേക്കാവുന്ന ഇപ്പറഞ്ഞ ഘടകങ്ങള്‍ അകറ്റി നിര്‍ത്തുന്നതിനു പുറമേ സമീകൃതവും പോഷക സമ്പുഷ്ടവുമായ ആഹാരവും നിത്യേന കുറഞ്ഞത് 30 മിനിറ്റ് വ്യായാമവും ശീലിക്കേണ്ടതുണ്ട്.

കാലറികള്‍ നിയന്ത്രിച്ചും വ്യായാമം ചെയ്തും ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ) 25 ന് താഴെ നിര്‍ത്തേണ്ടതുമാണ്. ഇതിന് പുറമെ ഹെപ്പറ്റൈറ്റിസ് ബി, ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്നിവയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്‌പ്പെടുക്കുകയും, ഗര്‍ഭിണികള്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് ഒഴിവാക്കുകയും വേണം.

മുന്‍കൂട്ടിയുള്ള പരിശോധനകള്‍


ഒരു അസുഖം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിന് മുമ്പ് പരിശോധനയിലൂടെ കണ്ടെത്തുന്നതിനെയാണ് സ്‌ക്രീനിംഗ് എന്ന് പറയുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പേ, രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം നിര്‍ണയിക്കപ്പെടുന്നത് ഒരു നല്ല ആശയമായി തോന്നാമെങ്കിലും രോഗലക്ഷണങ്ങളേതുമില്ലാത്ത ലക്ഷക്കണക്കിന് ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിന്റെ ചിലവും പരിശോധനകള്‍ മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങളും നേരത്തേയുള്ള രോഗം നിര്‍ണയത്തിലൂടെ രോഗത്തിന്റെ ഗതിതിരിച്ചു വിടാന്‍ സഹായിക്കുമോ എന്നും കണക്കിലെടുക്കുമ്പോള്‍ ചില കാന്‍സറുകള്‍ക്ക് മാത്രമാണ് സ്‌ക്രീനിംഗ് ഫലവത്തായിട്ടുള്ളത്.

സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ കാന്‍സര്‍, വന്‍കുടലിലെ കാന്‍സര്‍ എന്നിവയ്ക്ക് സ്‌ക്രീനിംഗ് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളതാണ്. അമിതമായി പുകവലിക്കുന്നവരില്‍ ശ്വാസകോശ കാന്‍സറിനായും സ്‌ക്രീനിംഗ് ചെയ്യാവുന്നതാണ്. ഇവയെ സംബന്ധിക്കുന്ന വിശദമായ വിവരം നിങ്ങളുടെ ഡോക്ടറില്‍ നിന്നും ചോദിച്ച് മനസിലാക്കാവുന്നതാണ്.

കാന്‍സറിനെ കീഴടക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അസുഖം മുളയിലേ നുള്ളിക്കളയുക എന്നതാണ്. അതിനായി രോഗലക്ഷണങ്ങളെപ്പറ്റിയുള്ള ഗ്രാഹ്യവും രോഗലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ താമസം കൂടാതെ പരിശോധനകള്‍ നടത്തേണ്ടതുമാണ്.

വളര്‍ന്നുകൊണ്ടിരിക്കുന്ന മുഴകള്‍, കഫം, മലം, മൂത്രം എന്നിവയില്‍ രക്തത്തിന്റെ സാന്നിധ്യം, അകാരണമായ പനിയും ഭാരം കുറവും, അതിരാവിലെയുള്ള ശക്തമായ തലവേദന തുടങ്ങിയവ കാന്‍സറിന്റെ സൂചനകളായേക്കാം.

കാന്‍സറിന്റെ സാന്നിധ്യത്തെപ്പറ്റി പരിശോധനയില്‍ വ്യക്തമായ സൂചനകള്‍ ലഭിച്ചാല്‍ തുടര്‍ പരിശോധനകളും ചികിത്സയും ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള ആശുപത്രികളില്‍ത്തന്നെ നടത്തുന്നത് സമയനഷ്ടം ഒഴിവാക്കുന്നതിനും ഏറ്റവും നൂതനമായ ചികിത്സതന്നെ രോഗിക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും സഹായിക്കും.

മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയോ തെറാപ്പി, പാത്തോളജി, ഇമേജിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടുമാത്രമേ സമഗ്രമായ കാന്‍സര്‍ ചികിത്സ ഉറപ്പുവരുത്താനാവൂ. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കാന്‍സര്‍ എന്ന വന്‍ വിപത്തിനെ പിഴുതെറിയാനാവും.

ഡോ. ജയ്ശങ്കര്‍
മെഡിക്കല്‍ ഓങ്കോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി

Ads by Google
Ads by Google
Loading...
TRENDING NOW