Sunday, December 16, 2018 Last Updated 36 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 03.08 PM

ഞങ്ങളുടെ ഹൃദയത്തിന്റെ വടക്കുകിഴക്കേ അറ്റത്ത്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ഒരു ഹ്രസ്വചിത്രത്തിന്റെ അകം പൊരുള്‍ തേടുന്നു, ഒപ്പം വൈറല്‍ തരംഗത്തെക്കുറിച്ചുള്ള ചില കണ്ടെത്തലുകളും...
uploads/news/2018/01/182008/shortfilam090118.jpg

എന്തിനാടാ ചക്കരേ നീ അച്ചന്‍ പട്ടത്തിനു പോയത്? സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ഈ സംഭാഷണം എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന ഹ്രസ്വചിത്രത്തിലേതാണ്. സംഭാഷണങ്ങളിലെ ആകര്‍ഷണീയത, പേരിലെ വ്യത്യസ്തത, കഥാപാത്രങ്ങളുടെ മികവ്, ബാക്ക്ഗ്രൗണ്ട് സ്‌കോറിന്റെ വശ്യത എന്നിവ കൊണ്ട് 23 മിനിറ്റ് മാത്രമുള്ള ഈ ചിത്രം പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു.

അതിലൂടെ ഒരു കൂട്ടം ചെറുപ്പക്കാരുടെ വെള്ളിത്തിരയെന്ന സ്വപ്നവും യാഥാര്‍ത്ഥ്യമായി. സംവിധായകന്‍ അനൂപ് നാരായണ്‍, അഭിനേതാക്കളായ ബിബിന്‍ മത്തായി, അനീഷ ഉമ്മര്‍, റോഷന്‍ ആനന്ദ്, വിഷ്ണു വിദ്യാധരന്‍ എന്നിവര്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു, ഒപ്പം വൈറല്‍ തരംഗത്തില്‍ മുങ്ങിപ്പോകുന്നതിനെക്കുറിച്ച്.

അനൂപ്- 2014 ലാണ് ആദ്യമായി സിനിമയുടെ ബേസിക്ക് ഐഡിയ കിട്ടിയത്. മംഗലാപുരത്തുള്ള സെന്റ് അലോഷ്യസ് പള്ളിയും അതിന്റെ ചാപ്പലും കോളജ് ക്യാമ്പസ്സുമൊക്കെയാണ് അതിന്റെ കാരണം. അവിടേക്ക് കുടുംബവുമൊത്ത് പോയപ്പോള്‍ എനിക്കതിന്റെ അന്തരീക്ഷം വല്ലാതെ ഇഷ്ടപ്പെട്ടു.

അപ്പോള്‍ മനസ്സിലേക്ക് ഒരു കുസൃതി ചോദ്യം വന്നു. ഇവിടെ സുന്ദരനായ ഒരു യുവവൈദീകനുണ്ടെങ്കില്‍, അയാളെ ഒരു പെണ്‍കുട്ടി പ്രണയിക്കുന്നുണ്ടെങ്കില്‍ എന്തായിരിക്കും സംഭവിക്കുക? അങ്ങനെയൊരു പ്രണയത്തിന്റെ സിനിമാറ്റിക് പോസിബിലിറ്റി എന്തായിരിക്കുമെന്ന് ചിന്തിച്ചു. ഞാനതന്ന് നോട്ട്പാഡിലെഴുതി.

പണ്ടു മുതലേ മനസ്സിലൊരു ആശയം വന്നാല്‍ എഴുതി വയ്ക്കുന്ന ശീലമെനിക്കുണ്ട്. അന്നതിന് ബ്രദര്‍ മൈക്കിളിന്റെ പാപങ്ങള്‍ എന്ന തലക്കെട്ടാണ് നല്‍കിയത്. അതിങ്ങനെ മനസ്സില്‍ കിടന്നു.

പിന്നീട് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജോലിയുടെ ഭാഗമായി ദുബായില്‍ ഒരാഴ്ചയോളം താമസിക്കേണ്ടി വന്നു. ഇടയ്ക്ക് രണ്ടു ദിവസം ഫ്രീയായപ്പോള്‍ അന്നത്തെ ആശയം തിരക്കഥയായെഴുതി. അതിനു ശേഷമാണ് വളരെ യാദൃശ്ചികമായി ഇവര്‍ പഠിക്കുന്ന ആക്ട് ലാബ് സന്ദര്‍ശിച്ചത്.

മത്തായി വലിയ താടിമീശയൊക്കെ തടവി ഒരു 'കൊച്ചച്ചനെ' പോലെ ദൂരത്ത് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഒരു നിമിത്തമായി സ്‌ട്രൈക്ക് ചെയ്തു. ഇവര്‍ക്കന്ന് ആക്ട് ലാബില്‍ പരിശീലന സമയമാണ്. ശല്യപ്പെടുത്തുന്നത് ശരിയല്ലാത്തതു കൊണ്ട് മറ്റൊരാളില്‍ നിന്ന് മത്തായിയുടെ നമ്പര്‍ വാങ്ങി ഞാന്‍ തിരിച്ചു പോയി.

ബിബിന്‍ മത്തായി- അനൂപ് സാര്‍ എന്റെ നമ്പര്‍ വാങ്ങിയതൊന്നും ഞാനറിഞ്ഞിരുന്നില്ല. അദ്ദേഹം എന്നെ ആദ്യം വിളിക്കുന്നത് ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനാണ്. അങ്ങനെ ഞങ്ങള്‍ പരിചയപ്പെട്ടു.

അനൂപ്- പത്തു ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്ത ശേഷം രണ്ടര വര്‍ഷ ത്തോളം പരസ്യചിത്രങ്ങള്‍ മാത്രം ചെയ്തിരുന്ന സമയമായിരുന്നു അത്. എന്റെ ആത്മാര്‍ത്ഥ സുഹൃത്തായ തോമസിനോട് മത്തായിയെ ഒരു പരസ്യചിത്രത്തിന് കാസ്റ്റ് ചെയ്യുന്ന കാര്യം സൂചിപ്പിച്ചു. അങ്ങനെ മത്തായി വന്നു, ചെയ്തു. പിന്നീട് ഞങ്ങള്‍ക്കിടയില്‍ ഒരു നല്ല സൗഹൃദം ഉടലെടുത്തു, ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തു. മനസ്സിലുള്ള ആശയം മത്തായിയോട് പറഞ്ഞതും ഒരു യാത്രയിലാണ്.

മത്തായി- അച്ചനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടി, കേട്ടപ്പോള്‍ തന്നെ ആ ആശയം സ്‌ട്രൈക്ക് ചെയ്തു. ഇത്രയും വൈറലാകുമെന്നന്ന് കരുതിയിരുന്നില്ല. കുറച്ചു പേരെങ്കിലും കാണുമെന്ന് ഉറപ്പായിരുന്നു. ബിബിന്‍ എന്നാണ് പേരെങ്കിലും ഇപ്പോള്‍ പലരുമെന്നെ അറിയുന്നത് മത്തായി എന്നാണ്.

അനൂപ്- ഒരു അച്ചന് പെണ്‍കുട്ടിയോടുള്ള പ്രണയമാണോ ദൈവത്തോടുള്ള ഭക്തിയാണോ വിജയിക്കുന്നതെന്ന് ഇതിലൂടെ പറയാം. ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ലെങ്കിലും എനിക്കിത് ചെയ്യണമെന്ന് മത്തായിയോട് പറഞ്ഞു. അന്നു പക്ഷേ മത്തായിയോട് റോള്‍ വാഗ്ദാനമൊന്നും ചെയ്തില്ല. ഒഡിഷന്‍ കഴിഞ്ഞേ തെരഞ്ഞെടുക്കൂ എന്നു പറഞ്ഞു. പിന്നീടത് മത്തായി സുഹൃത്തുക്കളോട് പങ്കുവച്ചു. കാസ്റ്റിംഗ് എളുപ്പമാക്കാന്‍ മത്തായിയുടെ കോണ്‍ടാക്റ്റുകള്‍ സഹായിച്ചു. കൊച്ചച്ചനായി മത്തായിയും, പ്രിയയായി അനീഷയും, ഭര്‍ത്താവ് അനിലായി വിഷ്ണുവും, എഴുത്തുകാരനായി റോഷനും വന്നതോടെ ഞാനുമൊരു സംവിധായക കുപ്പായമിടാനുള്ള ഒരുക്കത്തിലായി.

uploads/news/2018/01/182008/shortfilam090118a.jpg

അനീഷ- കാമുകിയായും ഭാര്യയായും അമ്മയായുമൊക്കെ അഭിനയിച്ച ഞാനിതില്‍ എത്തിയത് വളരെ യാദൃശ്ചികമായിട്ടാണ്. ആക്ട്‌ലാബില്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ചായിരുന്നു. ഒരു ഹ്രസ്വചിത്രവും ഒരുമിച്ച് ചെയ്തു. ഇതിന്റെ ഒഡിഷന്‍ പോസ്റ്റും കണ്ടിരുന്നു. ഹ്രസ്വചിത്രമായതു കൊണ്ട് ഞാന്‍ ഫോട്ടോ അയച്ചില്ല. എന്റെ ഫോട്ടോ മത്തായിയാണ് അയച്ചത്. അങ്ങനെ ഒഡിഷന് വിളിച്ചു. സംഭാഷണം പറയിപ്പിച്ചു. കുറച്ചു ദിവസം കാത്തിരുന്നു, കോള്‍ വരാതായപ്പോള്‍ ഉപേക്ഷിച്ചു. 20 ദിവസത്തിനു ശേഷമാണ് സെലക്ടായെന്ന് അറിയിക്കുന്നത്.

അനൂപ്- സത്യത്തില്‍ കൊച്ചച്ചന്‍ റോളില്‍ വിഷ്ണുവും മത്തായിയും എന്റെ മനസ്സിലുണ്ടായിരുന്നു. പിന്നെ എപ്പോഴോ അത് മത്തായിലേക്ക് മാറിയതാണ്. ആ റോള്‍ മത്തായിക്ക് കൊടുക്കട്ടേ എന്ന് വിഷ്ണുവിനോട് ചോദിച്ചു. വിഷ്ണു ഒകെ പറഞ്ഞതോടെയാണ് മത്തായിയെ ഫിക്‌സ് ചെയ്തത്.

വിഷ്ണു- മത്തായി വഴിയാണ് ഞാനും ഇതിനെക്കുറിച്ച് അറിയുന്നത്. ആശയം കേട്ടപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു. അച്ചനെ പ്രണയിക്കുന്നുവെന്ന് അറിയാമെങ്കിലും പ്രിയയെ പ്രണയിക്കുന്ന, വിവാഹം കഴിക്കുന്ന കഥാപാത്രം... അതായിരുന്നു എന്റേത്. ആ കഥാപാത്രം കുറച്ചു സമയം മാത്രമേയുള്ളു എന്ന വിഷമമൊന്നും ഒരിക്കലും തോന്നിയില്ല. ഏതു പെണ്‍കുട്ടിയും ഇഷ്ടപ്പെടുന്ന ഭര്‍ത്താവാകാന്‍ എനിക്കു കഴിഞ്ഞു. സംഭാഷണമില്ലാതെ എക്‌സ്‌പ്രെഷന്‍ കൊടുത്തപ്പോള്‍, പ്ലസ് പോയിന്റായി പലരും പറഞ്ഞത് എന്റെ ചിരിയാണ്. ഒരുപാട് ഹ്രസ്വചിത്രങ്ങള്‍ ചെയ്‌തെങ്കിലും ഇതാണ് ഹിറ്റായത്. ഞാനും മത്തായിയും റോഷനുമൊക്കെ സിനിമയ്ക്കു വേണ്ടി ജീവിതം മാറ്റി വച്ചവരാണ്. അതുകൊണ്ടാകാം ഒരേ മുറിയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രശസ്തി കിട്ടിയത്.

റോഷന്‍- എഴുത്തുകാരന്‍ കഥാപാത്രമായി ഞാന്‍ ഏറ്റവും അവസാനമാണ് ഇതിലേക്ക് വന്നു ചേര്‍ന്നത്. ഒരു ദിവസം റിഹേഴ്‌സലിന്റെ സമയത്ത് ഞാനവിടെ പോയിരുന്നു. എന്റെ കഥാപാത്രം പിന്നീട് വന്നു ചേര്‍ന്നതാണ്.

അനൂപ്- ആദ്യ തിരക്കഥയില്‍ ഇങ്ങനെയൊരു കഥാപാത്രം ഇല്ലായിരുന്നു. കടല്‍, എഴുത്തുകാരന്‍, ഫ്‌ളാഷ്ബാക്ക് എന്നിവയൊക്കെ മുനമ്പത്ത് ബീച്ചില്‍ ക്യാമറാമാന്‍ പ്രസാദ് യോഗിക്കൊപ്പം ലൊക്കേഷന്‍ കാണാന്‍ പോയപ്പോള്‍ മനസ്സിലേക്ക് വന്നതാണ്. തിരിച്ചു വരും വഴി അത് എഴുതി ചേര്‍ത്തു. റിഹേഴ്‌സലിനെത്തിയ റോഷനെ മനസ്സില്‍ കണ്ടാണ് എഴുത്തുകാരന്റെ സീനുകള്‍ എഴുതിയത്. തിരികെയെത്തി റോഷനെ വായിച്ചു കേള്‍പ്പിച്ചു.

റോഷന്‍- ഒരു ദിവസം മാത്രമാണ് എനിക്കു മുന്നില്‍ ഉണ്ടായിരുന്നത്. അനൂപ് സാര്‍ എന്നില്‍ നിന്ന് ഒപ്പിയെടുത്ത ആ ചിരിയാണ് ഇപ്പോഴും സിനിമ കണ്ട പലരും പറയുന്നത്. വീടിനടുത്തുള്ള സ്‌കൂളില്‍ പഠിച്ച കാലമാണ് അതു കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക. പഠിക്കുന്ന സമയത്ത് എന്തെങ്കിലും കുറ്റത്തിന് വഴക്കു പറയാന്‍ ടീച്ചര്‍മാര്‍ വിളിക്കുമ്പോള്‍ ഞാന്‍ ചിരിച്ചു കാണിക്കും. അതോടെ അവരും വഴക്കു പറയാതാവും. എല്ലാവരും എന്റെ ചിരിയെക്കുറിച്ചു പറയുമ്പോള്‍ ഓര്‍മ്മ വരുന്നത് അതാണ്. മത്തായി വൈദീകനാണെന്ന് തന്നെ വിചാരിക്കുന്നവരും കുറവല്ല.

മത്തായി- അതൊരു രസമാണ്. ളോഹ ഇടുമ്പോള്‍ തന്നെ ആ ഫീലീംഗ് വരും. സിനിമയില്‍ എന്റെ രണ്ടു വശവും നിന്ന അള്‍ത്താര കുട്ടികള്‍ ഇന്നും ഞാന്‍ അച്ചനാണെന്നാണ് വിചാരിച്ചിരിക്കുന്നത്. പലരും വന്ന് ഇന്നും സ്തുതി പറയാറുണ്ട്.

അനൂപ്- മത്തായിക്ക് മൂന്ന് അപ്പിയറന്‍സ് ഉണ്ടായിരുന്നു. ആദ്യം ഷൂട്ട് ചെയ്തത് താടിമീശയുള്ള സീനുകളാണ്. പിന്നീട് താടിയെടുക്കാന്‍ വേണ്ടി ബാര്‍ബര്‍ ഷോപ്പില്‍ പോയത് ളോഹ ധരിച്ചാണ്. അവിടെയെത്തിയപ്പോള്‍ അവരും മത്തായിയോട് സ്തുതി പറഞ്ഞു.

മത്തായി- 23 മിനിറ്റാണ് ഞങ്ങളുടെ ഈ ചിത്രം. തിരക്കേറിയ ജീവിതത്തില്‍ 23 മിനിറ്റ് വളരെ പ്രാധാന്യമുള്ളതാണ്. ഒരു മിനിറ്റ് സിനിമ കണ്ടിരിക്കാനുള്ള മനസ്സ് പ്രേക്ഷകനുണ്ടാകണമെങ്കില്‍ ആസ്വദിക്കാനുള്ളത് അതിലുണ്ടാകണം. അടുത്ത മിനിറ്റുകള്‍ കാണാന്‍ പ്രേരിപ്പിക്കുന്നതും കഴിഞ്ഞു പോകുന്ന സീനുകളാണ്. അച്ചനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടി എന്ന ആശയവും വലിയ വെല്ലുവിളിയായിരുന്നു. അതു ചിലപ്പോള്‍ നെഗറ്റീവായേക്കാം. പക്ഷേ ദൈവാധീനം കൊണ്ട് എല്ലാം നന്നായി വന്നു.

അനൂപ്- ഒരുപാട് നല്ല അനുഭവങ്ങള്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ചു. ക്യാമറാമാന്‍ പ്രസാദിന്റെ കൂട്ടുകാരന്റെ ഇരട്ടക്കുട്ടികളാണിതില്‍ അവസാനഭാഗത്ത് അഭിനയിച്ചത്. മാര്‍ച്ചിലെ ചൂട് കാലാവസ്ഥയിലും ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ഞങ്ങള്‍ക്കു വേണ്ടി സമയം ചെലവഴിച്ചു. അവസാന ഷോട്ടില്‍ വിഷ്ണുവിന്റെ താടിമീശയില്‍ ആ കുഞ്ഞിന്റെ കൈ തട്ടുന്നത് ആരും പറഞ്ഞു ചെയ്യിപ്പിച്ചതല്ല. അതുവന്നു പോയതാണ്. അങ്ങനെ എല്ലാമൊരു നിമിത്തമായി.

uploads/news/2018/01/182008/shortfilam090118b.jpg

റോഷന്‍ - ''പ്രതികാരം ചെയ്യുന്നത് എങ്ങനെയാണെന്ന് നിനക്കറിയുമോ ?'' എന്ന് അനീഷ ചോദിക്കുന്ന സംഭാഷണത്തിനൊക്കെ ക്ലൈമാക്‌സുമായി വളരെ ബന്ധമുണ്ട്. ഓരോ സീനും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ടാണ് പ്രേക്ഷകരുടെ മനസ്സില്‍ ആ സംഭാഷണങ്ങള്‍ സ്‌ട്രൈക്ക് ചെയ്തത്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം.

അനൂപ്- അതു പറയാതിരിക്കാന്‍ വയ്യ. ഒരു ഡിവൈന്‍ ടച്ച് എല്ലായിടത്തും ഉണ്ടായിരുന്നു. ഒരുപാട് പള്ളികളില്‍ ഷൂട്ടിംഗിനായി സമീപിച്ചെങ്കിലും എല്ലാവരും നോ പറഞ്ഞു. അവസാനം സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വഴിയാണ് പള്ളി കിട്ടിയത്. ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിനെ കുറിച്ച് പലരും നല്ല അഭിപ്രായങ്ങള്‍ പറയുന്നു. അതും ദൈവനിശ്ചയം. മിക്‌സിംഗിനു വേണ്ടി ഹാപ്പി ജോസ്, ജിതിന്‍ ജോര്‍ജ്ജ് എന്നിവരെ സമീപിച്ചപ്പോള്‍ ''ദയവു ചെയ്ത് തിരക്കു കൂട്ടി ചെയ്ത് ഇതിന്റെ ഭംഗി നഷ്ടപ്പെടുത്തരുത്'' എന്നവര്‍ പറഞ്ഞു. അങ്ങനെ 22 കാരനായ ജോയല്‍ ജോണ്‍ എന്ന മ്യൂസിക്ക് ഡയറക്ടറെ വിളിച്ചപ്പോള്‍ ജോയലിന് പരീക്ഷയായിരുന്നു. ഞാനാണെങ്കില്‍ നാലു മാസം ഈ സിനിമയ്ക്ക് വേണ്ടി മാത്രം മാറ്റി വയ്ക്കുകയും ചെയ്തു. അതിനാല്‍ ഹാപ്പിയെ വിളിച്ച് മറ്റാരെങ്കിലും ചെയ്യട്ടെ എന്നു പറയാന്‍ തുടങ്ങുന്ന സമയത്താണ് ജോയല്‍ തിരിച്ചു വിളിച്ചത്. സിനിമ അയച്ചു കൊടുത്തപ്പോള്‍ ജോയല്‍ ചെയ്യാമെന്നേറ്റു. വയലിനും ഗിറ്റാറുമൊക്കെ ലൈവായി, രണ്ടു മാസമെടുത്താണ് മ്യൂസിക്ക് ചെയ്തത്. ഒരു ദിവസം ജോയല്‍ എന്നെ വിളിച്ചിട്ട് ട്രെയിലറിനു ഉപയോഗിക്കേണ്ട മ്യൂസിക്ക് വാട്ട്‌സ് അപ്പ് ചെയ്തുവെന്ന് പറഞ്ഞു. വെളുപ്പിനെ മൂന്നു മണിക്കാണ് കിട്ടിയത്. ഇരുട്ടില്‍ അത് കേട്ടപ്പോള്‍ വല്ലാത്ത അനുഭൂതിയായിരുന്നു. ഇന്നുമത് കേള്‍ക്കുമ്പോള്‍ ആ ഫീലിംഗാണ്.

മത്തായി- പള്ളിയിലെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്. കുരിശടി നോക്കി ഞാന്‍ കരഞ്ഞു നില്‍ക്കുന്ന ഒരു സീനുണ്ട്. അത് ഷൂട്ട് ചെയ്യാന്‍ ഞാനും അനൂപ് സാറും മാത്രമാണ് പോയത്. അന്ന് വൈപ്പിനില്‍ ഒരു സിനിമാക്കാരന്റെ ഷൂട്ട് നടക്കുകയാണ്. അവരു പോയ ശേഷമാണ് ഞങ്ങള്‍ സീനെടുത്തത്. എന്നിലെ നടന്റെ എല്ലാം ഒപ്പിയെടുത്ത രംഗങ്ങളായിരുന്നു അത്. ഞാനെന്ന നടന്‍ ഒരു സംവിധായകന് എന്തു നല്‍കുമെന്ന വെല്ലുവിളിയായിരുന്നു അത്. ആ ഷോട്ട് എടുത്തപ്പോള്‍ ഗ്ലിസറിനില്ലാതെ ഞാന്‍ കരഞ്ഞു. സിനിമ മുഴുവനായി പ്രിവ്യൂ ഷോയില്‍ കാണും മുമ്പ് ഞാനാകെ കണ്ടത് സാര്‍ എനിക്കയച്ച ആ ഷോട്ട് മാത്രമാണ്. അതിന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

അനൂപ്- ആ സീനിന് വളരെ പ്രത്യേകതകളുണ്ട്. കര്‍മ്മത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. കൈയിലുള്ള ബഡ്ജറ്റ് മുഴുവന്‍ തീര്‍ന്ന ശേഷമാണ് ഞാനും മത്തായിയും മാത്രം ആ സീനെടുക്കാന്‍ പോയത്. ആ ഷോട്ടില്‍ എന്റെ ക്യാമറ, എന്റെ തിരക്കഥ, എന്റെ സിനിമ, എന്റെ നടന്‍ എന്നിവ മാത്രമായിരുന്നു. ഫിലിം ക്യാമറ പോലുമില്ലാതെ എന്റെ ക്യാമറയിലാണത് ചെയ്തത്. ക്യാമറ ഓണ്‍ ചെയ്ത ശേഷം മത്തായിയോട് കരയാന്‍ പറഞ്ഞു. 'നീ കട്ട് ചെയ്യാന്‍ പറയുമ്പോഴേ നിര്‍ത്തൂ' എന്നും പറഞ്ഞിരുന്നു. വെളിച്ചമില്ലാഞ്ഞിട്ടു കൂടി ആ മ്യൂസിക്കില്‍ ആ ഷോട്ട് കണ്ടപ്പോള്‍ വല്ലാത്ത നിര്‍വൃതി തോന്നി.

മത്തായി- എന്നും എപ്പോഴും ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാന്‍ ശ്രമിക്കാറുണ്ട്. സൗഹൃദവും കുടുംബവുമൊക്കെ എനിക്കതു കൊണ്ടു വിലപ്പെട്ടതാണ്. ഒരുപക്ഷേ മനസ്സറിഞ്ഞ് ചിരിക്കാനും
കരയാനുമൊക്കെ കഴിയുന്നത് അതുകൊണ്ടാവും.

അനൂപ്- ഓരോരുത്തര്‍ക്കും ഓരോ പ്രത്യേകതയുണ്ടായിരുന്നു. വിഷ്ണുവാണെങ്കില്‍ വളരെ കമ്മിറ്റഡായ അഭിനേതാവാണ്. പരാതിയോ പരിഭവമോ ഒന്നുമില്ലാതെ അഭിനയിക്കാന്‍ വിഷ്ണു റെഡിയാണ്. അതുകൊണ്ടാണ് അവസാനമുള്ള സീന്‍ വിഷ്ണുവിന് വേണ്ടി ചേര്‍ത്തത്. കുറച്ചു സംഭാഷണങ്ങളും അവിടെയുണ്ടായിരുന്നു. പിന്നെ എഡിറ്റിംഗിന്റെ സമയത്ത് അത് കട്ട് ചെയ്തു. കാരണം സംഭാഷണമില്ലാതെയും ചിരിയും കരച്ചിലുമൊക്കെ ഒരു സീനില്‍ കൊണ്ടു വരാന്‍ വിഷ്ണുവിന് കഴിഞ്ഞു.

വിഷ്ണു- എല്ലാവരും എനിക്ക് അടുപ്പമുള്ളവര്‍ തന്നെയല്ലേ. പിന്നെ എന്റെയുള്ളിലുള്ള അഭിനേതാവിനെ പുറത്തെടുക്കാന്‍ അനൂപ് സാറിന് സംഭാഷണങ്ങളുടെ ആവശ്യം വന്നില്ല. ആശയമാണ് ആ സിനിമയെ വിജയിപ്പിച്ചത്. റിഹേഴ്‌സലില്‍ അനൂപ് സാര്‍ അഭിനയിച്ചിട്ടുണ്ട്. താടിക്കു പിടിച്ചു മുഖത്തേക്ക് നോക്കി രണ്ടുപേരും നില്‍ക്കുന്ന സീനില്‍ അനീഷയ്ക്കു പകരം റിഹേഴ്‌സല്‍ ടൈമില്‍ എന്നോടൊപ്പം അഭിനയിച്ചത് സാറാണ്.

അനൂപ്- എല്ലാവരും അവരവരുടെ ഭാഗം നന്നായി ചെയ്തു. അനീഷയ്ക്കാണെങ്കില്‍ മലയാളം വായിക്കാനറിയില്ല. പക്ഷേ ഡബ്ബിംഗില്‍ അനീഷയുടെ ശബ്ദം തന്നെ വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. മറ്റുള്ളവര്‍ പ്രാക്ടീസ് ചെയ്ത് വിശ്രമിക്കുന്ന സമയത്ത് അനീഷ തനിച്ചിരുന്ന് ഇംഗ്ലീഷില്‍ മുഴുവന്‍ സ്‌ക്രിപ്റ്റും എഴുതി കൊണ്ടു പോയി. എന്നിട്ട് വീട്ടിലിരുന്ന് നന്നായി പ്രാക്ടീസ് ചെയ്തു.

uploads/news/2018/01/182008/shortfilam090118c.jpg

അനീഷ- ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ ഗുജറാത്തിലാണ്. എയര്‍ഹോസ്റ്റസ്സായി ജോലി കിട്ടിയത് ബംഗ്‌ളൂരുവിലും. പിന്നീട് മലയാള സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ഉറപ്പിച്ചപ്പോള്‍ കൊച്ചിയിലെത്തി ആക്ട്‌ലാബില്‍ ചേര്‍ന്നു. അഭിനയമാണ് എന്നുമെന്റെ പാഷന്‍. സിനിമകള്‍ക്ക് വേണ്ടി ട്രൈ ചെയ്ത് കിട്ടാതെ വന്നപ്പോഴാണ് ഹ്രസ്വചിത്രങ്ങള്‍ ചെയ്തത്. അതില്‍ത്തന്നെ പലതും നല്ലതായിരുന്നു, പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. ഇനിയേതു വര്‍ക്കു താരതമ്യം ചെയ്താലും ഒരുപക്ഷേ ഇതിലഭിനയിച്ചത്ര ഡീപ്പ് ഫീലിംഗ് കിട്ടില്ല. അനൂപ് സാറിന് അഭിനയത്തെക്കുറിച്ച് ഒന്നുമറിയില്ല. പക്ഷേ ഹീ നോസ് ഹൗ ടു എക്‌സ്ട്രാക്റ്റ് ആക്ടിംഗ് ഫ്രം ആന്‍ ആക്ടര്‍. അതാവണം എന്നിലുള്ള അഭിനേത്രിയുടെ ഫീലിംഗ്‌സ് പുറത്തു വന്നത്. ഷൂട്ടിംഗിന്റെ സമയത്ത് ഒരു കണ്‍ഫ്യൂഷനും ഇല്ലായിരുന്നു. അനൂപ് സാര്‍ പലപ്പോഴും വഴക്കു പറയുമെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അദ്ദേഹം നല്ല ഫ്രണ്ട്‌ലിയാണ്. നല്ല ഒരു വര്‍ക്ക് ചെയ്തു എന്ന് തോന്നിയതും സാറ്റിസ്ഫാക്ഷന്‍ കിട്ടിയതും ഇതിലാണ്. അച്ചനെയല്ല, എങ്കിലും ഇങ്ങനെയൊരാളെ പ്രണയിക്കണം എന്നു പോലും തോന്നി.

അനൂപ്- ഇതിന്റെ ടൈറ്റില്‍ പോലും അനീഷ പറയുന്ന ''എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത്'' എന്ന സംഭാഷണത്തില്‍ നിന്ന് വീണു കിട്ടിയതാണ്. മനസ്സിലത് ഞാന്‍ വരച്ചു നോക്കി. ഹൃദയത്തിന്റെ കോണില്‍, അതായത് നോര്‍ത്ത് ഈസ്റ്റ് കോര്‍ണര്‍ എന്നൊക്കെ ആലോചിച്ചപ്പോള്‍ വന്നതാണത്. എഴുത്തുകാരനായ റോഷനത് പേപ്പറില്‍ എഴുതിക്കാണിക്കുന്ന ഷോട്ട് എടുത്തപ്പോഴാണത് പൂര്‍ണ്ണമായത്. റോഷനാണെങ്കിലും ഏറ്റവുമവസാനം എത്തിയതാണെങ്കിലും പെട്ടെന്നു തന്നെ ഇതിന്റെ ഭാഗമായി.

റോഷന്‍- ഏറ്റവുമവസാനം ഇതിലേക്ക് എത്തിയതാണെങ്കിലും എന്നിലൂടെയാണ് കഥയുടെ തുടക്കവും അവസാനവുമെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി. സിവില്‍ എന്‍ജീനിയറിംഗ് കഴിഞ്ഞ് കുറച്ചു നാള്‍ ജോലി ചെയ്‌തെങ്കിലും മനസ്സു മുഴുവന്‍ അവിടെ കൊടുക്കാന്‍ കഴിഞ്ഞില്ല. അഭിനയമേഖല അത്രയ്ക്കും മനസ്സില്‍ പതിഞ്ഞിരുന്നു. ആക്ട് ലാബാണ് എനിക്കതിനുള്ള വഴി കാണിച്ചു തന്നത്. അവിടുത്തെ സജീവ് നമ്പിയത്ത് (എന്‍.കെ സജീവ്) സാറാണ് എല്ലാത്തിനും കാരണം. ഞങ്ങളുടെ ഉള്ളിലുള്ള അഭിനേതാവിനെ പുറത്തെടുക്കാന്‍ അദ്ദേഹത്തിനറിയാം. ആക്ട്‌ലാബിന്റെ ഭാഗമായി ഹസ്വചിത്രങ്ങളും, നാടകങ്ങളുമൊക്കെ ചെയ്തിട്ടുണ്ട്. ശ്രമം തുടങ്ങിയിട്ട് കുറെ നാളായി. പക്ഷേ അനൂപ് സാറിന്റെ ഈ ചിത്രമാണ് എനിക്കൊരു ഐഡന്റിറ്റി തന്നത്. അതിന്റെ കടപ്പാട് ഒരിക്കലും മറക്കാനാവില്ല.

മത്തായി - ശരിക്കുമത് സത്യമാണ്. സിനിമ തന്നെ ജീവിതമെന്ന് ചിന്തിച്ച് ശ്രമിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. സജീവ് സാറാണ് വഴി തെളി യിച്ചു തന്നത്. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയുമൊക്കെ ബ്രേക്ക് കിട്ടിയതും ആളുകള്‍ അറിഞ്ഞതും അനൂപ് സാറിന്റെ ഈ ചിത്രത്തിലൂടെയാണ്.
ഞാനാണെങ്കില്‍ വീട്ടിലെ ഏക ആണ്‍തരിയാണ്. അങ്കമാലിയിലെ പൂത്താംകുറ്റി എന്ന സ്ഥലത്ത്, അപ്പച്ചന്‍ മത്തായിയും അമ്മച്ചി ത്രേസ്യാമ്മയും അനിയത്തി സിയയും അളിയന്‍ ബൈജുവുമൊക്കെയടങ്ങുന്ന അവരുടെ മകള്‍ മൂന്നു വയസ്സുകാരി ഇസ്സ മേരിയുമടങ്ങുന്ന ഒരു സാധാരണ കുടുംബം. എന്റെ എല്ലാ കലാവാസനകള്‍ക്കും കരുത്തായി നിന്നത് കുടുംബവും ഊര്‍ജ്ജം തന്നത് ഇസയുടെ നിഷ്‌കളങ്കമായ ചിരിയുമാണ്. നാട്ടിലെ എക്‌സ് ഫിഗര്‍ എന്ന ജിമ്മിലെ ട്രെയിനര്‍, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലെ ജോലിയുമൊക്കെയാണ് ഏക വരുമാനം. അഭിനയത്തിന്റെ ഇടവേളകളില്‍ വരുമാനത്തിനായി അതിനെയാണ് ആശ്രയിച്ചിരുന്നത്. മറ്റുള്ളവര്‍ എന്റെ ലക്ഷ്യത്തെ പഴിക്കുമ്പോഴും പിന്തുണയായി നിന്നത് കുടുംബമാണ്. അതുകൊണ്ട് ഈ പ്രശസ്തി തന്ന അനൂപ് സാറിനോട് വളരെ നന്ദിയുണ്ട്. ഇപ്പോള്‍ ഓറഞ്ച് വാലി എന്ന സിനിമ കമ്മിറ്റ് ചെയ്തു. അതിന്റെ ഷൂട്ട് തുടങ്ങുകയാണ്.

വിഷ്ണു- അനൂപ് സാറും ആക്ട് ലാബിലെ സജീവ് സാറും ഞങ്ങള്‍ക്ക് ഈശ്വരതുല്യരാണ്. മാവേലിക്കരയിലെ പാറക്കുളങ്ങര എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് വന്ന എനിക്ക് ഇത്രയും ഐഡന്റിറ്റി ഉണ്ടാക്കിത്തന്നത് അവരാണ്. അഭിനയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിത്തന്ന ഒരുപാട് ഹ്രസ്വചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഇത്രയും പബ്ലിസിറ്റി ഒരിടത്തും കിട്ടിയിട്ടില്ല. അച്ഛന്‍ വിദ്യാധരനും സഹോദരി വിദ്യയുമടങ്ങുന്നതാണെന്റെ കുടുംബം. ഞങ്ങളെ തനിച്ചാക്കി വിട്ടകന്ന അമ്മ സുപ്രഭയ്ക്ക് എന്റെ ഈ സിനിമ കാണാനായില്ലല്ലോ എന്ന സങ്കടം ഇടയ്ക്കിടെ തളര്‍ത്താറുണ്ട്. ആ വിഷമം മാറ്റി കരുത്ത് നല്‍കുന്നത് എന്റെ ഈ സൗഹൃദമാണ്. റോഷനും മത്തായിച്ചനും ഞാനും ഒരുമിച്ച് താമസിക്കുന്ന ആ മുറിയാണ് ഏറ്റവും വലിയ അഭിനയകളരി. നല്ലൊരു കുക്കായ മത്തായിച്ചന്‍ തയാറാക്കുന്ന കഞ്ഞിയും പുഴുക്കും, പിന്നെ ബീഫ് കറിയുമൊക്കെയാണ് ഞങ്ങളുടെ ഭക്ഷണം. താമസിക്കുന്ന വീട്ടിലെ ഹൗസ് ഓണര്‍ കഴിഞ്ഞ ദിവസം ഹ്രസ്വചിത്രത്തില്‍ എന്നെക്കണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. വെല്ലുവിളികളെ തരണം ചെയ്ത് മുന്നോട്ടു നയിക്കാന്‍ സഹായിക്കുന്നത് സോഷ്യല്‍മീഡിയയിലെ പ്രേക്ഷകരുടെയും മറ്റും ഇത്തരം വാചകങ്ങളാണ്.

റോഷന്‍- മലപ്പുറത്തിനടുത്തുള്ള ഇടപ്പാളില്‍ നിന്ന് സജീവ് സാറിന്റെ കൊച്ചി ആക്ട്‌ലാബ് വരെ എന്നെയെത്തിച്ചത് അഭിനയമോഹമാണ്. ഗവണ്‍മെന്റ് ജോലിക്കാരായ അച്ഛന്‍ സനില്‍കുമാറും അമ്മ നിഷയും ഡിഗ്രിക്കു പഠിക്കുന്ന സഹോദരന്‍ അരവിന്ദുമുള്ള കൊച്ചു കുടുംബത്തില്‍ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ആളാണ് ഞാന്‍. എങ്കിലും ജോലി ഉപേക്ഷിച്ചപ്പോള്‍ അവരെന്റെ ഒപ്പം നിന്ന് കഴിവുകളെ പ്രോത്സാഹിപ്പിച്ചു. സംശയങ്ങള്‍ പ്രകടിപ്പിച്ച പലരോടും അച്ഛനും അമ്മയും സഹോദരനുമൊക്കെ ഈ സിനിമയുടെ കാര്യം അഭിമാനത്തോടെ പറയാറുണ്ട്. അനൂപ് സാര്‍ തന്ന പോസിറ്റീവ് വൈബാണ് എന്റെ കഥാപാത്രം ഭംഗിയാക്കാന്‍ സഹായിച്ചത്. ഇങ്ങനെയൊരു ബ്രേക്ക് കിട്ടിയതു കൊണ്ട് അംഗരാജ്യത്തെ ജിമ്മന്മാര്‍ എന്ന സിനിമയുടെ അസിസ്റ്റന്റാകാനുള്ള ഭാഗ്യം കിട്ടി. സിനിമ സ്വപ്നമാക്കിയ ഞങ്ങള്‍ക്ക് കിട്ടിയ എനര്‍ജിയാണ് ഈ ഹ്രസ്വചിത്രം.

അനീഷ- ഞാന്‍ പറയുന്ന സംഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് വൈറലായത്. അതിന്റെ ലിങ്ക് തേടിപ്പിടിച്ചാണ് പലരും സിനിമ കണ്ടത്. അതെല്ലാം അനൂപ് സാറിന്റെ കഴിവു കൊണ്ടാണ്. ഗുജറാത്തില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍ ഇങ്ങനെയൊരു ബ്രേക്കായിരുന്നു എന്റെ സ്വപ്നം. അച്ഛന്‍ കെ. ഉമ്മറും, അമ്മ ഉമുസല്‍മയും, സഹോദരന്‍ നിസ്സാറുമൊക്കെയാണ് ആ സ്വപ്നത്തിന് ഏറ്റവും പിന്തുണയായത്. ഒരുപാട് ഓഫറുകള്‍ വരുന്നുണ്ട്. പ്രേക്ഷകര്‍ ഇപ്പോള്‍ വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് എല്ലാം നോക്കിയ ശേഷമേ ഓഫര്‍ സ്വീകരിക്കൂ...റോഷന്‍- സോഷ്യല്‍ മീഡിയയാണ് ഈ സിനിമയ്ക്ക് ഇത്രയും പബ്ലിസിറ്റി തന്നത്. ട്രോളുകളായും സീനുകളായും പലരുമത് ആഘോഷിച്ചു. അതിലൂടെയാണ് ഞങ്ങളെ പലരും അറിഞ്ഞു തുടങ്ങിയത്.

അനൂപ്- 'ഒരു നല്ല മഴ നനഞ്ഞ സുഖം' എന്നിവയടക്കം കാവ്യാത്മകമായി സിനിമയ്ക്ക് കമന്റുകളിട്ടപ്പോള്‍ നല്ല മലയാളം പലരും മറന്നിട്ടില്ലെന്ന് മനസ്സിലായി. കലാലയ ജീവിതമിഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും ഇതിലെ ചില രംഗങ്ങള്‍, പ്രത്യേകിച്ച് മനോജ് സാറിന്റെ ലാസ്റ്റ് ക്ലാസ് മനസ്സില്‍ പതിയും. എല്ലാവരുടെയും ജീവിതത്തിലത് വന്നുപോയിട്ടുള്ളതു കൊണ്ടാവും ക്ലാസ് റൂമിലെ ഷോട്ടിലഭിനയിച്ച എനിക്കു പേരു പോലുമറിയാത്ത ആ പെണ്‍കുട്ടിയുടെ സങ്കടം എല്ലാവരും ശ്രദ്ധിച്ചത്. പിന്നെ പലരും ഈ കഥയ്ക്ക് അവരവരുടേതായ വണ്‍ ലൈന്‍ കൊണ്ടുവന്നു. ലൊക്കേഷന്‍ തിരക്കാന്‍ ക്യാമറാമാന്‍ ഒരാളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് 'ഒരു പെണ്‍കുട്ടി പളളീലച്ചനോട് പ്രതികാരം ചെയ്യുന്ന കഥ' എന്നാണ്. ഇങ്ങനെ പല വേര്‍ഷനുകളും പറഞ്ഞവരുണ്ട്. ഏതായാലും ഈ സിനിമ തന്ന ഹൈപ്പ് എന്റെ ഉത്തരവാദിങ്ങള്‍ കൂട്ടി. ഇനിയിപ്പോള്‍ ഈ ഫോര്‍മൂല റിപ്പീറ്റ് ചെയ്യാതെ നല്ലൊരു ഫീച്ചര്‍ഫിലിം ചെയ്യണം. അതിന്റെ ഒരുക്കത്തിലാണ്. എന്റെ അടുത്ത സിനിമയില്‍ വിഷ്ണുവിനടക്കം ഇവര്‍ക്ക് എല്ലാവര്‍ക്കും നല്ല സ്‌ക്രീന്‍ സ്‌പെയ്‌സ് നല്‍കണം. സത്യത്തില്‍ ലാസ്റ്റ് ഡേ ഓഫ് കോളജ് തന്നെ നല്ലൊരു വിഷയമാണ്. നല്ലൊരു സംവിധായകന്‍ നിശബ്ദതതയില്‍ നിന്ന് സൗന്ദര്യമുണ്ടാക്കണം. ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള ആലോചനയിലാണ് ഇപ്പോള്‍...

നിങ്ങളുടെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് ആരാണെന്ന് ചോദിച്ചപ്പോള്‍ സംവിധായകന്‍ അനൂപ് ഒഴികെ നാലു പേരും ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു...'' ഒരാളല്ല, ഒരുപാട് പേരുണ്ട്... ''

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW