തിരുവനന്തപുരം: ലത്തിന്സഭ ഇടതുമുന്നണിയുമായി അകലുന്നു. കഴിഞ്ഞ കുറേക്കാലമായി ഇടതുമുന്നണിയുമായി പ്രത്യേകിച്ച് സി.പി.എമ്മുമായി അടുപ്പംവച്ച് പുലര്‍ത്തുന്ന സഭയില്‍ അത് വിചേ്ഛദിക്കാന്‍ സമ്മര്‍ദ്ദം ശക്തം. ഇതിന്റെ ഭാഗമായാണ് ഓഖി, ബോണക്കാട് സംഭവങ്ങള്‍ ഉയര്‍ന്നുവന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന സൂചന.
മുമ്പ് കോണ്‍ഗ്രസും യു.ഡി.എഫുമായി വളരെ അടുത്ത് ബന്ധം വച്ചുപുലര്‍ത്തിയിരുന്ന ലത്തിന്സഭാ നേതൃത്വം കഴിഞ്ഞ കുറേക്കാലമായി ഇടതുമുന്നണിയുമായി നല്ല ബന്ധത്തിലായിരുന്നു. ഇപ്പോള്‍ അതിലാണ് കല്ലുകടിയുണ്ടായിരിക്കുന്നത്. ഓഖി, ബോണക്കാട് കുരിശുമല പ്രശ്നങ്ങള്‍ ഇത്തരത്തില്‍ ഉയര്‍ന്നുവന്നതുതന്നെ ഇതുമായി ബന്ധപ്പെട്ട് സഭാനേതൃത്വത്തിലുള്ള അഭിപ്രായഭിന്നതയാണെന്നാണ് സൂചന.
ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പൊതുവേ ഇടതുമുന്നണിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന വ്യക്തിയാണ്. സഭയ്ക്കുള്ളില്‍ അദ്ദേഹത്തിന്റെ ഈ നിലപാടില്‍ കടുത്ത അമര്‍ഷമുണ്ടെന്നാണ് സൂചന. അതാണ് ഓഖി ദുരന്തമുണ്ടായപ്പോള്‍ ആര്‍ച്ച്ബിഷപ്പിന്റെ നിലപാടുകളെപ്പോലും അവഗണിച്ചുകൊണ്ട് സഭയിലെ ഒരുവിഭാഗം രംഗത്ത് എത്തിയത്. ആ സമയത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്നും മറ്റും വ്യക്തമാക്കിയ സൂസൈപാക്യത്തിന്റെ അഭിപ്രായത്തിനെതിരെ സഭയിലെ ഒരുവിഭാഗം ശക്തമായി രംഗത്തുവന്നിരുന്നു. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച അവര്‍ ശവശരീരങ്ങളുമായി സെക്രട്ടേറിയറ്റ് വളയുമെന്ന ഭീഷണിപോലും മുഴക്കിയിരുന്നു. വിമോചനസമരകാലത്താണ് ഇത്തരത്തിലുള്ളതല്ലെങ്കിലും ഏകദേശം ഇതിനോട് അടുത്തുനില്ക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയിരുന്നത്. ആ തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനായിരുന്നു നീക്കം. ഒടുവില്‍ ഈ വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് ആര്ച്ച്ബിഷപ്പിനുപോലും വഴങ്ങേണ്ടിവന്നു.
അതിനെക്കാളും രൂക്ഷമായ നിലപാടാണ് ബോണക്കാട് കുരിശുമല പ്രശ്നത്തില്‍ ചിലര്‍ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിലൂം സര്‍ക്കാരിനെ കുറ്റംപറയാന്‍ ആര്‍ച്ച്ബിഷപ്പ് തയാറായില്ല. അതേസമയം മറ്റൊരുവിഭാഗം സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായക്കാരാണ്. കഴിഞ്ഞദിവസം മന്ത്രി രാജുവുമായി ആര്‍ച്ച് ബിഷപ്പ് ഡോ: സൂസൈപാക്യം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്താനിരുന്ന ഉപവാസസമരം ഉപേക്ഷിച്ചുവെങ്കിലും അഭിപ്രായഭിന്നത ശക്തമായി തുടരുകയാണ്.
എം.ആര് കൃഷ്ണന്