Friday, April 20, 2018 Last Updated 23 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 11.55 PM

പൂര്‍ണവിശുദ്ധമല്ല, ആ ഒളിവുജീവിതങ്ങള്‍

uploads/news/2018/01/181792/2.jpg

കമ്യൂണിസ്‌റ്റുകാരുടെ ഒളിവു ജീവിതം പൂര്‍ണമായും വിശുദ്ധ പുസ്‌തകമല്ല. െലെംഗിക അരാജകത്വം, അവിഹിതം, പ്രകൃതിവിരുദ്ധം എന്നൊക്കെ പറയുന്ന ബന്ധങ്ങള്‍ ഏറെയാണ്‌. പലകമ്യൂണിസ്‌റ്റുകാരും ഒളിവില്‍ കഴിഞ്ഞ കാലഘട്ടത്തില്‍ സ്വവര്‍ഗബന്ധം പ്രകടമായിരുന്നു. "അഞ്ചു സെന്റ്‌" എന്ന നോവലില്‍ മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്‌.
അക്കാലത്ത്‌ ജീവിച്ചിരുന്ന പല നേതാക്കളും സ്വവര്‍ഗഭോഗികളായിരുന്നു. കെ.ആര്‍. ഗൗരിയമ്മ ടി.വി. തോമസിനെപറ്റി ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. വിവാഹത്തിനുമുമ്പ്‌ ടി.വി. തോമസിന്‌ അവിഹിത ബന്ധത്തില്‍ ഒരു മകനുണ്ടെന്നും അവനു ജോലി വാങ്ങിക്കൊടുത്തത്‌ താനാണെന്നും ഗൗരിയമ്മ വെളിപ്പെടുത്തിയിട്ടുണ്ട്‌.
കാള്‍ മാര്‍ക്‌സിനു വേലക്കാരിയില്‍ ഒരു മകനുണ്ട്‌. ജെന്നിയുമായുള്ള ഐതിഹാസിക പ്രണയം മാത്രമല്ല, വിശുദ്ധമല്ലാത്ത ബന്ധവും മാര്‍ക്‌സിനുണ്ട്‌. പ്രമുഖ കമ്യൂണിസ്‌റ്റ് നേതാക്കളുടെ ജീവിതത്തില്‍ പ്രണയകഥ മാത്രമല്ല അവിഹിത ബന്ധത്തിന്റെ കഥയുമുണ്ട്‌. കമ്യൂണിസ്‌റ്റുകാരെ പോലെ അക്കാലത്തെ നക്‌സെലെറ്റ്‌ നേതാക്കളുടെ ജീവിതവും വിശുദ്ധമല്ല. 1970-80 കാലഘട്ടത്തില്‍ നക്‌സെലെറ്റുകളുടെ ജീവിതത്തിലും ഇത്തരം വിശുദ്ധമല്ലാത്ത പ്രവണത പ്രകടമായിട്ടുണ്ട്‌. കമ്യൂണിസ്‌റ്റുകാരും നക്‌സെലെറ്റുകളുമെല്ലാം മനുഷ്യരാണ്‌.
മനുഷ്യസഹജമായ ദൗര്‍ബല്യമാണ്‌ അവര്‍ക്കുണ്ടായത്‌. ഒളിവില്‍ കഴിയുമ്പോള്‍ ബന്ധങ്ങള്‍ സ്വാഭാവികമാണ്‌. ചിലര്‍ വിവാഹം കഴിക്കും. ചിലര്‍ ഗര്‍ഭിണിയായാല്‍ പോലും തള്ളിക്കളയും. ഇത്തരത്തില്‍ പല സംഭവങ്ങളും ആ കാലഘട്ടത്തില്‍ കാണാം. തെറ്റുകള്‍ കമ്യൂണിസ്‌റ്റുകാര്‍ ഏറ്റുപറഞ്ഞ അനുഭവങ്ങള്‍ ഉണ്ട്‌. അവിഹിതത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കപ്പെട്ട നേതാക്കളുമുണ്ട്‌.
ഗാന്ധിജി മുതല്‍ ഉമ്മന്‍ ചാണ്ടിവരെയുള്ള കോണ്‍ഗ്രസ്‌ നേതാക്കളെക്കുറിച്ച്‌ മോശമായ പ്രചാരണം നടത്തുകയാണ്‌ കമ്യൂണിസ്‌റ്റുകാര്‍. ഇതിനെതിരേ പ്രതികരിക്കാന്‍ പാടില്ലെന്നാണ്‌ ഇവര്‍ പറയുന്നത്‌. സഹികെട്ട, ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാരന്റെ പ്രതികരണം മാത്രമാണു ബല്‍റാം നടത്തിയത്‌.
അതു ധൃതി പിടിച്ചുള്ളതായിപ്പോയി. ഉത്തരവാദിത്വമുള്ള ഇടപെടലായി ഞാന്‍ അതിനെ കാണുന്നില്ല. എ.കെ.ജിയെക്കുറിച്ച്‌ വിമര്‍ശിക്കാന്‍ അദ്ദേഹത്തിനു അവകാശമില്ലെന്നു പറയുന്നത്‌ അംഗീകരിക്കാനാകില്ല. എ.കെ.ജി. ജനനായകന്‍ ആയിരിക്കാം.
കണ്ണൂരിലെ കലാപം അന്വേഷിച്ചാല്‍ എ.കെ.ജിയുടെ മറ്റൊരു മുഖം കാണാന്‍ കഴിയും. കമ്യൂണിസ്‌റ്റുകാരുടെ ഗുണ്ടാസേനയായ ഗോപാലസേന രൂപീകരിച്ചത്‌ എ.കെ.ജിയാണ്‌. എ.കെ.ജിയില്‍നിന്ന്‌ പിണറായി വിജയനിലേക്കുള്ള ദൂരമാണ്‌ ഗോപാലസേനയില്‍നിന്ന്‌ കൊടി സുനിയിലേക്കുള്ള ദൂരം. കമ്യൂണിസ്‌റ്റുകാര്‍ നേടിയത്‌ ഈസി വാക്കോവര്‍ ആണ്‌. ഇനി ഈസി വാക്കോവര്‍ സാധിക്കില്ല. അതിനെ കമ്യൂണിസ്‌റ്റുകാര്‍ അഭിമുഖീകരിക്കേണ്ടിവരും.
ഞാന്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഇട്ടത്‌ ഞായറാഴ്‌ച ഉച്ചയ്‌ക്കാണ്‌. അന്നുരാത്രി തന്നെ ഭീഷണി സ്വരത്തില്‍ നിരവധി ഫോണ്‍കോളുകള്‍ വന്നു. ഫെയ്‌സ്‌ബുക്ക്‌ ഇന്‍ബോക്‌സുകള്‍ തെറിയഭിഷേകം കൊണ്ട്‌ നിറഞ്ഞു. ആരുടെ കാശ്‌ വാങ്ങിയാണ്‌ താന്‍ എഴുതിയത്‌ എന്നാണ്‌ അവരുടെ ചോദ്യം.
എ.കെ.ജിയെ തൊട്ടതാണു പാര്‍ട്ടിക്കു പ്രശ്‌നം. നിരവധി ഭിഷണികള്‍ അതിജീവിച്ചവനാണു ഞാന്‍. ഇതിലൊന്നും വഴങ്ങാന്‍ പോകുന്നില്ല. സി.പി.എമ്മിന്റെ െസെബര്‍ സഖാക്കളാണ്‌ ഭീഷണിക്കു പിന്നില്‍.
സംഘടിത മുഷ്‌കാണ്‌ അവര്‍ കാണിക്കുന്നത്‌. ജനുവരി 14 വരെയാണ്‌ അക്കൗണ്ട്‌ മരവിപ്പിച്ചിട്ടുള്ളത്‌. ഫെയ്‌സ്‌ബുക്ക്‌ മാത്രമല്ല എന്റെ മാധ്യമം. വേറെയും ഉണ്ട്‌. അതിലൂടെ നിലപാടുകള്‍ തുറന്നുപറയും.

സിവിക്‌ ചന്ദ്രന്‍

Ads by Google
Monday 08 Jan 2018 11.55 PM
YOU MAY BE INTERESTED
TRENDING NOW